- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിന്ദു ഐക്യവേദിയുടെ തലപ്പത്തേക്ക് കണ്ണൂരിൽ നിന്നൊരു തീപ്പൊരി നേതാവ് കൂടി; വത്സൻ തില്ലങ്കേരി സിപിഎം കോട്ടയിൽ ഊരിപ്പിടിച്ച വാളുകൾക്കിടെയിലൂടെ നിർഭയം നടന്നുകയറി ആർഎസ്എസ് നേതാവ്; സംസ്ഥാന തലത്തിൽ ശ്രദ്ധനേടിയത് ശബരിമലയിൽ ആചാര സംരക്ഷണത്തിനായി നടത്തിയ സമരത്തിൽ പൊലീസിനെ നിയന്ത്രിച്ച്
കണ്ണൂർ: സി.പി. എമ്മിന്റെ കോട്ടകൊത്തളമായ കണ്ണൂർ ജില്ലയിൽ നിന്നും ഉയർന്നുവന്ന ആർ. എസ്. എസ് നേതാവ് വത്സൻ തില്ലങ്കേരി(55)ക്ക് പുതിയ നിയോഗം. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കങ് പ്രസിഡന്റായ തെരഞ്ഞെടുക്കപ്പെട്ട വത്സൻ തില്ലക്കേരി ഏറെ പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ട സംഘ്പരിവാർ നേതാക്കളിലൊരാളാണ്.
കണ്ണൂരിൽ നിന്നും പലതവണ വധഭീഷണി നേരിട്ട ആർ. എസ്. എസ് നേതാവു കൂടിയാണ് വത്സൻ തില്ലങ്കേരി. സി.പി. എം പാർട്ടി ഗ്രാമമായ തില്ലങ്കേരി സ്വദേശിയായ വത്സൻ 1978-ൽ മട്ടന്നൂർ ഹൈസ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കവെയാണ് ബാലഗോകുലവുമായി ബന്ധപ്പെട്ടു പ്രവർത്തനമാരംഭിച്ചത്. തുടർന്ന് മട്ടന്നൂർ പഴശി രാജാ എൻ. എസ്. എസ് കോളേജിലെ പ്രീഡിഗ്രി പഠനകാലത്ത് എ.ബി.വി.പിയുടെ സജീവപ്രവർത്തകനായി. ആർ. എസ്. എസ് തില്ലങ്കേരി ശാഖാ സ്വയം സേവകനായി പ്രവർത്തിച്ചു കൊണ്ടായിരുന്നു സംഘ്് പരിവാറിന്റെ മാതൃസംഘടനയിലേക്കുള്ള കടന്നുവരവ്.
തുടർന്ന ആർ. എസ്. എസ് ശാഖാകാര്യകർത്താവ്,മുതൽ താലൂക്ക്, ജി്ല്ലാ വിഭാഗ് ചുമതലകൾമുതൽ പ്രാന്തീയ ചുമതലകൾ വരെ വഹിച്ചു. ഈ കാലയളവിൽ തികച്ചും സംഘർഷാത്മകമായിരുന്നു കണ്ണൂരിലെ രാഷ്ട്രീയ രംഗം. നിരവധി വധഭീഷണികൾ വത്സനെ തേടിയെത്തി.ഇതിനെയൊക്കെ നിർഭയം നേരിട്ടായിരുന്നു വത്സൻ തില്ലങ്കേരിയുടെ പ്രവർത്തനം മുൻപോട്ടുപോയത്. തീപ്പൊരി പ്രാസംഗികനും മികച്ച സംഘാടകനുമായ വത്സൻ തില്ലങ്കേരി ശ്രീരാമ ജന്മഭൂമി മുക്തി യഞ്ജസമിതി ജില്ലാകൺവീനർ, യുവമോർച്ച ജില്ലാഅധ്യക്ഷൻ എന്നീനിലകളിലും പ്രവർത്തിച്ചു.
ഇരിട്ടി കൈരാതി കിരാതക്ഷേത്രം രക്ഷാധികാരിയും ഇരിട്ടി കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രഗതി വിദ്യാനികേതന്റെ പ്രിൻസിപ്പാളുമായി ഇപ്പോൾ പ്രവർത്തിച്ചുവരികയാണ്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടു സംഘ്പരിവാർ നടത്തിയ പ്രതിഷേധസമരങ്ങളിലൂടെയാണ് വത്സൻ തില്ലങ്കേരിയെ കേരളമാകെ ശ്രദ്ധിച്ചു തുടങ്ങിയത്. ഇതിനെതിരെ ഹിന്ദു ഐക്യവേദിയും ബിജെപിയും സന്നിധാനത്ത് നടത്തിയ നാമജപ പ്രതിഷേധത്തിലടക്കം നേതൃത്വം നൽകിയത് വത്സൻ തില്ലങ്കേരിയായിരുന്നു. ആർ. എസ്. എസ് പ്രാന്തീയ സഹചാർ പ്രമുഖ്, പ്രാന്തീയ വിദ്യാർത്ഥി പ്രമുഖ് എന്നീ ചുമതലകൾ വഹിച്ച വത്സൻതില്ലങ്കേരി ഇപ്പോൾ ആർ. എസ. എസ് പ്രാന്തീയ സഹകാര്യ സദസ്യനാണ്.
തില്ലങ്കേരി ശ്രീനിവാസിൽ പരേതരായ കെ.ബാലന്റെയും പടയൻകുടി മാധവിയുടെയും ആറുമക്കളിൽ രണ്ടാമനായ ഈ 55വയസുകാരൻ സംഘപരിവാർ പ്രസ്ഥാന പ്രവർത്തനങ്ങൾക്കായി വിവാഹ ജീവിതം പോലും വേണ്ടെന്നു വെച്ച നേതാക്കളിലൊരാളാണ്.ഹിന്ദു ഐക്യവേദിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ആർ. എസ്. എസ് വത്സൻ തില്ലങ്കേരിയെ കൂടി നിയോഗിക്കുന്നത് വ്യക്തമായ കണക്കുകൂട്ടലോടു കൂടി തന്നെയാണ്.കെ.പി ശശികല ടീച്ചറെ തൽസ്ഥാനത്തു നിലനിർത്തികൊണ്ടു തന്നെയാണ് വർക്കിങ് പ്രസിഡന്റായി വത്സൻ തില്ലങ്കേരിയെ കഴിഞ്ഞ ദിവസം ഓൺ ലൈനായി ചേർന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തത്്.