- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കണ്ട പുലയന്മാരും പറയന്മാരും ഉള്ളിടത്ത് പോയി നിരങ്ങിയിട്ട് നീയോന്നും കോളനിക്ക് പുറത്തിറങ്ങണ്ട' ആക്രോശിച്ചുകൊണ്ട് മർദ്ദിക്കാൻ മുന്നിൽ നിന്നത് പഞ്ചായത്ത് അംഗം; അടി അവസാനം വരെ പൊലീസ് കണ്ടുനിന്നു; സിപിഎംകാർ പോലും വരാത്തിടത്ത് നിങ്ങൾക്കെന്ത് കാര്യമെന്ന് സെക്ട്രൽ മജിസ്ട്രേറ്റും; ഭരണസ്വാധീനത്തിൽ വള്ളിക്കുന്നിൽ വാദി പ്രതിയാകുമ്പോൾ
ആലപ്പുഴ: വള്ളികുന്നത്ത് കോവിഡ് നെഗറ്റീവായവരുടെ വീട് അണുവിമുക്തമാക്കാനെത്തിയ യൂത്ത് കോൺഗ്രസ്- കെഎസ്യു സന്നദ്ധപ്രവർത്തകരെ പഞ്ചായത്ത് അംഗം അടക്കമുള്ള സിപിഎം പ്രവർത്തകർ അക്രമിച്ച സംഭവത്തിൽ മർദ്ദനമേറ്റ സന്നദ്ധപ്രവർത്തകരുടെ പേരിൽ കേസെടുത്ത് വള്ളികുന്നം പൊലീസ്. മർദ്ദനമേറ്റ പെൺകുട്ടികൾ അടക്കമുള്ള സംഘം നൽകിയ പരാതിയിൽ മൊഴിയെടുക്കുന്നതും കേസ് രജിസ്റ്റർ ചെയ്യുന്നതും ഒരു ദിവസം താമസിപ്പിച്ച ശേഷം അതിന് മുമ്പായി സിപിഎം പ്രവർത്തകരുടെ പരാതി എഴുതി വാങ്ങി അവർക്കെതിരെ കേസെടുക്കുകയായിരുന്നു. വനിതാ പൊലീസ് ഇല്ല എന്ന പേരിലാണ് സന്നദ്ധപ്രവർത്തകരുടെ പരാതിയിൽ കേസെടുക്കുന്നത് വൈകിപ്പിച്ചത്. സിപിഎം പ്രവർത്തകരുടെയും സെക്ട്രൽ മജിസ്ട്രേറ്റിന്റെയും കണ്ടെയ്ന്മെന്റ് സോണിൽ അതിക്രമിച്ചുകയറി എന്ന പരാതിയിലാണ് അണുനശീകരണത്തിനെത്തിയ സന്നദ്ധപ്രവർത്തകരുടെ പേരിൽ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ജൂൺ രണ്ടിനായിരുന്നു കോവിഡ് പോസിറ്റീവായ രോഗിയുടെ വീട് അണുവിമുക്തമാക്കുന്നതിന് യൂത്ത് കോൺഗ്രസ്- കെഎസ്യു പ്രവർത്തകരുടെ ലൈഫ് ഗാർഡ് എന്ന സന്നദ്ധസംഘം വള്ളിക്കുന്നത്തെ മലാത്തറ കോളനിയിൽ എത്തിയത്. കണ്ടെയ്ന്മെന്റ് സോണായ ഇവിടെ വാർഡ് മെമ്പർ അടക്കം ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന കോളനിയിലെ ഒരു യുവാവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് കണ്ടാണ് സംഘം കോളനിനിവാസികൾക്ക് ഭക്ഷ്യകിറ്റ് നൽകാനും കോവിഡ് നെഗറ്റീവായവരുടെ വീടുകൾ അണുവിമുക്തമാക്കാനും അവിടെയെത്തിയത്.
വീടുകൾ അണുവിമുക്തമാക്കിക്കൊണ്ടുനിൽക്കുമ്പോൾ സിപിഎം നേതാവായ വാർഡ് പഞ്ചായത്തംഗം പി. കോമളന്റെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തി സന്നദ്ധപ്രവർത്തകരെ ആക്രമിക്കുകയായിരുന്നു എന്ന് കോളനി നിവസികൾ പറയുന്നു. മൂന്ന് പെൺകുട്ടികളടക്കം ഏഴ് പേരാണ് സന്നദ്ധസംഘത്തിൽ ഉണ്ടായിരുന്നത്. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജന. സെക്രട്ടറി അഡ്വ. മുത്താര രാജിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഭൂരിഭാഗം പേരും 18 വയസിന് താഴെയുള്ളവരായിരുന്നു.
പഞ്ചായത്ത് അംഗം വേണ്ടവിധം ഇടപെടുന്നില്ല എന്ന പരാതി നിലനിൽക്കുന്ന മലാത്തറ കോളനിയിൽ പുറത്തുനിന്നുള്ള യൂത്ത് കോൺഗ്രസ്- കെഎസ്യു പ്രവർത്തകരെത്തി ഭക്ഷ്യകിറ്റ് വിതരണം നടത്തുകയും അണുവിമുക്തമാക്കുകയും ചെയ്തതാണ് പഞ്ചായത്ത് അംഗത്തെ പ്രകോപിപ്പിച്ചതെന്ന് മർദ്ദനമേറ്റവർ പറയുന്നു. 'കണ്ട പുലയന്മാരും പറയന്മാരും ഉള്ളിടത്ത് പോയി നിരങ്ങിയിട്ട് നീയോന്നും കോളനിക്ക് പുറത്തിറങ്ങണ്ട' എന്ന് പറഞ്ഞായിരുന്നു പെൺകുട്ടികളെ അടക്കം മർദ്ദിച്ചത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. പിപിഇ കിറ്റ് ധരിച്ചായിരുന്നു സന്നദ്ധപ്രവർത്തകരെത്തിയത്. ഇതിനിടെ അവിടെയെത്തിയ പൊലീസ് സംഘവും സെക്ട്രൽ മജിസ്ട്രേറ്റും സംഭവം കണ്ടുനിൽക്കുകായായിരുന്നുവെന്നും അവർ പറയുന്നു. സെക്ട്രൽ മജിസ്ട്രേറ്റിനോട് പരാതിപ്പെട്ട പെൺകുട്ടികളോട് ' അവർ വരാത്തിടത്ത് നിങ്ങൾക്ക് എന്താണ് കാര്യം' എന്നായിരുന്നു മറുപടി.
മർദ്ദിക്കുന്നതിന്റെ വീഡിയോ പ്രചരിക്കുകയും സംഭവം വിവാദമാകുകയും ചെയ്തതോടെയാണ് സന്നദ്ധപ്രവർത്തകരുടെ പേരിൽ കേസ് കടുപ്പിക്കാൻ വള്ളികുന്നം പൊലീസ് തയ്യാറായത്. സിപിഎം പ്രവർത്തകരെ ആക്രമിച്ചു, കണ്ടെയ്ന്മെന്റ് സോണിൽ അതിക്രമിച്ചു കയറി തുടങ്ങിയ പരാതികളിലാണ് അവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്. സംഭവസ്ഥലത്ത് ഇല്ലാതിരുന്ന ദീപ എന്ന ആശാ വർക്കർക്ക് മർദ്ദനമേറ്റെന്ന പേരിലും കേസെടുത്തിട്ടുണ്ടെന്ന് പരാതിയുണ്ട്. സന്നദ്ധപ്രവർത്തകരുടെ പരാതിയുടെ പ്രാധാന്യം കുറയ്ക്കാൻ തങ്ങൾ നൽകിയ പരാതി കേസെടുക്കാതെ ഒരുദിവസം നീട്ടിവച്ചെന്ന് മർദ്ദനമേറ്റ അഡ്വ. മുത്താരാരാജ് പറഞ്ഞു. സിപിഎം പ്രവർത്തകരുടെ പരാതിയിൽ ആദ്യം കേസെടുത്ത് കൗണ്ടർ കേസായി മാത്രമാണ് സന്നദ്ധപ്രവർത്തകരുടെ പരാതിയിൽ കേസെടുത്തതെന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ, നിയന്ത്രിത മേഖലയിൽ പുറത്തുനിന്നുള്ളവർ കടന്നത് ചോദ്യം ചെയ്തപ്പോൾ യൂത്ത് കോൺഗ്രസ്- കെഎസ്യു പ്രവർത്തകർ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് സിപിഎം വാദം.
സെക്ട്രൽ മജിസ്ട്രേറ്റിന്റെ റിപ്പോർട്ടിന്മേലാണ് സന്നദ്ധപ്രവർത്തകരുടെ പേരിൽ കേസെടുത്തിട്ടുള്ളതെന്നും അവർക്ക് കണ്ടെയ്ന്മെന്റ് സോണിനുള്ളിൽ പ്രവേശിക്കാൻ അനുമതി നൽകിയിട്ടുണ്ടോ എന്ന് പഞ്ചായത്ത് സെക്രട്ടറിയോട് അന്വേഷിച്ചിട്ടുണ്ടെന്നും വള്ളികുന്നം സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ