കൊച്ചി : സംസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിഴിഞ്ഞ പദ്ധതിക്കുപിന്നാലെ തമിഴ്‌നാട്ടിൽ കുളച്ചിൽ തുറമുഖത്തിന് കേന്ദ്രസർക്കാർ അനുകൂല നിലപാട് സ്വീകരിച്ചത് ഏറെ ചർച്ചയാകുമ്പോൾ ഏറെ കൊട്ടിഘോഷിച്ച് കേരളം പണിതുയർത്തിയ വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിന്റെ സ്ഥിതി ഒരു പാഠമാകുന്നു. കൊളംബോയ്ക്കും സിംഗപ്പൂരിനും വൻ വെല്ലുവിളി ഉയർത്തുമെന്ന് പ്രചരിപ്പിച്ച് മുവ്വായിരം കോടി ചെലവിട്ട് തുടക്കമിട്ട പദ്ധതി ഇപ്പോൾ കേരളത്തിനു പകരം ദുബായ് പോർട്ട് വേൾഡിന് ലാഭംകൊയ്യാനുള്ള ഉപാധി മാത്രമായി മാറിക്കഴിഞ്ഞു.

വല്ലാർപാടത്ത് പൂർത്തീകരിച്ച പദ്ധതിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമായി നടത്താതെ അടുത്ത പത്തുവർഷത്തിനിടയിൽ കമ്മീഷൻ ചെയ്യാൻ ഉദ്ദേശിക്കുന്ന വിഴിഞ്ഞം പദ്ധതിക്കു പിന്നാലെ പോയ യുഡിഎഫ് സർക്കാരിന്റെ നിലപാടിൽ നേരത്തെ തന്നെ വിമർശനം ഉയർന്നിരുന്നു. വിഴിഞ്ഞിന് പിന്നാലെ പാഞ്ഞ സർക്കാർ നേരത്തെ കമ്മീഷൻ ചെയ്യപ്പെട്ട മറ്റൊരു ബൃഹദ് പദ്ധതിയാണ് ബോധപൂർവ്വം തകർത്തത്.

പ്രതിവർഷം നാൽപത് ലക്ഷം കണ്ടയ്‌നറുകൾ വല്ലാർപാടം കണ്ടയ്‌നർ ടെർമിനലിൽ എത്തുമെന്നായിരുന്നു പദ്ധതി നടപ്പാക്കുമ്പോഴത്തെ പ്രചരണം. എന്നാൽ 2015-16 വർഷത്തിൽ ടെർമിനലിൽ എത്തിയത് 4,19,550 കപ്പലുകൾ. ഇതിൽ വല്ലാർപാടത്തിന് ലഭിച്ചത്് 21,309 ഷിപ്പ്്‌മെന്റുകൾ. വല്ലാർപാടത്ത് എത്തിയ 643 കപ്പലുകളിൽ 15 മദർഷിപ്പ്‌മെന്റുകൾ മാത്രമാണ് ടെർമിനലിനായി ലഭിച്ചത്. ടെർമിനലിലെ കടുത്ത പ്രവർത്തന ചെലവാണ് വ്യാപാരത്തിന് തടസമാകുന്നതെന്ന് കയറ്റുമതി ഉടമകൾ പറയുന്നു.

വിദേശത്ത് കണ്ടയ്‌നർ സംവിധാനം ഒരുക്കുന്നതിന് അനുബന്ധ ചെലവുകളായി പത്ത് ലക്ഷം രൂപ ചെലവാകുമ്പോൾ വല്ലാർപാടത്ത്് ഇത് നാൽപത് ലക്ഷമായി മാറുകയാണ്. അതുക്കൊണ്ടുതന്നെ അഭ്യന്തര കപ്പലകുളും വിദേശ കപ്പലുകളും വല്ലാർപാടം വിട്ട് ഇതര രാജ്യങ്ങളിലെ പോർട്ടുകളെ ആശ്രയിക്കുകയാണ്. വ്യാപാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായി അധികൃതർ കപ്പലകുൾക്ക് റിബേറ്റ് നൽകാൻ തീരുമാനിച്ചിരുന്നു. ഇത്തരത്തിൽ കപ്പലുകളെ ആകർഷിക്കാൻ ശ്രമിച്ചതിലൂടെ കഴിഞ്ഞ വർഷം മാത്രം പോർട്ടിന് നഷ്ടമായത് 53.50 കോടിയാണ്.

ദുബായ് പോർട്ട് വേൾഡിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ടെർമിനൽ ഇപ്പോൾ സംസ്ഥാനത്തിന് തന്നെ ഭാരമായിക്കഴിഞ്ഞു. 2015-16 വർഷത്തിൽ ടെർമിനലിൽനിന്നും സംസ്ഥാനത്തിന് കിട്ടയത് വെറും 75 കോടി മാത്രമാണ്. ആകെ ലഭിച്ച 220 കോടി വരുമാനത്തിൽനിന്നും 145 കോടിയും ദുബായ് പോർട്ട് വേൾഡ് കൊണ്ടുപോയി.

ടെർമിനലിന്റെ കരാർ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ദുബായ് പോർട്ട് നൽകിയത് 900 കോടി മാത്രമാണ്. ഈ പണം വിവിധ ബാങ്കുകളിൽനിന്നും വായ്പയെടുത്ത് മുടക്കു മുതൽ തിരിച്ച് പിടിച്ച് പോർട്ട് അധികൃതർ സുരക്ഷിതരായി. 3000 കോടിയിൽ ടെർമിനലിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ചെലവഴിച്ച 2180 കോടിയും പോർട്ട് ട്രസ്റ്റിന്റെയും കേന്ദ്ര സർക്കാരിന്റെയും വകയാണ്. ഏറെ കൊട്ടിഘോഷിച്ച് 2011 ൽ തുടക്കമിട്ട പദ്ധതി അഞ്ചുവർഷം പിന്നിടുമ്പോഴും സംസ്ഥാനത്തിന് കടുത്ത നിരാശയാണ് നൽകുന്നത്.

ടെർമിനലിന്റെ വരുമാനത്തിന്റെ ഏറിയ ഭാഗവും കൈയടക്കുന്ന നടത്തിപ്പുക്കാരായ ദുബായ് പോർട്ടിന് ഇപ്പോൾ ചാകരയാണ്. മുടക്കു മുതലിനെക്കാൾ ഇരട്ടി ഇവർ കൈക്കലാക്കി കഴിഞ്ഞു. അതേസമയം കൊളംബോ, സിംഗപ്പൂർ എന്നിവിടങ്ങളുമായി മൽസരിച്ച് ഇന്ത്യയിൽനിന്നും പോകുന്ന കണ്ടയ്‌നറുകൾ കൊച്ചിയിലേക്ക് എത്തിച്ച് കേരളത്തെ വ്യവസായിക പുരോഗതിയിലേക്ക് നയിക്കാമെന്നായിരുന്നു വല്ലാർപാടം പദ്ധതിക്കൊണ്ട് സർക്കാർ ഉദ്ദേശിച്ചിരുന്നത്.

ഈ ബൃഹ്ദ് പദ്ധതിയാണ് ഇപ്പോൾ പാഴ്‌വേലയായത്. വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിലും ഇത്തരമൊരു അവസ്ഥയുണ്ടാകാൻ സാധ്യതയേറെയാണെന്ന് ബന്ധപ്പെട്ടവർ പറയുന്നു. അനുമതികളെല്ലാം ലഭിച്ച് വിഴിഞ്ഞത്തിനുപിന്നാലെ കുളച്ചൽ തുറമുഖം പ്രവർത്തിച്ചുതുടങ്ങിയാൽ വിഴിഞ്ഞത്ത് എത്തേണ്ട കപ്പലുകൾ അങ്ങോട്ടേക്കു മാറുമെന്നും വിഴിഞ്ഞം കേരളത്തിന് ഒരു ബാധ്യതയാകുമെന്നുമാണ് ഉയരുന്ന ആരോപണങ്ങൾ.