തിരുവനന്തപുരം: കേരളത്തിലെ ചാനലുകളുടെ മറവിൽ റിയാലിറ്റി ഷോകളുടെ പേരിൽ നടന്ന തട്ടിപ്പുകളെ കുറിച്ചുള്ള വാർത്തകൾ പുറത്തുവരുന്നത് ഇതാദ്യമായല്ല. ഏഷ്യാനെറ്റിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയിരുന്ന ഐഡിയ സ്റ്റാർ സിംഗർ വിജയി ജോബി ജോണിന് ഫ്‌ലാറ്റ് നൽകാതെ വഞ്ചിച്ച കഥ പുറത്തുകൊണ്ടുവന്നത് മറുനാടൻ മലയാളിയായിരുന്നു. കൂടാതെ അന്ധഗായകരുടെ പേരിൽ വില്ല നൽകാമെന്ന് പറഞ്ഞ് കൈരളി ടിവി പറ്റിച്ച വാർത്തയും പുറത്തായി. ഇപ്പോഴിതാ റിയാലിറ്റി ഷോയുടെ പേരിൽ നടന്ന മറ്റൊരു തട്ടിപ്പു വാർത്ത കൂടി പുറത്തുവരുന്നു. ഇത്തവണ വിവാദത്തിൽ ആയിരിക്കുന്നത് മാതാ അമൃതാനന്ദമയിയുടെ അമൃത ടിവിയാണ്.

റിയാലിറ്റി ഷോ വിജയിക്ക് വാഗ്ദാനം ചെയ്ത ഫ്‌ലാറ്റ് നൽകാതെ കബളിപ്പിച്ചുവെന്നാണ് പരാതി. അമൃതയിലെ ജനപ്രിയ റിയാലിറ്റി ഷോകളിൽ ഒന്നായ വനിതാ രത്‌നത്തിലെ വിജയിയാണ് പരാതിയുമായി രംഗത്തെത്തിയത്. 2013ൽ വനിതകൾക്കായി അമൃതാ ചാനൽ നടത്തിയ റിയാലിറ്റി ഷോയുടെ വിജയി റ്റിനോ റ്റീനയാണ് ഫ്‌ലാറ്റ് നൽകാതെ തന്നെ കബളിപ്പിച്ചു എന്ന പേരിൽ മ്യൂസിയം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്.

ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയുടെ ഫ്‌ലാറ്റ് നൽകാമെന്ന് പറഞ്ഞു കബളിപ്പിച്ച ചാനലിനെതിരെയും അത് സ്‌പോൺസർ ചെയ്ത ശിവജി ബിൽഡർക്കെതിരെയുമാണ് റ്റിനോ പരാതി നൽകിയിരിക്കുന്നത്. മത്സരം കഴിഞ്ഞ സമയത്ത് മത്സര വിജയിക്ക് 70 ലക്ഷം രൂപയുടെ ഫ്ളാറ്റ് നൽകാമെന്ന് പറഞ്ഞ് എട്ടു ലക്ഷം രൂപ നികുതിയായി വാങ്ങിയെന്നും പിന്നീട് സമ്മാന നികുതി ഇനത്തിൽ ഇരുപത്തി രണ്ടു ലക്ഷം രൂപ കൂടി ആവശ്യപ്പെടുകയായിരുന്നുവെന്നും റ്റിനോ നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ ഫ്ളാറ്റ് കിട്ടിയ ശേഷം ബാക്കി തുക നൽകാം എന്ന് പരാതിക്കാരി പറഞ്ഞതിനെ തുടർന്നാണ് ഫ്‌ലാറ്റിനെ സംബന്ധിച്ച തർക്കം ശക്തമായത്. ഇതോടെയാണ് വിഷയം പൊലീസിന്റെ മുന്നിലും എത്തിയിരിക്കുന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഐ പി സി 420,406,342 പ്രകാരം കേസ് എടുത്തിട്ടുണ്ട്. വനിതാരത്‌നത്തിന്റെ ഗ്രാന്റെ് ഫിനാലയിൽ ശശിതരൂരും, ശിവജി ബിൽഡേർസ്സ് ഉടമ ശിവജി ജഗനാഥൻ, സിനിമാതാരം ലെന തുടങ്ങിയവർ ചേർന്നാണ് വിജയിക്ക് സമ്മാനം വിതരണം നടത്തിയത്.