- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഴുപതുകളിലെ മലയാളിയുടെ കോളേജ് ജീവിതത്തിൽ അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ച കലാലയ രാഷ്രീയം; പെങ്ങന്മാരേ, സഹോദരിമാരേ ഒരു വോട്ട് നൽകണേ എന്ന് കേണപേക്ഷിക്കുമ്പോൾ കിലുക്കാംപെട്ടി പോലെ ചിരിച്ചു കൊണ്ട് നോട്ടീസ് വാങ്ങി പോകുന്ന പെൺകുട്ടികൾ: കലാലയം രാഷ്ട്രീയ കളരി അല്ലെന്നും പഠന കേന്ദ്രമാണെന്നും ഉള്ള ഹൈക്കോടതി പരാമർശം ചർച്ചയാകുമ്പോൾ
കലാലയം വെറും രാഷ്ട്രീയ കളരി അല്ലെന്നും പഠന കേന്ദ്രമാണെന്നും ഉള്ള കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരാമർശം ഒരു വലിയ ചർച്ചക്കാണ് വഴി മരുന്നിട്ടിരിക്കുന്നത്. പൊന്നാനി എം. ഇ. എസ് കോളേജിൽ നടന്ന വിദ്യാർത്ഥി സമരത്തെക്കുറിച്ചു ഉള്ള മാനേജ്‌മെന്റിന്റെ പരാതിയിൽ കഴമ്പുണ്ടെന്നും, സമരം ചെയ്യേണ്ടവർ കലാലയത്തിനു പുറത്തു പോയി ചെയ്യട്ടെ; പഠന കേന്ദ്രങ്ങൾ കുട്ടികൾക്ക് പഠിക്കാനുള്ള സാഹചര്യമാണ് ഒരുക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ കോടതി പരാമർശം, കേരളത്തെ അരാഷ്രീയവൽക്കരിക്കാനുള്ള കടന്നുകയറ്റമാണെന്നു രാഷ്ട്രീയക്കാർ തുറന്നടിച്ചു. കുറെ വർഷങ്ങൾ പിന്നോട്ട് പോകുമ്പോൾ കലാലയ രാഷ്രീയ ദിനങ്ങളുടെ മാസ്മരിക ഭാവം ഇതൾ വിരിയുകയാണ്. എഴുപതുകളിലെ ശരാശരി മലയാളി കോളേജ് ജീവിതത്തിന്റെ അവിസ്മരണീയ മുഹൂർത്തങ്ങളാണ് കലാലയ രാഷ്രീയം. ബോയ്‌സ് ഹൈ സ്‌കൂളിലെ മുരടിച്ച ദിനങ്ങളിൽ നിന്നും ഒരു വലിയ വാതായനം ആണ് കോളേജ് തുറന്നിട്ടത് . പെങ്ങന്മാരേ, സഹോദരിമാരേ ഒരു വോട്ട് കെ. സ്. യൂ വിനു നൽകണേ എന്ന് കേണു അപേക്ഷിക്കുമ്പോൾ തല താഴ്‌ത്തി കിലുക്കാംപെട്ടി പോ
കലാലയം വെറും രാഷ്ട്രീയ കളരി അല്ലെന്നും പഠന കേന്ദ്രമാണെന്നും ഉള്ള കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരാമർശം ഒരു വലിയ ചർച്ചക്കാണ് വഴി മരുന്നിട്ടിരിക്കുന്നത്. പൊന്നാനി എം. ഇ. എസ് കോളേജിൽ നടന്ന വിദ്യാർത്ഥി സമരത്തെക്കുറിച്ചു ഉള്ള മാനേജ്‌മെന്റിന്റെ പരാതിയിൽ കഴമ്പുണ്ടെന്നും, സമരം ചെയ്യേണ്ടവർ കലാലയത്തിനു പുറത്തു പോയി ചെയ്യട്ടെ; പഠന കേന്ദ്രങ്ങൾ കുട്ടികൾക്ക് പഠിക്കാനുള്ള സാഹചര്യമാണ് ഒരുക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ കോടതി പരാമർശം, കേരളത്തെ അരാഷ്രീയവൽക്കരിക്കാനുള്ള കടന്നുകയറ്റമാണെന്നു രാഷ്ട്രീയക്കാർ തുറന്നടിച്ചു.
കുറെ വർഷങ്ങൾ പിന്നോട്ട് പോകുമ്പോൾ കലാലയ രാഷ്രീയ ദിനങ്ങളുടെ മാസ്മരിക ഭാവം ഇതൾ വിരിയുകയാണ്. എഴുപതുകളിലെ ശരാശരി മലയാളി കോളേജ് ജീവിതത്തിന്റെ അവിസ്മരണീയ മുഹൂർത്തങ്ങളാണ് കലാലയ രാഷ്രീയം. ബോയ്‌സ് ഹൈ സ്‌കൂളിലെ മുരടിച്ച ദിനങ്ങളിൽ നിന്നും ഒരു വലിയ വാതായനം ആണ് കോളേജ് തുറന്നിട്ടത് . പെങ്ങന്മാരേ, സഹോദരിമാരേ ഒരു വോട്ട് കെ. സ്. യൂ വിനു നൽകണേ എന്ന് കേണു അപേക്ഷിക്കുമ്പോൾ തല താഴ്‌ത്തി കിലുക്കാംപെട്ടി പോലെ ചിരിച്ചു കൊണ്ട് നോട്ടീസ് വാങ്ങി പോകുന്ന പെൺകുട്ടികൾ. അന്ന് പ്രീഡിഗ്രി കോളേജ് തലത്തിലായിരുന്നതുകൊണ്ടു കൗമാരത്തിന്റെ ആരബ്ധത, ബൊഗൈൻവില്ല പൂക്കൾപോലെ നിറഞ്ഞു നിന്ന കോളേജ് വഴികൾ. ആരാണ് സ്ഥാനാർത്ഥിയെന്നു വലിയ പിടിയില്ലെങ്കിലും ഏറ്റവും കൂടുതൽ നോട്ടീസ് വിതരണം നടത്തി എന്നതിൽ അഭിമാനിച്ചിരുന്നു. ഒരു മുഖം മാത്രം എങ്ങനെയെങ്കിലും ഒപ്പിച്ചെടുക്കുക എന്ന ക്ലേശകരമായ പരിശ്രമം ആയിരുന്നു അതിനു പിന്നിൽ. പാർട്ടിക്കൊടിയും പിടിച്ചു മുദ്രാവാക്യം മുഴക്കി കോളേജ് വരാന്തകളിൽ കൂട്ടമായി നടന്നു പോകുമ്പോഴും ശ്രദ്ധിക്കപ്പെടുവാനുള്ള ത്വര ജ്വലിച്ചു നിന്നിരുന്നു. പ്രത്യയ ശാസ്ത്രത്തിന്റെ പിൻബലം ഒന്നുമായിരുന്നില്ല പ്രീഡിഗ്രി രാഷ്ട്രീയം.
ആയിടക്ക് പാർട്ടി ഒരു സമരം പ്രഖ്യാപിച്ചു, സമരത്തിന്റ്റെ കാരണം എന്താണെന്നു മനസിലായുമില്ല തിരക്കിയതുമില്ല, പഠിപ്പുമുടക്ക്, വരാന്തകൾ തോറും മുദ്രാവാക്യം വിളിച്ചു നടന്നു കൂട്ടമണിയടിച്ചു കോളേജ് വിടുവിച്ചു. അങ്ങനെ സ്വയം ക്ലാസ് മുടക്കി പ്രതിഷേധം പ്രകടിപ്പിച്ചു ജാഥയായി വഴിയിലേക്ക്, അപ്പോഴാണ് റോഡ് തടയൽ ആണ് പാർട്ടി ആഹ്വാനം എന്ന് കേട്ടത്. തിരക്ക് പിടിച്ച എം . സി . റോഡിൽ തടസ്സങ്ങൾ കൊണ്ട് വയ്ക്കാൻ വലിയ ഉന്മേഷമായിരുന്നു. കെ .സ് .ർ .ടി. സി , ഫാസ്റ്റ് പാസ്സന്ജർ ബസ് ആയിരുന്നു മുന്നിൽ കിടന്നത്. കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു തിളപ്പൻ നേതാവ് വണ്ടിയുടെ മുന്നിൽ ആഞ്ഞു അടിച്ചു ഡ്രൈവറോട് വണ്ടി മാറ്റി പാർക്ക് ചെയ്യാൻ ആഞ്ജാപിക്കുകയാണ്. അയാൾ കാട്ടികൂട്ടുന്ന വീര്യം അഭിമാനത്തോടെ നോക്കി നിന്നു . ചെറിയ ആ മനുഷ്യൻ എത്ര വാഹനങ്ങളാണ് തടഞ്ഞു നിറുത്തിയത്. സന്തോഷത്തോടെ റോഡിന്റ്റെ കുറുകെ നിന്ന് മുദ്രാവാക്യം വിളിച്ചപ്പോൾ ഒരിക്കൽ പോലും ചോദിച്ചില്ല എന്തിനാണ് ഈ സമരമെന്ന്. ബസിൽ ഉണ്ടായിരുന്ന ആരോ ഒരാൾ എന്തിനാ കുട്ടികളെ ഈ തടയൽ, വളരെ അത്യാവശ്യത്തിനു പോകേണ്ടതാണ് എന്ന് പറഞ്ഞപ്പോൾ അയാളെ കൊല്ലാകൊല ചെയ്തതും നോക്കി കണ്ടു. നാളത്തെ നേതൃത്വ പരിശീലനത്തിന് ഇത് കൂടിയേ മതിയാകുകയുള്ളൂ എന്ന തിരിച്ചറിവാണ് ഉണ്ടായി കൊണ്ടിരുന്നത്. ഒരു ഉത്സവം പോലെ ആഘോഷിച്ചുനിന്ന പ്രീഡിഗ്രി സമരക്കാർ ഒന്നും അറിയാതെ സമരം തുടർന്നു. പെട്ടന്ന് കുറെ നാട്ടുകാർ ബലമായി സമരക്കാരെ തള്ളിമാറ്റി ആക്രോശിച്ചു, മാറിക്കോ, വണ്ടി പോകട്ടെ, റോഡ് തടയൽ സമരം പൊളിഞ്ഞു. പിന്നെയാണ് അറിയുന്നത് ഇത്തരം കനത്ത ഇടപെടൽ ഉണ്ടാകും എന്ന് അറിഞ്ഞു മൂത്ത നേതാക്കൾ നേരത്തെ സ്ഥലം കാലിയാക്കിയിരുന്നു.
കെ. എസ്. ആർ. ടി. സി ഒരു ബുക്കിങ് സ്റ്റേഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു വീണ്ടും ഒരു സമരം. കോളേജ് അടപ്പിച്ചു ജാഥയായി ജംഗ്ഷനിലേക്ക് പോയി അവിടെ എരിപൊരി വെയിലിൽ കുത്തി ഇരുന്നു മുദ്രാവാക്യം വിളിച്ചു , നേതാക്കൾ ഘോര ഘോര പ്രസംഗം, പൊലീസ് വരുന്നു വണ്ടിയിൽ അറസ്റ്റ് ചെയ്തു സ്റ്റേഷനിലേക്ക് പോകയാണ്. അതിലും കിടന്നു തൊണ്ട തുറന്നു മുദ്രാവാക്യം വിളിക്കയാണ്. സ്റ്റേഷനിൽ ചെന്നപ്പോൾ അറസ്റ്റ് ചെയ്തു കൊണ്ടുവന്ന സമരക്കാരുടെ പേരുവിവരം എഴുതി എടുത്തു എവിടുന്നോ ഒരു നാരങ്ങാവെള്ളം കിട്ടി, കുട്ടികളെ ഇനി പൊയ്‌ക്കൊള്ളൂ, പൊലീസ് പറഞ്ഞു. പിന്നീടാണ് അറിയുന്നത്, ബുക്കിങ് സ്റ്റേഷൻ അനുവദിച്ച വിവരം നേരത്തേതന്നെ അറിഞ്ഞുകൊണ്ടാണ്, സമരം നടത്താൻ നേതാവ് ആഹ്വാനം ചെയ്തത്, പൊലീസ്‌കാരുമായുള്ള ഇടപെടലൊക്കെ പുള്ളി കൃത്യമായി അറേഞ്ച് ചെയ്തിരുന്നു. പിറ്റേദിവസത്തെ പത്ര വാർത്തയിൽ പാർട്ടി നടത്തിയ സമരം വിജയം കണ്ടു എന്നും പ്രസംഗിച്ച നേതാവിന്റെ പേരും അടിച്ചു വന്നു.
വീണ്ടും കോളേജിൽ ഒരു കനത്ത സമരം, എന്താണ് കാരണമെന്നു ഇപ്പോഴും ഓർക്കാൻ പറ്റുന്നില്ല. പക്ഷെ അത് കുറച്ചു കടന്ന കൈ ആയി മാറി. രണ്ടു രാഷ്രീയപാര്ടികള് തമ്മിൽ കൂട്ട തല്ല്, സൈക്കിൽ ചെയിനും മുട്ടൻ കമ്പുകളുമായി തേരാപ്പാരാ ഓടുന്ന രംഗം. സംഗതി പണി മാറുകയാണെന്ന് കണ്ടു പ്രീഡിഗ്രി സംഘം ദൂരെ മാറിനിൽക്കയാണ്. എന്താണ് സംഭവിക്കുന്നത് എന്ന് തീരെ പിടിയില്ല. കുപ്പിയും ഗ്ലാസും പൊട്ടുന്നതും ആക്രോശവും ഓട്ടവും ഒക്കെ കേൾക്കാം. പെൺകുട്ടികൾ ഒക്കെ ക്ലാസ്സിൽ നിന്നും ഓടി പോകയാണ്. പിന്നെ കാണുന്നത് പ്രിൻസിപ്പാലിന്റെ മുറിയിൽ നടക്കുന്ന കിരാതമായ കൂട്ടതല്ലാണ്. ദൂരെ നിന്ന് എല്ലാവരും നോക്കുന്നു , നാട്ടുകാർ കൂട്ടമായി കോളേജ് അതിർത്തിയിൽ നോക്കി നിൽക്കുകയാണ് . കൂടുതലും കുട്ടികൾ പിരിഞ്ഞുപോയി തുടങ്ങി, അപ്പോൾ പൊലീസ് എത്തി പത്രക്കാരും വന്നു, രക്തത്തിൽ കുതിർന്ന ഒരു കുട്ടിയുടെ ശരീരം കുറേപ്പേർ ചേർന്ന് എടുത്തുകൊണ്ടു പോകുന്നതാണ് പിന്നെ കണ്ടത്, സംഭവംകണ്ടു ഭയന്ന് വീട്ടിൽ പോയി. പിറ്റേ ദിവസം വിദ്യാർത്ഥി സംഘട്ടനത്തെ തുടർന്ന് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു എന്നാണ് അറിഞ്ഞത് . പുറത്തേക്കു പോകാനും ഭയം. ഒരാഴ്ചക്കകം സംഗതി ഗൗരവമായി മാറി, കുട്ടി മരിച്ചു, കോളേജ് മാസങ്ങളോളം അടഞ്ഞു കിടന്നു. ഇരുഭാഗത്തേയും അക്രമത്തിനു ഇടയാക്കിയ നേതാക്കളെ കോളജിൽ നിന്നും പുറത്താക്കി.
അടിയന്തരാവസ്ഥ കാലത്തെ കലാലയ രാഷ്രീയയം ശാന്തമായിരുന്നു. പാർട്ടിതല തിരഞ്ഞെടുപ്പുകൾക്ക് പകരം ക്ലാസ് പ്രതിനിധികളെ തിരഞ്ഞെടുത്തു, അവർ കോളേജ് സ്റ്റുഡന്റ് ഭരണ സമിതിയെ തിരഞ്ഞെടുത്തു. ഒക്കെ ശാന്തം. രാഷ്ട്രീയ കോലാഹലങ്ങൾ ഒന്നും ഉണ്ടായില്ല, സമരം ചെയ്യാനാരും ധൈര്യപ്പെട്ടും ഇല്ല. അടിയന്തരാവസ്ഥ പിൻവലിച്ചതോടുകൂടി ഉറങ്ങിക്കിടന്ന കലാലയ രാഷ്ട്രീയം സടകുടഞ്ഞെഴുനേറ്റു. അപ്പോഴേക്കും പ്രീഡിഗ്രി സംഘം മുതിർന്ന നേതാക്കളായി മാറി. പഴയകാല സമരത്തിന്റെ പ്രതാപം തിരിച്ചുവന്നു.
വീണ്ടും ഒരു സമര രംഗം, ഇടതുപക്ഷം ആഹ്വാനം ചെയ്ത സമരം ആയതുകൊണ്ട്, ക്ലാസ്സിൽ സ്ഥിരമായി കേറാത്ത വലതുപക്ഷ നേതാക്കളും ക്ലാസ്സിൽ കയറി ഇരിപ്പുണ്ട്. അദ്ധ്യാപകനെ തള്ളിമാറ്റി സമര സംഘം ആവേശകരമായി ക്ലാസ് മുറിയിലേക്ക് പ്രവേശിച്ചു. ഒരു ചെറിയ വിപ്ലവകാരി സമര കാരണം വിശദീകരിച്ചു , എല്ലാവരും ക്ലാസ്സിൽ നിന്നും പുറത്തിറങ്ങണം എന്ന് ആവശ്യപ്പെട്ടു. അയാൾ ഞങ്ങളുടെ ക്ലാസ്സിൽ തന്നെയുള്ള ഒരു വിപ്ലവ സഖാവ് ആയിരുന്നു. ഉടൻ പുറകിലിരുന്ന ഖദർ നേതാക്കൾ എഴുനേറ്റു, ക്ലാസ് വിട്ടുപോയില്ലേൽ നീ എന്ത് ചെയ്യുമെടാ എന്ന് തർക്കിച്ചു തുടങ്ങി. അപ്രതീക്ഷിത പ്രതിരോധത്തിൽ ഒന്ന് നടുങ്ങിയ വിപ്ലവ നേതാവിന്റ്റെ വീര്യം തിളച്ചു . പിന്നെ സംസാരത്തിന്റെ ഭാഷ മാറി, ശംബ്ദം ഉയർന്നു. രണ്ടു കൂട്ടരും ക്ലാസ്സിൽ ഒരു സംഘട്ടനത്തിനുള്ള പുറപ്പാടിലായി. മുൻ നിരയിൽ ഇരുന്ന ലേഖകൻ, ഭയപ്പാടോടെ, എങ്ങോട്ടു ഇറങ്ങി ഓടണം എന്ന് ശങ്കിച്ച് നിൽക്കുകയായിരുന്നു. എവിടുന്നോ വന്ന ഒരു ധൈര്യം, പെട്ടന്ന് എഴുനേറ്റു , വളരെ ഉച്ചത്തിൽ, 'ഇത് നമ്മുടെ സ്വന്തം ക്ലാസ്, ഇവിടെ നമ്മൾ തമ്മിൽ തല്ലരുത്' എന്ന് പറഞ്ഞു രണ്ടു കൂട്ടരെയും രണ്ടു സൈഡിലേക്ക് പറഞ്ഞു വിട്ടു. ദൈവാധീനത്തിനു ഇരു കൂട്ടരും അത് അനുസരിച്ചു രണ്ടു വഴിക്കു പിരിഞ്ഞു.
കോളേജ് പഠന കാലത്തിനു ശേഷം,വർഷങ്ങൾ കഴിഞ്ഞു, അന്ന് അവിടെ ഉണ്ടായിരുന്ന ഖദർ സുഹൃത്തിനെ കണ്ടുമുട്ടി, പഴയ ചില കാര്യങ്ങൾ അയവിറക്കിയ കൂട്ടത്തിൽ അയാൾ പറഞ്ഞു, 'അന്ന് നിങ്ങൾ അവനെ പിടിച്ചു മാറ്റിയില്ലായിരുന്നെങ്കിൽ അവനെ ഞങ്ങൾ അവിടെയിട്ടു തീർത്തേനെ, അതായിരുന്നു ഞങ്ങളുടെ പ്ലാൻ. നിങ്ങൾ അങ്ങനെ ഇടപെടും എന്ന് ഞങ്ങൾ പ്രതീക്ഷിച്ചില്ലായിരുന്നു'. ആ സുഹൃത്തിന്റെ സ്വഭാവം അറിയാവുന്നതു കൊണ്ട് നടുങ്ങി പോയി. എന്താണ് അവിടെ സംഭവിക്കാമായിരുന്നത്?! , കുറെ ദിവസങ്ങൾ എന്റെ ഉറക്കം കെടുത്തിയ വിചാരങ്ങൾ ആയി അവ മാറി. നാട്ടിൽ നിന്ന് പോരുന്നതിനു മുൻപ് ചില്ലറ ബാങ്ക് ഇടപാടുകൾക്കായി അടുത്ത ബാങ്കിൽ ചെന്നു. ബാങ്ക് ക്ലർക്ക് മുഖമുയർത്തി നോക്കി, വളെരെ കണ്ടു പരിചയമുള്ള കണ്ണുകൾ, വിശ്വസിക്കാനായില്ല , അത് അവൻ തന്നെ അന്നത്തെ വിപ്ലവ സഖാവ് ! ആ കണ്ണുകളിൽ കുറെ നേരം നോക്കി നിന്നു, രക്തം തളംകെട്ടിനിൽക്കുന്ന ചില ചിത്രങ്ങൾ വളരെ വേഗം മനസ്സിൽകൂടി കടന്നു പോയി. കോരസനു എന്നെ മനസ്സിലായില്ലേ?, ഞാൻ സുരു , നമ്മൾ ഒരു ക്ലാസ്സിൽ ആയിരുന്നില്ലേ , മറന്നുപോയോ? ഇല്ല സുഹൃത്തേ അങ്ങനെ മറക്കാൻ ഒക്കുമോ ? തിരികെ ബാങ്കിൽ നിന്നും ഇറങ്ങി പുറത്തു നിന്ന മരത്തിൽ പിടിച്ചുകൊണ്ടു ആകാശത്തേക്ക് നോക്കി നിന്നു ; അത് അവൻ തന്നെയോ അതോ അവന്റെ പ്രേതമോ?
കോളേജ് കാലത്തെ ഹരമായിരുന്നു സമരങ്ങൾ. പഠനം രണ്ടാമതും സമരം ഒന്നാമതുമായ ഒരു കാലം. വല്ല റെയിൽവേ ടെസ്റ്റ്, ബാങ്ക് ടെസ്റ്റ് ഒക്കെയാണ് ഭാവിയെപ്പറ്റി ചിന്തിക്കാനുള്ള ആകെ സാദ്ധ്യതകൾ, അല്ലെങ്കിൽ എങ്ങനെയെങ്കിലും ഗൾഫിൽ പോയി പറ്റുക. ഭാവിയെക്കുറിച്ചു ആശങ്ക ഉണ്ടായിരുന്നതിനാൽ രാത്രി കൂടുതലും പഠന പരിപാടികളായിരുന്നു. ട്യൂഷൻ സെന്ററിലെ നൈനാൻ സാറിന്റെ വീട്ടിൽ രാത്രി പത്തുമണിക്ക്, കോസ്റ്റ് അക്കൗണ്ടിങ് പഠിക്കാൻ പോയ എത്ര എത്ര രാത്രികൾ! . എങ്ങനെയെകിലും പരീക്ഷക്ക് കടന്നു കൂടിയേ പറ്റുള്ളൂ, അതിനാൽ പകൽ സമരവും രാത്രി പഠനവുമായി ഒരു കാലം. ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന സാറുമ്മാരുടെ ഇംഗ്ലീഷ് ആണ് ആകെ ഇംഗ്ലീഷിന്റെ സംഭാഷണ രൂപമായ മാതൃക, അത് ഇംഗ്ലീഷ് ആണോ മംഗ്ലീഷ് ആണോ എന്നറിയില്ല, ആ ഉച്ചാരണവും സംഭാഷണവുമാണ് ആകെ കൈമുതൽ, അത് ധൈര്യമായി പുറത്തു പറയാൻ പോലും കഴിയാത്ത പരിശീലനം. മൂന്നുവർഷ കോമേഴ്‌സ് ഗ്രാഡുവേറ്റിനു ഒരു ലെഡ്ജർ എങ്ങനെ ഇരിക്കുന്നു എന്ന് പോലും നേരിട്ട് കാണാൻ കഴിയാത്ത പരിശീലനം. ഒക്കെ സങ്കൽപ്പിക്കുക, പരിമിതമായ സാദ്ധ്യതകൾ ഉൾക്കൊണ്ടുകൊണ്ട് സ്വപ്നം വികസിപ്പിക്കുക. അത് ശരിക്കും മനസ്സിലായത് ഒരു കോളേജ് ട്രിപ്പിൽ ആയിരുന്നു. കുറ്റാലത്തുവച്ചു അവിടെ മദ്രാസിൽ നിന്നും വന്ന കുട്ടികൾ ഇംഗ്ലീഷിൽ ചിലതു ചോദിച്ചപ്പോൾ ഞങ്ങളുടെ ക്ലാസ്സിൽ ഇംഗ്ലീഷിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന ഉണ്ണി പറയുന്ന മറുപടി കേട്ടപ്പോൾ ചിരി അടക്കാൻ കഴിഞ്ഞില്ല. തമിഴരുടെ ഇംഗ്ലീഷിന് മുൻപിൽ നാണംകെട്ടുപോയ ആ സായാഹ്നം കുറെ നാൾ ചിരിക്കാനുള്ള വക നൽകി. എങ്കിലും, മനസ്സിൽ നടുക്കം ഉണ്ടായി. ഈ ഇംഗ്ലീഷും അക്കൗണ്ടിങ്ങും കൊണ്ട് എങ്ങനെ ജീവിക്കും ? ഏതായാലും ഏതു സാഹചര്യത്തിനും അനുരൂപപ്പെടാനുള്ള മലയാളിയുടെ സ്വത സിദ്ധമായ രീതികൊണ്ട് തട്ടി മുട്ടി, ലോകത്തിന്റെ പല ഭാഗത്തായും ജീവിതം കരുപ്പിടിപ്പിച്ചു.
ഇന്ന് മലയാളി മത്സരിക്കുന്നത് ലോക തൊഴിലാളികളോടാണ്. ലോക കമ്പോളത്തിൽ തൊഴിൽ തേടണമെങ്കിൽ അതിനു ഉതകുന്ന പരിശീലനവും ആവശ്യമാണ്. സമരം കളിച്ചു സമയം കളയാൻ പറ്റില്ല. അദ്ധ്യാപകർക്ക് യു. ജി. സി. നിരക്കിൽ വൻ വേതനം കൊടുക്കുന്നുണ്ട്. പക്ഷെ, കേരളത്തിൽ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികളുടെ പരിതാപകരമായ തൊഴിൽ നൈതികത, കുട്ടികളോട് കാട്ടുന്ന കഠിന അപരാധമാണ്. പ്രാപ്തി, വൈദഗ്ദ്ധ്യം ഒക്കെ അന്തർദേശീയ നിലവാരത്തിൽ എത്തിയില്ലെങ്കിൽ തൊഴിൽ മേഖലയിൽ പിടിച്ചു നിൽക്കാനാവില്ല. പൂർണ്ണ വൈദഗ്ദ്ധ്യമില്ലാത്ത, പരിശീലന നിലവാരം കുറഞ്ഞ ഒരു കൂട്ടം പേരെ തൊഴിൽ തേടാൻ തള്ളിവിടുന്നത് ശരിയല്ല. ഇന്ന് സമരവും പഠനവും പറ്റില്ല, നമുക്ക് നല്ല പഠന കേന്ദ്രങ്ങൾ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു. നേഴ്‌സിങ്, എം ബി എ , തുടങ്ങി ഡോക്ടറേറ്റ് വരെ ആറു മാസം കൊണ്ട് ഒപ്പിച്ചു കൊടുക്കുന്ന ബാംഗ്ലൂർ- ബോംബെ തരികിട യൂണിവേഴ്‌സിറ്റികൾ ഇന്ന് കുട്ടികൾക്ക് വല്ലാത്ത പ്രലോഭനമാണ്. ഇത് നിയന്ത്രിച്ചില്ലെങ്കിൽ ലോക തൊഴിൽ മേഖലയിൽ കേരളത്തിൽ നിന്നുള്ള കുട്ടികൾ അപ്പാടെ തിരസ്‌കരിക്കപ്പെടും.
സമരം ചെയ്യേണ്ടവർ അതിനുള്ള മറ്റു ഇടങ്ങളാണ് കണ്ടു പിടിക്കേണ്ടത്. രാഷ്ട്രീയ പാർട്ടികൾക്ക് നേതാക്കളെ വേണമെങ്കിൽ അവർ അതിനു വേറെ പരിശീലന കേന്ദ്രങ്ങൾ തുടങ്ങട്ടെ. ജനാധിപത്യ യൂണിവേഴ്‌സിറ്റി, കമ്മ്യൂണിസ്റ്റ് യൂണിവേഴ്‌സിറ്റി, കർഷക യൂണിവേഴ്‌സിറ്റി , താമര യൂണിവേഴ്‌സിറ്റി , പച്ചവിരിക്കും യൂണിവേഴ്‌സിറ്റി, മഞ്ഞ വിരിക്കും യൂണിവേഴ്‌സിറ്റി തുടങ്ങി ഓരോ രാഷ്ട്രീയ പാർട്ടിയുടെയും നിലപാടുകൾ പഠിപ്പിക്കുന്ന യൂണിവേഴ്‌സിറ്റികൾ ആരംഭിക്കട്ടെ.
ഒരു സമൂഹത്തിന്റെ ഭാവി ഇരുളിലാക്കിയിട്ടു എന്ത് രാഷ്ട്രീയം? രാഷ്ട്രീയത്തിന്റെ അതിപ്രസരം കലാലയങ്ങളെ കലാപ കേന്ദ്രങ്ങൾ ആക്കി മാറ്റുന്നു, ഇനിയും നമുക്ക് അത് വേണ്ട, നമ്മുടെകുട്ടികൾ പഠിക്കട്ടെ, ലോക നിലവാരമുള്ള അദ്ധ്യാപകരെ ഉൾപ്പെടുത്തി നമ്മുടെ സർവ്വകലാശാലകൾ മികവ് തെളിയിക്കട്ടെ . കാലത്തിന്റെ കാറ്റുകൾ പിടിച്ചെടുക്കുന്ന, വേറിട്ട് ചിന്തിക്കുന്ന കാഴ്ചപ്പാടുകൾ ഉള്ള, രാഷ്ട്രീയ ഇടപെടലുകൾ ഇല്ലാത്ത ഒരു നേതൃത്വം കേരള വിദ്യാഭ്യാസ രംഗത്ത് ഉണ്ടാവണം. നിലവാരം ഉയർത്തണമെങ്കിൽ വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവത്കരണം അവസാനിപ്പിച്ചേ മതിയാകയുള്ളൂ.