ന്ത്രി കെ ടി ജലീലിന് നിഷേധിക്കപ്പെടുന്നതിലൂടെയാണ് ഡിപ്ലോമാറ്റിക്ക് പാസ്സ്പോർട്ട് നമ്മുടെ ശ്രദ്ധയിലെത്തുന്നത്. പതിവുപോലെ അതും രാഷ്ട്രീയമായി. അതുകൊണ്ടാണ് പിന്നെ അതിനെപ്പറ്റി ഒന്നും പറയാതിരുന്നത്. ഇപ്പോൾ ആ ചർച്ച ഒതുങ്ങിയ സ്ഥിതിക്ക് പല തരം പാസ് പോർട്ടുകളെപ്പറ്റി പറയാം.

ഓർഡിനറി പാസ്സ്പോർട്ട് അല്ലെങ്കിൽ നാഷണൽ പാസ്സ്പോർട്ട്:

ത്തരം പാസ്സ്‌പോർട്ടാണ് സാധാരണക്കാർക്കുള്ളത്. എല്ലാ രാജ്യങ്ങളും അവരുടെ പൗരന്മാർക്ക് ഇത് ഇഷ്യൂ ചെയ്യുന്നു. വലിയ കുറ്റകൃത്യങ്ങളൊന്നും ചെയ്യാത്ത എല്ലാ പൗരന്മാർക്കും ഇതൊരു അവകാശമാണ്, ജനാധിപത്യ രാജ്യങ്ങളിൽ നിഷേധിക്കാൻ പറ്റാത്തതും.

ഒഫീഷ്യൽ പാസ്സ്പോർട്ട്:

ദ്യോഗിക കാര്യങ്ങൾക്കായി രാജ്യത്തിന് പുറത്തുപോകുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമായി കൊടുക്കന്നതാണിത്. ഈ പാസ്സ്പോർട്ട് ഔദ്യോഗികമാണെങ്കിലും വിസ കൂടിയേ തീരൂ. ഔദ്യോഗിക യാത്രകൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നും നിബന്ധനയുണ്ട്.

ഉദാഹരണത്തിന്, ഇന്ത്യയിലെ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥൻ സ്വന്തം ആവശ്യത്തിന് ദുബായിൽ പോകുമ്പോൾ നാഷണൽ പാസ്സ്പോർട്ട് ആണ് ഉപയോഗിക്കേണ്ടത്. അതെ ഉദ്യോഗസ്ഥൻ ഔദ്യോഗിക കാര്യങ്ങൾക്ക് പോകുമ്പോൾ ഒഫിഷ്യൽ പാസ്സ്പോർട്ട് ഉപയോഗിക്കാം.

ഡിപ്ലോമാറ്റിക്ക് പാസ്സ്പോർട്ട്:

രാഷ്ട്രത്തലവന്മാർ, പ്രധാന മന്ത്രിമാർ, മന്ത്രിമാർ, ഉയർന്ന ഉദ്യോഗസ്ഥർ, നയതന്ത്ര പ്രതിനിധികൾ എന്നിവർക്ക് വേണ്ടി ഇഷ്യൂ ചെയ്യുന്നതാണ് ഡിപ്ലോമാറ്റിക്ക് പാസ്സ്പോർട്ട്. ഓരോ രാജ്യത്തും ഇത് ആർക്കൊക്കെ കൊടുക്കാം എന്നതിന് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളുണ്ട്. രാഷ്ട്രത്തലവന്റെയും നയതന്ത്രപ്രതിനിധികളുടെയും ഭാര്യമാർക്കും അടുത്ത കുടുംബാംഗങ്ങൾക്കും ഈ പാസ്സ്പോർട്ട് കൊടുക്കാറുണ്ട്. ഡിപ്ലോമാറ്റിക്ക് പാസ്‌പോര്ട്ട് ഉള്ളവർക്ക് വിസ കൂ ടാതെ ഏതു രാജ്യത്തും പോകാൻ കഴിയുമെന്നാണ് പൊതുവെയുള്ള ധാരണ. ഇത് ശരിയല്ല. എന്നാൽ ഡിപ്ലോമാറ്റിക് പാസ്സ് പോർട്ടിൽ വിസ അടിക്കുന്നതിന് രാജ്യങ്ങൾ പൊതുവെ ഫീ ഈടാക്കാറില്ല.

ഐക്യരാഷ്ട്ര സഭയുടെ പാസ്സ്പോർട്ട്:

ക്യരാഷ്ട്ര സഭയുടെ ഉദ്യോഗസ്ഥർ ഔദ്യോഗിക സന്ദർശനം നടത്താൻ പോകുമ്പോൾ 'ലൈസ്സ പാസ്സേ' എന്ന പേരിൽ അറിയപ്പെടുന്ന ഒരു ട്രാവൽ ഡോകുമെന്റ് ആണ് ഉപയോഗിക്കുന്നത്. ലോകത്ത് അനവധി രാജ്യങ്ങളിൽ യു എൻ ട്രാവൽ ഡോകുമെന്റ് ഉള്ളവർക്ക് വിസ ആവശ്യമില്ല, ഇനി അഥവാ വിസ വേണമെങ്കിലും അതിനു ഫീ ഈടാക്കാറില്ല. അതെസമയം ഇതും ഏതു രാജ്യത്തും വിസ കൂടാതെ പോകാനുള്ള പാസ്സ്പോർട്ട് അല്ല. ഇന്ത്യയും യു എസും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ യു എൻ പാസ്സ്പോർട്ട് ഉണ്ടെങ്കിലും വിസ വേണം. അമേരിക്കയാകട്ടെ ഡിപ്ലോമാറ്റിക്ക് വിസ ആണെങ്കിലും അത് നാഷണൽ പാസ്സ്പോർട്ടിൽ മാത്രമേ സ്റ്റാമ്പ് ചെയ്യുകയുള്ളൂ.

രാജ്യമില്ലാത്തവരുടെ പാസ്സ്പോർട്ട്:

സ്വന്തരാജ്യത്തു നിന്നും ഓടിപ്പോരേണ്ടി വരുന്നവർ ലോകത്ത് എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. അവർ മറ്റൊരു രാജ്യത്ത് എത്തിക്കഴിഞ്ഞാൽ പിന്നെ അവരുടെ സ്വന്തം രാജ്യത്തു നിന്ന് പാസ്സ്പോർട്ട് കിട്ടാൻ വഴിയില്ല. വന്നിരിക്കുന്ന രാജ്യത്തെ പൗരന്മാരുമല്ല അവർ. എന്നാൽ ഇവർക്കും സഞ്ചാരിക്കേണ്ട ആവശ്യങ്ങൾ ഉണ്ടാകുമല്ലോ. ഉദാഹരണത്തിന്, പാക്കിസ്ഥാനിൽ ലക്ഷക്കണക്കിന് അഫ്ഗാൻ അഭയാർത്ഥികളുണ്ട്. അവരിൽ മിടുക്കന്മാർ നന്നായി പഠിച്ച് അമേരിക്കയിൽ വരെ സർവകലാശാലകളിൽ അഡ്‌മിഷൻ നേടും. അപ്പോൾ അവർക്ക് യാത്ര ചെയ്യേണ്ടി വരുമല്ലോ. അത് പോലെ ചികിത്സക്കോ, ബന്ധുക്കളെ സന്ദർശിക്കാനും ഒക്കെ അവർക്ക് യാത്ര ചെയ്യണമല്ലോ. ഇവർക്ക് വേണ്ടി ഒരു പ്രത്യേക ട്രാവൽ ഡോക്യുമെന്റ് ഐക്യരാഷ്ട്ര സഭയുടെ തീരുമാന പ്രകാരം രാജ്യങ്ങൾ കൊടുക്കാറുണ്ട്. പല പരിമിതികൾ ഉള്ളതാണെങ്കിലും ഇതവർക്ക് വലിയൊരു അനുഗ്രഹമാണ്.

ഒരാൾക്ക് ഒന്നിൽ കൂടുതൽ പാസ്‌പ്പോർട്ട് ആകാമോ ?:

നാഷണൽ പാസ്സ്പോർട്ട് എന്നത് പൗരത്വവും ആയി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഒരു പൗരത്വത്തിന് ഒരു പാസ്സ്പോർട്ട് വച്ച് ആകാം. ഒന്നിൽ കൂടുതൽ പൗരത്വങ്ങൾ അനുവദിക്കുന്ന രാജ്യങ്ങൾ ഉണ്ട്, അങ്ങനെ ഉള്ള രാജ്യങ്ങളുടെ പൗരന്മാർ ആയവർക്ക് ഒന്നിൽ കൂടുതൽ പാസ്സ്‌പോർട്ടും ആകാം. ഇന്ത്യയിൽ ഇരട്ട പൗരത്വം അനുവദനീയമല്ലാത്തതിനാൽ ഇന്ത്യാക്കാർ വേറെ ഏതെങ്കിലും രാജ്യത്തെ പൗരത്വം എടുത്താൽ ഇന്ത്യൻ പാസ്സ്പോർട്ട് തിരിച്ചു കൊടുക്കണം. അത് പോലെ വേറെ ഏതെങ്കിലും നാട്ടുകാർ ഇന്ത്യൻ പൗരത്വം എടുത്താൽ അവർ ആ രാജ്യത്തിന്റെ പാസ്സ്പോർട്ട് തിരിച്ചേല്പിക്കണം.

എല്ലാ രാജ്യക്കാർക്കും അവരുടെ പാസ്സ്‌പോർട്ടിനോടൊപ്പം യു എൻ ലൈസ്സേ പാസ്സേ ഉപയോഗിക്കാം കാരണം അത് ഒരു രാജ്യത്തിന്റെ പാസ്സ്പോർട്ട് അല്ല, യു എൻ ഡോകുമെന്റ് ഉള്ള ആളുടെ രാജ്യം അതിൽ രേഖപ്പെടുത്തുന്നും ഇല്ല.

സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ചില രാജ്യങ്ങൾ ഒന്നിൽ കൂടുതൽ പാസ്സ്പോർട്ട് അനുവദിക്കാറുണ്ട്. ഇന്ത്യയിൽ അത് സാധ്യമല്ല. ഇത് ശരിക്കും കഷ്ടമാണ് കാരണം ഇന്ത്യാക്കാർക്ക് വിസ കിട്ടാൻ പൊതുവെ കൂടുതൽ സമയം എടുക്കും അപ്പോൾ ഒരു പാസ്സ്പോർട്ട് മാത്രം ഉണ്ടെങ്കിൽ അത് ഒരു വിസക്ക് പോകുന്ന സമയത്ത് യാത്ര ചെയ്യാനോ വേറെ വിസക്ക് അപേക്ഷിക്കാനോ പറ്റില്ല. ഇന്ത്യക്കാർ കൂടുതൽ യാത്ര ചെയ്യുന്നതിനാൽ ഈ നിയമം മാറ്റേണ്ട സമയം ആയി.

ഇസ്രയേലിലെ വിസ അടിച്ചാൽ ആ പാസ്സ്പോർട്ട് വച്ച് പല മുസ്ലിം രാജ്യങ്ങളിലും പിന്നെ യാത്ര ചെയ്യാൻ പറ്റില്ല. ഇത് കാരണം ഇസ്രയേലിലേക്ക് യാത്ര ചെയ്യാൻ മാത്രമായി രണ്ടാമത് പാസ്‌പോർട്ട് അനുവദിക്കുന്ന സമ്പ്രദായവും ലോകത്ത് ഉണ്ട്.

വിലക്ക് വാങ്ങുന്ന പാസ്സ്പോർട്ട്. ചില വളരെ ചെറിയ രാജ്യങ്ങൾ (രാജ്യത്തെ ജനസംഘ്യ പലപ്പോഴും ഒരു ലക്ഷത്തിലും താഴെ ആയിരിക്കും) അവരുടെ രാജ്യത്തെ പാസ്‌പോർട്ട് മറ്റു രാജ്യങ്ങളിൽ ഉള്ളവർക്ക് വിലക്ക് കൊടുക്കുന്ന ബിസിനസ്സ് പണ്ടൊക്കെ നടത്തിയിട്ടുണ്ട്. അതിൽ തന്നെ അവരുടെ ഹോണററി കോൺസുൽ ഒക്കെ ആയി നിയമിച്ചു ഡിപ്ലോമാറ്റിക്ക് പാസ്‌പോര്ട്ട് വരെ നൽകും. ഈ ശ്രീലങ്കയിൽ നിന്നും ഒക്കെ ചില മലയാളികൾ ഡോക്ടറേറ്റ് പൊങ്ങച്ചത്തിനു വേണ്ടി മേടിച്ചു വയ്ക്കുന്ന പോലെ ഒരു പണിയാണിത്. ഇപ്പോഴും ഇതിന്റെ പരസ്യം ഒക്കെ പലപ്പോഴും കാണാറുണ്ട്. ഇന്ത്യാക്കാർക്ക് ഒരു പാസ്സ്പോർട്ട് മാത്രമേ അനുവദനീയം ആകുന്നുള്ളൂ എന്നതിനാൽ ഇത് സത്യമാണെങ്കിൽ പോലും നമുക്കിതുകൊണ്ടു ഗുണം ഇല്ല.

എമർജൻസി ട്രാവൽ ഡോക്യുമെന്റ്:

റ്റൊരു രാജ്യത്തു സഞ്ചരിക്കുമ്പോൾ നമ്മുടെ പാസ്സ്പോർട്ട്, അത് മുകളിൽ പറഞ്ഞ ഏതു തരമായാലും, കളഞ്ഞു പോവുക എന്നത് യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഒരു പേടിസ്വപ്നമാണ്. ഇങ്ങനെ വന്നാൽ നമ്മൾ ഏതു രാജ്യത്തു നിന്നാണോ ആ രാജ്യത്തിന്റെ എംബസിയിലോ കോൺസുലേറ്റിലോ അപേക്ഷിച്ചാൽ തിരിച്ചു നാട്ടിൽ എത്തുന്നതിനു വേണ്ടി മാത്രം ഒരു എമർജൻസി ട്രാവൽ ഡോക്യുമെന്റ് ഇഷ്യൂ ചെയ്യും. ഇതുപയോഗിച്ച് മറ്റു രാജ്യങ്ങളിൽ യാത്ര ചെയ്യാനോ വിസ അടിക്കാനോ ഒന്നും പറ്റില്ല. യാത്ര ചെയ്യുന്നവർ അവരുടെ ഒറിജിനൽ പാസ്സ്പോർട്ടിന്റെ കോപ്പി എപ്പോഴും ഒരു മെയിൽ അറ്റാച്ച്‌മെന്റ് ആയിട്ട് ഡ്രാഫ്റ്റിൽ സേവ് ചെയ്തു വെക്കുന്നതാണ് ബുദ്ധി.

ഡിപ്ലോമാറ്റിക്ക് പാസ്സ്പോർട്ട് ഉള്ളവർക്കും ഡിപ്ലോമാറ്റിക്ക് വിസ ഉള്ളവർക്കും ഡിപ്ലോമാറ്റിക്ക് ഇമ്മ്യൂണിറ്റി ഉള്ളതിനാൽ എന്തും ചെയ്യാം എന്നൊക്കെ ആളുകൾക്ക് തെറ്റിദ്ധാരണയുണ്ട്. അതൊക്കെ ഞങ്ങൾ 'സി ഐ ഡി കൾക്ക് ആരെയും എപ്പോഴും വെടിവച്ച് കൊല്ലാം ' എന്ന സി ഐ ഡി വിജയന്റെ പുളുവായി കണ്ടാൽ മതി. അതിനെപ്പറ്റി ഒരവസരം വന്നാൽ അപ്പോൾ എഴുതാം. പക്ഷെ ലോകത്തെ മിക്കവാറും വിമാനത്താവളങ്ങളിൽ ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് ഉള്ളവർക്ക് പ്രത്യേകിച്ച് ഒരു കൗണ്ടർ കാണും. അമേരിക്ക പോലെ ഒരു മണിക്കൂറിൽ കൂടുതൽ ക്യൂ നിൽക്കേണ്ടി വരുന്ന സ്ഥലങ്ങളിൽ ഇത് വലിയ ആശ്വാസം ആണ്. അതെ സമയം കൊച്ചിയിലെ എയർപോർട്ടിൽ 'ഡിപ്ലോമാറ്റ്' എന്നെഴുതി ഒരു കൗണ്ടർ ഉണ്ടെങ്കിലും അവിടെ ഒരിക്കൽ പോലും ഉദ്യോഗസ്ഥരെ കാണാറും ഇല്ല.