- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിയറിംഗും ഫയറിംഗും: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ കുറിച്ച് ചില കാര്യങ്ങൾ
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രഥമ മത്സരങ്ങൾ നടന്നുവരികയാണല്ലോ. ഇവിടെ മത്സരം ഒരു സുദീർഘമായ ജനകീയ ഇടപെടലിനും അഭിപ്രായ സമന്വയത്തിനും വേദിയാണ്. ഏറ്റവും ഒടുവിൽ മാത്രമാണ് യഥാർത്ഥ കഥാനായകൻ രംഗം കീഴടക്കുന്നത്, അതുവരെ ഊഹാപോഹങ്ങളുടെ മയിൽപീലി നൃത്തം മാത്രം. എല്ലാ സംവിധാനങ്ങളെയും മുൾമുനയിൽ നിർത്തി കുബേരനായ ഡൊണാഡ് ട്രംപ്, റിപ്
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രഥമ മത്സരങ്ങൾ നടന്നുവരികയാണല്ലോ. ഇവിടെ മത്സരം ഒരു സുദീർഘമായ ജനകീയ ഇടപെടലിനും അഭിപ്രായ സമന്വയത്തിനും വേദിയാണ്. ഏറ്റവും ഒടുവിൽ മാത്രമാണ് യഥാർത്ഥ കഥാനായകൻ രംഗം കീഴടക്കുന്നത്, അതുവരെ ഊഹാപോഹങ്ങളുടെ മയിൽപീലി നൃത്തം മാത്രം.
എല്ലാ സംവിധാനങ്ങളെയും മുൾമുനയിൽ നിർത്തി കുബേരനായ ഡൊണാഡ് ട്രംപ്, റിപ്പബ്ലിക്കൻ പാർട്ടിയുടെ അഭിപ്രായ വോട്ടിംഗിൽ മികച്ച പ്രകടനം ആണ് കാഴ്ചവെയ്ക്കുന്നതെങ്കിലും, അത് വോട്ടായി മാറണമെന്നില്ല. കഴിവുണ്ടെന്നു പൊതുവേ ധരിച്ചിരുന്നവരാരും അത്ര മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുമില്ല. അതിനാൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ ഒരു അനിശ്ചിതത്വം നിഴലാടുന്നുണ്ട്. മറിച്ച് ഡമോക്രാറ്റിക് പാർട്ടിയിൽ ആദ്യമായി ഒരു ആഫ്രിക്കൻ അമേരിക്കക്കാരനെ പ്രസിഡന്റാക്കാൻ കഴിഞ്ഞു എന്നത് കൂടാതെ മറ്റൊരു ചരിത്രം കൂടി എഴുതിച്ചേർക്കാനുള്ള തയ്യാറെടുപ്പിലുമാണ്.
ഏറ്റവും ഒടുവിൽ വൈസ് പ്രസിഡന്റ് ജോ ബൈഡനും രംഗത്തുനിന്നു പിൻവാങ്ങിയതോടെ, തനിക്ക് എതിരില്ല എന്ന രീതിയീലാണ് ഡമോക്രാറ്റിക്ക് പാർട്ടി സ്ഥാനാർത്ഥിയാവാൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ പത്‌നിയും, മുൻ സ്റ്റേറ്റ് സെക്രട്ടറിയുമായിരുന്ന ഹിലാരി ക്ലിന്റൺ തയ്യാറെടുക്കുന്നത്. ആദ്യത്തെ വനിതാ പ്രസിഡന്റ്, പ്രഥമ വനിത പ്രസിഡന്റ് ആവുന്നു, തുടങ്ങിയ വിശേഷങ്ങളാണ് ഇനിയും ഡമോക്രാറ്റിക് പാർട്ടിക്ക് സമ്മാനിക്കാനുള്ളത്. ഇത്തരം ഒരു വീരഗാഥ രചിക്കാനുള്ള പുറപ്പാടിനിടയിലാണ് ഗ്രാന്റ് ഓൾഡ് പാർട്ടിയെന്നു അവകാശപ്പെടുന്ന റിപ്പബ്ലിക്കൻ പാർട്ടി ഒരു പുതിയ അടവു പുറത്തിറക്കിയത്.
ഹിലാരി ക്ലിന്റൺ സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന കാലത്ത് 2012ൽ ലിബിയയിലെ ബംഗാഡിയിൽ അമേരിക്കൻ സ്ഥാനപതി സ്ഥാപനം ആക്രമിക്കപ്പെടുകയും, അമേരിക്കൻ സ്ഥാനപതിയായിരുന്ന ക്രിസ് സ്റ്റീവൻസ് ദാരുണമായി കൊല ചെയ്യപ്പെടുകയും ചെയ്തു. ഇവിടെ വന്ന സുരക്ഷാ വീഴ്ചകളും ഹിലാരി ക്ലിന്റൺ നടത്തിയ ഇ-മെയിൽ സന്ദേശങ്ങൾ സ്വകാര്യ സന്ദേശങ്ങളുമായി കൂട്ടിക്കുഴച്ചതും വൻ പിടിപ്പുകേടാണെന്നു സ്ഥാപിച്ചെടുക്കാൻ റിപ്പബ്ലിക്കൻ പാർട്ടിക്ക് മേധാവിത്വമുള്ള കോൺഗ്രസ്, സെലക്ട് കമ്മിറ്റിയെ നിയോഗിച്ചു.
മുൻ പ്രോസിക്യൂട്ടറായിരുന്ന ട്രേയ് ഗോവ്ഡി (Trey Gowdy)യുടെ നേതൃത്വത്തിൽ പതിനൊന്നു മണിക്കൂർ നീണ്ട പബ്ലിക് ഹിയറിങ് ഹിലാരി ക്ലിന്റൺ എന്ന വ്യക്തിയെ പൊരിക്കാനും, രാഷ്ട്രീയമായി വസ്ത്രാക്ഷേപം ചെയ്യാനും ലഭിച്ച ഒരവസരവും വിട്ടുകളഞ്ഞില്ല. പക്ഷേ പണി പാളിപ്പോയി. നോട്ടത്തിലും ഭാവത്തിലും, പരുക്കവും നിഗൂഢതയും നിലനിർത്തി, പുശ്ചവും പരിഹാസവും മിന്നിമറഞ്ഞ മുഖവും സമ്മാനിച്ച്, അളന്നു തൂക്കി കൊടുത്ത ദൃഢമായ മറുപടികൾ പ്രേക്ഷകരെ അമ്പരപ്പിച്ചു. അത് ഹിലാരിയുടെ മാറ്റ് കൂട്ടുവാൻ സഹായകരവുമായി. നിർണ്ണായക മണ്ടലമായ അയോവയിൽ, തൊട്ടടുത്ത സ്ഥാനാർത്ഥി വെർമണ്ട് സെനറ്റർ ബേർണി സാന്റേർസനെക്കാൾ വൻ കുതിപ്പാണ് മോൺമൗത്ത് യൂണിവേഴ്‌സിറ്റി പോളിൽ ഹിലാരിക്ക് രേഖപ്പെടുത്തിയത്.
ഒരു സ്ത്രീ എന്ന പരിഗണന ഹിലാരിക്ക് ആവശ്യമായി വന്നേയില്ല. കാരണം ഒരു സ്ത്രീതന്നെയാണോ സംസാരിക്കുന്നതെന്ന് പലരും അടക്കം പറഞ്ഞു തുടങ്ങി. ഒരു അവസരത്തിൽ ഉത്തരം കണ്ടു പിടിക്കുവാനായി സ്വന്തം സ്റ്റാഫിനോട് ചോദിച്ചു കൊള്ളുവാൻ കമ്മിറ്റി നിർദ്ദേശിച്ചുവെങ്കിലും, തനിക്ക് അതിന്റെ ആവശ്യമില്ല എന്നും, പലകാര്യങ്ങൾ ഒന്നിച്ചു ചെയ്യാൻ തക്ക പിടിപ്പ് തനിക്കുണ്ട് എന്നും മറുപടി പറയാനും അവസരം മുതലാക്കി. തന്റെ ഉത്തരവാദിത്തത്തിലുണ്ടായിരുന്ന വിദേശ സ്ഥാനപതിമന്ദിരങ്ങളും, അമേരിക്കൻ ഉദ്യോഗസ്ഥരെയും സംരക്ഷിക്കാൻ ഹിലാരിക്കാവില്ല, ഒരു അമേരിക്കക്കാരന് സുരക്ഷയും സംരക്ഷണവും നൽകാൻ ഹിലാരിക്കാവില്ല എന്ന് സമർത്ഥിക്കാൻ ശ്രമിക്കുമ്പോൾ തന്റെ വിദേശനയങ്ങൾ ഒന്നൊന്നായി എണ്ണിനിരത്തി തന്റെ വിജയം ആഘോഷിക്കുവാനാണ് അവർ തയ്യാറായത്. ബംഗസ്സിയിലെ സ്ഥാനപതി ആക്രമണത്തിനു മുമ്പ് സ്ഥാനപതി ക്രിസ് സ്റ്റീവൻസുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നോ? എത്ര രാത്രിയിൽ സംസാരിച്ചു? എത്ര പ്രാവശ്യം എന്നൊക്കെ ചോദിച്ചപ്പോൾ ക്രൂരമായ ഒരു അട്ടഹാസമാണ് അവർ സമ്മാനിച്ചത്. അക്രമണ വാർത്തയ്ക്കു ശേഷം രാത്രിയിൽ ഉറങ്ങാനായോ? തനിയെയാണോ കിടന്നത് എന്നൊക്കെയുള്ള പൈങ്കിളി ചോദ്യത്തിന് നിലക്കാത്ത നാടകീയമായ പൊട്ടിച്ചിരി മറുപടിയായിക്കൊടുത്തപ്പോൾ, ചോദ്യകർത്താക്കൾക്ക് എങ്ങനെയും തലയൂരിപ്പോകണം എന്നാണ് തോന്നുന്നതെന്ന് ലക്ഷക്കണക്കിന് കാണികൾക്ക് തോന്നിയത്.
യുഎസ്സിന്റെ 67-ാമത് സ്‌റ്റേറ്റ് സെക്രട്ടറി ആയിരുന്നപ്പോൾ 112 രാജ്യങ്ങളാണ് സന്ദർശിച്ചത്. 9,56,733 എയർ മൈൽസും, ഒരു റിക്കാഡും സൃഷ്ടിച്ചിട്ടാണ് ഹിലാരി വിട വാങ്ങിയത്. തന്റെ കൈമുട്ട് ഒടിഞ്ഞില്ലായിരുന്നെങ്കിൽ ഇതും കടത്തി വെട്ടിയേനെ, ഒടുവിൽ തലച്ചോറിനേറ്റ ക്ഷതം പല യാത്രകളും വെട്ടിച്ചുരുക്കിച്ചു.
2001 മുതൽ 2009 വരെ രണ്ടു തവണകളായി ന്യൂയോർക്കിൽ നിന്നും ഡെനറ്റർ ആയി തെരഞ്ഞെടുക്കപ്പെട്ടു. അവരുടെ കാലത്ത് സംഭവിച്ച സെപ്റ്റംബർ 11 ആക്രമണത്തിന് ശേഷം വേൾഡ് ട്രേഡ് സെന്റർ പുനരുദ്ധാനത്തിന് 21 ബില്യൺ ഡോളർ ഗവർമെന്റിൽ നിന്നും അനുവദിപ്പിക്കാൻ അവർക്കായി. 42-ാമത് യുഎസ് പ്രസിഡന്റിന്റെ പത്‌നി എന്നനിലയിലല്ല, കൊ-പ്രസിഡന്റ് എന്ന നിലയിലാണ് അവർ വൈറ്റ് ഹൗസിൽ അന്തിയുറങ്ങിയത്.
1947, ഒക്ടോബർ 26-ാം തീയതി ജനിച്ച ഹിലാരി, സ്ത്രീ എന്ന യാതൊരു പരിഗണനയ്ക്കും വിലകൊടുക്കാതെയാണ് വളർത്തപ്പെട്ടത്. വെൽസിലി കോളജിൽ പഠിക്കുന്ന കാലത്ത് ഡോ. മാർട്ടിൻ ലൂദർ കിങ് കൊല്ലപ്പെട്ടതിനെ തുടർന്ന് 2 ദിവസം സമരത്തിനിറങ്ങി. 1968ൽ കോളജ് സ്റ്റുഡന്റ് ഗവർമെന്റിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇവർ ഒരിക്കൽ അമേരിക്കൻ പ്രസിഡന്റാവുമെന്ന് അന്നേ ചില കൂട്ടുകാർ പറയുമായിരുന്നു. വെൽസിലി കോളജിന്റെ ചരിത്രിത്തിലാദ്യമായി കോളജിന്റെ ആമുഖപ്രസംഗത്തിനൊടുവിൽ പ്രേക്ഷകർ 7 മിനിട്ട് എഴുന്നേറ്റുനിന്ന് കൈ അടിച്ച് അഭിനന്ദിച്ചത്. യേൽ യൂണിവേഴ്‌സിറ്റിയിലെ പഠനത്തിനിടെയാണ് ബിൽ ക്ലിന്റണുമായി പ്രണയത്തിലായത്. ആ ബന്ധം ഒരു വിവാഹത്തിൽ എത്തിച്ചേരാൻ അവർ താല്പര്യപ്പെട്ടിരുന്നില്ല. അതിനാൽ ക്ലിന്റന്റെ ഓരോ വിവാഹ അഭ്യർത്ഥനയും അവർ നിരസിച്ചിരുന്നു. മറ്റൊരാളുടെ പേരിനൊപ്പം അറിയപ്പെടാൻ അവർ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് കാരണം. ഒടുവിൽ ഹൃദയം ബുദ്ധിക്കു കീഴടങ്ങുകയാണെന്നാണ് തന്റെ വിവാഹ തീരുമാനത്തെപ്പറ്റി ഹിലാരി പറഞ്ഞത്.
'സാമർത്ഥ്യവീര്യം' (Smart Power) ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തനനിരതയാകുന്ന ഹിലാരിയുടെ ജീവിതം ഒരു വലിയ പോരാട്ടം തന്നെയായിരുന്നു. അർക്കൻസാസ് ഗവർണറായിരുന്ന ബിൽക്ലിന്റന്റെ ഭാര്യ അന്നേ ഏറ്റവും പ്രഗത്ഭയായ 100 അഭിഭാഷകരിൽ ഒരാളായി അറിയപ്പെടുകയും സ്റ്റേറ്റിലെ ഗവർണറായ ബിൽക്ലിന്റണേക്കാൾ പ്രതിഫലം സമ്പാദിക്കുകയും ചെയ്യുമായിരുന്നു. അന്ന് തുടങ്ങിയ ബിസിനസ് ഇടപാടുകൾ മൂലം ഉയർന്നുവന്ന പ്രമാദമായ വൈറ്റ് വാട്ടർ വിവാദം, ഒരു സ്ത്രീ, ഭാര്യ എന്ന നിലയിൽ ഏറ്റവും വിഷമം പിടിച്ച ക്ലിന്റൺ - മോണിക്ക ലിവൽസ്‌ക പ്രശ്‌നങ്ങളും, അനുബന്ധമായി ലോകം മുഴുവൻ വീക്ഷിച്ച കുറ്റവിചാരണകളും വെറ്റ് ഹൗസിലെ ഡെപ്യൂട്ടി കൗൺസിൽ ആയിരുന്ന വിൻസെന്റ് ഫോസ്റ്ററുടെ ആത്മഹത്യ, സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്നപ്പോൾ ഹിലാരി നടത്തിയ സ്വകാര്യ ഇ-മെയിലുകൾ ബന്ധപ്പെടുത്തിയ ആരോപണങ്ങൾ, ലിബിയൻ എംബസി അക്രമണം ഒരു വ്യക്തി എന്ന നിലയിൽ അവർ നേരിട്ട ചില പ്രധാന വെല്ലുവിളികൾ മാത്രം. ഇതൊന്നും അവരുടെ നിശ്ചയദാർഢ്യത്തെയോ, വ്യക്തിത്വത്തെയോ തകർക്കാനായില്ല; അത്തരം ഒരു ജനുസ്സാണ് ഹിലാരി. വീണ്ടും - വീണ്ടും ചർച്ച ചെയ്യുന്ന (Talk It Over) എന്ന തന്റെ സ്വന്തമായ പത്രപംക്തി, അവർ തന്റെ ജീവിതത്തിന്റെ പ്രകടന പത്രികയാക്കി മാറ്റി എന്നു പറയാം.
ഷേക്‌സ്പിയറിന്റെ എക്കാലത്തെയും പ്രസിദ്ധമായ 'ലേഡിമക്‌ബത്ത്' എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെ ഹിലാരിയോട് ചിലർ ഉപമിക്കാറുണ്ട്. സ്ഥാനമോഹം, മനഃശക്തി, രൗദ്രം - നാട്യം എന്നീ ഭാവങ്ങളോടൊപ്പം തികഞ്ഞ മന:സാന്നിദ്ധ്യവും, ഊർജവും ഒപ്പം ദയയും കൂടിക്കുഴഞ്ഞ ഒരു ഗംഭീരൻ കഥാപാത്രമാണ് ലേഡിമക്‌ബത്ത്. തന്റെ അഭിലാഷത്തിനു വേണ്ടി ഏതറ്റവും പോകാനും, തന്റെ ബലവും സ്വാധീനവും ഏതൊക്കെ നിലയിൽ ആരുടെ ഒക്കെ മേലെയും ചെലുത്തുവാനും ഉള്ള മെയ് വഴക്കം ലേഡി മക്‌ബത്തിനുണ്ടായിരുന്നതിനാൽ അവർ ദുർബലനായ മക്‌ബത്തിനെ കുറ്റം ചെയ്യാൻ പ്രേരിപ്പിക്കയും ഒടുവിൽ ഭരണം കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തു. മക്‌ബത്തിനോട് ലേഡി മക്‌ബത്ത് പറയുന്ന ഒരു വാചകം പ്രസിദ്ധമാണ്. 'screw your courage to the sticking place and we will not fail.' തന്റെ കഴിവിൽ പൂർണ വിശ്വാസമുള്ള ഹിലാരി, യാതൊന്നിനും തന്റെ ഇശ്ചാശക്തിക്കു മുമ്പിൽ അടിയറ വെയ്ക്കാൻ ഒരുക്കമല്ല.
എന്നാൽ അമേരിക്കയുടെ പ്രതാപകാലം 'സാമർത്ഥ്യ വീര്യത്തിനോ' അതോ മനുഷ്യനെ മനസ്സിലാക്കുന്ന തത്വ ചിന്തകനായ രാജാവിനോ ' (philosopher king) എന്നാണ് അറിയേണ്ടത്. പ്ലേറ്റോ 'റിപ്പബ്ലിക്ക്' എന്ന ഗ്രന്ഥത്തിൽ തന്റെ ഉട്ടോപ്യൻ ആശയം പറയുന്നത്, രാജ്യം ഭരിക്കേണ്ടത് ഒരു ബുദ്ധി രാക്ഷസനല്ല, പകരം തത്വജ്ഞാനിയായ രാജാവാണ്, ഭരണ കർത്താവായി കടഞ്ഞെടുത്ത നായകൻ അയാൾ എത്തുന്നതുവരെ ശൂന്യമായ കസേര (empty chair) എടുത്തിടൂ. അമേരിക്കയുടെ ഭരണചക്രം തിരിക്കാനുള്ള പുതിയ ആളിനെത്തേടി ഈ ശൂന്യമായ കസേര കാത്തിരിക്കുന്നു.