വർഷത്തെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പ്രാരംഭമായി നടത്തപ്പെടുന്ന പ്രൈമറികളും കോക്കസുകളും ഇത്രയധികം ശ്രദ്ധിക്കപ്പെട്ടിട്ടില്ല. പൊതു തെരഞ്ഞെടുപ്പ് നവംബറിലാണ്, അതിന് മുമ്പായി റിപ്പബ്ലിക്കൻ പാർട്ടിയും ഡെമോക്രാറ്റിക് പാർട്ടിയും സംഘടിപ്പിക്കുന്ന ഘട്ടം ഘട്ടമായ ഉൾപാർട്ടി തെരഞ്ഞെടുപ്പും, അതിൽ നിന്ന് ഓരോ സ്ഥാനാർത്ഥിക്ക് ലഭിക്കുന്ന നിശ്ചിത പ്രതിനിധികളുടെ എണ്ണവും ഏറ്റവും ഒടുവിൽ നടത്തപ്പെടുന്ന പാർട്ടി കൺവൻഷനിൽ നിർണ്ണായകമാണ്.

പ്രൈമറി - കോക്കസ് തെരഞ്ഞെടുപ്പുകൾക്ക് ഇടയ്ക്ക് നടത്തപ്പെടുന്ന പൊതുചർച്ചകളിലൂടെയാണ് സ്ഥാനാർത്ഥികളുടെ നിലപാടുകളും, കഴിവും ശ്രദ്ധിക്കപ്പെടുന്നത്. അത്യധികം ശ്രമകരവും, പണച്ചിലവുള്ള ഈ തെരഞ്ഞെടുപ്പ് പ്രക്രിയ തന്നെ ജനധിപത്യവിരുദ്ധമാണെന്ന അഭിപ്രായവും കേൾക്കുന്നുണ്ട്. ഓരോ പാർട്ടിയും ഓരോ സ്‌റ്റേറ്റിന്റെ പ്രതിനിധികളുടെ എണ്ണം തീരുമാനിച്ചിരിക്കും, ഇതിന്റെ കൂടെ നിലവിലുള്ളവരും മുൻതെരഞ്ഞെടുക്കപ്പെട്ടവരും ഔദ്യഗികഭാരവാഹികൾ എന്നിവരും പ്രതിനിധി മണ്ഡലത്തിന്റെ ഭാഗമാണ്. കോക്കസുകൾ വെറും സ്വകാര്യ പാർട്ടി സമ്മേളനങ്ങളാണ്. ഓരോ സംസ്ഥാന പാർട്ടികൾക്കും അവരുടേതായ കീഴ് വഴക്കങ്ങളായ നിയമങ്ങളും ഉണ്ട്.

ചെറിയ സംസ്ഥാനങ്ങളിലാണ് ആദ്യം മത്സരം നടക്കുന്നത്. മാർച്ച് 1-ാം തീയതി നടത്തപ്പെട്ട 'സൂപ്പർട്യൂസ്‌ഡേ' ഒറ്റ ദിവസം കൊണ്ട് കുറെ ഏറെ പ്രതിനിധികളെ സ്വരൂപിക്കാനായി, ഏതാണ്ട് പാർട്ടി നോമിനേഷന്റെ ചിത്രം കുറച്ചുകൂടി വ്യക്തമാകാനും ആയി. സൂപ്പർ ട്യൂസ്‌ഡേ പരിപാടി വിരൽതുമ്പിലെ മാദ്ധ്യമപ്രവർത്തന കാലത്ത് ഓരോ ചെറിയ തെരഞ്ഞെടുപ്പും രാജ്യം ഒന്നാകെ വീക്ഷിച്ചുകൊണ്ടിരിക്കുകയായിരിക്കും.

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയും അമേരിക്കൻ തെരഞ്ഞെടുപ്പ് പ്രക്രിയയും വളരെ വ്യത്യസ്തമാണ്. പോയി വോട്ട് ചെയ്യുന്നതല്ലാതെ അമേരിക്കൻ ജനാധിപത്യത്തിന്റെ അടിസ്ഥാന സംവിധാനങ്ങളും, രൂപകല്പനയും മനസ്സിലാക്കുക എളുപ്പമല്ല. വളരെ ആയാസകരമായ പ്രകിയയാണ് തെരഞ്ഞെടുപ്പുകൾ എന്നതിനാൽ ഈർക്കിലി പാർട്ടികൾക്ക് ഇവിടെ യാതൊരു സാധ്യതയുമില്ല. എന്നാൽ മൂന്നാമതൊരു ദേശീയ പാർട്ടി സംഘടിപ്പിക്കുവാൻ ശ്രമങ്ങൾ ഉണ്ടായിട്ടുമുണ്ട്. പ്രിതിനിധികളുടെ വലിപ്പം കൊണ്ട് മാത്രം സ്ഥാനാർത്ഥിയാവാൻ സാധിക്കുമെന്നും കരുതണ്ട, ദേശീയ പാർട്ടി സമ്മേളനത്തിന് അവിടെത്തന്നെ പുതിയ ഒരു ആളെ തെരഞ്ഞെടുക്കാനും വകുപ്പുണ്ട്.

അതാണ് ഇപ്പോൾ കൂടുതൽ ചർച്ചാവിഷയമായിരിക്കുന്നത്. ഡെമോക്രാറ്റിക്ക് പാർട്ടി സ്ഥാനാർത്തിത്വത്തിന് വേണ്ടി മത്സരിക്കുന്ന ബേർണി സാൻഡേഴ്‌സ്, 'അമേരിക്കയില് വിപ്ലവം' അനിവാര്യമായിരിക്കുന്നു എന്ന് വെട്ടിത്തുറന്ന് പറയുന്നുണ്ട്. വിപ്ലവം എന്നു കേട്ടാൽ അമേരിക്കക്കാരുടെ കണ്ണു ചുമക്കുകയും, തലമുടി വടിയായി ഉയർന്ന് നിൽക്കുകയും ചെയ്യുമായിരുന്നു എന്നിരുന്നാലും വിപ്ലവഭാഷ്യം ദിവസവും കേൾക്കുന്നുണ്ട്.

എന്നാൽ യഥാർത്ഥ വിപ്ലവം നടക്കുന്നത് ഏറ്റവും യാഥാസ്തിക പരിവേഷമുള്ള റിപ്പബ്ലിക്കൻ പാർട്ടിയിലാണ്. യാതൊരു രാഷ്ട്രീയ പാരമ്പര്യവും, പരിചയവും അവകാശപ്പെടാനാവാത്ത തികഞ്ഞ ബിസിനസ്സുകാരനായ ടൊണൾഡ് ട്രമ്പ്. മുൻനിരയിൽ കുതിക്കുകയാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ അടിസ്ഥാന സംവിധാനങ്ങളെ ആകെ വിറപ്പിച്ചുകൊണ്ടാണ് ട്രംപ് അശ്വമേധം നടത്തുന്നത്. എങ്ങനെ തടയണമെന്നും പാർട്ടിക്കും പിടിയില്ല.

റിപ്പബ്ലിക്കൻ പാർട്ടിയുടെ നിലപാടുകളെ ചോദ്യം ചെയ്തും, റിപ്പബ്ലിക്കൻ പ്രസിഡന്റായിരുന്ന ജോർജ് ബുഷ് കള്ളം പറഞ്ഞ് രാജ്യത്തെ യുദ്ധത്തിലിറക്കിയെന്നും, സദ്ദാം ഹുസൈൻ അവിടെയുണ്ടായിരുന്നെങ്കിൽ അമേരിക്കയ്ക്ക് ഇത്രയും പേടിയ്‌ക്കേണ്ടി വരില്ല എന്നു തുടങ്ങി സ്വന്തം പാർട്ടിയെത്തന്നെ അടിമുടി വെടിവച്ചുകൊണ്ടാണ് ട്രംപ് രംഗത്ത് പൊടിപൊടിക്കുന്നത്.

ഇതിനിടെ എന്തൊക്കം വിഡ്ഢിത്തമാണ് ഇദ്ദേഹം പുലമ്പിയത്, അമേരിക്കക്കാർക്ക് തന്നെ നാണക്കേടാണ് ഇത്തരം ഒരു സ്ഥാനാർത്ഥി എന്നു തന്നെയാണ് റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ പരസ്യമായി പറയുന്നത്. മെക്‌സിക്കൻ അതിർത്ഥിയിൽ മെക്‌സിക്കോക്കാരെക്കൊണ്ട് മതിലുകെട്ടിക്കുക, നിയമപരമല്ലാത്ത രാജ്യത്ത് തുടരുന്നവരെ കയറ്റി അയയ്ക്കുക, ചൈനയും ഇന്ത്യയും അമേരിക്കക്കാരുടെ ജോലി അടിച്ചുമാറ്റുന്നു, ഒറ്റ മുസ്ലിമിനെയും രാജ്യത്ത് പ്രവേശിപ്പിക്കരുത് തുടങ്ങി പടക്കക്കമ്പനിക്ക് തന്നെ ട്രംപ് തീകൊളുത്തി. നാക്കിന് എല്ലില്ലാത്ത പ്രയോഗങ്ങളും പുളിപ്പില്ലാത്ത സംസാരവും ഒരു പക്ഷേ നിരാശരും അരക്ഷിതാവസ്ഥയിലായിരുന്ന ഒരു വലിയപറ്റം വെള്ളക്കാർ ട്രംപ് അനുഭാവികളായി മാറി. കഴിഞ്ഞ ചില സമ്മേളനങ്ങളിൽ കയ്യാങ്കളിയിലാണ് അവസാനിച്ചത്. സമ്മേളനം കലക്കാൻ വന്നവരെ ശരിക്ക് കൈകാര്യം ചെയ്തുകൊണ്ട് എന്തുചെലവ് വന്നാലും ഞാൻ വഹിച്ചുകൊള്ളാം - ട്രംപ് സമ്മേളനത്തിൽ വിളിച്ചുപറയുന്നത് ടെലിവിഷനിൽ മുറക്കുകേൾക്കുമ്പോൾ, പെരുച്ചാഴികൾ അമേരിക്കയിൽ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു എന്ന് തീർച്ചയായി.