കൊച്ചി: വരാപ്പുഴയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത കേസിലെ പ്രതിയായിരുന്ന ശ്രീജിത്ത് മരിച്ചതിന് പിന്നിൽ പൊലീസിന്റെ ക്രുര മർദ്ദനം തന്നെ. കഴിഞ്ഞ ആറാം തിയതി ഉച്ചയ്ക്ക് വരാപ്പുഴ ദേവസ്വംപാടം കുളമ്പുകണ്ടത്തിൽ വാസുദേവന്റെ വീടാക്രമിച്ച കേസിലാണ് ശ്രീജിത്ത് ഉൾപ്പെടെ പത്തംഗ സംഘത്തെ വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. അന്ന് രാത്രി പത്തരയ്ക്ക് അറസ്റ്റ് നടന്നു. അതായത് വെള്ളിയാഴ്ച. ഞായറാഴ്ച പുലർച്ചെ 3.54 ന് ശ്രീജിത്തുമായി പൊലീസ് ആസ്റ്റർ മെഡ്‌സിറ്റിയിലെത്തിയത്. അതായത് പൊലീസ് കസ്റ്റഡിയിലെ മർദ്ദനമാണ് പ്രശ്‌നത്തിന് കാരണമെന്ന് വ്യക്തം. എറണാകുളം വരാപ്പുഴ ദേവസ്വംപാടം ഷേണായിപ്പറമ്പിൽ എസ്.ആർ. ശ്രീജിത്താണ് (26) കസ്റ്റഡി മരണത്തിന് ഇരയായത്.

വീടാ്ക്രമണത്തിൽ ആക്രമണത്തിൽ മനംനൊന്ത് വാസുദേവൻ വീടിനുള്ളിൽ തൂങ്ങി മരിച്ചിരുന്നു. ഈ കേസിൽ പന്ത്രണ്ടാം പ്രതിയായിരുന്നു ശ്രീജിത്ത്. പൊലീസ് കസ്റ്റഡിയിൽ ഇരിക്കെ മർദ്ദനമേറ്റിരുന്ന ശ്രീജിത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശ്രീജിത്ത് മരിക്കുകയായിരുന്നു. എന്നാൽ പൊലീസ് കസ്റ്റഡിയിൽ മർദ്ദനം ഏറ്റില്ലെന്നാണ് പൊലീസ് പറയുന്നത്.

അതുകൊണ്ട് തന്നെ കസ്റ്റഡി മരണം അല്ലെന്നും വരുത്താനാണ് ശ്രമം. വീടാക്രമണത്തിനിടെ ശ്രീജിത്തിന് മർദ്ദനമേറ്റുവെന്നും അതാണ് മരണ കാരണമെന്നും പൊലീസ് വരുത്തി തീർക്കാൻ ശ്രമിക്കുന്നു. എന്നാൽ വീടാക്രമണത്തിൽ പോലും ശ്രീജിത്ത് പങ്കാളിയായിരുന്നില്ല. ശ്രീജിത്തിന്റെ അനുജൻ സജിത്തായിരുന്നു സംഘത്തിലുണ്ടായിരുന്നത്. സജിത്തിനെ പിടികൂടാനെത്തിയ പൊലീസ് വീട്ടിലുണ്ടായിരുന്ന ശ്രീജിത്തിനേയും അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവ ദിവസം രാത്രി ഇവരുടെ വീട്ടിലെത്തിയ മഫ്തി പൊലീസ് ,ഉറങ്ങിക്കിടന്ന ഇരുവരെയും പിടികൂടുമ്പോൾ ജ്യേഷ്ഠൻ ശ്രീജിത്ത് പ്രതിയല്ലെന്ന് സജിത്ത് വിളിച്ചു പറഞ്ഞിരുന്നു. അത് ചെവിക്കൊള്ളാതെ ശ്രീജിത്തിനെ വലിച്ചിഴച്ച് ബൂട്ടിന് ചവിട്ടിയാണ് പൊലീസുകാർ വാഹനത്തിൽ കയറ്റിയത്. വയറിന് ക്രൂരമായി മർദ്ദിക്കുന്നത് കണ്ടെന്ന് ഭാര്യ അഖിലയുടെ മൊഴിയുണ്ട്. തുളസീദാസെന്ന ശ്രീജിത്തായിരുന്നു കേസിലെ മുഖ്യപ്രതി.

ഇയാൾ ഇപ്പോഴും ഒളിവിലാണ്. പൊലീസിന്റെ തെറ്റിദ്ധാരണയാണ് എസ്.ആർ. ശ്രീജിത്തിന്റെ അറസ്റ്റിനും ക്രൂരമായ മർദ്ദനത്തിനും ഇടയാക്കിയത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറുനുള്ളിൽ കോടതിയിൽ ഹാജരാക്കണമെന്ന ചട്ടവും പൊലീസ് ലംഘിച്ചു. എന്നിട്ടും പൊലീസിനെ ന്യായീകരിക്കാനാണ് ശ്രമം. ഇതുവരേയും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തിട്ടില്ല.

വയറുവേദന, മൂത്രതടസം, ഛർദ്ദിൽ എന്നിവയാണ് കാരണങ്ങളായി പൊലീസ് നിരത്തിയത്. അത്യാഹിത വിഭാഗത്തിലെ പരിശോധനയിൽ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതമേറ്റെന്ന് വ്യക്തമായി. ഇതോടെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി വെന്റിലേറ്ററിലേക്ക് മാറ്റി. രാത്രി ഏഴു മണിയോടെ മരണം സംഭവിച്ചു. വൻ കുടലിനും ചെറുകുടലിനും ഗുരുതരമായ ക്ഷതമേറ്റെന്ന് ഡോക്ടർമാർ വിലയിരുത്തി. വൻകുടൽ പൊട്ടി ഭക്ഷണപദാർത്ഥങ്ങൾ രക്തത്തിലേക്ക് കലർന്നു. ഇതുമൂലമുള്ള അണുബാധ കിഡ്‌നി, കരൾ എന്നിവയിലേക്ക് ബാധിച്ചു. ടൈൽ പണിക്കാരനാണ് ശ്രീജിത്ത്. അഖില ഭാര്യ. മൂന്നു വയസുള്ള ആര്യനന്ദ മകൾ.

ആശുപത്രിയിലായപ്പോൾ ആരും ലോക്കപ്പ് മർദ്ദനത്തെ പറ്റി പരാതി പറഞ്ഞില്ലെന്നാണ് റൂറൽ എസ് പിയുടെ വാദം. എന്നാൽ പരാതി പറഞ്ഞിരുന്നുവെന്നും അത് ആരും ഗൗനിച്ചില്ലെന്നും ശ്രീജിത്തിന്റെ കുടുംബം പറയുന്നു. മരിച്ചതോടെ മനുഷ്യാവകാശ കമ്മീഷൻ എത്തി. ഇതോടെ വിഷയം മാധ്യമ ശ്രദ്ധയിലുമെത്തി. പൊലീസ് മർദ്ദനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. കസ്റ്റഡിയിലിരിക്കെ ശ്രീജിത്തിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചിരുന്നുവെന്ന് മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി. ശ്രീജിത്തിന്റെ ഭാര്യയോടും ബന്ധുക്കളോടും സംസാരിച്ചതിൽനിന്നാണ് ഇക്കാര്യം വ്യക്തമായതെന്ന് കമ്മീഷൻ പറഞ്ഞു. ശ്രീജിത്തിനെ മഫ്തിയിലെത്തിയ പൊലീസ് സംഘം പിടിച്ചുകൊണ്ടുപോകുകയായിരുന്നുവെന്ന് ഭാര്യ പറഞ്ഞിരുന്നു.

വയറിന് വേദനയുണ്ടെന്ന് ശ്രീജിത്ത് തുടർച്ചയായി പരാതിപ്പെട്ടിട്ടും പൊലീസ് കാര്യമാക്കിയില്ല. രാവിലെ സ്റ്റേഷനിൽ ചെന്ന അമ്മ ശ്രീകലയെയും ബന്ധുവിേെനാടും പൊലീസ് പരുഷമായി പെരുമാറിയെന്നും ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. അതിനിടെ ശ്രീജിത്ത് കസ്റ്റഡിയിലായിരിക്കെ മരിച്ച സംഭവത്തോടെ കൂട്ടുപ്രതികളുടെ ബന്ധുക്കളും ആശങ്കയറിച്ച് രംഗത്തെത്തി. ശ്രീജിത്തിന്റെ ഒപ്പം അറസ്റ്റിലായവർക്കും ഗുരുതരമായ മർദ്ദനം ഏറ്റതായി ബന്ധുക്കൾ പ്രതികരിച്ചു.

മകന്റെ ജീവനിൽ ആശങ്കയുണ്ടെന്ന് നാലാം പ്രതിയായ വിനുവിന്റെ അമമ കമല ഏപറഞ്ഞു. മജിസ്‌ട്രേറ്റിന് മുൻപാകെ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ എല്ലാവരുടെയും മുഖത്ത് ഗുരുതര പരിക്കുകൾ കണ്ടതായി മറ്റ് പ്രതികളുടെ ബന്ധുക്കളും പറയുന്നു.