കോഴിക്കോട്: വാരിയം കുന്നത്ത് അഹമ്മദ് ഹാജിയുടെ പുതിയ ചിത്രം പുറത്തുവന്നതുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നില്ല. 'സുൽത്താൻ വാരിയം കുന്നൻ' എന്ന പുസ്തകത്തിലൂടെ റമീസ് മുഹമ്മദ് പുറത്തു വിട്ട വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രത്തിന്റെ ആധികാരികതയാണ് തർക്ക വിഷയമായത്. റമീസിനെ തള്ളിയും കൊണ്ടും വാദങ്ങൾ മുന്നേറുന്നതിനിടെ, സത്യം എവിടെ എന്ന് സാധാരണക്കാർ അമ്പരക്കുന്നു. തിരക്കഥാകൃത്ത് കൂടിയായ റമീസ് മുഹമ്മദ് പുറത്തുവിട്ട വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രത്തിന്റെ ഉറവിടം എഴുത്തുകാരൻ ഡോ. അബ്ബാസ് പനക്കൽ തന്റെ ഫേസ്‌ബുക്ക് പോസ്‌ററിൽ വെളിപ്പെടുത്തി.

ഒക്ടോബർ 29 ന് മലപ്പുറത്ത് നടന്ന സുൽത്താൻ വാരിയംകുന്നൻ പുസ്തക പ്രകാശന ചടങ്ങിലാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം പുറത്തിറക്കിയത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രത്തോടെയാണ് ''സുൽത്താൻ വാരിയൻ കുന്നൻ'' പുസ്തകം പ്രകാശനം ചെയ്തത്.

റമീസ് മുഹമ്മദ് എഴുതിയ സുൽത്താൻ വാരിയൻ കുന്നൻ എന്ന പുസ്തക പ്രകാശനം ചെയ്തത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബാംഗങ്ങളാണ്. ഒരുപാട് അന്വേഷണം നടത്തിയതിന് ശേഷമാണ് വാരിയംകുന്നന്റെ യഥാർത്ഥ ചിത്രം ലഭിച്ചതെന്ന് റമീസ് മുഹമ്മദ് പറഞ്ഞിരുന്നു. ബ്രിട്ടണിൽ നിന്ന് ചിത്രം വിട്ടുകിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ഫ്രഞ്ച് മാഗസിനിൽ നിന്ന് ചിത്രം ലഭിച്ചത്. പിന്നീട് വിദഗ്ധരുമായി ചർച്ച ചെയ്താണ് അത് വാരിയംകുന്നന്റെ ചിത്രമാണ് എന്ന നിഗമനത്തിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോയമ്പത്തൂരിൽ നിന്നാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ബന്ധുക്കളെ കണ്ടെത്തിയത്. പുസ്തകം പ്രകാശനം ചെയ്യാനായി വാരിയംകുന്നന്റെ പേരമകൾ ഹാജറയാണ് മലപ്പുറത്തെത്തിയത്.

ഡോ.അബ്ബാസ് പനയ്ക്ക്‌ലിന്റെ പോസ്റ്റ്:

സയൻസസ് എറ്റ് വോയേജസ് പ്രസിദ്ധീകരിച്ച 1922 ഓഗസ്റ്റിലെ ചിത്രത്തിൽ ആലി മുസലിയാരുടെ പേര് മാത്രമേയുള്ളു. യഥാർത്ഥ ഫോട്ടോ കാപ്ഷനിൽ പറയുന്നത് ഇങ്ങനെ: കലാപത്തിന്റെ മുഖ്യ ആസൂത്രകരിൽ ഒരാളായിരുന്ന മുഹമ്മദലിയുടെ ചിത്രം. അദ്ദേഹത്തെ ബ്രിട്ടീഷുകാർ പിടികൂടി വധിച്ചതോടെ അനുയായികൾ ഹതാശരായി കീഴടങ്ങുന്നതിലേക്ക് നയിച്ചു. അദ്ദേഹത്തിന്റെ ഇരുവശവും ഇംഗ്ലീഷ് കുടിയേറ്റക്കാരെ കൊന്നൊടുക്കി കലാപത്തിന് കാഹളം മുഴക്കിയ രണ്ട് മാപ്പിളമാർ.

റമീസ് പുറത്തുവിട്ട ചിത്രം പൂർണമായും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെതാണെന്ന് പറയാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സയൻസ് എറ്റ് വോയേജസ് 1922 ആഗസ്റ്റിൽ പ്രസിദ്ധീകരിച്ച ചിത്രത്തിൽ ആലി മുസ്ലിയാരുടെ പേര് മാത്രമാണ് പരാമർശിക്കുന്നതെന്നും കുഞ്ഞഹമ്മദ് ഹാജിയെ പരാമർശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സയൻസസ് എറ്റ് വോയേജസിന്റെ ലേഖനത്തിലുള്ള ചിത്രത്തിന്റെ അടിക്കുറിപ്പിൽ പറയുന്നത് ഇതാണെന്നും കുഞ്ഞഹമ്മദ് ഹാജിയുടെ പേര് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.മലബാർ കലാപത്തിന് പിന്നിൽ സോവിയറ്റ് യൂണിയനാണ് എന്നത് ബ്രിട്ടൻ സംശയിക്കുന്നതായി ലേഖനത്തിൽ പറയുന്നുണ്ട്.

റമീസ് മീഡിയ വണ്ണിനോട് പ്രതികരിച്ചത് ഇങ്ങനെ:

ചിത്രം വിവാദമായ സാഹചര്യത്തിൽ പുസ്തകത്തിന്റെ അടുത്ത പതിപ്പിൽ ഫോട്ടോ പ്രസിദ്ധീകരിച്ച ഫ്രഞ്ച് മാഗസിന്റെ മൂന്ന് പേജുകൾ കൂടി ഉൾപ്പെടുത്തുമെന്ന് രചയിതാവ് റമീസ് മുഹമ്മദ് ഒ. പറഞ്ഞു. ചിത്രം ലഭിച്ചത് സയൻസ് അറ്റ് വോയേജസ് എന്ന ഫ്രഞ്ച് മാഗസിനിൽ നിന്നാണെന്നും അത്തരം വിവരങ്ങളെല്ലാം പുസ്തകത്തിൽ പറയുന്നുണ്ടെന്നും ചിത്രത്തിന്റെ ആധികാരികത ചോദ്യം ചെയ്യുന്നവർ പുസ്തകം വായിക്കാത്തവരാണെന്നും അദ്ദേഹം പറഞ്ഞു. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ 'സുൽത്താൻ വാരിയം കുന്നന്റെ' പ്രകാശനത്തിന് എത്തിയതായിരുന്നു വാരിയംകുന്നൻ സിനിമയുടെ തിരക്കഥാകൃത്തുകളിൽ ഒരാളായ റമീസ്.

സാധാരണ ചരിത്രപുസ്തകത്തിന്റെ രീതിയിലാണ് ഈ പുസ്തകവും തയാറാക്കിയത്. പുസ്തകത്തിന്റെ പേരും എഡിഷനുമാണ് സാധാരണ പ്രസിദ്ധീകരിക്കാറുള്ളത്. നിഷ്‌കളങ്കമായി പലരും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അടുത്ത എഡിഷനിൽ ഇവ കൂടി ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വിക്കി പീഡിയ ആർക്കും എഡിറ്റ് ചെയ്യാവുന്നതാണെന്ന് എല്ലാവർക്കും അറിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു

'വാരിയംകുന്നൻ' എന്ന പേരിൽ പുറത്തിറങ്ങുന്ന സിനിമയുടെ പ്രവർത്തനങ്ങൾ സജീവമാണെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ നിന്ന് നായകനാകാനിരുന്ന നടൻ പൃഥ്വിരാജും സംവിധായകൻ ആഷിഖ് അബുവും പിന്മാറിയത് വിവാദായിരുന്നു. സിനിമ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇരുവരും സാമൂഹിക മാധ്യമങ്ങളിൽ വിമർശിക്കപ്പെടുകയും പിന്തുണക്കപ്പെടുകയും ചെയ്തിരുന്നു.

പുതിയ ചിത്രം കണ്ടെത്തിയ കഥ

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രം എന്ന് അവകാശപ്പെടുന്ന ഫോട്ടോ ഉൾപ്പെടുത്തിയുള്ള ജീവചരിത്രം കഴിഞ്ഞ ആഴ്ചയാണ് മലപ്പുറത്ത് പ്രകാശനം ചെയ്യപ്പെട്ടത്. 'സുൽത്താൻ വാരിയം കുന്നൻ' എന്ന് പേരിട്ട പുസ്തകം രചിച്ചത് തിരക്കഥാകൃത്ത് കൂടിയായ റമീസ് മുഹമ്മദ് ആണ്. ( ആഷിക്ക് അബു പൃഥ്വീരാജിനെ നായകനാക്കി വാരിയം കുന്നൻ എന്ന ചിത്രം അനൗൺസ് ചെയ്തപ്പോൾ ആദ്യം തിരക്കഥാ ടീമിൽ ഉണ്ടായിരുന്നു ആളാണ് റമീസ്. അതോടെ ഇസ്ലാമിക തീവ്രവാദത്തെ ന്യായീകരിച്ച് ഇയാൾ മുൻകാലത്ത് ഇട്ട പല പോസ്റ്റുകളും ചിലർ കുത്തിപ്പൊക്കി. അതോടെ ആഷിക്ക് അബു റമീസിനെ മാറ്റി നിർത്തുകയായിരുന്നു. ) ഒരുപാട് അന്വേഷണം നടത്തിയതിന് ശേഷമാണ് വാരിയംകുന്നന്റെ യഥാർത്ഥ ചിത്രം ലഭിച്ചതെന്ന് റമീസ് പറയുന്നത്. 1922 ജനുവരി 14 ന് ഗാർഡിയൻ ദിനപത്രം പ്രസിദ്ധീകരിച്ച വാരിയം കുന്നന്റെ ചിത്രം എന്ന പേരിലാണ് ഫോട്ടോ അവതരിപ്പിക്കപ്പെട്ടത്. അതേ വർഷം തന്നെ സയൻസസ് എറ്റ് വോയേജസ് എന്ന ഫ്രഞ്ച് മാഗസിനും ചിത്രം പ്രസിദ്ധീകരിച്ചതായി റമീസ് അവകാശപ്പെട്ടു. ബ്രിട്ടണിൽ നിന്ന് ചിത്രം വിട്ടുകിട്ടില്ല എന്ന ഉറപ്പായതോടെയാണ് ഫ്രഞ്ച് മാഗസിനിൽ നിന്ന് ചിത്രം ലഭിക്കാൻ ശ്രമം തുടങ്ങിയത്. പിന്നീട് വിദഗ്ധരുമായി ചർച്ച ചെയ്താണ് അത് വാരിയം കുന്നന്റെ ചിത്രമാണ് എന്ന നിഗമനത്തിലെത്തിയതെന്നും അദ്ദേഹം പറയുന്നു.

പക്ഷേ ഇവിടെ നിർണ്ണയകമായ ചില തെറ്റുകൾ ഗ്രന്ഥ കർത്താവ് ചെയ്തു. ചരിത്രഗ്രന്ഥം എന്നനിലക്ക് ആ മാഗസിനിലെ വാരിയംകുന്നന്റെ ഫോട്ടോ പ്രസിദ്ധീകരിച്ച പേജ് പുസ്തകത്തിൽ നൽകേണ്ടിയിരുന്നു. ചരിത്ര രചനക്ക് വേണ്ടത് കൃത്യമായ തെളിവുകളാണ് എന്ന അടിസ്ഥാന തത്വം അവർ മറുന്നു. പക്ഷേ ആ മാഗസിൻ തന്റെ പക്കൽ ഉണ്ടെന്ന് ഗ്രന്ഥകാരൻ പുസ്തകത്തിൽ എഴുതുകയും ചാനൽ അഭിമുഖത്തിൽ പറയുകയും ചെയ്യുന്നുണ്ട്. പക്ഷേ ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും ഒറിജിനൽ പുസ്തകം പുറത്തുവിട്ടിട്ടില്ല.

1973 ൽ പ്രസിദ്ധീകരണം നിലച്ച മാഗസിന്റെ കോപ്പി ഫ്രഞ്ചുകാരനായ ഇന്നസെന്റ് ജൗലിൻ എന്നൊരാളുടെ കൈയിലുണ്ടായിരുന്നുവെന്നും അയാളിൽ നിന്നാണ് ഇത് സംഘടിപ്പിച്ചതെന്നും പുസ്തകത്തിൽ പറയുന്നുണ്ട്. ഏതാണ്ട് 50 വർഷത്തിന് മുമ്പ് പ്രസിദ്ധീകരണം നിർത്തിയ മാഗസിന്റെ നൂറുവർഷം മുമ്പുള്ള കോപ്പി എങ്ങനെ ഇദ്ദേഹത്തിന്റെ കൈയിലെത്തിയെന്നത് സംശയമാണ്. ഇതൊക്കെ ചരിത്രം രചിക്കുമ്പോൾ വിട്ടുപോകാൻ സാധിക്കാത്ത കണ്ണിയാണ്്. ചരിത്രകാരന്റെ പരിശോധന മേശയിൽ വിജയം വരിക്കണമെങ്കിൽ സ്രോതസുകളുടെ വിശദാംശങ്ങൾ കൃത്യമായിരിക്കണം. പക്ഷേ ഇവിടെ മുഴുവൻ അവ്യക്തത ബാക്കിയാണ്.