കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണകേസിൽ അറസ്റ്റിലായ ആർ.ടി.എഫ്.ഉദ്യോഗസ്ഥരുടെ നിർണായക വെളിപ്പെടുത്തൽ. കേസിൽ തങ്ങളെ ബലിയാടാക്കുന്നുവെന്നും വ്യക്തമായ ഗൂഢാലോചന നടക്കുന്നുവെന്നും അറസ്റ്റിലായ റൂറൽ ടൈഗർ ഫോഴ്സ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യം വാട്‌സ് ആപ്പിലൂടെ ഡിജിപിക്കാണ് അയച്ചു കൊടുത്തത്ു. സന്തോഷ് കുമാർ, ജിതിൻ രാജ്, സുമേഷ് എന്നീ ആർ.ടി.എഫ് ഉദ്യോഗസ്ഥരുടേതാണ് പൊലീസിനെതിരെ ഗുരതരമായ ആരോപണങ്ങൾ ഉന്നയിക്കുന്ന വീഡിയോ. റൂറൽ എസ് പി എവി ജോർജിനെതിരെയാണ് ആരോപണങ്ങൾ വിരൽ ചൂണ്ടുന്നത്. ഈ സാഹചര്യത്തിൽ റൂറൽ എസ്‌പി: എ.വി. ജോർജിനെ പ്രത്യേകസംഘം ഇന്നു ചോദ്യം ചെയ്തേക്കും. അന്വേഷണസംഘത്തലവൻ ഐ.ജി: എസ്.ശ്രീജിത്ത് ഡി.ജി.പി: ലോക്നാഥ് ബഹ്റയുടെ അനുമതിതേടിയിട്ടുണ്ട്.

ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത വിവരവും മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലും എസ്‌പിയെ അറിയിച്ചിരുന്നതായി അറസ്റ്റിലായ പൊലീസുകാർ ക്രൈം ബ്രാഞ്ച് പ്രത്യേകസംഘത്തെ അറിയിച്ചതായാണ് വിവരം. കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചിരുന്നതെങ്കിൽ ശ്രീജിത്തിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നു മെഡിക്കൽ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അടിവയറ്റിൽ മാരകക്ഷതമാണ് ശ്രീജിത്തിനേറ്റത്. ഇത്തരത്തിൽ ക്ഷതമേറ്റാൽ ആറുമണിക്കൂർ വരെയേ പിടിച്ചുനിൽക്കാനാവു എന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അടിവയറ്റിലേറ്റ ആഘാതമാണു മരണകാരണമെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു. ആഘാതം ഇടിയോ ചവിട്ടോ മൂലമാകാം. ഇരുമ്പു വടി പോലുള്ള വസ്തുക്കൾക്കൊണ്ടും മർദിച്ചിട്ടുള്ളതായി ബോർഡിന്റെ റിപ്പോർട്ടിൽ പറയുന്നു. ശ്രീജിത്തിന്റെ കാലിലെ പേശികൾക്കേറ്റ ക്ഷതം ഉരുട്ടിയതു മൂലമാണെന്ന സംശയം ഉയർന്നിരുന്നു.

അതിനിടെ വരാപ്പുഴ കസ്റ്റഡിമരണത്തിൽ അറസ്റ്റിലായ പൊലീസുകാർ മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും നൽകാനായി ദൃശ്യങ്ങൾ ചിത്രീകരിച്ചതും അയച്ചതും കസ്റ്റഡിയിൽ കഴിയുമ്പോൾ എന്നത് പുതിയ വിവാദങ്ങൾക്കും തുടക്കമിടുന്നു. ആലുവ പൊലീസ് ക്ലബ്ബിൽ ഒരുദിവസം നീണ്ട ചോദ്യംചെയ്യലിനൊടുവിൽ ബുധനാഴ്ച രാത്രിയാണ് ഇവരെ അറസ്റ്റുചെയ്തത്. അതിനുശേഷമാണ് സന്ദേശം തയ്യാറാക്കിയിരിക്കുന്നതെന്നാണ് സൂചന. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തും.

ചെറിയ കേസുകളുമായി ബന്ധപ്പെട്ട് സ്റ്റേഷനുകളിൽ എത്തുന്നവരെപ്പോലും പലപ്പോഴും ഫോൺചെയ്യാൻവരെ പൊലീസ് അനുവദിക്കാറില്ല. അതിനിടെയാണ് കൊലക്കേസിൽ പ്രതികളായ പൊലീസുകാർ വീഡിയോദൃശ്യങ്ങൾ എടുത്ത് അയച്ചിരിക്കുന്നത്. ഇതിന് പൊലീസ് തന്നെ സഹായം ചെയ്തിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ശ്രീജിത്തിന്റെ മരണം ആർ.ടി.എഫും ലോക്കൽ പൊലീസും തമ്മിലുള്ള അസ്വാരസ്യത്തിന് കാരണമായിട്ടുണ്ട്. ആത്മാർഥമായി പ്രതികളെ പിടികൂടിയിട്ടും തങ്ങൾക്ക് കുറ്റം മാത്രമാണ് ബാക്കിയെന്ന് ആർ.ടി.എഫ്. പരാതിപ്പെടുന്നു. പൊലീസിൽനിന്ന് തിരിച്ചുകിട്ടിയത് നല്ല അനുഭവമായിരുന്നില്ലെന്നും കോടതി മാത്രമാണ് ഇനി ആശ്രയമെന്നും അറസ്റ്റിലായവർ പറയുന്നു.

പൊലീസ് സ്റ്റേഷനുകളുടെയും ജയിലിന്റെയും പ്രവർത്തന മാർഗരേഖ പഴയതാണ്. മൊബൈൽഫോൺ എത്തുന്നതിനു മുൻപുള്ളതായതിനാൽ സ്റ്റേഷനിൽ അവ ഉപയോഗിക്കാമോ എന്നതുസംബന്ധിച്ച് അതിൽ പ്രത്യേക നിർദ്ദേശങ്ങളില്ല. പൊലീസുകാരുടെ വീഡിയോ സന്ദേശം ലഭിച്ചാൽ അത് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറുമെന്ന് ഡി.ജി.പി. ലോക്നാഥ് ബെഹ്റ അറിയിച്ചിരുന്നു. അവർ പറഞ്ഞിട്ടുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം നടക്കുന്നതിനാൽ വെളിപ്പെടുത്തൽ സംബന്ധിച്ച് പ്രതികരിക്കുന്നില്ലെന്ന് ആലുവ റൂറൽ എസ്‌പി. എ.വി. ജോർജ് പറഞ്ഞു. 

ശ്രീജിത്തിന്റെ അടിവയറ്റിൽ കനത്ത ക്ഷതമേറ്റെന്നും ജനനേന്ദ്രിയത്തിൽ രക്തം കട്ടപിടിക്കുന്ന രീതിയിൽ പരുക്കേറ്റുവെന്നും ചെറുകുടൽ മുറിഞ്ഞുവെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. ഇതിൽ മരണകാരണമായ പരുക്ക് ഏതാണ്, അതു സംഭവിച്ച സമയം, അതിനിടയാക്കിയ മർദനമുറകൾ തുടങ്ങിയവ അറിയാനാണ് മെഡിക്കൽ ബോർഡിനെ പരിശോധനയ്ക്കു ചുമതലപ്പെടുത്തിയത്. വിവിധ വിഭാഗങ്ങളിൽ വിദഗ്ധരായ അഞ്ച് ഡോക്ടർമാരടങ്ങുന്ന ബോർഡാണു രൂപീകരിച്ചത്. ഈ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പുതിയ സാഹചര്യത്തിൽ, വരാപ്പുഴ സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരും കേസിൽ പ്രതിയാകും. എസ് ഐയെ ഇന്ന് അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. എസ് ഐ ദീപക്കിന്റെ നീക്കങ്ങൾ പ്രത്യേക സംഘം നിരീക്ഷിക്കുന്നുണ്ട്.

വയറിനേറ്റ മാരകപ്രഹരമാണ് ശ്രീജിത്തിന്റെ മരണത്തിനിടയാക്കിയതെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. വയറിനകത്തെ ക്ഷതം കൊണ്ടുണ്ടായ പഴുപ്പാണു മരണത്തിലേക്കു നയിച്ചതെന്നു ചൂണ്ടിക്കാട്ടുന്ന മെഡിക്കൽ റിപ്പോർട്ട് ഉരുട്ടിക്കൊലയല്ല നടന്നത് എന്നു വ്യക്തമാക്കുന്നു. ഫോറൻസിക് മെഡിസിൻ വിഭാഗം പ്രഫസർ ഡോ. ശ്രീകല അടങ്ങുന്ന ബോർഡ് തയാറാക്കിയ റിപ്പോർട്ട് വരാപ്പുഴ കസ്റ്റഡി മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിനു കൈമാറി.

അതിനിടെ അതിനിടെ, വരാപ്പുഴ കസ്റ്റഡി കൊലപാതക്കേസിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചതിൽ എതിർപ്പുമായി ഫൊറൻസിക് സർജന്മാരുടെ സംഘടന രംഗത്തു വന്നു. പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ മരണകാരണം കൃത്യമായി കണ്ടെത്തിയിട്ടും വീണ്ടും മരണകാരണം കണ്ടെത്താനെന്ന പേരിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നതു ശരിയല്ലെന്നും ഇവർ പറയുന്നു. മുഖ്യമന്ത്രിയെക്കണ്ടു പ്രതിഷേധം അറിയിക്കുമെന്നു കേരള മെഡിക്കോ ലീഗൽ സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു.

രോഗിയുടെ ചികിൽസയിൽ പിഴവുണ്ടോയെന്നു കണ്ടെത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നതു മുൻപും കേരളത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ കൊലപാതക കേസിൽ മരണകാരണം കണ്ടെത്താൻ പോസ്റ്റ്‌മോർട്ടത്തിനു പുറമേ മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നതിൽ അപാകതയുണ്ടെന്ന് അവർ പറയുന്നു.