കൊല്ലം: ഏരൂർ പത്തടിയിൽ ഭർത്താവ് ഉപേക്ഷിച്ചു പോയ യുവതിക്കും കുട്ടികൾക്കും വീട്ടിലേക്കുള്ള വഴി തുറന്നു കിട്ടാനായി മുട്ടാത്ത വാതിലുകളും കയറി ഇറങ്ങാത്ത ഓഫീസുകളും ഇല്ല. അധികാരികൾക്കെല്ലാം മാറി മാറി പരാതികൾ നൽകിയെങ്കിലും നിരാശ തന്നെയായിരുന്നു ഈ കുടുംബത്തിന് ഫലമുണ്ടായത്. ശേഷം വനിത കമ്മീഷനംഗം ഷാഹിദ കമാൽ ഇടപെട്ടതോടെയാണ് ദീർഘനാളത്തെ പ്രശ്‌നത്തിന് പരിഹാരമായത്.

ഭർത്താവ് ഉപേക്ഷിച്ച് പോയ 32 വയസുകാരി സീനക്കും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ദീർഘനാള പ്രശ്‌നത്തിനാണ് പരിഹാരമായത്. കമ്മിഷൻ അംഗം ഷാഹിദാകമാൽ നേരിട്ടെത്തിയാണ് വീട്ടമ്മയ്ക്കും മക്കൾക്കും വഴി തുറന്നുകൊടുക്കാൻ സാഹചര്യമൊരുക്കിയത്. ഇതോടെ ഭാരതീപുരം പത്തടിയിൽ അയൽക്കാർക്കിടയിലെ ചേരിതിരിവിനും പരിഹാരമാകുകയായിരുന്നു.

നീണ്ട നാളായി വീട്ടിലേക്ക് പോകാൻ വഴിയില്ലാതെ ബുദ്ധിമുട്ടിലായിരുന്ന സീന പലരെയും പരാതിയുമായി സമീപിച്ചിരുന്നു. ഒടുവിൽ ജില്ലാ കളക്ടറിനോടും പരാതി ബോധിപ്പിച്ചു. കളക്ടർ സബ് കളക്ടറെ ചുമതലപ്പെടുത്തി. സബ് കളക്ടറിന്റെ ഇടപെടൽ പ്രശ്‌നം വഷളാക്കിയതല്ലാതെ പരിഹരിക്കാൻ കഴിഞ്ഞില്ലെന്ന ആക്ഷേപവുമുണ്ട്. ഒടുവിൽ ആത്മഹത്യ ഭീഷണിയുമായി പത്രസമ്മേളനം നടത്തേണ്ട അവസ്ഥയും സീനക്കുണ്ടായി. ഏറ്റവും അവസാനത്തെ ശ്രമം എന്ന നിലയിൽ നിരാശയോടെയാണ് വനിത കമ്മീഷനെയും സീന സമീപിച്ചത്.

ഏരൂർ പൊലീസ് സ്റ്റേഷനിൽ വിളിച്ച് ചേർത്ത ചർച്ചയിൽ ഷാഹിദാകമാൽ മുന്നോട്ടുവച്ച നിർദേശങ്ങൾ ഇരുകൂട്ടരും അംഗീകരിക്കുകയായിരുന്നു. ഏരൂർ വില്ലേജ് അസിസ്റ്റന്റിന്റെ മേൽനോട്ടത്തിൽ വഴി അളന്നു തിട്ടപ്പെടുത്തി. അയൽക്കാരിയുടെ വസ്തുവിന്റെ കുറുകെയുണ്ടായിരുന്ന മതിൽ പൊളിച്ച് വഴി സുഗമമാക്കുകയും ചെയ്തു. സീനയും അയൽക്കാരും വഴിക്കായി സ്ഥലം ഭാഗിച്ചുനൽകി. നിയമത്തിനുമപ്പുറം വീട്ടുവീഴ്ചയുടെ പാതയിലേക്ക് കക്ഷികളെ കൊണ്ടുവന്നതോടെയാണ് പരിഹാരത്തിന് വഴിതെളിഞ്ഞതെന്ന് ഷാഹിദ മറുനാടനോട് പറഞ്ഞു.

സീനയുടെ വീട്ടിലേക്കുള്ള വഴിയിലെ ഓട സ്ലാബ് നിർമ്മിച്ച് സുരക്ഷിതമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ചർച്ചയിൽ ഉറപ്പു നൽകി. ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസുകൾ ബന്ധപ്പെട്ട കക്ഷികൾ പിൻവലിക്കുമെന്ന് ധാരണയായതോടെ എല്ലാവർക്കും ആശ്വാസം. ഒപ്പം ദീർഘനാളായ തന്റെ കുടുംബം നേരിട്ട നലിയ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കി നൽകിയ കമ്മീഷനംഗം ഷാഹിദ കമാലിന് സീനയുടെ നന്ദിയും.