കൊച്ചി: എസ് ബി ഐ ജീവനക്കാരുടെ ക്രൂരത കണ്ടിട്ടും കാണാതെ മുഖ്യധാരാ മാധ്യമങ്ങളും ആരോപണ വിധേയനായ ബാങ്കിലെ ഡെപ്യൂട്ടിമാനജർക്ക് എതിരെ നടപടിയെടുക്കാതെ ബാങ്ക് ഉന്നതരും മുഖംതിരിച്ച് നിന്നത് സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധത്തിന് കാരണമായി. കോഴഞ്ചേരിയിൽ വയോധികന് നീതി കൊടുക്കാനല്ല എസ് ബി ഐ ശ്രമിച്ചത്. പകരം ഇടപാടുകാരനെ കുറ്റപ്പെടുത്തുന്ന നിലപാട് എടുത്തു. വയോധികനെ അപമാനിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ ന്യായീകരിച്ചു. കോഴഞ്ചേരി പുളിയിലേത്ത് റോക്കി വില്ലയിലെ താമസക്കാരനാണ് രാജു എന്ന് വിളിക്കുന്ന സാമുവലിനാണ് ബാങ്കിന്റെ കോഴഞ്ചേരി ബ്രാഞ്ചിൽ നിന്ന് മോശം അനുഭവവും കയ്യേറ്റ ശ്രമവും ഉണ്ടായത്. ഈ സംഭവത്തിൽ എസ് ബി ഐ പറഞ്ഞ ന്യായമൊന്നും നിലനിൽക്കില്ല. എസ് ബി ഐ ജീവനക്കാരനെതിരെ നടപടി ഏടുക്കേണ്ടതുമായിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിന്റെ കഴിഞ്ഞ ദിവസത്തെ വിധി.

നിക്ഷേപത്തിൽ നിന്ന് 1500 രൂപ പിൻവലിക്കാനെത്തിയ മുതിർന്ന പൗരനോടു മോശമായി പെരുമാറിയെന്ന ഹർജിയിൽ എതിർകക്ഷികളായ ബാങ്ക് മാനേജരും കാഷ്യറും 25,000 രൂപ വീതം നഷ്ടപരിഹാരം നൽകാനാണ് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറം വിധിച്ചത്. 5000 രൂപ കോടതിച്ചെലവും എതിർകക്ഷികൾ ഹർജിക്കാരനായ കൂനമ്മാവ് കാവിൽനട സ്വദേശി വി.എ. ശ്രീകണ്ഠനു നൽകണം. 2015 ജനുവരി 21നു വാരാപ്പുഴയിലെ എസ്‌ബിറ്റി ശാഖയിലാണു സംഭവം. പഴയ എസ് ബിടി ഇന്ന് എസ് ബി ഐയുടെ ഭാഗമാണ്. അതുകൊണ്ട് തന്നെ ഈ നഷ്ടപരിഹാരം നൽകേണ്ടത് എസ് ബി ഐ തന്നെയാണ്. അങ്ങനെ കോഴഞ്ചേരിയിലെ ന്യായീകരണമൊന്നും ശരിയായില്ലെന്ന് ഈ വിധിയിലൂടെ എസ് ബി ടിക്ക് ബോധ്യപ്പെടുമെന്നാണ് പൊതു സമൂഹത്തിന്റെ പ്രതീക്ഷ.

വരാപ്പുവയിൽ പ്രകോപിതനായി കാഷ്യർ അപേക്ഷ വലിച്ചെറിഞ്ഞു കയർത്തെന്നാണു പരാതി. എന്നാൽ തുക എഴുതേണ്ടത് 'ആയിരത്തി അഞ്ഞൂറ്' എന്നാണെന്നു ഹർജിക്കാരനോടു സൗമ്യമായി പറഞ്ഞതാണെന്ന് എതിർകക്ഷികൾ ഫോറത്തെ ബോധിപ്പിച്ചു. കയർത്തു സംസാരിച്ചതും ബാങ്കിൽ ബഹളമുണ്ടാക്കിയതും ഹർജിക്കാരനാണെന്നും ബാങ്ക് അധികാരികൾ കുറ്റപ്പെടുത്തി. വാദങ്ങൾ തള്ളിയാണ് ഫോറം വിധി പറഞ്ഞത്. ഇതിനേക്കാൾ രൂക്ഷമായാണ് കോഴഞ്ചേരിയിലെ ഇടപെടൽ. കസ്റ്റമറാണ് രാജാവ് എന്ന് എഴുതി വയ്ക്കുന്ന എസ് ബി ഐയുടെ ബ്രാഞ്ചുകളിൽ ഇതൊന്നും നടക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് വരാപ്പുഴ സംഭവും. ഈ വിധിയോടെ കോഴഞ്ചേരിയിലെ ബാങ്കിന്റെ നീതിനിഷേധവും ചർച്ചയാവുകയാണ്.

കോഴഞ്ചേരിയിൽ കാൻസർ രോഗിയായ വയോധികനോടാണ് വരാപ്പുഴയിലേതിന് സമാനമായ മോശം പെരുമാറ്റം എസ് ബിഐ ജീവനക്കാരനിൽ നിന്ന് ഉണ്ടായത്. കണ്ണിന് കാഴ്ചക്കുറവുള്ള അദ്ദേഹം ഒരു ഫോം പൂരിപ്പിച്ച് തരുമോ എന്ന് ചോദിച്ചതിനായിരുന്നു ഡെപ്യൂട്ടി മാനേജരായ നിബിൻ ബാബു എന്ന ഉദ്യോഗസ്ഥൻ മോശം വാക്കുകൾ ഉപയോഗിച്ച് അദ്ദേഹത്തേയും കൂടെയുണ്ടായിരുന്ന ഭാര്യയേയും അപമാനിച്ച് ഇറക്കിവിട്ടത്. തുടർന്ന് അരിശം തീരാഞ്ഞ് പുറത്ത് കസ്റ്റമർ ലോഞ്ചിൽ ഇരിക്കുന്ന അദ്ദേഹത്തിന്റെ അടുത്തു ചെന്ന് വെല്ലുവിളിയും ഭീഷണിയും മുഴക്കി. ഇത് മറുനാടൻ വാർത്തയാക്കിയതോടെ വിഷയം വലിയ ചർച്ചയായി. നിരവധി പേർ എസ്‌ബിഐയിൽ നിന്ന് നേരിടുന്ന മോശം അനുഭവങ്ങൾ തുറന്നുപറഞ്ഞ് രംഗത്തെത്തി. അപ്പോഴും എസ് ബി ഐ കുലുങ്ങിയില്ല. പകരം വയോധികനെ കുറ്റപ്പെടുത്തി രംഗത്തുവന്നു.

നിങ്ങളെഴുതണ്ടകാര്യം നിങ്ങളെഴുതണമെന്നും ഈ ബാങ്കിലെ കാര്യം ഇങ്ങനെയേ നടക്കുള്ളൂ എന്നും പറഞ്ഞാണ് സ്‌ളിപ്പിൽ എഴുതുന്നതിന്റെ പേരിൽ ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജർ വയോധികനെ വെല്ലുവിളിക്കുന്നത്. എടോപോടോ എന്ന് വിളിച്ചെന്ന് പറഞ്ഞാണ് വയോധികനായ കസ്റ്റമറുടെ മുന്നിലെത്തി വിരട്ടൽ പുരോഗമിക്കുന്നത്. തനിക്കെന്റെ കൊച്ചുമോനാകണ്ട പ്രായമേ ഉള്ളൂ എന്നും ഞാനെന്താ തന്നെ തെറിപറഞ്ഞോ എന്നും വയോധികൻ പറയുമ്പോഴും കസ്റ്റമറെ വിരട്ടുകയാണ് അസി. മാനേജർ. താൻ തന്റെ കാര്യം നോക്ക് എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാമെന്ന് വയോധികനും മറുപടി നൽകുന്നു. ഇതിന്റെ ദൃശ്യങ്ങൾ അടുത്തിരുന്ന മറ്റൊരു കസ്റ്റമറാണ് പകർത്തുന്നത്.

കഴിഞ്ഞയാഴ്ച പുള്ളി എന്നോടായിരുന്നു കയർത്തതെന്ന് ഈ രംഗം ചിത്രീകരിച്ച കസ്റ്റമറും പറയുന്നുണ്ട്. ഇതോടെ വീണ്ടും ഉദ്യോഗസ്ഥൻ അയാളുടെ അടുത്തേക്കും രോഷത്തോടെ എത്തുന്നു. ഇതോടെ താൻ തന്റെ സീറ്റിൽ പോയിരുന്നു പണിചെയ്യ് എന്ന് വയോധികനായ കസ്റ്റമർ പറയുന്നതോടെ. ഓ.. അത് ഞാൻ ചെയ്‌തോളാമെന്നായി ഉദ്യോഗസ്ഥൻ. എന്തിനാ ഇത്രയ്ക്ക് ചൂടാവുന്നതെന്ന് ചോദിച്ച് കസ്റ്റമറുടെ നേരെ ചോദ്യങ്ങളുമായി നീങ്ങുകയാണ് ഉദ്യോഗസ്ഥൻ. ഇതോടെ ബാങ്ക് മാനേജർ എന്ന് കരുതുന്ന ഉദ്യോഗസ്ഥ വന്ന അസി. മാനേജരെ പിൻതിരിപ്പിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മുൻതവണ തനിക്കെതിരെ ആയിരുന്നു ഈ ഉദ്യോഗസ്ഥന്റെ പരാക്രമമെന്നും അന്ന് തന്നെ സെക്യൂരിറ്റിക്കാരനെ കൊണ്ട് പുറത്താക്കാൻ ശ്രമിച്ചുവെന്നും ദൃശ്യം ചിത്രീകരിച്ച കസ്റ്റമർ പറയുന്നുണ്ട്.

ഇതു കേട്ടതും വീണ്ടും മാനജർ കലികയറി വരികയാണ്. ഇനിയും വേണമെങ്കിൽ അങ്ങനെ ചെയ്യുമെന്നാണ് ഇക്കുറി ഭീഷണി. ഞങ്ങളുടെ ക്ഷമയ്‌ക്കൊക്കെ അതിരില്ലേ.. ഞങ്ങൾ എന്താ ചെയ്തതെന്ന് കസ്റ്റമർ ചോദിക്കുമ്പോഴും ആവേശംവിടാതെ ഇവർക്കെതിരെ നീങ്ങുകയാണ് മാനേജർ. - ഇങ്ങനെയൊരു ദൃശ്യം സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ എസ്‌ബിഐ നടത്തുന്ന പകൽക്കൊള്ളയ്ക്ക് എതിരെയും ഇടപാടുകാരോട് വളരെ മോശമായി പെരുമാറുന്നതിന്റേയും അനുഭവങ്ങൾ പങ്കുവച്ച് പലരും രംഗത്തെത്തുകയും ചെയ്തു. പക്ഷേ ഇതൊന്നും എസ് ബി ഐയെ ബാധിച്ചില്ല.

മുഖ്യധാരാ മാധ്യമങ്ങൾ പരസ്യം കിട്ടില്ലെന്ന പേടിയിൽ എസ് ബി ഐയ്‌ക്കെതിരായ ഈ വാർത്ത മുക്കുകയും ചെയ്തു. പിന്നീട് വയോധികനേയും അത് പകർത്തിയ കസ്റ്റമറേയും പ്രതിക്കൂട്ടിൽ നിർത്തി പൊലീസിൽ പരാതിയും നൽകി.