- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വള്ളിക്കോടെന്ന സൂര്യനെല്ലി; വക്കീൽ ഗുമസ്തയുടെ ചതിക്കുഴിയിൽ വീണ പതിനഞ്ചുകാരി ഗർഭിണിയായി; പൊലീസിന് കിട്ടിയത് കൂട്ടബലാൽസംഗം ചെയ്ത 40ഓളം പേരുടെ ലിസ്റ്റ്; പെൺകുട്ടി ചൂണ്ടിക്കാട്ടുമെന്ന ഭയത്താൽ ചെറുപ്പക്കാർ ഗ്രാമം വിടുന്നു
പത്തനംതിട്ട: വള്ളിക്കോട് ഗ്രാമം മറ്റൊരു സൂര്യനെല്ലിയാകുന്നു. പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി ഒരു വർഷത്തിനിടെ നാൽപ്പതിൽപ്പരം പേർക്ക് കാഴ്ചവച്ചത് വക്കീൽ ഗുമസ്ത. കുറിയേടത്ത് താത്രിയെപ്പോലെ, തന്നെ പീഡിപ്പിച്ചവരുടെ ലിസ്റ്റ് പെൺകുട്ടി പൊലീസിന് നൽകി. ഇതിൽ പേരുള്ളവരെ തിരക്കി പൊലീസ് ഇറങ്ങിയതോടെ വള്ളിക്കോട് ഗ്രാമത്തിലെ ഒട്ടേറെ ചെറ
പത്തനംതിട്ട: വള്ളിക്കോട് ഗ്രാമം മറ്റൊരു സൂര്യനെല്ലിയാകുന്നു. പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി ഒരു വർഷത്തിനിടെ നാൽപ്പതിൽപ്പരം പേർക്ക് കാഴ്ചവച്ചത് വക്കീൽ ഗുമസ്ത. കുറിയേടത്ത് താത്രിയെപ്പോലെ, തന്നെ പീഡിപ്പിച്ചവരുടെ ലിസ്റ്റ് പെൺകുട്ടി പൊലീസിന് നൽകി. ഇതിൽ പേരുള്ളവരെ തിരക്കി പൊലീസ് ഇറങ്ങിയതോടെ വള്ളിക്കോട് ഗ്രാമത്തിലെ ഒട്ടേറെ ചെറുപ്പക്കാരും മുങ്ങി.
വക്കീൽ ഗുമസ്തയെ അറസ്റ്റ് ചെയ്ത പൊലീസ് പെൺകുട്ടിയെ മാതാവിനൊപ്പം വിട്ടു. കൂട്ടബലാൽസംഗത്തിന് ഇരയായ പെൺകുട്ടി ആറുമാസം ഗർഭിണിയാണെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞു. വള്ളിക്കോട് രേണുകാ ഭവനത്തിൽ രേണുക ആർ. നായരെ(30)യാണ് സിഐ അനിൽകുമാർ, എസ്.ഐ മനോജ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
സമീപവാസിയായ പതിനഞ്ചുകാരിയെയാണ് രേണുക പലർക്കായി കാഴ്ച വച്ചത്. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് പെൺകുട്ടിയെ രേണുക തട്ടിക്കൊണ്ടു പോയത്. കുട്ടിയെ കാണാനില്ലെന്നു കാട്ടി മാതാവ് പത്തനംതിട്ട പൊലീസിൽ പരാതി നൽകിയിരുന്നു. ആലപ്പുഴ, മലപ്പുറം എന്നിവിടങ്ങളിലെ പല വീടുകളിലായി പെൺകുട്ടിയെ പാർപ്പിച്ച് വിവിധ പുരുഷന്മാർക്ക് കാഴ്ചവയ്ക്കുകയായിരുന്നു. ഇതിനു ശേഷം ഇവർ നാട്ടിലേക്ക് മടങ്ങും. ആവശ്യക്കാരുമായി ചെന്ന് ഇടപാട് നടത്തിപ്പോരുകയായിരുന്നു.
വള്ളിക്കോടും പരിസരത്തുമുള്ള നിരവധി പേർ തന്നെ ഉപദ്രവിച്ചിട്ടുള്ളതായി പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തെളിയാതെ കിടക്കുന്ന കേസുകളെപ്പറ്റി ചർച്ച ചെയ്യുന്നതിനിടെ എസ്.ഐ മനോജിന് തോന്നിയ സംശയമാണ് പെൺകുട്ടിയെ കണ്ടെത്തുന്നതിൽ എത്തിച്ചേർന്നത്. രേണുകയെ സംശയമുണ്ടായിരുന്ന പൊലീസ് ഇവരുടെ മൊബൈൽഫോൺ കോൾ ലിസ്റ്റ് പരിശോധിച്ചു നടത്തിയ നീക്കത്തിനൊടുവിൽ ആലപ്പുഴയിലുള്ള 'താത്ത'യുടെ വീട്ടിൽ നിന്നുമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. തന്നെ പലയിടത്തായി നിരവധി പേർ ഉപദ്രവിച്ചെന്നു പറഞ്ഞ പെൺകുട്ടി അവരുടെ പേരു വിവരങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമെന്ന് സി.ഐ അനിൽകുമാർ പറഞ്ഞു.
പത്തനംതിട്ട ബാറിലെ അഭിഭാഷകന്റെ ഗുമസ്തയായ രേണുക ഒരു തവണ വിവാഹം കഴിച്ച് ബന്ധം വേർപെടുത്തിയിട്ടുള്ളയാളാണ്. അടുത്തയാഴ്ച രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് രേണുക പൊലീസിന്റെ പിടിയിലായത്. പിടിയിലാകുമ്പോൾ രേണുക അമിതമായി മദ്യപിച്ച അവസ്ഥയിലായിരുന്നു. പെൺകുട്ടിയുടെ വീട്ടിലെ നിത്യസന്ദർശകയായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ സഹോദരിയുമായി അടുത്ത ബന്ധമാണ് രേണുക പുലർത്തിയിരുന്നത്. ഈ അടുപ്പം ഉപയോഗിച്ചാണ് പെൺകുട്ടിയെ രേണുക ഒപ്പം കൂട്ടിയതെന്ന് പറയുന്നു.
തന്നെ ഭീഷണിപ്പെടുത്തി രേണുക തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് പെൺകുട്ടി പൊലീസിൽ നൽകിയിരിക്കുന്ന മൊഴി. ആലപ്പുഴ, മലപ്പുറം ജില്ലകളിലെ പല വീടുകളിലായി തന്നെ തടങ്കലിൽ പാർപ്പിച്ച് നിരവധി പേർക്ക് കാഴ്ച വച്ചു. വഴങ്ങാതിരുന്നപ്പോൾ ദേഹോപദ്രവം ഏൽപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. വള്ളിക്കോട്, പത്തനംതിട്ട ഭാഗങ്ങളിലുള്ളവർ ആലപ്പുഴയിലെ താത്തയുടെ വീട്ടിലെത്തി നിരന്തരം പീഡിപ്പിച്ചിരുന്നുവത്രേ. പെൺകുട്ടിയുടെ അച്ഛൻ വർഷങ്ങൾക്ക് മുൻപ് ജീവനൊടുക്കിയിരുന്നു. തന്നെ പിതാവ് പീഡിപ്പിച്ചുവെന്ന് പറഞ്ഞ് ഈ പെൺകുട്ടി തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത ഇയാൾ ജയിലിൽ നിന്നിറങ്ങിയ ശേഷം ജീവനൊടുക്കുകയായിരുന്നു.
തന്നെ ഉപദ്രവിച്ചവരുടെ മുഴുവൻ പേരു വിവരങ്ങൾ പെൺകുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. കൂടുതൽ അറസ്റ്റ് വരുംദിനങ്ങളിലുണ്ടാകുമെന്ന് സി.ഐ അനിൽകുമാർ പറഞ്ഞു. തട്ടിക്കൊണ്ടു പോകൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ, പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെയുള്ള അതിക്രമം, കൂട്ട ബലാൽസംഗം എന്നീ കുറ്റങ്ങളാണ് രേണുകയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത്. അതേസമയം, പെൺകുട്ടി ചൂണ്ടിക്കാട്ടിയവരിൽ നിരപരാധികളും ഉണ്ടെന്നും മറ്റു വിരോധത്തിന്റെ പേരിലാണ് ചിലർക്കെതിരേ പരാതി ഉന്നയിക്കുന്നതെന്നും നാട്ടുകാർ പറയുന്നു. അറസ്റ്റിലായ യുവതിക്ക് അഡ്വക്കേറ്റ് ക്ലാർക്ക് അസോസിയേഷനുമായി ബന്ധമില്ലെന്ന് പത്തനംതിട്ട യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.