കുവൈറ്റ് സിറ്റി: കുവൈറ്റ് മലയാളി സമൂഹത്തിലെ പ്രമുഖ മതേതര കൂട്ടായ്മയായ വനിതാവേദി കുവൈറ്റിന്റെ 15 മത് വാർഷിക സമ്മേളനം മംഗഫ് കല ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സമ്മേളനം ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ അമ്മാൻ ബ്രാഞ്ച് പ്രിൻസിപ്പാൾ രാജേഷ് നായർ ഉദ്ഘാടനം ചെയ്തു. ഒന്നും ഒന്നിനും തടസ്സമാകാതെ പാവപ്പെട്ടവന്മാരുടെ കണ്ണീരൊപ്പാൻ വനിതാവേദി നടത്തുന്ന പ്രവർത്തനങ്ങൾ ഇതര സംഘടനകൾക്ക് മാതൃകയാക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അനീതിയെ ചോദ്യം ചെയ്യാനുള്ള കഴിവ് സ്ത്രീക്ക് ഉണ്ടെന്ന് കെ.ആർ. മീരയുടെ 'ആരാച്ചാർ' എന്ന നോവലിനെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം സദസ്സിനെ ഓർമ്മിപ്പിച്ചു.

ഡോളി പ്രകാശ്, നിമിഷ രാജേഷ് എന്നിവരടങ്ങിയ പ്രസീഡിയത്തിൽ ചേർന്ന സമ്മേളനം മൺമറഞ്ഞ പ്രമുഖ സാംസ്‌കാരിക നായകന്മാരെ അനുസ്മരിച്ചു. പ്രമേയങ്ങൾ രമ അജിത്ത്, സിന്ധു സുരേന്ദ്രൻ എന്നിവർ അവതരിപ്പിച്ചു. നിധി സുരേഷ് (എൻ.എസ്.എസ്), ഷഹീന (ഐവ), മിനി കിഷോർ (സാരഥി), സി.കെ. നൗഷാദ് (കല) എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വനിതാവേദി സെക്രട്ടറി ശുഭ ഷൈൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ വത്സമ്മ ജോർജ്ജ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ലൂസി തോമസ്, ബിന്ദു സജീവ്, പ്രസന്ന രാമഭദ്രൻ, വത്സ സാം, സുമതി ബാബു, ഷെറിൻ ഷാജു എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.

ശാന്ത ആർ. നായർ (പ്രസിഡന്റ്), ടോളി പ്രകാശ് (ജനറൽ സെക്രട്ടറി), ബിന്ദു ദിലീപ് (ട്രഷറർ), ഷെറിൻ ഷാജു (വൈസ് പ്രസിഡന്റ്), ലിജി സാന്റോ (ജോയിന്റ് കൺവീനർ) എന്നിവരടങ്ങിന്ന 21 അംഗ കേന്ദ്ര സമിതിയെ പുതിയ വർഷത്തെ ഭാരവാഹികളായി തിരഞ്ഞെടുത്തു. ലൂസി തോമസ് കടവിൽ, രശ്മി സുരേഷ് എന്നിവരാണ് ഓഡിറ്റർമാർ. രണ്ട് വർഷമാണ് വനിതാവേദി ഭാരവാഹികളുടെ കാലാവധി.



നിലവിലുള്ള ഇന്ത്യൻ കുടിയേറ്റ നിയമം പരിഷ്‌കരിക്കുക, ഗൾഫ് മേഖലയിൽ എണ്ണ വിലയിടിവ് ഉണ്ടാക്കുന്ന ആശങ്കകൾ പരിഹരിക്കുക, സ്ത്രീ തൊഴിലാളികൾക്കുമേൽ ഇന്ത്യയിൽ നടക്കുന്ന വിവേചനങ്ങൾ അവസാനിപ്പിക്കുക, വനിതാ മാദ്ധ്യമ പ്രവർത്തകർക്കും സാംസ്‌കാരിക പ്രവർത്തകർക്കും മേൽ കേരളത്തിലടക്കം നടക്കുന്ന ഫാസിസ്റ്റ് ഭീഷണികൾ ചെറുത്തു തോൽപ്പിക്കുക എന്നിങ്ങനെ സമകാലിക പ്രസക്തമായ വിവിധ പ്രമേയങ്ങളിലൂടെ സമ്മേളനം കേന്ദ്രകേരള ഗവൺമെന്റുകളോടഭ്യർത്ഥിച്ചു. പ്രമേയങ്ങൾ സിന്ധു സുരേന്ദ്രൻ, ശോഭ സുരേഷ്, പ്രസന്ന രാമഭദ്രൻ എന്നിവർ അവതരിപ്പിച്ചു. മലയാളി സ്ത്രീകൾക്കിടയിലെ സംഘബോധവും സാമൂഹ്യ പ്രതിബദ്ധതയും പ്രതിഫലിക്കുന്നതായി വാർഷിക ജനറൽ ബോഡിയിൽ ഉയർന്ന ചർച്ചകളും തീരുമാനങ്ങളും.

ശാന്ത ആർ. നായർ, സുമിത, ആശ ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന കവിതാലാപനങ്ങൾ സമ്മേളനത്തെ സചേതനമാക്കി. സമ്മേളനത്തിനെത്തിയവർക്ക് ഷാർലറ്റ് ആൽബർട്ട് സ്വാഗതവും ടോളി പ്രകാശ് നന്ദിയും രേഖപ്പെടുത്തി.

വനിതാവേദിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ താല്പര്യമുള്ളവർക്ക് 99013640, 97962581, 66617454 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.