- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻഐഎയുടെ വാദങ്ങൾ തള്ളി; ഭീമ കൊറേഗാവ് കേസിൽ വരവര റാവുവിന് സ്ഥിരം ജാമ്യം; മൂന്നുമാസത്തിന് ശേഷം കീഴടങ്ങണമെന്ന ബോംബെ ഹൈക്കോടതി നിബന്ധനയും സുപ്രീം കോടതി റദ്ദാക്കി
ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ കവിയും ആക്ടിവിസ്റ്റുമായ വരവര റാവുവിന് സുപ്രീംകോടതി സ്ഥിരം ജാമ്യം അനുവദിച്ചു.എൻഐഎയുടെ എതിർപ്പ് തള്ളിയാണ് കോടതി നടപടി. വരവര റാവു സമർപ്പിച്ച സ്‌പെഷ്യൽ ലീവ് പെറ്റീഷനിൽ ജസ്റ്റിസുമാരായ യു.യു ലളിത്, അനിരുദ്ധ ബോസ്, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.
വരവര റാവുവിന്റെ പ്രായം, ആരോഗ്യ സ്ഥിതി, രണ്ടര വർഷക്കാലത്തെ കസ്റ്റഡി കാലയളവ് എന്നിവയെല്ലാം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. മൂന്ന് മാസത്തിന് ശേഷം കീഴടങ്ങണമെന്ന ബോംബെ ഹൈക്കോടതി നിബന്ധനയും റദ്ദാക്കിയിട്ടുണ്ട്.
ബോംബെ ഹൈക്കോടതി നേരത്തെ വരവര റാവുവിന് ജാമ്യം അനുവദിച്ചിരുന്നു. ആറ് മാസത്തെ ജാമ്യമായിരുന്നു കോടതി അന്ന് അനുവദിച്ചത്. ഈ കാലാവധി കഴിഞ്ഞ മാസം അവസാനിച്ച സാഹചര്യത്തിലാണ് നീട്ടി നൽകണമെന്നാവശ്യപ്പെട്ട് വരവര റാവു സുപ്രീംകോടതിയെ സമീപിച്ചത്. ആരോഗ്യ കാരണങ്ങളാൽ സ്ഥിരം ജാമ്യം അനുവദിക്കാൻ ബോംബെ ഹൈക്കോടതി വിസമ്മതിച്ചതിനെ ചോദ്യം ചെയ്തായിരുന്നു ഹർജി.
പാർക്കിസൺ രോഗ ബാധിതനായ വരവര റാവുവിന്റെ ആരോഗ്യനില മോശമാണെന്നും, വീണ്ടും ജയിലിലേക്ക് പോകുന്നതിനുള്ള ആരോഗ്യപരമായ ബുദ്ധിമുട്ടുകളും അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി. രണ്ടര വർഷത്തിലേറെ ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നും, 82കാരനായ അദ്ദേഹത്തിന് സ്ഥിരം ജാമ്യം നൽകണമെന്നും അഭിഭാഷകർ കോടതിയിൽ അഭ്യർത്ഥിക്കുകയായിരുന്നു.
വരവര റാവുവിനെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും, രാജ്യ വിരുദ്ധ നടപടികളാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടുള്ളതെന്നും ആരോപിച്ചായിരുന്നു എൻഐഎ കോടതിയിൽ ജാമ്യാപേക്ഷയെ എതിർത്തത്. ഇത് തള്ളിയ കോടതി നിർദേശങ്ങളോടെയാണ് ജാമ്യം അനുവദിച്ചത്.