- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രോഡ്‌ഗേജ് പാതയിലൂടെ 160 കിലോമീറ്റർ വേഗത്തിൽ ഓടുന്ന വന്ദേഭാരത്; വേഗത 180 കിലോമീറ്ററാക്കാനുള്ള ഗവേഷണവും തുടരുന്നു; ചെലവില്ലാതെ വേഗത്തിലോടുന്ന ട്രെയിൻ കിട്ടുമ്പോൾ എന്തിന് സിൽവർ ലൈൻ? കെ റെയിലിൽ കേന്ദ്രത്തിന് ആശങ്ക ഏറെ; വന്ദേഭാരത് റെയിൽവേയുടെ സർജിക്കൽ സ്ട്രൈക്കാകുമ്പോൾ
തിരുവനന്തപുരം : നിലവിലുള്ള റെയിൽവേ ട്രാക്കുകളിലൂടെ 160കിലോമീറ്റർ വേഗത്തിലോടുന്ന വന്ദേഭാരത് ട്രെയിനുകൾ ഓടിക്കാനുള്ള നീക്കം കേരളത്തിലെ സിൽവർലൈൻ പദ്ധതിക്കുള്ള റെയിൽവേയുടെ സർജിക്കൽ സ്‌ട്രൈക്ക്.
സിൽവർലൈൻ പദ്ധതിക്ക് അന്തിമാനുമതിക്കായുള്ള അപേക്ഷ കേന്ദ്രസർക്കാരിന്റെ പരിഗണനയിലിരിക്കെയാണ് കേരളത്തിന് വന്ദേഭാരത് ട്രെയിനുകൾ അനുവദിച്ച് റെയിൽവേ മന്ത്രാലയംകേരളത്തെ ഞെട്ടിച്ചത് . സിൽവർ ലൈൻ പദ്ധതിക്ക് അനുമതിയും കേന്ദ്രവിഹിതവും നൽകുന്നതിനും പദ്ധതിക്കായി റെയിൽവേ ഭൂമി വിട്ടുനൽകുന്നതിനും റെയിൽവേ അനുകൂലമല്ല. പദ്ധതി ലാഭകരമാവില്ലെന്നും കെ-റെയിൽ പറയുന്നതു പോലെ പ്രതിദിനം 80000 യാത്രക്കാരുണ്ടാവില്ലെന്നും പദ്ധതി വന്നാൽ റെയിൽവേയുടെ നിലവിലുള്ള വരുമാനത്തെ ബാധിക്കുമെന്നും റെയിൽവേ ആശങ്ക അറിയിച്ചിട്ടുമുണ്ട്. ഇന്നത്തെ സിൽവർ ലൈൻ ജനകീയ സംവാദത്തിൽ എതിരാളികളുടെ പ്രധാന ആയുധവും ഇതാകും.
നിലവിലെ ബ്രോഡ്‌ഗേജ് പാതയിലൂടെ 160കിലോമീറ്റർ വേഗത്തിലോടിക്കാനാവുന്ന ട്രെയിനാണ് വന്ദേഭാരത്. വേഗത 180 കിലോമീറ്ററാക്കാനുള്ള ഗവേഷണങ്ങൾ പുരോഗമിക്കുന്നു. യാതൊരു അധികചെലവുമില്ലാതെ ഇത്രയും വേഗത്തിലോടുന്ന ട്രെയിൻ കിട്ടുമ്പോൾ എന്തിന് സിൽവർ ലൈനിനായി 69000കോടി മുടക്കണമെന്നാണ് ചോദ്യം. അടുത്ത വർഷം അവസാനത്തോടെ രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും വന്ദേഭാരത് ട്രെയിനുകളുണ്ടാകണമെന്നാണ് കേന്ദ്രസർക്കാർ തീരുമാനം. അതനുസരിച്ചാണ് കേരളത്തിലും ഇതുകൊണ്ടുവരാനുള്ള നീക്കം. സംസ്ഥാനത്തേക്ക് രണ്ട് ട്രെയിനുകളാണ് എത്തിക്കുക. ഇതോടെ വന്ദേഭാരതിന്റെ ഒരു സർവ്വീസ് സംസ്ഥാനത്ത് നടത്താനാകും. റൂട്ട്, റെയിൽവേയാർഡ്, തുടങ്ങിയ കാര്യങ്ങൾ തീരുമാനിച്ചിട്ടില്ല.
സാധാരണട്രെയിനുകളിൽ നിന്ന് വ്യത്യസ്തമാണ് വന്ദേഭാരത് ട്രെയിൻ.2018ൽ ചെന്നൈ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് രൂപകൽപ്പന ചെയ്തത്. തുടർന്ന് ലഖ്‌നൗയിലെ റെയിൽവേ ഡിസൈൻ സ്റ്റാൻഡാർഡ് ഓർഗനൈസേഷന്റെ അംഗീകാരം ലഭിച്ചു. ഇതിന് എൻജിനില്ല. കോച്ചുകൾക്ക് അടിയിൽ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോറുകളുടെ സഹായത്തിലാണ് ഇത് ഓടുന്നത്.മെട്രോട്രെയിനുകൾ ഈ രീതിയിലുള്ളതാണ്. 16കോച്ചുകളുള്ള ഒരുയൂണിറ്റാണ് ഓരോ വന്ദേഭാരത് ട്രെയിനും.പൂർണ്ണമായി എയർകണ്ടീഷൻചെയ്തതാണിത്.
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ മേധ എന്ന സ്വകാര്യകമ്പനിയാണിത് നിർമ്മിക്കുന്നത്.ചെന്നൈ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിക്ക് പുറമെ,റെയിൽവേയുടെ കപൂർത്തല റെയിൽ കോച്ച് ഫാക്ടറി, റായ്ബറേലി മോഡേൺ കോച്ച് ഫാക്ടറി എന്നിവിടങ്ങളിലും മേധകമ്പനി വന്ദേഭാരത് ട്രെയിൻ യൂണിറ്റുകൾ നിർമ്മിക്കും. വർഷത്തിൽ 88 യൂണിറ്റുകളുണ്ടാക്കും. 400 ട്രെയിനുകൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. ഒരു യൂണിറ്റിന് 97കോടിരൂപയാണ് നിർമ്മാണചെലവ്. ദക്ഷിണറെയിൽവേയ്ക്ക് 13യൂണിറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. അതിൽ രണ്ടെണ്ണമാണ് കേരളത്തിന് നൽകുന്നത്. ഏത് തരത്തിലുമുള്ള റെയിൽവേട്രാക്കിലൂടെ അതിവേഗത്തിൽ ഓടിക്കാൻ കഴിയുമെന്നതാണിതിന്റെ പ്രത്യേകത.
അത്യാധുനിക സൗകര്യങ്ങളുമായി 160കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന വന്ദേഭാരത് ട്രെയിനുകൾ കേരളത്തിനും കിട്ടുന്നതോടെ പിണറായി സർക്കാരിന്റെ സ്വപ്നപദ്ധതിയായ സിൽവർലൈൻ അപ്രസക്തമായി മാറും. മൂന്നുവർഷത്തിനകം 400ട്രെയിനുകൾ ഓടിക്കുമെന്നാണ് കേന്ദ്രബജറ്റിലെ പ്രഖ്യാപനം. ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി 75ആഴ്ച കൊണ്ട് 75വന്ദേഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രിയുടെ വാഗ്ദാനം. അങ്ങനെയെങ്കിൽ ചെന്നൈ, ഹൈദരാബാദ്, ബംഗളുരു നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് വന്ദേഭാരത് സർവീസുകൾക്ക് സാദ്ധ്യതയുണ്ട്. രാജ്യത്തെ 300നഗരങ്ങളെ വന്ദേഭാരത് ട്രെയിനുകളിലൂടെ ബന്ധിപ്പിക്കുമെന്ന പ്രഖ്യാപനവും കേന്ദ്രസർക്കാർ നടത്തിയിട്ടുണ്ട്. 500കിലോമീറ്റർ ദൈർഘ്യമുള്ള സർവീസുകൾക്കാണ് ചെയർകാർ മാത്രമുള്ള വന്ദേഭാരത് ഉപയോഗിക്കുന്നത്. 180കിലോമീറ്റർ വരെ വേഗത കൈവരിക്കാനാവുന്ന ട്രെയിനിന്റെ പ്രഖ്യാപിത വേഗത 160കിലോമീറ്ററാണ്. എന്നാൽ ഡൽഹി-വാരണാസി ട്രെയിനിന് 81കിലോമീറ്ററും ഡൽഹി-കത്ര ട്രെയിനിന് 94കിലോമീറ്ററുമാണ് ശരാശരി വേഗത.
എന്നാൽ വന്ദേഭാരത് ട്രെയിനിന് കേരളത്തിൽ വലിയ വേഗത്തിലോടാനാവില്ലെന്നാണ് കെ-റെയിൽ പറയുന്നത്. നിലവിലെ ട്രാക്കുകളിലെ വളവുകളിൽ കുരുങ്ങി ഇതിന്റെ പകുതി വേഗത്തിൽ പോലും ഓടാനാവില്ല. നിലവിലെ റെയിൽപാതയുടെ 36ശതമാനവും വളവുകളിലാണ്. ആകെ 626വളവുകളുണ്ട്. നഗരമദ്ധ്യത്തിലാണ് വളവുകളിലേറെയും. വേഗം കൂടണമെങ്കിൽ നിലവിലെ ട്രാക്കുകൾ പുതുക്കിപ്പണിയുകയും നിരവധി സ്റ്റേഷനുകൾ മാറ്റിസ്ഥാപിക്കേണ്ടിയും വേണ്ടിവരും. ഇതിന് പത്തു മുതൽ ഇരുപത് വർഷം വരെയെടുക്കാമെന്ന് കെ റെയിൽ പറയുന്നു. നിലവിൽ എറണാകുളം-ഷൊർണൂർ പാതയിൽ 80കിലോമീറ്ററും ഷൊർണൂർ-മംഗലാപുരം പാതയിൽ 110കിലോമീറ്ററുമാണ് ശരാശരി വേഗം. കേരളത്തിലെ ട്രാക്കുകളിൽ പരമാവധി അനുവദനീയമായ വേഗത 80മുതൽ 110 കിലോമീറ്ററാണ്. ജനശതാബ്ദി, രാജധാനി ട്രെയിനുകളെപ്പോലെ ഇതേ വേഗതയിലാവും കേരളത്തിലും വന്ദേഭാരത് ട്രെയിനുകളോടുക. ജനശതാബ്ദി, രാജധാനി ട്രെയിനുകളെപ്പോലെ മുൻഗണന നൽകി, മറ്റുചില ട്രെയിനുകൾ പിടിച്ചിട്ട് വന്ദേഭാരത് കടത്തിവിടേണ്ടിവരും.
സാധാരണ ട്രെയിനുകളിലേതുപോലെ വന്ദേഭാരതിൽ എൻജിൻ കോച്ചില്ല. പകരം ഒന്നിടവിട്ടുള്ള കോച്ചുകൾക്കടിയിൽ 250കിലോവാട്ട് ശേഷിയുള്ള നാല് ട്രാക്ഷൻ മോട്ടോറുകളാണുള്ളത്. മെട്രോയിലുള്ള ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റിന് സമാനമായ പ്രവർത്തനമാണിതിന്. ഇതിലൂടെ വേഗം കൈവരിക്കാനും നിറുത്താനും എളുപ്പമായതിനാൽ യാത്രയ്ക്ക് 10ശതമാനം സമയം കുറയും. പൂർണമായി ശീതീകരിച്ച ട്രെയിനുകളിൽ 16കോച്ചുകളുണ്ടാവും. രണ്ട് എക്‌സിക്യുട്ടീവ് കോച്ചുകളിൽ 52സീറ്റുകൾ വീതം. ഇതിന് നിരക്കുയരും. മറ്റു കോച്ചുകളിൽ 72സീറ്റുകളാണുള്ളത്. ഏറ്റവുമധികം യാത്രക്കാരും വരുമാനവുമുള്ളതിരുവനന്തപുരം-മംഗലാപുരം, തിരുവനന്തപുരം-എറണാകുളം, എറണാകുളം-ബംഗളുരു, ചെന്നൈ-എറണാകുളം, കണ്ണൂർ-തിരുവനന്തപുരം റൂട്ടുകളിൽ വന്ദേഭാരത് അനുവദിച്ചേക്കാനിടയുണ്ട്. ദക്ഷിണറെയിൽവേയിൽ ഏറ്റവുമധികം വരുമാനമുള്ള റൂട്ടുകളാണിത്.
കറങ്ങുന്ന സീറ്റുകളും മോഡുലർ ബയോ ടോയ്ലറ്റും വിശാലമായ ജനലുകളും സ്ലൈഡിങ് ഡോറുകളുമാണ് വന്ദേഭാരതിന്. മികച്ച സീറ്റുകൾ, ഇന്റീരിയറുകൾ, ഓട്ടോമാറ്രിക് ഡോറുകൾ എന്നിവയുണ്ട്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽപെടുത്തി തദ്ദേശീയമായി നിർമ്മിച്ചവയാണിവ. പുഷ്ബാക്ക് സംവിധാനമുള്‌ല സീറ്റുകൾ, ബാക്ടീരിയ രഹിതമായ എയർകണ്ടിഷനിങ്, കേന്ദ്രീകൃത കോച്ച് മോണിട്ടറിങ്, ഓരോ കോച്ചിലും നാല് എമർജൻസി വാതിലുകൾ. ബോഗിക്കടിയിലേക്ക് വെള്ളം കയറാത്ത ഡിസൈൻ, വൈദ്യുതിയില്ലെങ്കിലും കത്തുന്ന എമർജൻസി ലൈറ്റുകൾ, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം എന്നിവയുമുണ്ട്.