ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച വന്ദേഭാരത് തീവണ്ടികൾ കെ-റെയിലിന് ബദലാകിലെന്ന് സിൽവർലൈൻ സാധ്യതാ പഠന റിപ്പോർട്ട് തയാറാക്കിയ അലോക് വർമ. വന്ദേഭാരത് ട്രെയിനുകൾക്ക് 160 കിലോമീറ്റർ വേഗമേ ഉണ്ടാകൂ. നിലവിലെ സ്ഥിതിയിൽ തിരുവനന്തപുരം - കാസർകോട് ലൈനിൽ 110 കിലോമീറ്റർ വേഗമേ സാധ്യമാകൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ട് ട്രാക്ക് അപ്‌ഗ്രേഡ് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അലോക് വർമ പറഞ്ഞു. കെ-റെയിൽ പദ്ധതി പുനപരിശോധിക്കണമെന്നും വന്ദേഭാരത് ട്രെയിനുകൾ കെ-റെയിലിന് ബദലായേക്കാമെന്നുമുള്ള ശശി തരൂരിന്റെ ട്വീറ്റിനുള്ള മറുപടിയായുള്ള റീട്വീറ്റിലാണ് അലോക് വർമ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്

നിലവിലുള്ള ട്രാക്ക് അപ്‌ഗ്രേഡ് ചെയ്താൽ വേഗം കൂട്ടാമെന്ന് റെയിൽവെ ബോർഡ് നേരത്തെ വിലയിരുത്തിയിരുന്നു.അത്യാധുനിക സൗകര്യങ്ങളുമായി വേഗത്തിൽ കുതിക്കുന്ന വന്ദേഭാരത് ട്രെയിനുകൾ കേരളത്തിനും കിട്ടുമെന്നാണ് പ്രതീക്ഷ. ബംഗളൂരു-എറണാകുളം, ഹൈദരാബാദ്-എറണാകുളം, ചെന്നൈ-എറണാകുളം, കണ്ണൂർ-തിരുവനന്തപുരം റൂട്ടുകളിലാണ് പ്രതീക്ഷിക്കുന്നത്. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് മംഗളൂരുവിലേക്കും വന്നേക്കാം.

130കിലോമീറ്റർ വേഗത്തിൽ ഓടിക്കുന്നതിന് പ്രധാന തടസ്സം ട്രാക്കുകളിലെ വളവുകളാണ്. ട്രാക്കിൽ 36ശതമാനം നിവർത്തിയെടുക്കണം. നഗരമദ്ധ്യത്തിലാണ് വളവുകളേറെയും. നിരവധി സ്റ്റേഷനുകൾ മാറ്റിസ്ഥാപിക്കേണ്ടിയുംവരും.മൂന്നുവർഷത്തിനകം 400 ട്രെയിനുകൾ ഓടിക്കുമെന്നാണ് പ്രഖ്യാപനം. ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി 75 ആഴ്ച കൊണ്ട് 75 വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. 300 നഗരങ്ങളെ വന്ദേഭാരത് ട്രെയിനുകളിലൂടെ ബന്ധിപ്പിക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രഖ്യാപനം.

160 കി.മീറ്റർ വേഗത്തിൽ പായുന്ന മൂന്നാം പാത

നിലവിലുള്ള ട്രെയിനുകളുടെ സ്പീഡ് ഇന്ത്യൻ റെയിൽവെ കൂട്ടിയാൽ കെ-റെയിൽ അപ്രസക്തം ആകില്ലേ എന്ന ചോദ്യം നേരത്തെ ഉയർന്നിരുന്നു. ഇതിന് കെ-റെയിൽ എം.ഡി.അജിത് കുമാർ വിയുടെ മറുപടി ഇങ്ങനെയാണ്.

'160 കിലോ മീറ്ററിൽ കൂടുതൽ വേഗത്തിൽ ട്രെയിനുകൾ ഇന്ത്യൻ റെയിൽവേയിൽ ബ്രോഡ്‌ഗേജ് പാതയിൽ ഓടുന്നില്ല. നിലവിൽ ഡൽഹി-ആഗ്ര സെക്ഷനിൽ 188 കിലോമീറ്റർ ദൂരംമാത്രമാണ് 160 കിലോമീറ്റർ വേഗത്തിൽ ഓടുന്നത്. മറ്റൊരു വസ്തുത, ഡൽഹി-മുംബൈ, ഡൽഹി-ഹൗറ എന്നീ രണ്ട് പാതകൾ മാത്രമാണ് 160 കിലോമീറ്റർ വേഗത്തിലേക്ക് ഉയർത്താൻ പദ്ധതിയുള്ളത്. മറ്റുള്ള ഗോൾഡൻ ക്വാഡ്രിലേറ്ററുകളിലെല്ലാം 130 കിലോമീറ്റർ വേഗത്തിലേക്കുമാത്രം ഉയർത്താനാണ് ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ട്രാക്കുകൾ ഇതിൽ ഉൾപ്പെടുന്നില്ല.'

കെ റെയിൽ പാതയേക്കാൾ സഞ്ചാരവേഗമുള്ള മൂന്നാം പാതയുമായി ദക്ഷിണ റെയിൽവേ രംഗത്തെത്തിയിരുന്നു. ആദ്യഘട്ടം എറണാകുളം-ഷൊർണൂർ റൂട്ടിൽ നിർമ്മിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. മണിക്കൂറിൽ 160 കി.മീ. വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന പാതയായിരിക്കും മൂന്നാം ലൈൻ.

പദ്ധതി 2024ൽ പൂർത്തിയാക്കാനാണ് തീരുമാനം. പദ്ധതിക്കായി 1500 കോടി രൂപ അനുവദിക്കുകയും ചെയ്തു. മൂന്നാം ലൈൻ സംസ്ഥാനമാകെ നടപ്പാക്കാനാണ് ലക്ഷ്യം. മൂന്നാം ലൈൻ കേരളാ സർക്കാർ കൊണ്ടുവരുന്ന കെ റെയിലിനേക്കാൾ വേഗത കൂടിയതായിരിക്കുമെന്നാണ് വാദം. ഇതോടെ കെ റെയിലിന് പ്രസക്തിയുണ്ടോ എന്ന ചോദ്യമുയർന്നിരുന്നു, കെ റെയിലിന്റെ പരമാവധി വേഗം മണിക്കൂറിൽ 200 കി.മീ. ആണെങ്കിലും ഓപ്പറേറ്റിങ് സ്പീഡ് 135 കി.മീ. മാത്രമാണെന്ന് പറയുന്നു. മൂന്നാം ലൈനിന്റെ ശരാശരി വേഗം ആകട്ടെ 160 കി.മീ.ആണ്.

ഒരു വർഷം മുമ്പ് മൂന്നാം ലൈൻ പദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും ഭൂമി ഏറ്റെടുക്കാനുള്ള കാലതാമസവും സാമ്പത്തിക ബാധ്യതയും കണക്കിലെടുത്ത് പദ്ധതി മരവിപ്പിക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു. ചരക്കുനീക്കവും മുന്നിൽ കണ്ടാണ് മൂന്നാം ലൈൻ പദ്ധതി കൊണ്ടുവരുന്നത്.

പദ്ധതിയുടെ ഭാഗമായി ഷൊർണൂർ യാർഡ് റീ മോഡലിങ്, പാലക്കാട് ഭാഗത്തേക്ക് പുതിയ ലൈനുകൾ, ഭാരതപ്പുഴക്ക് കുറുകെ പുതിയ പാലം, ഷൊർണൂരിൽ നിന്ന് പാലക്കാട്-കോയമ്പത്തൂരിലേക്ക് ആരംഭിക്കുന്ന ലൈനിന് പകരം വള്ളത്തോൾ നഗറിൽ നിന്ന് പുതിയ ലൈൻ എന്നിവ തുടങ്ങും.ഷൊർണൂർ യാർഡ് രണ്ടു ഗ്രിഡായി ഭാഗിച്ച് 1,2,3 ഭാഗങ്ങൾ പാലക്കാട്-കോഴിക്കോട് ട്രെയിനുകൾക്കും 4,5,6,7 ഗ്രിഡ് കോഴിക്കോട്-തൃശൂർ റൂട്ടിലെ ട്രെയിനുകൾക്കുമായി ഉപയോഗിക്കും. സിഗ്നൽ സംവിധാനത്തിന്റെ നവീകരണവും ഉണ്ടാകും.

ഭാവിയിൽ മൂന്നാം ലൈൻ കാസർഗോഡ് മുതൽ ഷൊർണൂർ വരെ നീട്ടാനും എറണാകുളത്തുനിന്ന് കോട്ടയം വഴി തിരുവനന്തപുരത്തേക്ക് നീട്ടാനും തീരുമാനമുണ്ട്. പദ്ധതി കൊണ്ടുവരുന്നതിലൂടെ ആരേയും കുടിയൊഴിപ്പിക്കില്ല എന്ന സവിശേഷതയുമുണ്ട്.

കെറെയിലിൽ ആകട്ടെ പുനരധിവാസത്തിന് 1730 കോടി രൂപയും, 4460 കോടി രൂപ വീടുകളുടെ നഷ്ടപരിഹാരത്തിനും നീക്കിവെക്കേണ്ടി വരും.63,941 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 56,881 കോടി രൂപ അഞ്ച് വർഷം കൊണ്ടാണ് ചെലവാക്കുന്നത്. തുക അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് കുറഞ്ഞ പലിശ നിരക്കിൽ വായ്പ സ്വീകരിക്കും. കേന്ദ്ര - സംസ്ഥാന വിഹിതങ്ങൾ ഇതിനകത്തുണ്ടാകും.

കെ-റെയിലിന് അനുമതി നിഷേധിച്ചിട്ടില്ലെന്ന് സംസ്ഥാനം

കെ റെയിലിന് അനുമതി നിഷേധിച്ചിട്ടില്ലെന്നും കെ റെയിലിന് അനുമതി നൽകില്ലെന്ന് കേന്ദ്രം മറുപടി നൽകിയിട്ടില്ലെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. കെ റെയിലിൽ വൈകിപ്പിക്കാനാണ് കേരളത്തിൽ നിന്നുള്ള ചിലരുടെ ശ്രമം. ഡിപിആറിൽ ചില കാര്യങ്ങൾ കൂട്ടി ചേർക്കണം എന്നാണ് കേന്ദ്രം പറഞ്ഞിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. അവയക്ക് കൃത്യമായി മറുപടി നൽകും. തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് പുറത്ത് വരുന്നത്. പദ്ധതിയുമായി മുന്നോട്ട് പോകും. പദ്ധതിക്ക് അനുമതി നിഷേധിച്ചിട്ടില്ല. പാർലമെന്റിലേത് സാധാരണ മറുപടി മാത്രമാണെന്നും ചില കാര്യങ്ങൾ ചോദിച്ചിട്ടുണ്ട് അതിന് മറുപടി നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകാമെന്ന് മന്ത്രി നിർമലാ സീതാരാമൻ നേരത്തെ തന്ന കത്തിൽ പറഞ്ഞിട്ടുണ്ട്. ആവശ്യമായ പഠനം നടന്നുകൊണ്ടിരിക്കയാണ്. പദ്ധതിക്ക് അനുമതി നൽകില്ല എന്ന മറുപടിയല്ല ഇന്ന് നൽകിയത്. ഡിപിആർ ദുർബലമായിരുന്നില്ലെന്നും മന്ത്രി കെ ൻെ ബാലഗോപാൽ കൂട്ടിച്ചേർത്തു.

ചില കാര്യങ്ങൾ കൂടി വേണമെന്നാണ് കേന്ദ്രം ആവശ്യപെട്ടത്. ജനങ്ങളോട് സർക്കാരിന് ഉത്തരവാദിത്തമുണ്ട്. അത് സർക്കാർ ഭംഗിയായി നിറവേറ്റും. ബിജെപിക്ക് ഇക്കാര്യത്തിൽ രാഷ്ടീയ ലക്ഷ്യം ഉണ്ട്. ആ രീതിയിൽ അവർ ഇടപെടും. പദ്ധതിക്ക് എതിരായ കാര്യങ്ങൾ ഒന്നും മറുപടിയിൽ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി