കോഴിക്കോട്: യൂത്ത് ലീഗിന്റെ യുവജന യാത്രയോട് സംഘ പരിവാർ നേതാക്കളും പ്രവർത്തകരും നന്ദി പറയണം.ശബരിമല സമരത്തിൽ സംഘ പരിവാർ നേതാവ് വൽസൻ തില്ലങ്കേരിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊളിച്ചത് യൂത്ത് ലീഗിന്റെ യുവജന യാത്രയാണ്.യുവജന യാത്രയിൽ പ്രവർത്തകർക്ക് പറ്റിയ 'അക്കിടി' യാണ് ഒരർത്ഥത്തിൽ നേതാവിനെ രക്ഷിച്ചതെന്ന് വേണം കരുതാൻ.

പൊലീസ് കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം ഇങ്ങനെയാണ്.ശബരിമല സമരത്തിൽ പൊലീസിനെ തടഞ്ഞതിനും മറ്റും കേസുള്ള വൽസൻ തില്ലങ്കേരിയെ അറസ്റ്റ് ചെയ്യാനുള്ള നിർദ്ദേശം തലശ്ശേരി പൊലീസിന് ലഭിക്കുന്നത് നവംബർ 30 നായിരുന്നു. ട്രെയിൻവഴി തലശ്ശേരിയിൽ എത്തുന്ന വൽസൻ തില്ലങ്കേരിയെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത് പത്തനംതിട്ട പൊലീസിനെ ഏൽപ്പിക്കാനായിരുന്നു പത്തനം തിട്ടയിൽ നിന്നുള്ള ഉന്നത തല നിർദ്ദേശം. അതിനായി തലശ്ശേരി സിഐ.എംപി.ആസാദിന്റെ നേത്യത്വത്തിലുള്ള ഉന്നത പൊലീസ് സംഘം തലശ്ശേരി റെയിൽവെ സ്റ്റേഷൻ പരസരത്തെത്തി.

തലശ്ശേരിയിൽ നിന്നും വൽസൻ തില്ലങ്കേരിയിലെ അറസ്റ്റ് ചെയ്യുന്നത് ക്രമസമാധാന പ്രശ്‌നത്തിന് ഇടയാക്കുമെന്നായിരുന്നു രഹസ്യാന്യേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്.എന്നാൽ ക്രമസമാധാന പാലനത്തിന് കൂടുതൽ പൊലീസിനെ വിന്യസിക്കാനായിരുന്നു ഉന്നത പൊലീസ് കേന്ദ്രങ്ങൾ നൽകിയ മറുപടി.തലശ്ശേരിയിൽ ട്രെയിൻ ഇറങ്ങുന്ന ഉടനെ വൽസൻ തില്ലങ്കേരിയെ കസ്റ്റഡിയിലെടുക്കണം.പിന്നീട് പത്തനംതിട്ടയിൽ നിന്നും എത്തുന്ന പൊലീസ് സംഘത്തിന് കൈമാറണമെന്നുമായിരുന്നു നിർദ്ദേശം.പത്തനംതിട്ടയിൽ നിന്നുള്ള പൊലീസ് സംഘം ട്രാഫിക് ബ്ലോക്കിൽ കുടുങ്ങുകയാണെങ്കിൽ അവർ എത്തുന്ന സ്ഥലത്തേക്ക് തലശ്ശേരിയിൽ നിന്നുള്ള പൊലീസ് സംഘം വൽസൻ തില്ലങ്കേരിയെ എത്തിക്കണമെന്നുമായിരുന്നു നിർദ്ദേശം.

എന്നാൽ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞത് യൂത്ത് ലീഗിന്റെ യുവജന യാത്രയായിരുന്നു.വടകരയിലെ സ്വീകരണ ചടങ്ങിനിടയിൽ നിയന്ത്രണം വിട്ട 'പാരച്ച്യൂട്ട്' റെയിൽവെ ലൈനിൽ കുടുങ്ങിയതിനെ തുടർന്ന് ട്രെയിൻ ഗതാഗതം ഒന്നര മണിക്കൂറോളം തടസ്സപ്പെട്ടിരുന്നു. ബലൂണും പടക്കവും ഒക്കെചേർത്ത് ആകാശത്തഎ പറന്നുയർന്ന് വിരിയുന്ന പാരച്യൂട്ടുകൾ ഇപ്പോൾ രാഷ്ട്രീയപാർട്ടികളുടെ യാത്രകളിൽ ഫാഷനാണ്. ഇതേ തുടർന്ന് വിവിധ തീവണ്ടികൾ വടകര റെയിൽ വെ സ്റ്റേഷനിൽ പിടിച്ചിട്ടു. സമയം താമസിക്കുമെന്നറിഞ്ഞ വൽസൻ തില്ലങ്കേരിയും സംഘവും വടകര റെയിൽവെ സ്റ്റേഷനിൽ വണ്ടി ഇറങ്ങുകയായിരുന്നു. തലശ്ശേരിയിൽ വൽസൻ തില്ലങ്കേരിയിലെ കയറ്റാൻ എത്തിയ സ്വകാര്യ വാഹനം വടകരയിൽ എത്തി തില്ലങ്കേരിയെ കൂട്ടിപോവുകയായിരുന്നു.ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതോടെ റിസ്‌ക് എടുത്ത് അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന സമീപനം പൊലീസ് സ്വീകരിക്കുകയായിരുന്നു.

പാരച്യൂട്ട് റെയിൽവെ വൈദ്യുതി ലൈനിൽ കുടുങ്ങിയ സംഭവത്തിൽ മൂന്ന് യൂത്ത് ലീഗ് ഭാരവാഹികൾക്കെതിരെ റെയിൽവെ പൊലീസ് കേസെടുത്തിട്ടുണ്ട്.ഇന്ത്യൻ റെയിൽവെ ആക്ടിലെ 154 വകുപ്പ് പ്രകാരമാണ് കേസെടുത്തത്.യാത്രക്കാരുടെ സുരക്ഷയെ അപകടത്തിൽപ്പെടുത്തുംവിധം പെരുമാറുന്നതുമായി ബന്ധപ്പെട്ടാണ് ഈ വകുപ്പ്.