ചൈനക്കാർ സാധാരണചിരിക്കാറില്ല; ഒരു മാതിരി ദേഷ്യം പിടിച്ച പോലെയാണവർ സംസാരിച്ചാൽ തോന്നുക. റഷ്യക്കാരും അപൂർവമായേ ചിരിക്കാറുള്ളൂ, ചിരിച്ചാലും അത്ര ഭംഗിയായിക്കാണില്ല. ചിരിക്കാത്ത കടുപ്പിച്ച മുഖഭാവമാണീ ഇരു രാജ്യത്തിലേയും ജനങ്ങൾക്ക്. നൂറ്റാണ്ടുകളായി പ്രത്യയശാസ്ത്രത്തിന്റെ പേരിൽ അടിച്ചമർത്തപ്പെട്ട ജനത്തിന് നഷ്ടപ്പെട്ട വികാരമാണീ ചിരി. റഷ്യക്കാർ റോഡു മുറിച്ചു പോകുമ്പോൾ പല പ്രാവശ്യം തിരിഞ്ഞു നോക്കാറുണ്ട്. മറ്റു വാഹനം വന്ന് ഇടിക്കുമോ എന്ന ഭയമല്ല, അവർ നിരന്തരം നിരീക്ഷണത്തിലായതിനാലാണെന്ന്പറഞ്ഞു കേട്ടിട്ടുണ്ട്.

എന്നാൽ ലാറ്റിനമേരിക്കക്കാരും സൗത്ത് അമേരിക്കക്കാരും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുള്ള സമൂഹമാണെങ്കിലും അവർ മനസ്സു തുറന്നു ഭംഗിയായി ചിരിക്കാൻ കഴിയുവരാണ്. കിട്ടുന്ന അവസരമൊക്കെ എല്ലാം മറന്നു നൃത്തം ചെയ്യാനും ആനന്ദിക്കുവാനും അവർക്ക് അറിയാം. ഉറച്ച ദൈവവിശ്വാസം നിലനിന്ന സമൂഹമായതിനാൽ ആവാം ഇവർക്ക് എന്ത് ജീവിത ക്ലേശത്തിലും വെളിച്ചം കടന്നു വരുന്നധൈര്യം ഉണ്ടാവുന്നത്.

മലയാളിക്ക് സ്വസ്ഥമായിരുന്ന് ഒരു സിനിമപോലും ആസ്വദിക്കാനാവില്ല! അതിഭാവുകത്വവും, യുക്തിഭംഗവുമായ ചിത്രീകരണം അവനു ഉൾക്കൊള്ളാനാവില്ല. ഉലകംചുറ്റും ബാലിബനിലെ എം.ജി.ആർ വേഷങ്ങളൊന്നും അവനു സഹിക്കില്ല. അതിമനുഷ്യഭാവങ്ങൾ അവന് വെറുക്കുമ്പോഴും ആൾദൈവങ്ങളുടെ മുമ്പിൽ അവൻ വീണുപോവും. അടുത്തകാലത്ത് ഒരു ഓഫീസിൽ നടന്ന സംഭാഷണം ഇപ്രകാരമായിരുന്നു. കുറച്ചു കാലത്തിനുശേഷം ജോലിക്കു വന്ന ഒരു മലയാളിയോട് മറ്റൊരു മലയാളി സംസാരിക്കുകയാണ്. ഇപ്പോൾ ഏത് ഏരിയയിലാണ് ജോലി ചെയ്യുന്നത്? ഓ അതു 'മറ്റൊരു ഏരിയായിലാണ്' എവിടെയാണ് താമസിക്കുന്നത്. അത് വേറെ ഒരിടത്താണ്, ഇപ്പോൾ എങ്ങോട്ടു പോകയാണ്'. അത്, ഒരിടം വരെ.' എല്ലാ ചോദ്യത്തിനും കൃത്യമായ ഒരേ ഉത്തരങ്ങൾ! അച്ഛനും അമ്മയും നാട്ടിൽ നിന്നു വന്നോ? അതേ, അവർക്ക് സോഷ്യൽ സെക്യൂരിറ്റി എത്രകിട്ടും? അതു മുഴുവൻ ബാങ്കിലിടുമോ? അവർ വീട്ടു ചെലവിന് അത് തരുമോ? മറ്റൊരിടത്തെ അന്വേഷണമാണ്. ക്ഷേമമന്വേഷിച്ച് അയലത്തുകാരുടെ ഒരു അന്വേഷണം, ജോണിച്ചായന് അവിടില്ലേ? എവിടെപോയി? കാറു കണ്ടില്ലല്ലോ? തിരിച്ചൊരു ചോദ്യം, ഫിലിപ്പ് അച്ചായന് എങ്ങോട്ടു പോയി? ഓ, അത് ഒരിടം വരെ പോയതാ. ഇങ്ങനെ നീണ്ടു പോകുന്നു ചോദ്യങ്ങളും ഉത്തരങ്ങളും. എല്ലാ കാര്യങ്ങളും കൃത്യമായി അറിയണം, ചോദിച്ചറിഞ്ഞില്ലെങ്കിൽ തിരക്കി കണ്ടുപിടിക്കും അത്രക്കും ക്ഷേമതൽപരരാണ്. എല്ലാം സ്വന്തം കാര്യങ്ങൾ യാതൊരുവിധത്തിലുപുറത്തുവിടാതിരിക്കാൻ കൃത്യമായ മറുപടികൾ കരുതിയിരിക്കും.

അതിഥിയായി എത്തിയ ഒരു വൈദികൻ പ്രസംഗസമയത്ത് പറഞ്ഞു, ഇത്രയും വിഷമതകളിലൂടെയാണ് ഈ ഇടവകക്കാർ കടന്നു പോകുന്നതെറിയില്ലായിരുന്നു, ഖിന്നമായ ഇരുണ്ട മുഖങ്ങൾ മാത്രം, പ്രസന്നമായ ഒരു മുഖം പോലും കാണാനില്ല. നിരന്തരം പാപബോധം പെരുപ്പിച്ച് സ്വർഗ്ഗം ലഭിക്കാൻ യാതൊരു സാധ്യതയുമില്ല എന്നു ഉറപ്പിച്ച്, വിറയലോടുകൂടിയ ഒരു സമൂഹം! ഭയമുള്ളിടത്തുശാന്തിപകരാനാവില്ല. കർമ്മപാപബഹുലമായ ജീവിതത്തിൽ, കറുപ്പും, പുകയും, മറകളും മണികളുമായി, വാക്കുകൾ തോക്കുകളായി, നിരന്തരം മാനസിക സംഘർഷമനുഭവിക്കുവർക്ക് എങ്ങനെ മന്ദഹസിക്കാനാവും? ചില ചെറിയ മനുഷ്യർ വലിയ കാര്യങ്ങൾ പറഞ്ഞ് ചെറിയ ലോകത്തിലേക്ക് നയിക്കുന്നു. ഭയപ്പെടേണ്ട, ഭ്രമിക്കേണ്ട എന്നു പറഞ്ഞ് ആശ്വസിപ്പിക്കുന്ന ദൈവപുത്രന്റെ ഭാവം എവിടെ? ദിവ്യബലിയിൽ സംബന്ധിച്ചു മടങ്ങിവരുന്ന മുത്തശ്ശിയുടെ മുഖത്തെ പ്രകാശം ഏതാണ്ട് മണിക്കൂറുകളോളം നിലനിന്നത് ഓർക്കുന്നു. അതിനുപകരം പുതിയ ചരടുവലികളുടെ വലയങ്ങളും പാരപണികളുടെ മാറാപ്പുമായാണ് ഇന്ന് പള്ളിയിൽ നിന്നും മടങ്ങേണ്ടി വരുന്നത്.

സ്ത്രീശാസ്തീകരണത്തിൽ കേരളം, ഇന്ത്യയിൽ ഒന്നാമതായി 9 ശതമാനം കേരളത്തിനെങ്കിൽ, മോദിയുടെ ഗുജറാത്തിന് ഇന്ത്യയിൽ ഏറ്റവും കുറവു 2 ശതമാനം ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. അമേരിക്കൻ മലയാളികളിൽ ഇത് ഒരുപക്ഷേ 50 ശതമാനത്തിലേറെ വരാം. കുടുംബത്തിൽ പുരുഷനെ കൂടാതെ തന്റെ കാര്യങ്ങൾ നടത്തിയെടുക്കാനുള്ള പ്രാബല്യം സ്ത്രീകൾക്കുണ്ടാവുമ്പോഴാണ് സ്ത്രീശാസ്തീകരണം അർത്ഥമാക്കുത്. കുട്ടികൾ വലുതായി ജോലിയൊക്കെയായി കഴിയുമ്പോൾ ഭർത്താക്കന്മാർ നിലനിൽപ്പിനു കിണഞ്ഞു പരിശ്രമിക്കേണ്ട ഗതികേടിലാണ് പുതിയ സമൂഹം. ആർക്കും ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാനാവുകയാണെങ്കിൽ കുടുംബസങ്കൽപ്പത്തിനു തന്നെ ഭാവപ്പകർച്ച വരാം. അതുണ്ടായിക്കൊണ്ടേയിരിക്കുന്നു. അതിനാൽ ചെറിയ മനുഷ്യൻ, പലകാര്യങ്ങളും സ്ത്രീകളിൽ നിന്നും ഒഴിവാക്കി വെയ്ക്കുന്നു. Knwledge is Power!

അഞ്ചുവർഷത്തിനു മുമ്പ് ഹെയ്ത്തിയിൽ നടന്ന ഭൂകമ്പം ലോക മനസാക്ഷിയെ തന്നെ നടുക്കി. ഏതാണ്ട് 500 മില്ല്യൺ ഡോളർ സ്വരൂപിച്ച റെഡ്‌ക്രോസ് സൊസൈറ്റി ഇതുവരെ ഹെയ്ത്തിയിൽ പണിതത് 6 വീടുകൾ മാത്രം. ഈ പണം എവിടെ ചെലവായി എന്ന അന്വേഷണം നടക്കുന്നു, അതു അറിയണമെങ്കിൽ വീണ്ടും ഒരു 5 വർഷമെങ്കിലും എടുക്കുമായിരിക്കും. അപ്പോഴേക്കും വേറെ എവിടെങ്കിലും ഭൂകമ്പം ഉണ്ടാവാതിരിക്കില്ല. ഹെയ്ത്തിയിൽ സഹായത്തിനായി 5 വർഷം മുമ്പു നടന്ന പിരിവ് തുക ഈ കഴിഞ്ഞ മാസം കൃത്യമായി ഏതോ സംഘടനക്കു കൈമാറുന്ന ചില ചെറിയ മനുഷ്യരുടെ ചിരിക്കുന്ന പടം മാദ്ധ്യമങ്ങളിൽ വന്നു നിറഞ്ഞപ്പോൾ ചെറിയ ലോകം പൂർണ്ണമായി.

എൽ.എൽ.എം പരീക്ഷയിൽ കോപ്പിയടിച്ചു പിടിച്ച തൃശൂർ ഐജിയായിരുന്ന ടി.കെ.ജോസ്, തമിഴ്‌നാടു മുഖ്യമന്ത്രി പദത്തിലേക്ക് തിരികെയെത്തുന്ന ജയലളിത, ആരോപണവിധേയനായി സ്വയം പുറത്തായ ലോക സോക്കർ സംഘടനാ തലവൻ സെപ്പ് ബ്ലാറ്റർ തുടങ്ങിയ ചെറിയ മനുഷ്യരുടെ വലിയ നിര ഈ ചെറിയ ഭൂമിക്കു താങ്ങാനാവുമോ?