കൊച്ചി: വരാപ്പുഴ സ്വദേശി ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ സിഐയ്ക്കും എസ് ഐയ്ക്കും എതിരെ കടുത്ത നടപടികൾ ഉണ്ടാകും. വരാപ്പുഴ പൊലീസ് കസ്റ്റഡി മരണക്കേസിൽ നോർത്ത് പറവൂർ സിഐ ക്രിസ്പിൻ സാം, വരാപ്പുഴ എസ്‌ഐ ദീപക്, ഗ്രേഡ് എഎസ്‌ഐ സുധീർ, സീനിയർ സിപിഒ സന്തോഷ് ബേബി എന്നിവരെ സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി എസ് ഐ മുതിലിങ്ങോട്ടുള്ളവരെ സർവ്വീസിൽ നിന്ന് പുറത്താക്കാനാണ് പിണറായി സർക്കാരിന്റെ തീരുമാനം. ഐജി എസ്. ശ്രീജിത്ത് ഡിജിപിക്കു നൽകിയ പ്രാഥമിക റിപ്പോർട്ടിനെത്തുടർന്നാണു നടപടി. പൊലീസുകാർക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് ഐജി സ്വീകരിച്ചത്.

ചെറുകുടൽ മുറിഞ്ഞു വിട്ടു പോകാറായ നിലയിലായിരുന്നുവെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ദേഹമാകെ ചതവുകളുണ്ടായിരുന്നു. ഇക്കൂട്ടത്തിൽ മർദനമേറ്റാലുണ്ടാകുന്ന പരുക്കുകളുമുണ്ട്. ജനനേന്ദ്രിയത്തിനു ഗുരുതരമായ പരുക്കു പറ്റി ഉള്ളിൽ രക്തം കട്ട പിടിച്ച നിലയിലായിരുന്നു. അടിവയറ്റിൽ ശക്തമായ ക്ഷതമേറ്റിരുന്നു. വൃക്കകളുടെ പ്രവർത്തനം തകരാറിലായതോടെ ആന്തരിക അവയവങ്ങളിൽ അണുബാധ ഏൽക്കുകയും ചെയ്‌തെന്നു റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ട് അന്വേഷണ സംഘത്തിനു കൈമാറി. ഈ റിപ്പോർട്ട് വിശകലനം ചെയ്താണ് അതിരൂക്ഷമായ കസ്റ്റഡി മരണം നടന്നുവെന്ന് ഐജി വിശദീകരിക്കുന്നത്. പൊലീസുകാർക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കേണ്ട സാഹചര്യവും ഉണ്ട്. അതുണ്ടായാൽ ഇവർക്ക് ജോലി പോകുമെന്ന് ഉറപ്പാണ്. പൊലീസുകാർക്കെതിരെ കടുത്ത നടപടികളാണ് ഐജിയും ശുപാർശ ചെയ്യുന്നത്. ആലുവ എസ് പി എവി ജോർജിനെതിരേയും നടപടിയുണ്ടായേക്കും. എസ് പിയുടെ ക്രൈം സ്‌ക്വാഡാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത് എന്നതാണ് ഇതിന് കാരണം.

ശരീരത്തിൽ 18 മുറിവുകൾ ഉണ്ടെന്നും റിപ്പോർട്ടിലുണ്ട്. അതിക്രൂരമായ മർദനം ഏറ്റാണ് ശ്രീജിത്ത് മരിച്ചതെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. അടിവയറ്റിൽ ആഴത്തിലുള്ള മുറിവേറ്റു. കുടൽ മുറിയുകയും, തന്മൂലം ഉണ്ടായ അണുബാധയുമാണ് മരണത്തിനിടയാക്കിയത്. വൃക്ക, കരൾ എന്നിവ അടക്കം പ്രധാന ആന്തരികാവയവങ്ങൾ പ്രവർത്തനരഹിതമായിരുന്നു. ശരീരത്തിൽ മുറിവുകളും ചതവുകളും ഉണ്ട്. ഇവയ്ക്ക് രണ്ടുമുതൽ മൂന്നുദിവസം വരെയാണ് പഴക്കമെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഫൊറൻസിക് സർജൻ ഡോ. സക്കറിയയുടെ നേതൃത്വതിലുള്ള മൂന്നംഗ സംഘമാണ് ശ്രീജിത്തിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തത്. അന്വേഷണത്തിന്റ ഭാഗമായി അടുത്തദിവസംതന്നെ പൊലീസ്, ഫോറൻസിക് സർജന്റെ വിശദമൊഴി രേഖപ്പെടുത്തും.

ശക്തമായ മർദ്ദനത്തിന്റെ ഫലമായാണ് ഇത്തരത്തിൽ പരിക്കേറ്റത്. ആശുപത്രിയിലെത്തിക്കുമ്പോൾ അണുബാധയുണ്ടായിരുന്നുവെന്നും ശരീരത്തിലെ മിക്ക അവയവങ്ങളും പ്രവർത്തന രഹിതമായിരുന്നുവെന്നും ഐജി ശ്രീജിത്തും വിലയിരുത്തുന്നു. ശ്രീജിത്തിന്റെകുടൽ പൊട്ടിയതായി ആദ്യ ദിവസം തന്നെ റിപ്പോർട്ടുണ്ടായിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പോസ്റ്റ് മോർട്ടം. കൈകാലുകൾ കൊണ്ടുള്ള മർദ്ദനമേറ്റാണ് ആന്തരികാവയവങ്ങൾ തകർന്നതെന്നാണ് സൂചന. ആയുധം കൊണ്ടുള്ള മുറിവുകളൊന്നുമില്ല. ഇതും പൊലീസ് മർദ്ദനത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. മലർന്നുകിടക്കുമ്പോൾ വയറ്റിൽ ആഞ്ഞു ചവിട്ടണം. അല്ലെങ്കിൽ നേരെ നിൽക്കുമ്പോൾ അതിശക്തിയായി തൊഴിക്കുകയോ ഇടിക്കുകയോ വേണം. മലർന്നു വീണ ശ്രീജിത്തിനെ ചവിട്ടിയെന്ന് ഭാര്യയുടെയും അയൽവാസികളുടെയും മൊഴിയുണ്ട്. ഇതും ഐജി രേഖപ്പെടുത്തിയിട്ടുണ്ട്.

മർദ്ദനമേറ്റതായി കണ്ടെത്തിയെങ്കിലും ശ്രീജീത്തിന്റെ ശരീരത്തിൽ ശസ്ത്രക്രിയ നടത്തിയതിനാൽ ഇതെപ്പോൾ സംഭവിച്ചതാണെന്ന് വ്യക്തമായിട്ടില്ല. പൊലീസ് മർദ്ദനത്തിലാണോ ശ്രീജിത്തിന് പരിക്കേറ്റതെന്ന് കണ്ടെത്തണമെങ്കിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരുടെ മൊഴിയെടക്കേണ്ടിവരും. ഇവരുടെ മൊഴി എടുത്ത ശേഷം പൊലീസുകാർക്കെതിരെ കൂടുതൽ നടപടി ഉണ്ടാകുമെന്നാണ് സൂചന. അതിനിടെ, വരാപ്പുഴയിലെ ശ്രീജിത്തിന്റെ മരണം കൊലപാതകം ആണെന്ന് ആരോപിച്ചു പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ലോകായുക്തയിൽ പരാതിയും എത്തിക്കഴിഞ്ഞു. എറണാകുളം കുന്നത്തുനാടു സ്വദേശി എം വിഏലിയാസാണു പരാതി നൽകിയത്. ഇതു പരിഗണിച്ച ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് കെ.പി.ബാലചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരാതി ഫയലിൽ സ്വീകരിച്ചു.

എതിർകക്ഷികളായ എ.വി.ജോർജ്, ദീപക്, ജിതിൻ രാജ്, സന്തോഷ് കുമാർ, സുമേഷ് എന്നിവർക്ക് നോട്ടിസ് അയച്ചു. ലോകായുക്തയുടെ തീരുമാനവും അതിനിർണ്ണായകമാകും.