നിന്തരവന്റെ കല്യാണത്തിനാണ് ഇക്കുറി നാട്ടിൽ പോയത്. വിവാഹം പള്ളിയിൽ വച്ചായിരുന്നെകിലും നഗരസഭ ഓഫിസിൽ വിവാഹം രജിസ്റ്റർ ചെയ്യാനുള്ള കാര്യം ഏറ്റെടുത്തത്, മുൻപ് പഞ്ചായത്ത് ഓഫീസ് ആയിരുന്ന കെട്ടിടവും ഒത്തിരി ഓർമ്മകൾ അവശേഷിപ്പിക്കുന്ന ഇടവുമായതിനാലാണ്. കൗൺസിൽ മെമ്പർ മഹേഷ് എല്ലാ സഹായവും ചെയ്യാമെന്ന് ഏറ്റിരുന്നു; കേവലം ഒരാഴ്ചത്തെ അവധിക്കു മാത്രം നാട്ടിൽ എത്തിയതായതിനാൽ അതായിരുന്നു ഏറ്റവും വലിയ ആശ്വാസവും.

അത്യാവശ്യം വേണ്ട രേഖകൾ മഹേഷ് തന്ന നിർദ്ദേശങ്ങൾ അനുസരിച്ചു തയ്യാറാക്കിയിരുന്നു. മലയാളത്തിൽ ഉള്ള അപേക്ഷ പൂരിപ്പിക്കാൻ കേരളത്തിന് പുറത്തു ജനിച്ചു വളർന്ന കുട്ടികൾ നന്നേ പാടുപെട്ടു. ഓഫീസിനു മുൻപിൽ അപേക്ഷകൾ എഴുതികൊടുക്കാൻ സഹായിക്കുന്ന വികലാംഗനായ ഒരാളുടെ ഒരു മിനിഓഫീസ് ഉണ്ട്. അവിടെ ഒന്ന് കാണിച്ചു ഒക്കെ ശരിയായി എന്ന് ഉറപ്പു വരുത്താമല്ലോ എന്ന് നിരുവിച്ചു. പഞ്ചായത്ത് ഓഫീസ് ആയിരുന്ന കാലത്തു പ്രധാന ഉദ്യോഗസ്ഥനായിരുന്ന എന്റെ പിതാവിന്റെ മരണ സർട്ടിഫിക്കറ്റ് വാങ്ങുവാനാണ് ഏറ്റവും ഒടുവിൽ അവിടെ പോയിരുന്നത്.

'അമ്പതു രൂപയുടെ മുദ്രപത്രം വാങ്ങിക്കൊണ്ടു പോരൂ, ബാക്കി ഒക്കെ ഞാൻ തയ്യാറാക്കാം, രണ്ടു സാക്ഷികളും വേണം' എന്ന് ഓർമിപ്പിച്ചു, മിനി ഓഫീസ് നടത്തുന്ന സഹായി. സമയം പതിനൊന്നു മണി ആയപ്പോഴേക്കും കയറിച്ചെന്ന ഓരോ ആധാരമെഴുത്തു ആഫീസിലും മുദ്രപത്രം തീർന്നുപോയി എന്ന മറുപടി; ഒത്തിരി നിര്ബന്ധിച്ചിട്ടാണ് അതുതന്നെ ഒന്നു പറഞ്ഞുതരുന്നത്. ഇനി എന്ത് ചെയ്യും? അതിനു മറുപടിയുമില്ല. കുറെ അലഞ്ഞപ്പോൾ ഒരു ആൾ പറഞ്ഞുതന്നതനുസരിച്ചു അത്ര എളുപ്പം ഒന്നും കണ്ടുപിടിക്കാൻ സാധിക്കാത്ത ഒരു വീട്ടിൽ നിന്നും മുദ്രപത്രം ലഭിച്ചു.

ഏതോ ചടങ്ങുകൾക്ക് പോയിരുന്ന മഹേഷ് അപ്പോഴേക്കും എത്തിയിരുന്നു. എന്തിനാ ഈ ഓട്ടം, ഇപ്പോൾ മുദ്രപത്രം ഒന്നും ആവശ്യമില്ലല്ലോ, ഒക്കെ നെറ്റിൽ ഉണ്ടല്ലോ, ഏതായാലും ഇയാൾക്ക് ഒരു സഹായമാകുമല്ലോ എന്ന് പറഞ്ഞു തുരുമ്പെടുച്ചു ദ്രവിച്ച ആ ഒറ്റയാൾ സഹായ നിലയത്തിന് മുൻപ് നിലയുറപ്പിച്ചു. എവിടെനിന്നോ പാറി വന്ന കാറ്റിൽ ദുർഗ്ഗന്ധം വമിക്കുന്നു.ഞാൻ മൂക്ക് പൊത്തി മഹേഷിന്റെ മുഖത്തേക്ക് നോക്കി. ഒരു ചെറു ചിരിയോടെ മഹേഷ് അടുത്തുള്ള മതിലിന്റെ പിറഭാഗത്തേക്കു ചൂണ്ടിക്കാണിച്ചു.നഗര മധ്യത്തിലുള്ള ഈ സ്ഥലത്തേക്കാണ് ഇവിടെയുള്ള എല്ലാ മാലിന്യങ്ങളും ഇപ്പോൾ തള്ളുന്നത്. വേറെ ഒരു പോംവഴിയും ഇതുവരെ കണ്ടിട്ടില്ല.

വില്ലേജ് കോടതിയുടെ സമീപത്താണ് ഈ മാലിന്യ കൂമ്പാരം. അതിന്റെ വ്യാപ്തി എന്ത് ഉണ്ട് എന്ന് കാണാൻ അങ്ങോട്ട് നോക്കിയപ്പോഴാണ് ട്രെയിനിന്റെ ഒരു വാഗൺ പോലെ നീല നിറമുള്ള ഒരു സംഭവം കാടുപിടിച്ചു കോടതിക്ക് മുൻപിൽ കിടക്കുന്നതു ശ്രദ്ധിച്ചത്. എബ്രഹാം ലിങ്കന്റെ പ്രസിദ്ധമായ ഗെറ്റിസ്ബർഗ് പ്രസംഗം ചെയ്ത പീഠത്തിന്റെ പുനാവിഷ്‌കാരം ആണെന്നാണ് ധരിച്ചത്. അടുത്തുചെന്നു വായിച്ചപ്പോഴാണ് മനസ്സിലാകുന്നത് , പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ 'ജില്ലാ ശുചിത്വ മിഷൻ' പദ്ധതിയുടെ ഭാഗമായ 'മൊബൈൽ സാനിറ്ററി വാഗൻ' ആണ് ഈ അത്ഭുത സംഭവം എന്ന് ! ലക്ഷക്കണക്കിന് രൂപ ചിലവഴിച്ചു ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം അത്ഭുതങ്ങൾ പുരാവസ്തുക്കൾ പോലെ സൂക്ഷിച്ചിട്ടുണ്ടത്രെ!

അനാവശ്യ ധൂർത്തിന്റെ മുഗ്ദ്ധ ഭാവമെന്നോ വികലമായ ആസൂത്രണത്തിന്റെ ശേഷക്രിയ എന്നോ വിശേപ്പിക്കാവുന്ന ഈ മൊബൈൽ സാനിറ്ററി വാഗണിൽ കണ്ണ് മിഴിച്ചു നോക്കി നിന്ന എന്നെ മഹേഷ് തോണ്ടി വിളിച്ചു. നടുക്കത്തോടെ നോക്കിയപ്പോൾ നിസ്സംഗഭാവത്തോടെ മറ്റൊരു മഹാത്ഭുതം കാണാനായി എന്നെ ക്ഷണിച്ചു.

മഞ്ഞ നിറത്തിലുള്ള ഒരു ക്യാബിൻ-ബോക്‌സ് ചപ്പു ചവറുകളുടെ മധ്യത്തിൽ വച്ചിരിക്കുന്നു. 'കണക്ടഡ് ഇ - ടോയ്‌ലറ്റ് ഇൻഫ്രാസ്ട്രക്ച്ചർ - പത്തനംതിട്ട ജില്ലാ പഞ്ചായത്ത്' - ഭാരതത്തിലെ പ്രഥമ മാതൃകാ പദ്ധതി ! വെണ്ടയ്ക്ക അക്ഷരത്തിൽ അതിനു പുറത്തു എഴുതി വച്ചിരിക്കുന്നു. അഭിമാനത്തോടെയും തെല്ലു അൽഭുതത്തോടെയും മഹേഷിന്റെ മുഖത്തേക്ക് നോക്കി. ഞാൻ വിചാരിച്ചതിലും മുൻപേ എന്റെ നഗരം പുരോഗമനത്തിന്റെ പാതയിലായല്ലോ. 'ഒരിക്കലേ ഇത് ഉപയോഗിക്കേണ്ടി വന്നുള്ളു ,ഏതോ ദൗർഭാഗ്യത്തിനു ഒരു സ്ത്രീ ഇതിൽ കയറി, പുറത്തിറങ്ങാനാവാതെ നാട്ടുകാർ തല്ലിപ്പൊളിച്ചാണ് രക്ഷപെടുത്തിയത്രെ ! പിന്നെ ഇങ്ങനെ ഒരു മ്യൂസിയം സംഭവമായി ചവറുകളുടെ മദ്ധ്യത്തിൽ ഇവൻ സമാധിയിലാണ്' മഹേഷ് പറഞ്ഞു. ലക്ഷക്കണക്കിന് രൂപ വിലയുള്ള ഇത്തരം പദ്ധതികളുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യുന്നില്ല. എന്നാൽ പദ്ധതികൾ ആവിഷ്‌കരിക്കുമ്പോൾ അത് ശരിയായി നടപ്പിലാക്കാനുള്ള നിശ്ചയദാർഢ്യം ഇല്ല എന്നത് സമ്മതിച്ചേ തീരൂ. നികുതി പിരിച്ചു എടുക്കുന്ന ജനങ്ങളുടെ പണം ഇങ്ങനെ ഏതോ മായാ പദ്ധതികളിലൂടെ ഏതൊക്കെയോ കമ്പനിക്കാരുടെയും ഇടനിലക്കാരുടെയും അക്കൗണ്ടുകളിൽ എത്തിച്ചേരുന്നത് കെടുകാര്യസ്ഥത എന്നല്ലാതെ എന്താണ് പറയേണ്ടത്.

പന്തളം സ്‌പെഷ്യൽ ഗ്രേഡ് പഞ്ചായത്തു ആയിരുന്ന കാലത്തു നഗരസഭയായി ഉയർത്തിയിരുന്നു. എന്നാൽ ജനകീയ പ്രക്ഷോഭണത്തിൽ വീണ്ടും അത് പഞ്ചായത് ആക്കപ്പെടുകയും കുറെ കാലത്തിനു ശേഷം തിരികെ നഗരസഭയായി തിരിച്ചെത്തുകയും ചെയ്തു. എന്നാൽ നഗരസഭ ആയി ഉയർത്തപ്പെട്ടതിന്റെ യാതൊരു ലാഞ്ഛനയും ഇപ്പോഴും എങ്ങും പ്രത്യക്ഷത്തിൽ കാണാനില്ല. പൊതു സംവിധാനങ്ങൾ എല്ലാം അതേപടി തുടരുകയോ അല്ലെങ്കിൽ മരവിച്ചതോ ആയ അവസ്ഥയിലാണ് നിലനിൽക്കുന്നത്. അരനൂറ്റാണ്ടിന് മുൻപ് എൻ.എസ്സ്.എസ്സ് എന്ന മഹാപ്രസ്ഥാനം മുതൽമുടക്കി പണിതുയർത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നും പ്രൗഢമായി തന്നെ തലഉയർത്തി നിൽക്കുന്നു.

പരമശിവന്റെയും മഹാവിഷ്ണുവിന്റെയും പുണ്യസംഗമത്തിൽ ഉരുവായ ഹരിഹരൻ ശ്രീഅയ്യപ്പന്റെ പിള്ളത്തൊട്ടിലായ പന്തളം, തെന്നിന്ത്യയിലെ പ്രധാന പുണ്യഭൂമിയാണ്. പ്രസിദ്ധമായ കുറുന്തോട്ടയംചന്ത, മന്നം ഷുഗർ മിൽസ് എന്ന വ്യവസായ കേന്ദ്രം ഒക്കെകൊണ്ടു പന്തളം എന്നേ പ്രശസ്തമായിരുന്നു. എന്നാൽ മരവിച്ച വികസനത്തിന്റെ വേതാള കഥകളാണ് ഇന്നും പന്തളത്തെ തുറിച്ചു നോക്കുന്നത്.

സമീപ പ്രദേശങ്ങൾ എല്ലാം ഒരുപടി മുന്നിൽ കയറി പോയപ്പോഴും പന്തളം, ജീർണ്ണത ബാധിച്ച തറവാടുപുരപോലെ നിൽക്കുകയാണ്. നഗര മദ്ധ്യത്തു കാലങ്ങളായി അടഞ്ഞുകിടക്കുന്ന കടകൾ! അവയുടെ പുറത്താകെ ഒട്ടിച്ചുവച്ചും പറിച്ചെടുത്തും തിരമാലപ്പതപ്പുകൾ പോലെ തോന്നുന്ന നോട്ടീസിന്റെ പാടുകൾ, അവക്കിടയിലൂടെ തുറിച്ചു നോക്കുന്ന അവശേഷിച്ച കണ്ണുകൾ കാലം എത്ര കഴിഞ്ഞാലും, കാതം എത്ര താണ്ടിയാലും,എസ്.കെ.സ്വാമിയുടെ ഹോട്ടലിൽ നിന്നും കഴിച്ച മസാല ദോശയുടെ രുചി ഇന്നും പലരുടെയും സിരകളിൽ കടന്നു വരാൻ വലിയ പ്രയാസമില്ല. അതിനടുത്ത കടയായ ബാറ്റാ ഷൂ കടയും മനോരമയുടെ പത്രക്കടയും മറ്റും പന്തളംകാരുടെ സ്വകാര്യ ഇഷ്ട്ട ഇടങ്ങളായിരുന്നു.

പന്തളം കെ.എസ്.ആർ.ടി.സി. ബസ്സ്‌റ്റേഷൻ കണ്ടാൽ ഏതോ ഗുഹാകേന്ദ്രത്തിന്റെ വന്യത ജനിപ്പിക്കും.ബസ് മുഴുവനായി മുങ്ങി താഴാനാവുന്ന ഗർത്തങ്ങൾ ചന്ദ്രപ്രതലം എങ്ങനെയിരിക്കാമെന്ന് കുട്ടികൾക്ക് കാട്ടികൊടുക്കാനുള്ള മാതൃകയാണ്. അതിനു മുന്നിലുള്ള പ്രസിദ്ധമായിരുന്ന അശ്വതി ടാക്കീസിന്റെ സ്മാരക ശിലകൾ കാടുകയറി കിടക്കുന്നു. നഗര മദ്ധ്യത്തിലുള്ള ഈ പുതുകാവ് പ്രകൃതി സ്‌നേഹികൾക്ക് സന്തോഷം പകരും എന്നതിൽ തർക്കമില്ല. തിരക്കുപിടിച്ച ജംഗ്ഷനിൽ ശൂന്യാകാശത്തുനിന്നു വന്നു പതിച്ച ഉൽക്കകൾ പോലെ തറഞ്ഞു നിൽക്കുന്ന സിമന്റ് കോണുകൾ, അവയിൽ ചിരിച്ചു കൈവീശി നിൽക്കുന്ന ജനനേതാക്കളുടെ കൂറ്റൻ കട്ടവിട്ടുകൾ ! പഴയ പഞ്ചായത്തു ഓഫീസിന്റെ അതേ കെട്ടിടത്തിൽ നിലയുറപ്പിച്ച നഗരസഭാ കെട്ടിടത്തിൽ വളരെ പരിമിതമായ സംവിധാനങ്ങൾ മാത്രമേ ഇന്നുള്ളൂ. ജനപ്രതിനധികൾക്കു സ്വസ്ഥമായി ഇരുന്നു പ്രവർത്തിക്കാനുള്ള അടിസ്ഥാനപരമായ സഹായക്കാരോ സംവിധാനങ്ങളോ അവിടെ കാണാനില്ല. വികസനം എന്ന വാക്കിന് മരവിപ്പ് എന്ന അർത്ഥം ആരോ അറിയാതെ കൽപ്പിച്ചെങ്കിൽ അത് പത്തനംതിട്ട ജില്ലയിലെ ഈ പുണ്യനഗരത്തെക്കുറിച്ചാണെന്നു മടികൂടാതെ പറയാം.

പന്തളത്തിന്റെ മനോഹാരിത മുഴുവൻ ഒപ്പിയെടുത്ത പൂഴിക്കാട് ചിറയുടെ ഭംഗി ലോകോത്തരമാണെന്നു, ലോകത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചവർ സമ്മതിക്കും. ഇവിടെ ഉണ്ടാക്കപ്പെട്ട പൊതു തോട്ടങ്ങളും, മൽസ്യ ഫാമുകളും, മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് തുടങ്ങിയ പദ്ധതികൾ മുഴുവൻ കാലത്തിന്റെ കുത്തൊഴുക്കിൽ അപ്രത്യക്ഷമായി. ഇവിടെ ഇന്ന് പൊതു - സ്വകാര്യ പദ്ധതിയിൽ നടപ്പാക്കാവുന്ന പാർപ്പിട സമുച്ഛയങ്ങൾ, ലോകോത്തര കായിക-വിനോദ വ്യവസായങ്ങൾ,ഭക്ഷണശാലകൾ, തുടങ്ങി ഒരു മദ്ധ്യവർഗ്ഗ ജീവിതത്തിനു അനുകൂലമായ കാലാവസ്ഥ സൃഷ്ട്ടിക്കാൻ കഴിയണം. പൊതു മാലിന്യ സംസ്‌കരണത്തിനുള്ള പ്ലാന്റ് ഉണ്ടാകണം. നിരത്തുകളിൽ, യാത്രക്കാർ അപകടം കൂടാതെ കടന്നുപോകാനുള്ള സന്നദ്ധ സേവകരെ നിയോഗിക്കണം.

വൻകിട വ്യവസായികളെ ഇവിടേയ്ക്ക് ആകർഷിച്ചു കൊണ്ടുവരാനുള്ള ഉദാരസമീപനം കൊണ്ടുവന്നാൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകും. കുടിവെള്ളക്ഷാമം ഉണ്ടാവാതെ ക്രമീകൃതമായ പൊതുജല വിതരണം, തണ്ണീർത്തട സംസ്‌കാരം, ജൈവവള കൃഷികൾ പ്രോത്സാഹിപ്പിക്കുക, കുട്ടികളിൽ സമ്പാദ്യശീലവും പരിതഃസ്ഥിതിയെ സംരക്ഷിക്കാനുള്ള മാർഗനിർദേശങ്ങളും നിരന്തരം നൽകുക ഒക്കെ നഗര സഭയുടെ ലക്ഷ്യമാണെങ്കിലും, ഇവ ക്രമീകൃതമായി നടപ്പിലാകുന്നുവോ എന്ന് പരിശോധിക്കാനുള്ള പൊതു സംവിധാനം ഉണ്ടാവണം. രാഷ്ട്രീയ ലക്ഷ്യം വച്ച് മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ കൂട്ടായി ചെറുക്കാൻ മത നേതാക്കളുടെ സംയുക്ത യോഗങ്ങൾ നിരന്തരം സംവേദിക്കണം. തിരികെ എത്തുന്ന പ്രവാസികൾക്ക് മുൻഗണന കൊടുത്തു മുതൽ മുടക്കാൻ എല്ലാ സാഹചര്യവും സഹായവും നൽകണം.

ബന്തും പണിമുടക്കുകളും നമുക്ക് തല്ക്കാലം ഉപേക്ഷിക്കാം എന്ന പൊതു രാഷ്ട്രീയ ധാരണ ഉണ്ടാക്കണം. വിശ്രമ വിനോദത്തിനായി പൊതു ഇടങ്ങൾ, പാർക്കുകൾ ഉണ്ടാവണം, ഇവിടൊക്കെ മതിയായ സുരക്ഷിതത്വം ഉറപ്പാക്കണം. മഹനീയത നിലനിർത്താനുതകുന്ന മ്യൂസിയം ,വായനശാല, കായിക പരിശീലന കേന്ദ്രങ്ങൾ ഒക്കെ പൊതു - സ്വകാര്യ സമ്മിശ്ര തലത്തിൽ നടപ്പിലാക്കാം. ശുചിത്വത്തെ പ്പറ്റി അവബോധം ഉണ്ടാക്കുന്ന പരിപാടികളിൽ കുട്ടികൾ മുതൽ വലിയവർ വരെ പങ്കെടുക്കണം. എല്ലാ കാര്യങ്ങൾക്കും ഒരു പൊതു മാനദണ്ഡം ഉണ്ടാക്കുകയും, അതിൽ എത്തുന്നവരെ അംഗീകരിക്കുകയും ചെയ്യണം; ഇല്ലാത്തവ ചോദ്യം ചെയ്യപ്പെടണം. എല്ലാ അടിസ്ഥാന വിവരങ്ങളും അടങ്ങുന്ന വെബ്‌സൈറ്റ് നവീകരിച്ചുകൊണ്ടേയിരിക്കണം.

സ്വദേശികൾക്കും വിദേശികൾക്കും എളുപ്പത്തിൽ നടത്തിയെടുക്കാവുന്ന സര്ട്ടിഫിക്കേറ്റ് സംവിധാനം ഉണ്ടാവണം. പെട്ടന്ന് നൽകപ്പെടുന്ന സര്ടിഫിക്കറ്റുകൾക്കു കൂടുതൽ ചാർജ് ഈടാക്കാം. എല്ലാവരെയും സ്വാഗതം ചെയ്യുന്ന തുറന്ന സമീപനം ഒരു നഗരലക്ഷ്യം ആയി തന്നെ പരിഗണിക്കണം. വലിയ കമ്പനികളുടെ ഏജൻസികൾ തുടങ്ങാനായുള്ള ഉദാര നയങ്ങൾ കൊണ്ടുവരണം. അവ കൊണ്ടുവരാനുള്ള കൂട്ടായ ശ്രമം ഉണ്ടാവണം. ടൗണിലെ ഗതാഗതകുരുക്ക് കുറക്കാനുള്ള സംവിധാനങ്ങൾ കൊണ്ടുവരണം. പന്തളത്തെ പ്രവാസികളെ എല്ലാ പ്രവർത്തനങ്ങളിലും ഉൾകൊള്ളിക്കാനുള്ള സംവിധാനം ഉരുത്തിരിയണം. പന്തളത്തിന്റെ മാത്രം വിവരങ്ങൾ പങ്കുവെയ്ക്കുന്ന മാധ്യമം ഉണ്ടാവണം.

ഒൻപതാം നൂറ്റാണ്ടുമുതലുള്ള ചേതോഹരമായ പ്രൗഢകഥകൾ പള്ളിഉറങ്ങുന്ന പന്തളം രാജവംശത്തിന്റെ സിരാകേന്ദ്രമായ വലിയകോയിക്കൽ കൊട്ടാരം ഇന്നും ഇവിടെ നിലനിൽക്കുന്നു. രാജകുമാരനായ മണികണ്ഠൻ, പന്തളത്തുനിന്നും ശബരിമലയിലേക്ക് പോകേണ്ടിവന്നകഥകൾ കോറിയിട്ട ചരിത്രം പ്രതിധ്വനിക്കുന്ന ഈ പുണ്യഭൂമിക്കു എന്തേ ഒരു ശാപമോക്ഷം കിട്ടാതെ പോകുന്നത് എന്ന് ഓർത്തു പോയിട്ടുണ്ട്.

'ദൈവമേ കൈതൊഴാം കേൾക്കുമാറാകേണം പാവമാം എന്നെ നീ കാക്കുമാറാകണം' കാലത്തെ അതിജീവിക്കുന്ന ഈ പ്രാർത്ഥനാമന്ത്രങ്ങൾ മഹാകവി പന്തളം കേരളവർമ്മ തമ്പുരാന്റെ വിരലുകളിലൂടെയാണ് മലയാളത്തിന് സമ്മാനമായത്. 'അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി അതിനുള്ളിലാനന്ദ ദീപം കൊളുത്തി' പ്രപഞ്ച സത്യങ്ങൾ കോർത്തിണക്കിയ പരിശുദ്ധ വേദാന്തം മലയാളത്തിനു നിവേദിച്ചതു യശ്ശശരീനായ പന്തളം കെ. പി. രാമൻ പിള്ള ആയിരുന്നു. രാജാ രവിവർമ്മയുടെ രതിഭാവം പ്രതിബിംബിച്ച നൂറുകണക്കിന് എണ്ണശ്ചയാ ചിത്രങ്ങൾ കൊണ്ട് വർണ്ണചാമരം വിരിയിച്ച ആർട്ടിസ്‌റ് വി .എസ്. വല്യത്താന്റെ ചിത്രശാല പന്തളത്തിന്റെ കലാനിധിയാണ്. ഈ അതുല്യ പ്രതിഭകളുടെ സ്മരണ നിലനിർത്തുന്ന സ്മാരകങ്ങൾ ഒന്നും നഗരഹൃദയത്തിൽ കൊത്തിവച്ചിട്ടില്ല. അതുകൊണ്ടു തന്നെ പന്തളത്തെ പുതിയ തലമുറയ്ക്ക് ഇവർ അപരിചിതർ ആയെങ്കിൽ അത്ഭുതപ്പെടാനുമില്ല.

സാഹിത്യവും കലയും മാത്രമല്ല, മലയാളത്തിലെ ആക്ഷേപ ഹാസ്യത്തിനും പുത്തൻ കരുത്തേകിയ പി. കെ. മന്ത്രിയുടെ 'പാച്ചുവും കോവാലനും ' പിച്ചവച്ചു നടന്നത് ഈ നാട്ടിൽ നിന്ന് തന്നെയാണ്. രേഖാ ചിത്രങ്ങളിലൂടെ നർമ്മത്തിൽ ചാലിച്ച ചിന്തകൾ അടുക്കിവെച്ച 'സരസൻ' ഈ പ്രദേശത്തുനിന്ന് തന്നെയാണ് സഞ്ചരിച്ചു തുടങ്ങിയത്. കമ്യൂണിസ്‌റ് ചിന്തകളുടെ അകത്തളത്തിൽ വിരാജിച്ച എം.എൻ. ഗോവിന്ദൻനായർ, സമുന്നത കോൺഗ്രസ് നേതൃത്വ നിലയിലേക്ക് ഉയർന്ന പന്തളം സുധാകരൻ ഒക്കെ പന്തളത്തിന്റെ സ്വന്തം രാഷ്ട്രീയ രസക്കൂട്ടുകൾ തന്നെയാണ്.

ആടുജീവിതത്തിലൂടെ ലോകശ്രദ്ധ നേടി, സാഹിത്യലോകത്തു തന്റേതായ ഇടം നേടിയെടുത്ത പ്രതിഭ ബന്യാമിനും, 'വീട്ടിലേക്കുള്ള വഴി' എന്ന ചലച്ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും അന്തർദേശീയ അംഗീകാരങ്ങളും നേടിയ ഡോ. ബിജുകുമാർ, പടയണിയുടെ ഇതിവൃത്തം ജനഹൃദയത്തിൽ കളമെഴുതി ചേർത്ത പ്രൊഫ. കടമ്പനിട്ട വാസുദേവൻ പിള്ളയും പുതിയ തലമുറയിലൂടെ പന്തളത്തിന്റെ ദീപശിഖ തെളിയിച്ചു നിൽക്കുന്നു.

നൂറ്റാണ്ടുകൾക്കു മുൻപ് പാണ്ഡ്യരാജാക്കന്മാരോടൊപ്പം ചേക്കേറിയ മുസ്ലിം കച്ചവടക്കാർ, കുറവലങ്ങാട്ടുനിന്നു കുടിയേറിയ സുറിയാനി ക്രിസ്ത്യാനികൾ, നാട്ടറിവിന്റെ നേരുള്ള അടിസ്ഥാന വർഗ്ഗങ്ങൾ ഒക്കെ മതസൗഹാർദ്ദത്തിന്റെ നാരുകൾ ചേർത്തു നെയ്‌തെടുത്ത 97 ശതമാനം സാക്ഷരതയുള്ള, രാഷ്രീയ അവബോധമുള്ള ഒന്നാന്തരം ഒരു മനുഷ്യകൂട്ടമാണ് ഈ നാടിന്റെ കരുത്തും പ്രതീക്ഷയും. എന്നാൽ ഈ നാടിന്റെ സ്പന്ദനങ്ങൾ ഉൾകൊണ്ട ദീർഘവീക്ഷണം ഉള്ള ഒരു നേതൃത്വ നിരയുടെ അഭാവം ഇവിടെ അനുഭവപ്പെടുന്നുണ്ട്. നാടിന്റെ പുരോഗതിയെപ്പറ്റി സ്വപ്നങ്ങൾ കാണുന്നത് നല്ലതുതന്നെ, ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും തെളിയുന്ന പന്തളം ജംക്ഷനിലെ വമ്പൻ എൽ. ഇ.ഡി. വിളക്കു പോലെ, തിരഞ്ഞെടുപ്പ് കഴിയുമ്പോൾ പ്രേതഗോപുരമായി നാട്ടുകാരെ കൊഞ്ഞനം കാട്ടുന്ന ഇരുളടഞ്ഞേ പ്രേതഗോപുരമായി തീരാതെയാവട്ടെ അവ.

പന്തം കൊളുത്തിത്തന്നെ നമുക്ക് പടക്കൊരുങ്ങാം.