കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്തിന്റെ കൊലപാതകത്തിൽ റൂറൽ എസ്‌പി എ വി ജോർജിന്റെ ടൈഗർ ഫോഴ്‌സിൽ അംഗങ്ങളായിരുന്ന മൂന്ന് പൊലീസുകാരെ അറസ്റ്റുചെയ്യുമ്പോഴും ഇവരെ ഈ ദൗത്യമേൽപിച്ച് വിട്ടത് ആരെന്നും ആ മേലുദ്യോഗസ്ഥന് എതിരെ നടപടി ഇല്ലാത്തത് എന്തെന്നുമുള്ള ചോദ്യമുയരുന്നു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാൻ ചുമതലപ്പെടുത്തിയവരും പ്രതിസ്ഥാനത്തുവരുമെന്ന സൂചനയാണ് അന്വേഷണ സംഘത്തിൽ നിന്ന് ലഭിക്കുന്നത്.

തന്റെ സ്‌ക്വാഡിലെ അംഗങ്ങളെ വരാപ്പുഴയ്ക്ക് അയച്ചതു ലോക്കൽ പൊലീസിനെ ക്രമസമാധാന പാലനത്തിൽ സഹായിക്കാനായിരുന്നു എന്നും വാസുദേവന്റെ അറസ്റ്റിനുശേഷം അവിടെ പ്രശ്‌നങ്ങളുള്ളതായി വിവരം ലഭിച്ചിരുന്നുവെന്നുമാണ് ശ്രീജിത്ത് വധം അന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘത്തെ റൂറൽ എസ്‌പി അറിയിച്ചത്. എന്നാൽ ഇതിൽ ഫോൺ സന്ദേശങ്ങളുൾപ്പെടെ പരിശോധിച്ചാവും ക്രൈംബ്രാഞ്ച് സംഘം അന്തിമ നിഗമനത്തിൽ എത്തുക. വീടാക്രമണത്തെ തുടർന്ന് വാസുദേവൻ ആത്മഹത്യചെയ്തതോടെ സംഭവത്തിൽ പ്രതികളെ എത്രയും വേഗം അറസ്റ്റുചെയ്യാൻ സിപിഎം സമ്മർദ്ദമുണ്ടായിരുന്നു എന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. ഇതോടെയാണ് വീടുകൾ അരിച്ചുപെറുക്കി പ്രതികളെന്ന് കരുതുന്നവരെ മുഴുവൻ കസ്റ്റഡിയിലെടുക്കാൻ പൊലീസ് നീങ്ങുന്നത്. ആർടിഎഫ് അംഗങ്ങളെ ഉൾപ്പെടെ ഇതിന് ചുമതലപ്പെടുത്തി വിട്ടതോടെ അവർ ശ്രീജിത്തിനെയും സഹോദരൻ സജിത്തിനെയും ഉൾപ്പെടെ രാത്രിതന്നെ വീടുകയറി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സിപിഎംകാരന്റെ വീടാണ് ആക്രമിക്കപ്പെട്ടതെന്നും പ്രതികൾ ബിജെപിക്കാരാണെന്നും ഉള്ള ധാരണയിൽ കടുത്ത നടപടികൾക്ക് ഉന്നതങ്ങളിൽ നിന്ന് നിർദ്ദേശം വന്നതായി പൊലീസുകാർ തന്നെ സമ്മതിക്കുന്നു. തങ്ങൾ കേസിൽ പ്രതികളെല്ലെന്നാണ് ഇപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ട ആർടിഎഫ് അംഗങ്ങൾ പറയുന്നത്. കസ്റ്റഡിയിലെടുത്ത് ജീപ്പിൽ കയറ്റി വിട്ടുവെന്നേയുള്ളൂവെന്നും നുണപരിശോധനയ്ക്ക് വരെ തയ്യാറാണെന്നും ഇവർ പറയുന്നു. ലോക്കൽ പൊലീസിനെ സഹായിക്കാനല്ലാതെ, വേഷം മാറാനോ പ്രതികളെന്നു പറയുന്നവരെ പിടിക്കാനോ നിർദ്ദേശിച്ചിരുന്നില്ലെന്നാണ് റൂറൽ എസ്‌പിയുടേയും എസ്‌പിയുടെ വിശദീകരണം. പ്രതികളെ ഉടൻ പിടികൂടണമെന്ന് പറവൂർ സിഐ ആണ് നിർദ്ദേശം നൽകിയതെന്നാണ് ആർടിഎഫുകാർ പറയുന്നത്.

എന്നാൽ, വാസുദേവന്റെ ആത്മഹത്യയ്ക്കുശേഷമുള്ള ക്രമസമാധാന പ്രശ്‌നങ്ങൾ നേരിടാൻ വടക്കൻ പറവൂർ, വടക്കേക്കര സിഐമാർ രംഗത്തിറങ്ങിയത് എസ്‌പിയുടെ നിർദ്ദേശപ്രകാരമാണെന്ന മൊഴിയാണു പ്രത്യേകാന്വേഷണ സംഘത്തിനു ലഭിച്ചത്. എസ്‌പിയുടെ സ്്ക്വാഡിൽനിന്നുൾപ്പെടെ പുറത്തുനിന്നുള്ള ആരെയെങ്കിലും വരാപ്പുഴയ്ക്ക് അയയ്ക്കണമെന്നു ലോക്കൽ പൊലീസ് ശുപാർശ ചെയ്തിട്ടില്ലെന്ന മൊഴിയുമുണ്ട്. സ്ഥിരം വേഷമായ കറുപ്പു പാന്റ്‌സും ഷർട്ടും ധരിച്ചാണു സ്‌ക്വാഡ് അംഗങ്ങൾ എത്തിയത്. ക്രമസമാധാന പാലനത്തിനാണ് ഇവർ എത്തിയതെങ്കിൽ എന്തുകൊണ്ട് പൊലീസ് യൂണിഫോമിൽ വന്നില്ലെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

ആർടിഎഫുകാർ ഇത്തരത്തിൽ പരാതി ഉന്നയിച്ച സാഹചര്യത്തിൽ ഇക്കാര്യവും അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ തീരുമാനം. റൂറൽ എസ്‌പിയുടെ നിർദ്ദേശപ്രകാരമാണ് ആർടിഎഫുകാർ സ്ഥലത്ത് എത്തിയതെന്നും പ്രതികളെ പിടിക്കാൻ പ്രാദേശിക സഹായം കിട്ടുമെന്ന് പറവൂർ സിഐ പറഞ്ഞതായുമാണ് ആർടിഎഫുകാർ വെളിപ്പെടുത്തുന്നത്. കസ്റ്റഡിമരണം കൊലപാതകമാണെന്ന് വ്യക്തമായതിന് പിന്നാലെ റൂറൽ എസ്‌പിയുടെ കീഴിലുള്ള ടൈഗർഫോഴ്‌സ് പിരിച്ചുവിടുകയും ചെയ്തിരുന്നു.