- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നവംബർ ഒന്നിന് സ്കൂൾ തുറന്ന ദിവസം നാടകീയമായി എംവിഡിയുടെ സർജിക്കൽ സ്ട്രൈക്ക്; പുഴക്കടവിൽ ബസ് പിടിച്ചെടുത്തത് ഹൈക്കോടതി സ്റ്റേ മറികടന്ന്; കെഎസ്ആർടിസി ബസുകളുടെ ധാരാളിത്തമെന്ന് എംവിഐ റിപ്പോർട്ട് നൽകിയ റൂട്ടിൽ ഒരു ബസ് പോലുമില്ലെന്ന് വിവരാവകാശ രേഖ; ഒരു 'വരവേൽപ്പ്' കഥ
തിരുവനന്തപുരം: നായകനടൻ ആരംഭിക്കുന്ന ഗൾഫ് മോട്ടോഴ്സ് എന്ന ബസ് കമ്പനി പൊളിക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങളുടെ കഥയാണ് 1989 ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാടിന്റെ മോഹൻലാൽ ചിത്രം വരവേൽപ് പറയുന്നത്. അതിന് സമാനമായൊരു കഥയാണ് നെടുമങ്ങാട് പുഴക്കടവിൽ ബസ് ഉടമ അനൂപ് ചന്ദ്രനും പറയാനുള്ളത്.
വ്യാജറിപ്പോർട്ടുകൾ നൽകിയും വസ്തുതകൾ മറച്ചുവച്ചും ആർടിഒയെ തെറ്റിദ്ധരിപ്പിച്ച് കല്ലറ-പാലോട്- ബാങ്ക് മുക്ക് റൂട്ടിലൂടെയുള്ള ബസ് സർവ്വീസ് മുടക്കാൻ ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി അനൂപ് ചന്ദ്രൻ പരാതിപ്പെടുന്നു. കോടതി സ്റ്റേ നിലനിൽക്കുമ്പോൾ തന്നെ ബസ് പിടിച്ചെടുത്ത് ഓട്ടം മുടക്കിയെന്നാണ് പരാതി. ആറ്റിങ്ങൽ ആർടിഒയുടെയും ഡെപ്യൂട്ടി ട്രാൻസ്പോർട് കമ്മീഷണർ മനോജ് കുമാറിന്റെയും നിർദ്ദേശപ്രകാരം വാഹനം പിടിച്ചെടുക്കുന്നതായി എംവിഡി ഉദ്യോഗസ്ഥർ പറയുന്നതിന്റെ ദൃശ്യങ്ങൾ അനൂപ് ചന്ദ്രൻ പുറത്തുവിട്ടു. കോടതി സ്റ്റേ ഉള്ളതായി പറഞ്ഞിട്ടും ചെവിക്കൊള്ളാൻ എംവിഡി ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും അദ്ദേഹം പറയുന്നു.
2019 ലാണ് കല്ലറ-പാലോട്- ബാങ്ക് മുക്ക് റൂട്ടിൽ പെർമിറ്റിനായി അനൂപ് ചന്ദ്രൻ ആർടിഒ മുമ്പാകെ അപേക്ഷ സമർപ്പിച്ചത്. എന്നാൽ ആ അപേക്ഷയിൽ തീരുമാനമൊന്നും ആകാതിരുന്നതോടെ 2020 ജനുവരിയിൽ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. ഈ അപേക്ഷ പരിഗണിച്ച് ഉടൻ തന്നെ പരാതി തീർപ്പാക്കാൻ ഹൈക്കോടതി ആർടിഒയോട് ആവശ്യപ്പെട്ടു. എന്നാൽ 2021 ജനുവരിയിലും നടപടിയൊന്നും ആകാതിരുന്നതോടെ അനൂപ് വീണ്ടും കോടതിയെ സമർപ്പിക്കുകയും കോടതി അലക്ഷ്യത്തിന് നടപടി എടുപ്പിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് നാല് മാസത്തെ താൽക്കാലികപെർമിറ്റ് ആർടിഒ അനുവദിച്ചു. അനൂപിന്റെ ബസ് ഓടി തുടങ്ങി ആദ്യ സവാരി കഴിഞ്ഞപ്പോൾ തന്നെ മോട്ടോർ വെഹിക്കിൾ വകുപ്പ് സ്റ്റോപ്പ് മെമോ വീട്ടിലെത്തി ഒട്ടിച്ചെന്ന് അനൂപ് പറയുന്നു.
തിരുവനന്തപുരം- ചെങ്കോട്ട സ്കീമിൽ ഉൾപ്പെടുന്ന ആ റൂട്ട് ദേശസാൽകൃതമാണെന്നും, അതുവഴി ഓടുന്ന കെഎസ്ആർടിസി ബസുകൾ എതിർപ്പ് അറിയിച്ചതോടെയാണ് പെർമിറ്റിന് സ്റ്റോപ്പ് മെമോ നൽകിയതെന്നും ആർടിഒ ബിജുമോൻ പറയുന്നു. മാത്രമല്ല ഈ റൂട്ടിൽ യഥേഷ്ടം കെഎസ്ആർടിസി ബസുകൾ ഉണ്ടെന്നും ഒരു സ്വകാര്യബസിന്റെ ആവശ്യമില്ലെന്നും എംവിഡി ഇൻസ്പെക്ടർ അനസ് മുഹമ്മദ് ആർടിഒയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ആ റൂട്ടിൽ കെഎസ്ആർടിസി ബസുകൾ ഒന്നും ഓടുന്നില്ല എന്നാണ് അനൂപിന് വിവരാവകാശമറുപടിയായി ലഭിച്ചിരിക്കുന്ന മറുപടി. മാത്രമല്ല അവിടെ സ്കീം വയലേഷൻ നടന്നിട്ടില്ലെന്നും അനൂപ് പറയുന്നു. എന്നാൽ കെഎസ്ആർടിസി ഒബ്ജക്ഷൻ എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ആർടിഒ സ്റ്റോപ്പ് മെമോ നൽകിയത്.
സ്റ്റോപ്പ് മെമോയ്ക്ക് സ്റ്റേ വാങ്ങിയ ശേഷമാണ് പിന്നീട് അനൂപ് വീണ്ടും ബസ് റോഡിലിറക്കുന്നത്. എന്നാൽ അന്ന് വൈകുന്നേരം തന്നെ എംവിഡി ഉദ്യോഗസ്ഥർ വന്ന് ബസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേ ഓർഡർ ഉണ്ടെന്ന് പറഞ്ഞിട്ടൊന്നും ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ലെന്ന് അനൂപ് ചന്ദ്രൻ പറഞ്ഞു. സ്റ്റേ ഓർഡറുമായി ആർടിഒ ഓഫീസിലെത്തിയ ശേഷമാണ് ബസ് വിട്ടുനൽകിയത്.
യാത്രാക്ലേശം ഗുരുതരമായ ഈ പ്രദേശത്തെ കല്ലറ, പനവൂർ, ആനാട് പഞ്ചായത്ത് പ്രസിഡന്റുമാരുടെ നിരന്തര ആവശ്യമായിരുന്നു ബസ് സർവീസ്. ഒരുദിവസം സർവീസ് മുടങ്ങുമ്പോൾ ഈ റൂട്ടിലെ നൂറുകണക്കിന് ജനങ്ങളെയാണ് അത് ബാധിക്കുന്നത്. മാത്രമല്ല കേരളത്തിൽ സ്കൂളുകൾ തുറന്ന നവംബർ ഒന്നിനായിരുന്നു എംവിഡി ഉദ്യോഗസ്ഥർ ധൃതിപിടിച്ച് ബസ് പിടിച്ചെടുത്തത്. വിദ്യാർത്ഥികളേയും ബുദ്ധിമുട്ടിക്കുന്ന നടപടിയായിരുന്നു എംവിഡിയുടേത്. ഹൈക്കോടതി സ്റ്റേ മോട്ടോർ വെഹിക്കിൾ വകുപ്പിന് ബാധകമല്ലേ എന്നാണ് അനൂപിന്റെ ചോദ്യം.
ചില ബസ് മുതലാളിമാർക്ക് വേണ്ടി ചില ഉദ്യോഗസ്ഥർ ആർടിഒയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് അനൂപ് ആരോപിക്കുന്നു. അത്തരക്കാർക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.