- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്‌കാര ശൂന്യമാകുന്ന ശവ സംസ്കാരങ്ങൾ
കുറച്ചുനാൾ മുമ്പ് ഒരു ഐറീഷ്- അമേരിക്കൻ സുഹൃത്തിന്റെ മാതാവിന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തത് പുതിയ അനുഭവമായി. ശവസംസ്‌കാര ഭവനത്തിൽ (ഫ്യൂണറൽ ഹോം) ഒരു പാർട്ടി ആഘോഷിക്കുന്നതിന്റെ എല്ലാ ആരവങ്ങളും! മിക്കവാറും എല്ലാവരും മദ്യം പിടിച്ച ഗ്ലാസ്സുകളുമായി സന്തോഷമായി ഉച്ചത്തിൽ സംസാരിച്ചുകൊണ്ടു നടക്കുന്നു. സുഹൃത്ത് അടുത്തു വന്നു സന്തോഷപൂ
കുറച്ചുനാൾ മുമ്പ് ഒരു ഐറീഷ്- അമേരിക്കൻ സുഹൃത്തിന്റെ മാതാവിന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തത് പുതിയ അനുഭവമായി. ശവസംസ്‌കാര ഭവനത്തിൽ (ഫ്യൂണറൽ ഹോം) ഒരു പാർട്ടി ആഘോഷിക്കുന്നതിന്റെ എല്ലാ ആരവങ്ങളും! മിക്കവാറും എല്ലാവരും മദ്യം പിടിച്ച ഗ്ലാസ്സുകളുമായി സന്തോഷമായി ഉച്ചത്തിൽ സംസാരിച്ചുകൊണ്ടു നടക്കുന്നു. സുഹൃത്ത് അടുത്തു വന്നു സന്തോഷപൂർവ്വം ആശ്ലേഷിച്ചു, അവർ അമിത മദ്യപാനത്തിൽ നിൽക്കുവാൻ തന്നെ പാടുപെടുകയായിരുന്നു. സുന്ദരിയായി ഒരുക്കിക്കിടത്തിയിരിക്കുന്ന അമ്മയുടെ ശരീരത്തിനരികിൽ ഞങ്ങളെ കൂട്ടികൊണ്ടുപോയി. മുട്ടു മടക്കി കുരിശുവരച്ച് അമ്മയുടെ ശരീരത്തിൽ വിരലുകൾ ഓടിച്ച് ഒന്നു തേങ്ങി, പെട്ടന്ന് എഴുന്നേറ്റ് മന്ദഹസ്സിച്ചു അമ്മയുടെ റോസ് നിറമുള്ള സാറ്റിൻ കുപ്പായത്തെപ്പറ്റി പറയുവാനാരംഭിച്ചു.
ചില വർഷങ്ങൾക്കു മുമ്പു തന്നെ അമ്മ അവരെ ധരിപ്പിക്കുവാനുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്ന തിരക്കിലായിരുന്നു അതിന്റെ നിറവും ഗുണവും എല്ലാം ഉറപ്പാക്കി പ്രത്യേകം തയ്യറാക്കി വച്ചിരുന്നു. സംസ്‌കാരം നടത്തേണ്ട ഫ്യൂണറൽ ഹോം, സെമിത്തേരി, മറ്റുക്രമീകരണങ്ങൾ ഒക്കെ മുൻകൂർ പണം അടച്ചു. അറിയിക്കേണ്ട വരുടെ ലിസ്റ്റ്, ചടങ്ങുകൾ നടത്തേണ്ട പുരോഹിതൻ, അദ്ദേഹത്തിനു കൊടുക്കേണ്ട പണം പ്രത്യേകം കവറിലിട്ട് തയ്യാറാക്കി വച്ചിരുന്നു. സുഹൃത്ത് മദ്യവും ഭക്ഷണവും ക്രമീകരിച്ചിരുന്ന മേശയിലേക്ക് ആനയിച്ചു, വീണ്ടും കുടുതൽ ആളുകൾ എത്തിക്കൊണ്ടിരുന്നു,വരുന്നവർ കൈയിൽ കൊണ്ടുവരുന്ന മദ്യക്കുപ്പികൾ മേശയിൽ വച്ച് കുശലം ഒക്കെപ്പറഞ്ഞിട്ടാണ് മൃതശരീരം കാണാൻ പോയത്. താൻ കടന്നു പോകുമ്പോൾ എല്ലാവരും സന്തോഷമായി യാത്ര അയക്കണമെന്നാണ് ആ മാതാവ് ആഗ്രഹിച്ചിരുന്നത് എന്നു സുഹൃത്തു പറഞ്ഞത് പൊട്ടിച്ചിരിച്ചുകൊണ്ടാണ്. കനം പിടിച്ച് മുഖവുമായി കടന്നു ചെന്ന് കരയാനും ചിരിക്കാനും ആവാത്ത ഒരു പരുവത്തിൽ അവിടെ നിന്നുപുറത്തുവന്നു.
അമേരിക്കൻ മലയാളികളുടെ സംസ്‌കാര ചടങ്ങുകൾ വിചിത്രമായ സംഭവങ്ങൾ ആയിക്കൊണ്ടിരിക്കയാണ്. മത-സാമൂഹിക സംഘടനാനേതാക്കളുടെ ഒരു വലിയ നിര അനുശോചന പ്രസംഗത്തിനായി നെട്ടോട്ടം ഓടുന്ന കാഴ്ച, വേദനകടിച്ചമർത്തി ഇരിക്കുന്നവർക്കു അൽപം പരിഹാസ്യോദകമായ ശാന്തിയായി മാറുകയാണ്. മരിച്ച ആളിനെ ഒരു പരിചയം പോലുമില്ലെങ്കിലും, ക്ലബ്ബിന്റെയും, സംഘടനയുടെയും പേരിൽ അനുശോചനം അടിച്ചു വിടുകയാണ്. എത്ര ദൂരായാത്ര ചെയ്തും ഓടിയെത്തി, തന്റെ ഒഴിവാക്കാനാവാത്ത സാന്നിദ്ധ്യം ആവേശപൂർവ്വം അറിയിച്ചിട്ട് സ്ഥലം വിടുകയാണ്. പല പ്രസംഗങ്ങളും കേട്ടാൽ മരിച്ചു കിടക്കുന്ന ആൾ എഴുന്നേറ്റുവന്നു ചെകിട്ടത്ത് അടിച്ചു പോവും. കേരളത്തിലെ അടിപൊളി സംസ്‌കാര ചടങ്ങുകൾ പോലെ അത്ര വിപുലീകൃതമല്ലെങ്കിലും സംസ്‌കാരം, സംസ്‌കാരശൂന്യമാകരുതല്ലോ!
അനാഥമായ മരണയാത്രകളെപ്പറ്റി മാദ്ധ്യമങ്ങളിൽ അടുത്തിടെ വന്ന ചർച്ചകൾ ശ്രദ്ധേയമായി. തന്റെ പ്രഭാഷണങ്ങൾ കൊണ്ടും പ്രവത്തനം കൊണ്ടും കേരളത്തിന്റെയും സമുദായത്തിന്റെയും ആത്മാവിനെ തൊട്ട ഗുരുഭൂതനായ പ്രൊഫ.എംപി.മന്മധൻ സാറിന്റെ ശുഷ്‌ക്കമായ അന്ത്യയാത്രയെപ്പറ്റി പ്രായിപ്ര രാധാകൃഷണൻ എഴുതി. 'കല കലക്കുവേണ്ടി' 'കല ജീവിതത്തിനുവേണ്ടി' എന്ന രണ്ടു വാദങ്ങൾക്കിടയിൽ 'കല ജീവിതം തന്നെ' എന്ന് കാട്ടിക്കൊടുത്ത പ്രമുഖ സാഹിത്യ വിമർശകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്ന കുട്ടികൃഷ്ണമാരാരുടെ 23 പേർ മാത്രം അടങ്ങിയ മരണയാത്രയെപ്പറ്റി കാരിശ്ശേരി എഴുതി. 'വിശ്വ രൂപം' മലയാളത്തിനു സമ്മാനിച്ച സുരാസുവിന്റെ ആൾകൂട്ടമില്ലാത്ത വിലാപയാത്രയും മാതൃഭൂമി വീക്കിലിയുടെ താളുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കേരള സാഹിത്യ അക്കാദമി അദ്ധ്യാപകനും, സാഹിത്യ ലോകത്തെ പുകൾപെറ്റ കെ. എം തരകന്റെ ശുഷ്‌ക്കമായ അന്ത്യയാത്രയെപ്പറ്റി സാഹിത്യകാരനായ തോമസ് നീലാർമഠം പറഞ്ഞതും ഓർക്കുന്നു.
സ്വന്തമായ ഇടങ്ങൾ കണ്ടുപിടിച്ച് അവിടെ സ്വതസിദ്ധമായ പീഠങ്ങൾ സ്ഥാപിച്ച്, ലോകത്തെ ഒറ്റക്കണ്ണുകൊണ്ട് നേക്കി, സ്വയം നഷ്ടപ്പെടുത്തിയ ഒരുപിടി മഹാന്മാരെ നാം തമസ്‌കരിച്ചു; അതാണു സമൂഹം ഏകാന്തതയിലും ഒറ്റപ്പെടലുകളിലും ഒടുങ്ങി ചരിത്രത്തിന്റെ ഏടുകളിൽ നിന്നും അറിയാതെ ഇവർ അപ്രത്യക്ഷമാവുന്നു. സാറില്ലാതെ യോഗം നടക്കില്ല എന്നു നിർബന്ധിച്ചു കാറിൽ കയറ്റി കൊണ്ടുപോയിട്ട് ഏതോ പിള്ളാരുടെ സ്‌കൂട്ടറിനു പിറകിൽ കയറ്റി വീട്ടിൽ കൊണ്ടു തട്ടി വിട്ടു പോവുന്ന ആദരീണയരായ പ്രതിഭകളുടെ ചരിത്രം ചിലരുടെ ഓർമ്മയിലെങ്കിലും ഓടിയെത്താതിരിക്കില്ല.
'കമ്യൂണിസ്റ്റു മാനിഫസ്റ്റോയും' 'ക്യാപ്പിറ്റലും' മനുഷ്യകുലത്തിനു സംഭാവന ചെയ്ത്, മനുഷ്യവികാസത്തിനു പുതിയ മാനം സമ്മാനിച്ച കാറൽ മാർക്‌സന്റെ അന്ത്യയാത്രക്ക് സെമിട്ടറി ജോലിക്കാരുൾപ്പടെ 11 പേരായിരുന്നു സംസ്‌കാര ചടങ്ങിൽ സംബന്ധിച്ചതെന്ന് വായിച്ചതേർക്കുന്നു. അതു 1883ലെ പഴയ കഥയായിരുന്നെങ്കിലും മനുഷ്യപക്ഷത്തു നിലയുറപ്പിച്ച ഒറ്റയാനും നിഷേധിയുമായി വിരൽ ചൂണ്ടി നിന്ന മഹാത്മാക്കളെ എന്തോ അകത്തി നിർത്താനും, അവരുടെ ചിന്തകളെ മാത്രം താലോലിക്കാനു നാം തയ്യാറാവുന്നു.
മരണമാണ് ജീവിതത്തിന്റെ ആസ്ഥിത്വം നിശ്ചയിക്കുന്നതെന്ന വാദം എത്ര ശരിയാണെന്നറിയില്ല. എത്ര പുളകിതമായി ഒഴുകുന്ന പുഴയാണെങ്കിലും അതു ആർത്തു വീണു നിപതിക്കുമ്പോഴുള്ള ഉന്മാദം ഒന്നു വേറെ തന്നെയാണ്. വെള്ളച്ചാട്ടങ്ങൾ വൻ പതനങ്ങളാണെങ്കിലും, വലിയ ഊർജ പ്രവാഹവും, മാസ്മരികമായ ചാരുതയും അതിനുണ്ട്. മനുഷ്യജീവിതത്തിന്റെ മരണമെന്ന പതനം തമസ്‌ക്കരിക്കപ്പെടേണ്ടതല്ല. ഒരു പക്ഷേ മരണമാണ ജീവിതയാത്രയുടെ ലക്ഷ്യം തന്നെ, ഓരോ നിമിഷവും അടുത്തടുത്തുവരുന്ന പദ വിന്യാസം നാം അറിയാതെ കേൾക്കുന്നുണ്ടോ? മരണം ഒരു ചെന്നു ചേരലാണ്, എന്നോ പുറപ്പെട്ടുപോയ മകൻ വീട്ടിൽ ചെന്നു ചേരുന്നതുപോലെ....