പാലാ: റോഡ് ക്രോസ് ചെയ്യുന്നതിനിടെ വാൻ ഇടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം. സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിന് ഇടെയാണ് യാത്രക്കാരൻ മരിച്ചത്. വസ്ത്രം വാനിന്റെ അടിയിൽ കുരുങ്ങിയതോടെ ഒരു കിലോമീറ്ററോളം ഇടിയേറ്റു വീണയാളെയുംകൊണ്ട് വാനോടുകയായിരുന്നു. ശരീരം മുഴുവൻ തൊലിപോയ നിലയിൽ കാണപ്പെട്ട അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. പാലാ തൊടുപുഴ റോഡിൽ പിഴക് പാലത്തിനടുത്ത് ഇന്നലെ രാവിലെ പത്തുമണിക്കായിരുന്നു അപകടം.

പിഴക് മണലോലിക്കൽ തോമസ് (55) ആണ് മരിച്ചത്. കൂലിപ്പണിക്കാരനായ തോമസ് ജോലിക്കുപോകാൻ ഇറങ്ങിയതായിരുന്നു. ഈരാറ്റുപേട്ടയിൽനിന്ന് ബീഡിയുമായി തൊടുപുഴ ഭാഗത്തേക്കു പോയ വാൻ അമിത വേഗത്തിലായിരുന്നെന്നും തോമസിനെ ഇടിച്ചതു ഡ്രൈവർ കണ്ടെങ്കിലും നിർത്തിയില്ലെന്നും നാട്ടുകാർ പറയുന്നു.

വാൻ ഇടിച്ചതോടെ വാനിന്റെ അടിയിലേക്കു വീണ തോമസിന്റെ ഷർട്ട് ടയറിനോടു ചേർന്ന ഭാഗത്ത് കുരുങ്ങി. ഇതോടെയാണ് തോമസിനെയും വലിച്ചിഴച്ച് വാൻ ഒരു കിലോമീറ്ററോളം മുന്നോട്ടോടിയത്. തോമസിന്റെ കൈയിലുണ്ടായിരുന്ന ചോറ്റുപാത്രം തെറിച്ച് ചോറും കറികളും റോഡിൽ ചിതറി. മാനത്തൂർ കവലയ്ക്ക് സമീപം എത്തിയപ്പോൾ വസ്ത്രങ്ങൾ കീറി വേർപെട്ടതോടെ തോമസ് റോഡിലേക്കു വീണു.

റോഡിൽ ഉരഞ്ഞ് ശരീരമാസകലം മുറിവേറ്റ നിലയിൽ നിലവിളിച്ച തോമസിനെക്കണ്ട് നാട്ടുകാർ ഓടിക്കൂടി. ഉടൻ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിർത്താതെ പോയ വാഹനം പിന്തുടർന്ന നാട്ടുകാർ തടഞ്ഞു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവർ ഈരാറ്റുപേട്ട ഈലക്കയം വയലങ്ങാട്ടുപറമ്പിൽ ജോസിനെ (47) നാട്ടുകാർ രാമപുരം പൊലീസിനു കൈമാറി.

വാനിലുണ്ടായിരുന്ന സഹായി ഓടിക്കളഞ്ഞു. സി.പി.എം മരങ്ങാട് ബ്രാഞ്ച് സെക്രട്ടറി സെബാസ്റ്റ്യന്റെ സഹോദരനാണ് മരിച്ച തോമസ്. സംസ്‌കാരം ഇന്നു രണ്ടിന് പിഴക് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ. ഭാര്യ: കുറുപ്പന്തറ പ്ലാത്തോട്ടത്തിൽ ത്രേസ്യാമ്മ. മകൻ: ഷെറിൻ.