കൊച്ചി: അടുത്തകാലത്തായി വിഴിഞ്ഞം തുറമുഖ പദ്ധതിയെ കുറിച്ച് മാദ്ധ്യമങ്ങളിൽ എങ്ങനെയാണോ വാർത്തകൾ വന്നത് അതുപോലെ തന്നെയായിരുന്നു മുൻകാലങ്ങളിൽ കൊച്ചിയിലെ വല്ലാർപാടം തുറമുഖത്തെ കുറിച്ചുള്ള വാർത്തകളും മറ്റും. കേരളത്തിന്റെ വ്യവസായ ഭൂപടം തന്നെ മാറ്റിമറിക്കുന്നതാണ് ഈ തുറമുഖ പദ്ധതിയെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, ഏറെ കൊട്ടിദ്‌ഘോഷിക്കപ്പെട്ട വല്ലാർപ്പാടം പദ്ധതി ഇപ്പോൾ ആർക്കും വേണ്ടാത്ത അവസ്ഥയിലാണ്. നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് വീഴുന്ന ഈ പദ്ധതിയുടെ അവസ്ഥ കണ്ടിട്ടു വേണം വിഴിഞ്ഞത്തെ കുറിച്ച് സർക്കാർ കൂടുതൽ വാചാലരാകാൻ.

കഴിഞ്ഞ യുപിഎ സർക്കാറിന്റെ കാലത്ത് നടപ്പിലാക്കിയ പദ്ധതി എന്ന നിലയിൽ വല്ലാർപാടം ടെർമിനലിനെ ഇപ്പോഴത്തെ കേന്ദ്ര സർക്കാറും കൈവിടുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. വല്ലാർപാടത്തിന്റെ ആസൂത്രണത്തിൽ പാളിച്ചയുണ്ടായെന്ന കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിൻ ഗഡ്കരിയുടെ വെളിപ്പെടുത്തൽ ഇതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്.

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കെ, വല്ലാർപാടത്തെക്കുറിച്ചുള്ള ഈ വെളിപ്പെടുത്തലുകൾക്ക് രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. വല്ലാർപാടം പദ്ധതി പ്രതീക്ഷിച്ച നേട്ടം കൈവരിക്കാത്തതിനാൽ, കൊച്ചി തുറമുഖം കടുത്ത പ്രതിസന്ധിയിലാണ്. കഴിഞ്ഞ വർഷം വല്ലാർപാടത്ത് അഞ്ച് ശതമാനം വളർച്ചയുണ്ടായെന്നാണ് കണക്ക്. എന്നാൽ, പദ്ധതി ലക്ഷ്യത്തിന്റെ ഏഴയലത്തുപോലും എത്തുന്നില്ല. കഴിഞ്ഞ വർഷം 3,60,000 കണ്ടെയ്‌നറുകളാണ് വല്ലാർപാടത്ത് കൈകാര്യം ചെയ്തത്. ലക്ഷ്യമിട്ട പ്രോജക്ട് അനുസരിച്ച് എട്ട് ലക്ഷം കണ്ടെയ്‌നറുകളെങ്കിലും കൈകാര്യം ചെയ്യേണ്ടതാണ്. എന്നാൽ, കേന്ദ്രസർക്കാർ തന്നെയാണ് തുറമുഖത്തെ ഊർജ്ജിതമാക്കാൻ നടപടി സ്വീകരിക്കേണ്ടത്. എന്നാൽ, അതിന് ഇവരുടെ ഭാഗത്തു നിന്നും യാതൊരു നീക്കവും ഉണ്ടാകുന്നില്ലെന്നാണ് അറിയുന്നത്.

വല്ലാർപാടം ടെർമിനലിന്റെ കരാറിലും കണക്കുകൂട്ടലുകളിലുമൊക്കെ പിഴവുണ്ടെന്നത് യാഥാർത്ഥ്യമാണ്. ഇത്രയധികം കണ്ടെയ്‌നറുകൾ എങ്ങനെയാണ് വല്ലാർപാടത്തേക്ക് വരുന്നതെന്ന് ആരും വിശദീകരിച്ചിട്ടില്ല. അതെക്കുറിച്ച് ശരിയായ പഠനവും നടന്നിരുന്നില്ല. കോടികൾ െചലവഴിച്ച് ഒരു റെയിൽവേ ലൈൻ വല്ലാർപാടത്തേക്ക് നിർമ്മിച്ചിട്ടുണ്ട്. ആഴ്ചയിലൊരിക്കൽപ്പോലും ഒരു തീവണ്ടി ഇതുവഴി വരുന്നില്ലെന്നതാണ് മറ്റൊരു കാര്യം. തിരുപ്പൂരിൽ നിന്നും മറ്റുമുള്ള ഉൽപ്പന്നങ്ങൾ കൊച്ചി വഴി എക്‌സ് പോർട്ട് ചെയ്യാനും ആരും തയ്യാറാകുന്നില്ല.

കായലിന്റെ ആഴം 14.5 മീറ്ററായി വർധിപ്പിച്ചു. 'മദർ ഷിപ്പ്' വിഭാഗത്തിൽപ്പെടുന്ന ഒരു കപ്പൽപോലും വരുന്നില്ല. എന്തെങ്കിലും പ്രയോജനമുണ്ടായത് പുതിയ റോഡ് കൊണ്ടാണ്. വല്ലാർപാടം പദ്ധതി വന്നപ്പോൾ, കൊച്ചി തുറമുഖത്തെ പഴയ 'രാജീവ്ഗാന്ധി ടെർമിനൽ' അടച്ചുപൂട്ടി. നൂറുകണക്കിനാളുകൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. ഭൂമി വിറ്റും കെട്ടുതാലി വിറ്റും കണ്ടെയ്‌നർ തൊഴിലാളികൾ പലരും ലോറി ഉടമകളായി. പണിയില്ലാതെ ലോറികൾ കൂട്ടിയിട്ടിരിക്കുകയാണിപ്പോൾ.

നിരക്ക് കൂടുന്നതിനാൽ, വിദേശ തുറമുഖങ്ങളുമായി മത്സരിക്കാനാവുന്നില്ല എന്നതാണ് വല്ലാർപാടം നേരിടുന്ന പ്രധാന പ്രശ്‌നം. ഡ്രഡ്ജിങ് ചെലവാണ് മറ്റൊരു പ്രശ്‌നം. ഈ ചെലവ് കൂടി കണക്കാക്കിയാണ് നിരക്കുകൾ നിശ്ചയിക്കുന്നത്. 70 കോടിയോളം രൂപ വല്ലാർപാടത്തിന്റെ ഡ്രഡ്ജിങ് ചെലവുകൾക്ക് വേണ്ടി കൂടുതലായി ചെലവാക്കേണ്ടിവരുന്നു. ഇപ്പോൾ പ്രകൃതിവാതക പദ്ധതി (എൽഎൻജി ടെർമിനൽ) യെക്കുറിച്ചാണ് പറയുന്നത്. ഇത് മറ്റൊരു പദ്ധതിയാണ്. പ്രകൃതിവാതകം നിറച്ചുവയ്ക്കാൻ പുതുവൈപ്പിനിൽ കൂറ്റൻ ടാങ്കുകൾ നിർമ്മിച്ചു. കൊച്ചിയിൽ പ്രകൃതിവാതകം ശേഖരിച്ച് കേരളത്തിനും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും വിതരണം ചെയ്യുന്ന പദ്ധതി. ടാങ്കുകൾ നിർമ്മിച്ച് കഴിഞ്ഞപ്പോഴാണ്, വാതകം കൊണ്ടുപോകാൻ പൈപ്പുകൾ സ്ഥാപിക്കുന്നത് പ്രശ്‌നമായത്.

ഇപ്പോൾ വിഴിഞ്ഞത്തെ കുറിച്ച് ഘോരഘോരം വാദിക്കുന്നവർക്കും പാഠമാകേണ്ടത് വല്ലാർപ്പാടം തുറമുഖപദ്ധതിയുടെ അനുഭവമാണ്. കൃത്യമായ ഗൃഹപാഠം നടത്താതെ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയ പദ്ധതിയാണ് ഇപ്പോൾ നാശത്തിലേക്ക് കൂപ്പുകുത്തുന്നത്.