കൊച്ചി: പൊലീസ് കസ്റ്റഡിയിൽ വരാപ്പുഴ സ്വദേശി ശ്രീജിത്ത് മരിച്ച കേസിന്റെ അന്വേഷണം അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമാകുന്നു.. പൊലീസിന് തെറ്റുപറ്റിയിട്ടില്ലാ എന്ന് എസ്‌പി ആവർത്തിച്ചു പറയുമ്പോൾ ജനങ്ങൾ മണ്ടന്മാരല്ല ഇത് കേട്ടിരിക്കാൻ എന്നും മരണത്തിനുത്തരവാദി റൂറൽ എസ്‌പി എ.വി ജോർജ് തന്നെയാണെന്നും നാട്ടുകാർ പറയുന്നു. നാട്ടുകാരുടെ വാക്കുകൾ ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

വെള്ളിയാഴ്ച രാത്രി ശ്രീജിത്തിനെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുക്കുന്നത് എസ്‌പിയുടെ പ്രത്യേക സ്‌ക്വാഡിലുള്ള ഉദ്യോഗസ്ഥരാണ്. ഇവരാണ് ശ്രീജിത്തിനെ മഫ്ത്തിയിലെത്തി വീട്ടിൽ നിന്നും വലിച്ചിറക്കി മർദ്ദിച്ചത്. വാഹനത്തിൽ വച്ചും മർദ്ദിച്ചു. അതിന് ശേഷമാണ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. പൊലീസ് സ്റ്റേഷനിൽ എത്തുമ്പോൾ തന്നെ ശ്രീജിത്ത് അവശനായിരുന്നു എന്ന വരാപ്പുഴ സ്റ്റേഷനിലെ പൊലീസുകാരുടെ മൊഴി സത്യമാണ്. എന്നാൽ സ്റ്റേഷനിൽ വച്ച് വരാപ്പുഴ എസ്‌ഐ ദീപക്ക് മർദ്ദിച്ചു എന്നാണ് ശ്രീജിത്തിന്റെ സഹോദരൻ സജിത്ത് പറഞ്ഞിരിക്കുന്നത്.

പൊലീസിന് തെറ്റുപറ്റിയിട്ടില്ല എന്ന് എസ്‌പി പറയുന്നത് സ്വന്തം സ്‌ക്വാഡിലെ അംഗങ്ങളാണ് കുറ്റം ചെയ്തിരിക്കുന്നത് എന്നതുകൊണ്ടാണ്. പേലീസിന് തെറ്റുപറ്റിയെന്ന് പറഞ്ഞാൽ പ്രതിക്കൂട്ടിലാവുന്നതും എസ്‌പി തന്നെയാണ്. അതിനാലാണ് എ.വി ജോർജ്ജിനെ റൂറൽ എസ്‌പി സ്ഥാനത്ത് നിന്നും മാറ്റി പുതിയൊരാളെ ചുമതലപെടുത്തണമെന്നാവശ്യം ഉയർന്നത്. ഇത് ഒരു തരത്തിൽ ശരിവയ്ക്കുന്ന തരത്തിലാണ് സർക്കാർ ഇടപെടൽ ഉണ്ടായിരിക്കുന്നത്. ഈ കേസിന്റെ അന്വേഷണം എസ്‌പി യെ ഏൽപ്പിച്ചില്ല. ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

ഇത്തരത്തിൽ റൂറൽ എസ്‌പിയ്‌ക്കെതിരെ ആരോപണമുയരുന്ന സ്ഥിതിക്ക് എസ്‌പിയെ സ്ഥലം മാറ്റണമെന്നും പകരം മറ്റൊരാളെ നിയമിക്കണമെന്നും ബിജെപി വക്താവ് ജെ.ആർ പത്മകുമാർ പറയുന്നു. പൊലീസിലെ ഇത്തരം ഗുണ്ടകളെ കാത്ത് സൂക്ഷിക്കുന്ന പിണറായി വിജയൻ ഈ മരണത്തിന് ഉത്തരം പറയേണ്ടി വരുമെന്നും പത്മകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. പൊലീസിന്റെ കസ്റ്റഡി മരണം അക്ഷരാർത്ഥത്തിൽ പ്രതിക്കൂട്ടിലാക്കുന്നത് സർക്കാരിനെയാണ്. ഈ സാഹചര്യത്തിൽ ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് മുഖം രക്ഷിക്കാനെങ്കിലും സർക്കാർ തയ്യാറാവണം.

വരാപ്പുഴ ദേവസ്വംപാടത്ത് വാസുദേവൻ ആത്മഹത്യചെയ്ത സംഭവത്തിൽ ശനിയാഴ്ച പുലർച്ചെയാണ് ശ്രീജിത്തിനെ വീട്ടിൽനിന്ന് പൊലീസ് പിടികൂടിയത്. ഞായറാഴ്ച രാവിലെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. ഇതിനിടയിലാണ് ശ്രീജിത്തിന് മർദനമേറ്റതെന്ന സംശയം ബലപ്പെടുത്തുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടും മെഡിക്കൽ റിപ്പോർട്ടും.

അടിവയറ്റിൽ മുറിവേറ്റനിലയിലാണ് ശ്രീജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മെഡിക്കൽ റിപ്പോർട്ട് പറയുന്നു. രക്തത്തിൽ അണുബാധ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളുമുണ്ടായിരുന്നു. തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ചെറുകുടലിൽ മുറിവ് പറ്റിയതായി ശസ്ത്രക്രിയയ്ക്കിടെ കണ്ടെത്തി. കുടലിലും മറ്റും ചതവും ശ്രദ്ധയിൽപ്പെട്ടു. രക്തസമ്മർദം അപകടകരമായ അവസ്ഥയിലായിരുന്നു.

വൃക്കയുടെയും കരളിന്റെയും പ്രവർത്തനവും ദോഷകരമായി ബാധിച്ചിരുന്നു. ഹൃദയത്തിന്റെ പ്രവർത്തനവും അപകടാവസ്ഥയിലായിരുന്നു. രണ്ടുദിവസം ഐ.സി.യു.വിലായിരുന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ ഹൃദയാഘാതത്തെത്തുടർന്നാണ് മരണം. ചൊവ്വാഴ്ച പൊലീസ് സർജൻ ഡോ. സക്കറിയ തോമസിന്റെ നേതൃത്വത്തിലാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടന്നത്. രണ്ടരമണിക്കൂർ നീണ്ട നടപടികൾ വീഡിയോയിൽ പകർത്തിയിട്ടുണ്ട്.

വീട്ടുടമയുടെ ആത്മഹത്യാ കേസിൽ ശ്രീജിത്തിനെ ആളുമാറിയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇക്കാര്യം വ്യക്തമാക്കി മരിച്ച ആളിന്റെ മകൻ വിനീഷും രംഗത്തെത്തി. വീട് ആക്രമിച്ച സംഘത്തിൽ ശ്രീജിത്ത് ഉണ്ടായിരുന്നോയെന്ന് അറിയില്ലെന്ന് ആത്മഹത്യ ചെയ്ത വാസുദേവന്റെ മകൻ വിനീഷ് വ്യക്തമാക്കി. 'വെള്ളിയാഴ്ച 12 മണിയോടെയാണ് മാരകായുധങ്ങളുമായെത്തിയ 16-ഓളം പേർ ചേർന്ന് വീട് ആക്രമിച്ചത്. അപ്പോൾ എല്ലാവരെയും തിരിച്ചറിയാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല.

അക്രമത്തിൽ എന്റെ കൈക്ക് പരിക്കേറ്റതിനാൽ ഉടനെതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പറയാത്ത കാര്യങ്ങളാണ് പ്രചരിക്കുന്നത്'. - വിനീഷ് പറഞ്ഞു. താൻ പറഞ്ഞ ശ്രീജിത്തല്ല കസ്റ്റഡിയിലായതെന്ന മട്ടിൽ വിനീഷ് ആദ്യം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിന്നീട് ഇത് തിരുത്തി. എന്നാൽ ശ്രീജിത്തിനെക്കുറിച്ച് വിനീഷ് മൊഴി നൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

വാസുദേവന്റെ സഹോദരനുമായുള്ള സംഘർഷത്തിന്റെതുടർച്ചയാണ് വീട് ആക്രമിക്കുന്നതിലേക്കും വാസുദേവന്റെ ആത്മഹത്യയിലേക്കും നയിച്ചത്. സംഭവത്തിൽ ശ്രീജിത്തും സഹോദരൻ സജിത്തും ഉൾപ്പെടെ 14 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ശനിയാഴ്ച പുലർച്ചയോടെ ശ്രീജിത്തടക്കം പത്തുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

വീട് ആക്രമിച്ച സംഘത്തിൽ ശ്രീജിത്ത് ഇല്ലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. വിനീഷും ശ്രീജിത്തും സുഹൃത്തുക്കളാണ്. വിനീഷിന്റെ വീട് ആക്രമിക്കാൻ ശ്രീജിത്ത് ഒരിക്കലും പോകില്ലെന്നും ബന്ധുക്കൾ പറയുന്നു. ഇക്കാര്യം പൊലീസിനോട് ശ്രീജിത്തിന്റെ അമ്മയും ഭാര്യയും പറഞ്ഞിരുന്നു. എന്നാൽ, പൊലീസ് ദയ കാണിച്ചില്ല. കൺമുന്നിൽവെച്ച് മർദിക്കുകയും വലിച്ചിഴച്ച് റോഡിലേക്ക് കൊണ്ടുപോയെന്നും അവർ പറയുന്നു.