തിരുവല്ല: പൊലീസ് സ്റ്റേഷനുകൾ ലോക്കൽ കമ്മറ്റി ഓഫീസുകളായി മാറുകയാണ് തിരുവല്ല താലൂക്കിൽ. ഇവിടെ പൊലീസുകാർ എന്തു ചെയ്യണമെന്ന് തീരുമാനിക്കുന്നത് സിപിഎം ഏരിയാ, ലോക്കൽ സെക്രട്ടറിമാരാണ്. തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ അടിച്ചൊതുക്കാനും വേണ്ടപ്പെട്ടവർക്ക് പ്രയോജനം കിട്ടാനും വേണ്ടി ഭരണ കക്ഷി നേതാക്കൾ അരയും തലയും മുറുക്കി രംഗത്തുണ്ട്.

ഇതു കാരണം സമ്മർദത്തിലായിരിക്കുന്നത് പൊലീസുകാരാണ്. കഴിഞ്ഞയാഴ്ച ബിജെപി പഞ്ചായത്തംഗത്തിന്റെ വാർഡിലേക്ക് ദുരിതാശ്വാസ സാധനങ്ങൾ നൽകിയതിന്റെ പേരിൽ നെടുമ്പ്രം വില്ലേജ് അസിസ്റ്റന്റിനെ സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ മോഷണക്കേസിൽ കുടുക്കിയിരുന്നു. കാര്യം മനസിലാക്കിയ കോടതി അയാളെ ജാമ്യത്തിൽ വിട്ടയച്ചു. സമാനരീതിയിലുള്ള ഒരു സംഭവം കഴിഞ്ഞ ദിവസം തിരുവല്ല സ്റ്റേഷനിൽ നടന്നു. ലോക്കപ്പ് മരണത്തിന് പൊലീസുകാർ ഉത്തരം പറയേണ്ടി വരുമായിരുന്ന സംഭവത്തിൽ നിന്ന് കഷ്ടിച്ചാണ് അവർ രക്ഷപ്പെട്ടത്.

കേസ് ഇങ്ങനെ: കഴിഞ്ഞ വർഷം നാട്ടുകാർ ചേർന്ന നവീകരിക്കുകയും അതിന്റെ പേരിൽ സർക്കാർ മേനി നടിക്കുകയും ചെയ്ത വരട്ടാറിലേക്ക് പൗലോസ് തോമസ് എന്ന ഇറച്ചിക്കടക്കാരൻ വലില പ്ലാസ്റ്റിക് ചാക്കിലാക്കി അറവുശാല മാലിന്യം കൊണ്ടു തള്ളുന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെ 11 മണിയോടെ സ്‌കൂട്ടറിൽ സഹായിയുമൊത്താണ് ഇയാൾ മൂന്നു ചാക്കിൽ മാലിന്യവുമായി വന്നു തള്ളിയത്. സമീപത്ത് ഇരുന്നു മദ്യപിച്ചു കൊണ്ടിരുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർ ഈ രംഗം ഫോണിൽ പകർത്തി. മാലിന്യം തള്ളിയതിനെ അവർ ചോദ്യം ചെയ്യുകയും ചെയ്തു. പൗലോസും ഡ്രൈവർമാരുമായി ബഹളവും ഉന്തും തള്ളുമുണ്ടായി. പിന്നീട് ഇരുകൂട്ടരും പിരിഞ്ഞു പോയി. മാലിന്യം ഇടുന്ന വീഡിയോ ഓട്ടോക്കാർ സിപിഎമ്മിന്റെ ലോക്കൽ നേതാവിന് നൽകി. വരട്ടാർ പുനരുജ്ജീവന സമിതിയുടെ നേതാക്കൾ പ്രശ്നം ഏറ്റെടുത്തു. മന്ത്രി തോമസ് ഐസക്ക് ഉൾപ്പെടെയുള്ളവരെ അറിയിച്ചു.

മാലിന്യം തള്ളിയവർക്കെതിരേ കർശന നടപടി വേണമെന്ന് ഡിജിപിക്ക് നിർദ്ദേശം കൊടുത്തു. ഇതോടെ തിരുവല്ല പൊലീസ് മാലിന്യം തള്ളിയ പൗലോസ് തോമസിനെ ബുധനാഴ്ച രാവിലെ കസ്റ്റഡിയിൽ എടുത്തു. വിവരമറിഞ്ഞ് ബിജെപിയുടെ പ്രാദേശിക നേതാവ് സ്റ്റേഷനിൽ എത്തി. തൊട്ടുപിന്നാലെ ബിജെപിക്കാരനായ അഭിഭാഷകൻ പ്രതിയെ ജാമ്യത്തിൽ ഇറക്കാനും എത്തി. ഇതോടെ സിപിഎമ്മുകാർ ഉണർന്നു. പ്രതിക്കെതിരേ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുക്കണമെന്ന് വാശിയായി. അല്ലെങ്കിൽ സിപിഎമ്മിന്റെ സംസ്ഥാന നേതാവിന്റെ മകനായ അഭിഭാഷകനെ കേസ് ഏൽപ്പിക്കണം. എന്നാൽ, ജാമ്യമുള്ള വകുപ്പിടാം. തർക്കം മുറുകി നിൽക്കുന്നതിനിടെ പ്രതി അവശനിലയിലായി. തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ കാണിച്ച ശേഷം ഇയാളെ തിരികെ എത്തിച്ചു. അന്ന് ഒരു തീരുമാനവുമായില്ല. ഒടുക്കം ജാമ്യം കിട്ടാത്ത വകുപ്പിട്ട് എഫ്ഐആറിട്ടു.

പിറ്റേന്ന് കോടതിയിൽ ഹാജരാക്കാനും തീരുമാനിച്ചു. ഇതേ സമയം, പ്രതി താൻ അസുഖക്കാരനാണെന്നും ഒരാഴ്ച നീണ്ട ചികിൽസ കഴിഞ്ഞ് വന്നതേയുള്ളൂവെന്നും പൊലീസിനെ അറിയിച്ചിരുന്നു. ആര് കേൾക്കാൻ. പിറ്റേന്ന് രാവിലെ പ്രതിയുടെ നില മോശമായി. അപസ്മാരം ബാധിച്ച് പ്രതി നിലത്തു വീണു. വീണു കിടന്ന വിറയ്ക്കുന്നതിനിടെ നാവ് കടിച്ചു മുറിച്ചു. സ്റ്റേഷനിൽ ചോരപ്രളയം. പ്രതിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ കണ്ടിഷൻ മോശമാണെന്നും അറിവു കിട്ടി. ഇതോടെ പൊലീസ് നെട്ടോട്ടം ഓടി.

ജാമ്യമില്ലാ വകുപ്പിട്ട് തയാറാക്കിയ എഫ്ഐആർ മാറ്റി വച്ചു. അതു വരെ പാർട്ടിക്കാർ പറഞ്ഞതു കേട്ട് മസിൽ പിടിച്ചു നിന്ന ഇൻസ്പെക്ടർ സന്തോഷ് കുമാർ പരക്കം പാഞ്ഞു. ജാമ്യത്തിനുള്ള മുഴുവൻ രേഖകളുമായി പൊലീസുകാർ ചാടിയോടി ആശുപത്രിയിൽ എത്തി. ഇരുന്ന് എഴുതാൻ സ്ഥലമില്ലാത്തതിനാൽ കാലിന്റെ മുട്ടിൽ വച്ചെഴുതി അപ്പോൾ തന്നെ സ്റ്റേഷൻ ജാമ്യവും നൽകി പൊലീസ് തലയൂരി. ജാമ്യമില്ലാ വകുപ്പിൽ എഫ്ഐആർ ഇട്ട കേസിലാണ് പൊലീസ് ഈ വിധം പ്രവർത്തിച്ചത്. തങ്ങളുടെ തൊപ്പി തെറിക്കുമെന്ന ഘട്ടത്തിലാണ് സിപിഎമ്മുകാരുടെ നിർദ്ദേശം പൊലീസ് തള്ളിയത്. എന്തായാലും പ്രതി ആശുപത്രി വാസത്തിന് ശേഷം വീട്ടിൽ സുഖമായി കഴിയുന്നു.

ജലാശയങ്ങളിൽ മാലിന്യംനിക്ഷേപിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കാൻ പൊലീസിന് അധികാരമുണ്ട്. ജലാശയങ്ങളിലും നദികളിലും പ്ലാസ്റ്റിക്കും ജൈവവിഘടനം സംഭവിക്കാത്ത മറ്റു മാലിന്യങ്ങളുംഇലക്ട്രോണിക് മാലിന്യവും വലിച്ചെറിയുന്നതിനെതിരെ നടപടിയെടുക്കാൻ പൊലീസിനെ അധികാരപ്പെടുത്തുന്ന വിവിധ നിയമങ്ങളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഡയറക്ടീവിലാണ് ഇതു സംബന്ധിച്ച നിർദ്ദേശങ്ങളുള്ളത് 1860ലെ ഇന്ത്യൻ പീനൽ കോഡിലെ 268, 269, 270, 277, 290 എന്നീ വകുപ്പുകൾ ജലാശയങ്ങളും ജലസ്രോതസ്സുകളും മലിനമാക്കുന്നതുസംബന്ധിച്ച കുറ്റകൃത്യങ്ങളുമായി പ്രത്യക്ഷത്തിലോ പരോക്ഷമായോ ബന്ധപ്പെട്ടവയാണ്. 2003ലെ കേരള ഇറിഗേഷൻ വാട്ടർ കൺസർവേഷൻ ആക്ടിൽ 2018 ൽ വരുത്തിയ ഭേദഗതി പ്രകാരം ഏതെങ്കിലും ജലനിർഗമന മാർഗത്തിലോ ജലവിതരണസംവിധാനത്തിലോ മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ പൊലീസ് ഉദ്യോഗസ്ഥന് നേരിട്ട് കേസെടു ക്കാവുന്നതാണ് 2011 ലെ കേരള പൊലീസ് ആക്ട് 120 വകുപ്പ് കേരള പൊലീസ് ആക്ട് 80(1), (1) വകുപ്പുകൾ എന്നിവ ഉപയോഗിച്ച് പൊലീസിന് നടപടി എടുക്കാവുന്നതാണ്.

ക്രിമിനൽ നടപടിക്രമത്തിലെ (1973) സെക്ഷൻ 133 പ്രകാരം ജില്ലാ മജിസ്ട്രേട്ടിനോ സബ് ഡിവിഷണൽ മജിസ്ട്രേട്ടിനോ സംസ്ഥാന സർക്കാർ അധികാരപ്പെടുത്തുന്ന മറ്റ് എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിനോ പൊതു ഉപയോഗത്തിലുള്ള നദിയിലോ ജലാശയത്തിലോ പൊതുസ്ഥലത്തോ നേരിടുന്ന എല്ലാ തടസ്സങ്ങളെയും നീക്കം ചെയ്യുന്നതിന് പൊലീസിൽ ലഭിക്കുന്ന റിപ്പോർട്ടിന്റെയോ ലഭ്യമായ തെളിവുകൾ ശേഖരിച്ചോ ഉത്തരവ് നല്കാനുള്ള അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്നുകേരള മുനിസിപ്പാലിറ്റി ആക്ട് സെക്ഷൻ 550, 551, കേരള പഞ്ചായത്തിരാജ് ആക്ട് സെക്ഷൻ 252,കേരള വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ആക്ട് 1986 സെക്ഷൻ 46 പ്രകാരവും പൊലീസിന് കേസെടുക്കാം. ഇവിടെ പഞ്ചായത്തി രാജ് ആക്ട് പ്രകാരമാണ് കേസ് എടുത്തത്.