തിരുവനന്തപുരം: വഴിയരികിൽ അലഞ്ഞ് നടന്ന വൽസല ടീച്ചർക്ക് ഇപ്പോൾ ഉടുക്കാൻ നല്ല വസ്ത്രവും കഴിക്കാൻ നല്ല ഭക്ഷണവും കൂട്ടിന് ആളുകളുമുണ്ട്. വിദ്യ എന്ന സർക്കാർ ജീവനക്കാരി വഴിയരികിൽ കണ്ട് വയോധികയുടെ അവസ്ഥ ഫേസ്‌ബുക്കിൽ കുറിക്കുകയും അത് മറുനാടൻ മലയാളി വാർത്തയാക്കുകയും ചെയ്തതോടെ അധികൃതർ തന്നെ അവർക്ക് സഹായവുമായി എത്തി. മലപ്പുറത്തെ ഇസ്ലാഹിയ കോളേജിലെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട വൽസല ടീച്ചർ എങ്ങനെയാണ് തലസ്ഥാന നഗരത്തിലെ തെരുവോരത്ത് എത്തിപ്പെട്ടത്. സബ്കളക്ടർ ദിവ്യ എസ് അയ്യർ നേരിട്ട് എത്തിച്ച കല്ലാട്ട്മുക്കിലെ ഓൾഡേജ് ഹോമിൽ ഇന്നലെ ടീച്ചറെ കാണാനെത്തിയ വിദ്യയോട് അവർ കാര്യങ്ങൾ വിശദീകരിച്ചു.

എന്തോ ഒരു ഭയം ടീച്ചറെ വല്ലാതെ അലട്ടുന്നുണ്ടെന്നും തനിക്കും മകനും ആപത്ത് സംഭവിക്കുമെന്നതുകൊണ്ടുമാണ് ഇങ്ങനെ തെരുവിൽ കഴിയുന്നതെന്നും അവർ പറയുന്നു. പേട്ടയിലെ വീട്ടിൽ നിന്നും ടീച്ചർ പുറത്തേക്ക് പോയത് എങ്ങനെ? ടീച്ചറുടെ ഭർത്താവ് ഇപ്പോൾ എവിടെയാണ് തുടങ്ങിയ കാര്യങ്ങളാണ് അവർ വിദ്യയോട് വിശദീകരിച്ചിരിക്കുന്നത്. പേട്ടയിലെ വീട്ടിൽ അമ്മയും സഹോദരിയും കാലിന് സുഖമില്ലാത്ത ഒരു സഹോദരനുമാണ് ഉണ്ടായിരുന്ന്. ടീച്ചറുടെ അമ്മ രാജമ്മാൾക്ക് ഇപ്പോൾ വയസ്സ് 90 കഴിഞ്ഞിരിക്കുന്നു. ടീച്ചറേയും കൊണ്ട് പേട്ടയിലെ വീട്ടിൽ ഓൾഡ് ഏജ് ഹോം ജീവനക്കാർ പോയപ്പോൾ അവർ വൽസല ടീച്ചറെ തിരിച്ചറിയുകയും മകളാണെന്ന് പറയുകയും ചെയ്യുന്നുണ്ട്.

പേട്ടയിലെ വീട്ടിൽ നിന്നും പോകേണ്ടി വന്നത് മലപ്പുറത്ത് നിന്നും വന്നതിന് ശേഷമാണ്. 28 വർഷങ്ങൾക്ക് മുൻപാണ് ടീച്ചറുടെ വിവാഹം നടന്നത്. ഭർത്താവ് മാവേലിക്കര സ്വദേശിയാണ്. മലപ്പുറത്ത് ജോലി ചെയ്യുന്ന സമയത്ത് ഭർത്താവിനും മകനുമൊപ്പം ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്.

കൂടുതൽ സമയവും വീട്ടുകാർക്കൊപ്പമാണ് സ്‌കൂൾ വിട്ട് വന്നാൽ ചിലവഴിക്കാൻ ടീച്ചർ ഇഷ്ടപ്പെട്ടിരുന്നത്. ഇവർ മലപ്പുറത്തായിരുന്ന സമയത്താണ് പേട്ടയിലെ വീടും സ്ഥലവും ടീച്ചറുടെ അമ്മ മൂത്ത മകൾക്ക് എഴുതികൊടുത്ത്. കാലിന് സ്വാധീനമില്ലാത്ത സഹോദരനെയും അമ്മയേയും മൂത്ത മകൾ നന്നായി നോക്കുന്നുണ്ടായിരുന്നു.

തിരിച്ച് തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് വൽസല ടീച്ചർ ഈ വിവരം അറിഞ്ഞത്. പിന്നീട് വസ്തുവിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് ടീച്ചർ കേസ് കൊടുക്കുകയും ചെയ്തിരുന്നു. വസ്തു നഷ്ടപെട്ടപ്പോൾ ടീച്ചറുടെ ഭർത്താവ് പിണങ്ങി പോവുകയും ചെയ്തിരുന്നു. ഈ പിണങ്ങിപോകലും മകന്റെ ഭാവി ജീവിതത്തെ കുറിച്ചുള്ള ചിന്തകളും ടീച്ചറെ അലട്ടിയിരുന്നു. മാനസികമായി അവർ വലിയ പിരിമുറുക്കവും അനുഭവിച്ചിരുന്നു. തിരുവനന്തപുരത്തെത്തിയ ശേഷം പിന്നീട് പേയാട്, തിരുമല എന്നീ സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിച്ചിരുന്നു. ഈ സമയത്ത് ഭർത്താവും മകനും ഒപ്പം ഉണ്ടായിരുന്നു.

മകനും ഭർത്താവും തന്നെകാണാൻ ഇവിടെ ഈ ഓൾഡ് ഏജ് ഹോമിലെത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ ടീച്ചർ. മകന് റെയിൽവേ സ്റ്റേഷനിലാണ് ജോലി ചെയ്യുന്നതെന്ന് അവർ പിന്നെയും തറപ്പിച്ച് പറയുന്നു. മകനെ കാണാൻ റെയിൽവേ സ്റ്റേഷനിലെത്താറുണ്ടെന്നും തന്റെ മകനാണ് അതെന്ന് അവിടെയുള്ള എല്ലാവർക്കും അറിയാവുന്നതാണെന്നും അവർ പറയുന്നു. 28 വർഷം ഭർത്താവുമൊത്ത് ഒരുമിച്ച് ജീവിച്ച തനിക്ക് അവർ വരുമെന്ന കാര്യം ഉറപ്പാണെന്നും വിശ്വാസം തെറ്റില്ലെന്നും വിദ്യയോട് ടീച്ചർ പറയുന്നു.

അതേസമയം ടീച്ചർക്ക് വേണ്ട എന്ത് സഹായവും ചെയ്യാൻ തയ്യാറാണെന്ന് പറഞ്ഞ് ഇപ്പോഴും ഇംഗ്ലണ്ട്, ഗൾഫ്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലുള്ള ടീച്ചറുടെ പഴയ ശിഷ്യന്മാരുടെ നിലയ്ക്കാത്ത ഫോൺ കോളുകൾ വന്നുകൊണ്ടിരിക്കുകയാണെന്ന് വിദ്യ മറുനാടനോട് പറഞ്ഞു. രണ്ട് വർഷമായി തെരുവിൽ കഴിയുന്ന വൽസല ടീച്ചർ പറയുന്ന പല കാര്യങ്ങളിലും അസ്വഭാവികതയുമുണ്ട്.