കൊച്ചി; പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തുന്നതിനു പകരം പ്രധാന സാക്ഷിയെ വിളിച്ചുവരുത്തി പൊലീസ് കസ്റ്റഡിയിൽ പ്രതികളെ കാണിച്ചത് തന്ത്രമായിരുന്നു. അതിനിടെ ശ്രീജിത്തിനു മർദനമേറ്റതു വരാപ്പുഴ പൊലീസിന്റെ കസ്റ്റഡിയിലെന്നു സൂചന നൽകി റൂറൽ ടൈഗർ ഫോഴ്‌സിലെ പൊലീസുകാർ മൊഴി നൽകി. തങ്ങൾ ശ്രീജിത്തിനെ പിടികൂടി കൈമാറുമ്പോൾ ശ്രീജിത്തിന് അവശതയോ ദേഹത്തു പരുക്കോ ഉണ്ടായിരുന്നില്ലെന്നു പൊലീസുകാർ പ്രത്യേകാന്വേഷണ സംഘത്തിനു മൊഴി നൽകി. ശ്രീജിത്തിനെ വീട്ടിൽനിന്നു പിടികൂടിയ ആർടിഎഫ് അംഗങ്ങളായ സന്തോഷ്‌കുമാർ, സുമേഷ്, ജിതിൻരാജ് എന്നിവരെയാണു ചോദ്യംചെയ്തത്. മൂവരും സസ്‌പെൻഷനിലാണ്. ഇവരുടെ മൊഴി ലോക്കൽ പൊലീസിനേയും കുടുക്കും. കേസിൽ കൊലക്കുറ്റമാക്കി അന്വേഷണ സംഘം കോടതിക്കു റിപ്പോർട്ടു നൽകി. അതേസമയം, കേസിൽ ആരെയും ഇതുവരെ പ്രതി ചേർത്തിട്ടില്ല. മർദിച്ചത് ആരെന്നു കണ്ടെത്താൻ കൂടുതൽ പരിശോധനകൾ നടത്തുന്നതിനാണു നീക്കം. ഇതിനായി ശ്രീജിത്തിനൊപ്പം അറസ്റ്റിലായവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

റൂറൽ എസ്‌പി എ.വി.ജോർജിന്റെയും വടക്കൻ പറവൂർ സിഐ ക്രിസ്പിൻ സാമിന്റെയും നിർദ്ദേശപ്രകാരമാണു പ്രതികളെ പിടികൂടിയത്. മഫ്തിയിൽ പോകാൻ നിർദ്ദേശിച്ചതും മേലുദ്യോഗസ്ഥരാണ്. പ്രതികളുടെ വീടു കാണിച്ചുതരാനും ആളുകളെ ഏർപ്പാടാക്കിയെന്നും മൊഴിയിലുണ്ട്. ഇതോടെ റൂറൽ എസ് പിയേയും കേസിൽ പ്രതിയാക്കേണ്ട സാഹചര്യമുണ്ട്. വ്യാഴാഴ്ച രാത്രിയാണു ചോദ്യംചെയ്യാൻ പൊലീസുകാരെ ഐജി: എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘം വിളിച്ചുവരുത്തിയത്. ഇന്നലെ രാത്രി ഏഴരയോടെ വിട്ടയച്ചു. ഇന്നും ചോദ്യംചെയ്യലിനു ഹാജരാകാൻ നിർദ്ദേശമുണ്ട്.

ശ്രീജിത്തിന്റെ പേര് എങ്ങനെയെങ്കിലും പ്രതിപ്പട്ടികയിൽ കയറ്റുകയെന്നതായിരുന്നു ലക്ഷ്യം ലോക്കൽ പൊലീസിന് ഉണ്ടായിരുന്നു. ശ്രീജിത്തിന്റെ മരണം ആസന്നമായെന്ന തിരിച്ചറിവായിരുന്നു ഇതിന് കാരണം. ശ്രീജിത്ത് ഉൾപ്പെടെയുള്ളവരെ പിടികൂടാൻ റൂറൽ ടൈഗർ ഫോഴ്‌സിനെ നിയോഗിച്ചതു മുതൽ പൊലീസിനു പിഴച്ചു. രാത്രി വീട്ടിലെത്തി ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതു മഫ്തിയിൽ മൂന്നു സിവിൽ പൊലീസ് ഓഫിസർമാർ. അന്വേഷണ ഉദ്യോഗസ്ഥനായ വടക്കൻ പറവൂർ സിഐയാണ്, ശ്രീജിത്ത് പ്രതിയാണെങ്കിൽ അറസ്റ്റ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ, പിടികൂടിയപ്പോൾ എസ്‌ഐയുടെ പോലും സാന്നിധ്യമുണ്ടായിരുന്നില്ല. കസ്റ്റഡിയിൽ എടുത്തയുടൻ വൈദ്യപരിശോധന നടത്താതിരുന്നതും പിഴവാണ്.

അവധി കഴിഞ്ഞ് ഏഴിനു രാവിലെ ഡ്യൂട്ടിക്ക് എത്തേണ്ട എസ്‌ഐ: ജി.എസ്. ദീപക് തലേന്നു രാത്രിതന്നെ സ്റ്റേഷനിലെത്തി പ്രതികളെ ചോദ്യം ചെയ്തു. അസഹ്യമായ വയറുവേദനയുണ്ടെന്നു പരാതിപ്പെട്ട ശ്രീജിത്തിനെ പരിശോധനയ്ക്ക് എത്തിച്ചതു സമീപത്തെ സ്വകാര്യ ക്ലിനിക്കിലായിരുന്നു. അടുത്ത് സർക്കാർ ആശുപത്രിയുള്ളപ്പോഴായിരുന്നു ഇത്. സ്വകാര്യ ക്ലിനിക്കിൽ ഒരു പരിശോധനയും നടത്താതെ വയറുവേദനയ്ക്കുള്ള മരുന്നുമാത്രം നൽകി. ഇതിനുശേഷം ഗൃഹനാഥൻ വാസുദേവൻ ആത്മഹത്യ ചെയ്ത കേസിലെ പ്രധാന സാക്ഷിയും വാസുദേവന്റെ മകനുമായ വിനീഷിനെ വിളിച്ചുവരുത്തിയശേഷം ശ്രീജിത്തിനെ മുന്നിൽ നിർത്തി രണ്ടാമതു മൊഴിയെടുത്തു. കസ്റ്റഡിയിലുള്ള പ്രതികളെ കണ്ടശേഷം ശ്രീജിത്ത് ഉൾപ്പെടെയുള്ളവരുടെ പേര് വിനീഷ് പറഞ്ഞുവെന്നാണ് ഇതിലുള്ളത്. ഇത് ശ്രീജിത്ത് പ്രതിയാണെന്ന് വരുത്താനുള്ള തന്ത്രമായിരുന്നു ഇത്.

പരിചയമുള്ള ആറു പ്രതികളുടെ പേരും കണ്ടാലറിയാവുന്ന എട്ടുപേരെക്കുറിച്ചുമായിരുന്നു വിനീഷിന്റെ ആദ്യമൊഴി. കണ്ടാലറിയാവുന്ന എട്ടുപേരെ മജിസ്‌ട്രേട്ടിന്റെ സാന്നിധ്യത്തിലുള്ള തിരിച്ചറിയൽ പരേഡിലൂടെ സാക്ഷി തിരിച്ചറിയണമെന്നാണു ചട്ടം. പ്രതികളെ കോടതിയിൽ ഹാജരാക്കുന്നതിനു മുൻപുള്ള വൈദ്യപരിശോധന ആലുവ താലൂക്ക് ആശുപത്രിയിൽ നടത്തിയപ്പോഴും ശ്രീജിത്തിന്റെ അസുഖം പൊലീസ് മറച്ചുവച്ചു. ശ്രീജിത്തിനെ കൃത്യസമയത്തു കോടതിയിൽ ഹാജരാക്കിയിരുന്നെങ്കിൽ തന്റെ രോഗാവസ്ഥയെക്കുറിച്ച് മജിസ്‌ട്രേട്ടിനെ അറിയിച്ചു വിദഗ്ധ ചികിൽസ തേടാമായിരുന്നു.

ദേഹത്തു 18 പരുക്ക്, ചെറുകുടൽ മുറിഞ്ഞു വിട്ടുപോകാറായ നിലയിൽ, ദേഹമാകെ ചതവ്, അടിവയറ്റിൽ ശക്തിയായ ക്ഷതം, ജനനേന്ദ്രിയത്തിൽ പരുക്ക് എന്നിവയാണു ശ്രീജിത്തിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇതിനിടെ, കേസിൽ സാധാരണക്കാരായ പൊലീസുകാരെ ബലിയാടാക്കുകയാണെന്നും ഇവർ നിരപരാധികളാണെന്നും മൂന്നുപേരുടെയും ബന്ധുക്കൾ ആലുവ പൊലീസ് ക്ലബ്ബിനു പുറത്തു മാധ്യമപ്രവർത്തകരോടു പറഞ്ഞു.

മൽസ്യത്തൊഴിലാളിയായ വരാപ്പുഴ ദേവസ്വംപാടം കുളമ്പുകണ്ടം വീട്ടിൽ വാസുദേവന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണു ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ശ്രീജിത്തടക്കം 10 പേരെയാണു കസ്റ്റഡിയിലെടുത്തിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ പൊലീസ് ക്രൂരമായി മർദിച്ചുവെന്നും വെള്ളം പോലും നൽകിയില്ലെന്നും ആരോപണമുണ്ട്. അടിവയറ്റിൽ വേദന അനുഭവപ്പെട്ട ശ്രീജിത്തിനെ ഞായറാഴ്ച പുലർച്ചെയാണ് പൊലീസ് ആശുപത്രിയിലെത്തിക്കുന്നത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ശ്രീജിത്ത് തിങ്കളാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നു.