മലപ്പുറം: വിവരാവകാശപ്രകാരം രേഖ വഴി അഴിമതി തെളിയിക്കാൻ ശ്രമിച്ച ആം ആദ്മി നേതാക്കളെ സിപിഎം പഞ്ചായത്ത് പ്രസിഡന്റും പാർട്ടിഗുണ്ടകളും ചേർന്ന് മർദ്ദിച്ചതായി പരാതി. മലപ്പുറം വണ്ടൂർ മണ്ഡലം കൺവീനർ സവാദ് അലിപ്രയെയും മണ്ഡലം ട്രഷറർ അദീപിനെയുമാണ് മമ്പാട് ഗ്രാമപഞ്ചായത്ത് ഓഫീസ് കൊമ്പൗണ്ടിനുള്ളിൽ വളഞ്ഞിട്ട് തല്ലിയത്. അതിന് ശേഷം സ്വാധീനത്തിന്റെ ബലത്തിൽ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്ന് സിപിഎം വക കേസും. നിലമ്പൂർ പൊലീസ് സ്‌റ്റേഷനിൽ രണ്ടു പേരുടേയും പരാതികളുണ്ട്.

പുറത്തു വന്ന വീഡിയോയിയിൽ അവിടെ സംഭവിച്ചത് എന്താണെന്ന് വ്യക്തമാണ്. എന്നിട്ടും കൗണ്ടർ കേസിൽ ഇവരെ കുടുക്കാനാണ് സിപിഎം ശ്രമം. വിവരാവവകാശപ്രകാരമുള്ള രേഖകൾ ലഭിക്കുന്നതിനുള്ള അപേക്ഷ നൽകാൻ വേണ്ടിയാണ് സവാദ് അലിപ്രയും അദീപും പഞ്ചായത്ത് ഓഫീസിൽ എത്തിയത്. ഇരുവരെയും കണ്ടതോടെ പഞ്ചായത്ത് പ്രസിഡന്റ് സി. ശ്രീനിവാസൻ ഓടി വന്ന് സവാദ് അലിപ്രയെ ആക്രമിക്കുക ആയിരുന്നു .പ്രസിഡന്റിന് പിന്നാലെ എത്തിയ സ്റ്റാൻഡിഗ് കമ്മറ്റി ചെയർമാനും പഞ്ചായത്തിലെ യൂത്ത് കോർഡിനേറ്ററും മറ്റ് പാർട്ടി അനുഭാവികളും ചേർന്ന് സവാദ് അലിപ്രയെ മർദ്ദിച്ചു.

ഈ ദൃശ്യങ്ങൾ ഫോൺ ക്യാമറയിൽ പകർത്താൻ ശ്രമിച്ച അദീപിന്റെ ഫോൺ തട്ടിപ്പറിച്ചെടുക്കുകയും ശാരീരികമായി കയ്യേറ്റം ചെയ്യുകയും ആയിരുന്നു എന്ന് പരാതിയിൽ പറയുന്നു. വണ്ടൂർ ഭാഗത്തെ ആദ്യകാല സിപിഎം പ്രവർത്തകനും മുൻ എൽ. സി സെക്രട്ടറിയുമായിരുന്നു മർദ്ദനമേറ്റ സവാദ് അലിപ്ര. സിപിഎം ലെ അഴിമതികളെ തുടർന്നാണ് സിപിഎം ഉപേക്ഷിക്കുകയും ആം ആദ്മിയിൽ ചേരുകയും ചെയ്തു.

കഴിഞ്ഞ തവണ നടന്ന ഗ്രാമസഭയിൽ സഭകൂടാൻ ആവിശ്യമായ അംഗബലം ഇല്ലെന്നും പൊതുജനങ്ങളെ അറിയിക്കാതെയാണ് ഗ്രാമസഭ ചേരുന്നത് എന്നും അതിനാൽ ഗ്രാമസഭയ്ക്ക് നിയമപരമായ സാധ്യത ഇല്ലെന്ന് ആരോപിച്ച് സവാദിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി ഗ്രാമസഭ തടസപ്പെടുത്തിയിരുന്നു. ഗ്രാമസഭയിൽ ബഹളം ആയതിനേ തൂടർന്ന് പൊലീസ് എത്തി സഭ പിരിച്ച് വിടുകയായിരുന്നു. എന്നാൽ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് സമിതി ഗ്രാമസഭ നടന്നതായി പഞ്ചായത്ത് രേഖകളിൽ എഴുതി ചേർത്തു.

അഴിമതി നടത്താനാണ് ഈ വ്യാജരേഖകൾ ചമച്ചത് എന്ന് ആം.ആദ്മി പാർട്ടി ആരോപിക്കുന്നു. അനധികൃതമായി നടത്തിയ ഗ്രാമസഭയുടെ തീരുമാനങ്ങൾ വിവരാവകാശ നിയമപ്രകാരം എടുക്കുവാൻ വേണ്ടി സവാദ് അലിപ്ര അപേക്ഷ നൽകിയിരുന്നു. ഈ വിവരാവകാശ രേഖ വാങ്ങുവാനായി പഞ്ചായത്ത് ഓഫീസിലെക്ക് എത്തിയപ്പോഴാണ് ഗ്രാപഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള സിപിഎം പ്രവർത്തകർ സവാദിനെയും അദീപിനെയും മർദ്ദിച്ചത്. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ ആം ആദ്മി നേതാക്കൾ ആശുപത്രിയിൽ ചികിത്സയിലാണ്.

സിപിഎം പ്രവർത്തകരേയും പ്രസിഡന്റിനെയും മനപ്പൂർവ്വം പ്രകോപിക്കുക എന്ന ഉദ്ദേശത്തോടെയാണ് ആം ആദ്മി നേതാവ് ശ്രമിച്ചത്. പഞ്ചായത്ത് പ്രസിഡന്റിന്റെ മുഖത്ത് നോക്കി സവാദ് അലിപ്ര ജാതിപേര് വിളിച്ച് ആക്ഷേപിച്ചു. വഴക്കുണ്ടാക്കി വിഡിയോ എടുത്ത് പഞ്ചായത്ത് സമിതിയെ അവഹേളിക്കാനുള്ള നാടകമായിരുന്നു ആം ആദ്മിയുടെത് എന്ന് സിപിഎം ആരോപിച്ചു.