- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിംലീഗിന്റെ വോട്ടുബാങ്കിൽ വിള്ളലുണ്ടാകുമെന്ന് ഭയം; രണ്ടായിരം കോടി വകയിരുത്തിയ വല്ലാർപാടം-കോഴിക്കോട് തീരദേശ ഇടനാഴി വെറും 5 കിലോമീറ്ററിൽ ഒതുക്കി
മലപ്പുറം: യു.ഡി.എഫ് സർക്കാർ അധികാരത്തിലേറുമ്പോൾ നൽകിയ വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു വല്ലാർപാടം-കോഴിക്കോട് തീരദേശ ഇടനാഴി. പദ്ധതിക്കായി 2000 കോടി രൂപ വകയിരുത്തിയാണ് രണ്ടര വർഷം മുമ്പ് പണി തുടങ്ങിയിരുന്നത്. എന്നാൽ രാഷ്ട്രീയ താൽപര്യം മുൻനിറുത്തി നിർമ്മാണ പ്രവൃത്തി അഞ്ചുകിലോമീറ്ററിൽ മാത്രം ഒതുക്കിയിരിക്കുകയാണ്. വലിയ തോതി
മലപ്പുറം: യു.ഡി.എഫ് സർക്കാർ അധികാരത്തിലേറുമ്പോൾ നൽകിയ വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു വല്ലാർപാടം-കോഴിക്കോട് തീരദേശ ഇടനാഴി. പദ്ധതിക്കായി 2000 കോടി രൂപ വകയിരുത്തിയാണ് രണ്ടര വർഷം മുമ്പ് പണി തുടങ്ങിയിരുന്നത്. എന്നാൽ രാഷ്ട്രീയ താൽപര്യം മുൻനിറുത്തി നിർമ്മാണ പ്രവൃത്തി അഞ്ചുകിലോമീറ്ററിൽ മാത്രം ഒതുക്കിയിരിക്കുകയാണ്. വലിയ തോതിൽ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന കൊച്ചി, കോഴിക്കോട് നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള തീരദേശ ഹൈവേയുടെ തുടർ നിർമ്മാണത്തിന് വിലങ്ങുതടിയാകുന്നത് മുസ്ലിംലീഗിന്റെ വോട്ടുബാങ്കിൽ വിള്ളൽ ഉണ്ടാക്കുമെന്ന ഭീതിയാണ്.
സർക്കാർ ഭൂമി ലഭ്യമായ മലപ്പുറം ജില്ലയിലെ അഞ്ച് കിലോമീറ്റർ ദൂരപരിധിയിലായിരുന്നു പാതയുടെ ആദ്യ നിർമ്മാണപ്രവൃത്തി നടത്തിയത്. തുടർന്നുള്ള ഘട്ടങ്ങളിൽ കോഴിക്കോട് വരെയും ശേഷം വല്ലാർപാടം വരെയും ബന്ധിപ്പിക്കുമെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാൽ ഇനി തുടർനിർമ്മാണം നടത്തേണ്ട പ്രദേശങ്ങൾ ലീഗിന് സ്വാധീനമുള്ള മണ്ഡലങ്ങളായതോടെ പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പാത ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ ലീഗിന് തിരിച്ചടി സംഭവിക്കേണ്ടി വന്നതാണ് തീരദേശപാതയുടെ നിർമ്മാണത്തിൽ നിന്നും പിൻതിരിയാൻ ലീഗിനെ പ്രേരിപ്പിച്ചത്. പാതയുടെ പ്രവൃത്തിയുമായി മുന്നോട്ടു പോയാൽ ഭൂമി ഏറ്റെടുക്കൽ നടപടിയിൽ ജനങ്ങളിൽ നിന്നും എതിർപ്പ് നേരിടേണ്ടി വരും. ഇതു വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ലീഗിന് ഏറെ ദോഷമായി ബാധിക്കുമെന്നാണ് കണക്കുകൂട്ടൽ
തവനൂർ, താനൂർ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന അഞ്ച് കിലോമീറ്റർ പരിധിയിൽ നിർമ്മാണം പൂർത്തിയാക്കിയാണ് മാസങ്ങൾക്ക് മുമ്പ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മൺചാണ്ടി നിർവഹിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുകയായിരുന്നു. തെരഞ്ഞെടുപ്പിൽ പ്രധാന വികസനമായി നേതാക്കൾ ഇതിനെ എടുത്തുപറയുകയും ചെയ്തു. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ധൃതി പിടിച്ച് പൂർത്തിയാക്കിയ പദ്ധതിയുടെ ഭാവി ഇപ്പോൾ തുലാസിലായിരിക്കുകയാണ്. ഇനി നിർമ്മാണം നടത്തേണ്ടത് ലീഗ് നേതാവ് അബ്ദുറഹിമാൻ രണ്ടത്താണി എംഎൽഎയുടെ താനൂർ മണ്ഡലത്തിലും വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന്റെ തിരൂരങ്ങാടി മണ്ഡലത്തിലുമാണ്. മണ്ഡലം രൂപീകരിച്ചതു മുതൽ മുസ്ലിം ലീഗ് പ്രതിനിധി ജയിച്ചു കയറുന്ന മണ്ഡലമാണ് താനൂർ. ഇതുകൊണ്ടുതന്നെ ഭൂമി ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ടുപോയാൽ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകും. പതിറ്റാണ്ടുകളായി ലീഗ് നിലനിർത്തിപ്പോരുന്ന ഈ മണ്ഡലങ്ങളിൽ കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലെ വോട്ടുനില ഗണ്യമായി കുറയുന്നത് പാർട്ടിയെ അസ്വസ്ഥരാക്കുന്നുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തതോടെ ഭൂമി ഏറ്റെടുക്കുന്നതിനെതിരേ പ്രാദേശിക നേതാക്കളിൽ നിന്നുള്ള സമ്മർദവുമുണ്ട്. ഇതോടെ പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ച് അധികൃതർ ഒളിച്ചോടുകയായിരുന്നു. 140 കിലോമീറ്റർ ദൈർഘ്യം കണക്കാക്കുന്ന തീരദേശ പാത കടന്നു പോകുന്ന പ്രദേശങ്ങളിൽ ഇനി നിർമ്മാണ പ്രവൃത്തി നടക്കില്ലെന്ന അവസ്ഥയാണിപ്പോൾ. മലപ്പുറം ജില്ലയിലെ കൂട്ടായി ആശാൻപടി മുതൽ പറവണ്ണ വരെയുള്ള അഞ്ച് കിലോമീറ്റർ റോഡാണ് 20 മീറ്റർ വീതിയിൽ നവീകരിച്ച് ആദ്യഘട്ടത്തിൽ പ്രവർത്തനയോഗ്യമാക്കിയിരുന്നത്. എന്നാൽ പാത കൊണ്ടുപോകുന്ന സ്ഥലം സംബന്ധിച്ച് പരാതികൾ ഉയർന്നതോടെ അന്ന് പദ്ധതി നിലക്കുകയായിരുന്നു.
അതേസമയം പാതയുടെ തുടർനിർമ്മാണത്തിനായി അഞ്ച് മാസം മുമ്പ് പ്രാഥമിക നടപടികൾ സ്വീകരിച്ചിരുന്നതായും ഏറ്റെടുക്കേണ്ട ഭൂമി അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ആർ.ബി.ഡി.സി എഞ്ചിനീയർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇതിൽ കച്ചവടസ്ഥാപനങ്ങളും ഭൂമിയും നഷ്ടമാകുന്നവരാണ് അധികവും, വീട് നഷ്ടമാകുന്നവർ വളരെ കുറവാണ്. രണ്ടു തവണ ഭൂമി ഏറ്റെടുക്കുന്നതിനായി ഈ പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. എന്നാൽ വലിയ എതിർപ്പുകൾ ഉണ്ടായിരുന്നില്ല. തുടർനിർമ്മാണത്തിനായി ഇപ്പോഴുള്ള പ്രതിസന്ധി സർക്കാർ ഭൂവുടമകളുമായി ചർച്ച നടത്തി വില നിശ്ചയിക്കാത്തതും റവന്യൂവകുപ്പ് ഏറ്റെടുക്കാത്തതുമാണ്. റവന്യൂ വകുപ്പ് ഇത് സംബന്ധിച്ച് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല ഇതിനാൽ ആറ് മാസത്തിനകം പദ്ധതി തുടങ്ങാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
രണ്ടര വർഷം മുമ്പ് കൊട്ടിഘോഷിച്ച് സംസ്ഥാനതല ഉദ്ഘാടനം നടത്തിയ കോഴിക്കോട്-വല്ലാർപാടം തീരദേശ ദേശീയ പാതയുടെ നിർമ്മാണം എങ്ങുമെത്താതെ സ്താംഭനാവസ്ഥയിലായതോടെ രാഷ്ട്രീയ എതിരാളികൾ ലീഗിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കൽ സംബന്ധിച്ച് ആക്ഷേപങ്ങളും പരാതികളും ഉയരുമെന്നതിനാൽ, അടുത്ത വർഷം നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും തുടർന്ന് നിയമസഭയിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പും മുന്നിൽ കണ്ട് ജനപ്രധിനിധികളും നേതാക്കളും പദ്ധതി ബോധപൂർവ്വം വൈകിപ്പിക്കുകയാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
2012ൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത്. കോഴിക്കോട് മുതൽ വല്ലാർപാടം വരെ 140 കിലോ മീറ്റർ ദൂരമുള്ള തീരദേശ ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്തെ ഗതാഗത വികസന രംഗത്ത് വലിയ വിപ്ലവം സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. പദ്ധതി പൂർത്തിയാകുന്നതോടെ കോഴിക്കോട്- കൊച്ചി പാതയിലൂടെ വാഹനങ്ങൾക്ക് വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനും ഗതാഗതക്കുരുക്കുകൾക്ക് വലിയ രീതിയിൽ പരിഹാരം കാണാനും സാധിക്കും.