വർക്കല: വീടിനു തീപിടിച്ച് അഞ്ചു പേർ മരിച്ച സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങുമ്പോൾ പൊലീസിന് മുന്നിലുള്ളത് വലിയ വെല്ലുവളി. കാർ പോർച്ചിലുണ്ടായിരുന്ന ഇരുചക്രവാഹനങ്ങൾക്കു തീപിടിച്ച ശേഷം അതിൽനിന്നു വീട്ടിലേക്കു പടർന്നതാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. പോർച്ചിലുണ്ടായിരുന്ന നാല് ഇരുചക്രവാഹനങ്ങളും കത്തിനശിച്ചിട്ടുണ്ട്. കാർബൺ മോണോക്‌സൈഡാണ് മരണ കാരണം. ഇത് എസിയിൽ നിന്ന് ഉണ്ടാകാനാണ് സാധ്യത. വിഷപുകയാണ് അഞ്ചു പേരുടെ ജീവനെടുത്തത് എന്നാണ് വിലയിരുത്തൽ.

വർക്കല ചെറുന്നിയൂർ ബ്ലോക്ക് ഓഫീസിനു സമീപം പന്തുവിള രാഹുൽനിവാസിൽ പ്രതാപൻ (62), ഭാര്യ ഷേർളി (53), ഇളയമകൻ അഖിൽ (25), രണ്ടാമത്തെ മകൻ നിഖിലിന്റെ ഭാര്യ അഭിരാമി (24), നിഖിൽ-അഭിരാമി ദമ്പതികളുടെ മകൻ റയാൻ (എട്ടുമാസം) എന്നിവരാണു മരിച്ചത്. പൊള്ളലേറ്റതല്ല, പുക ശ്വസിച്ചതാണു മരണകാരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇന്നലെ പുലർച്ചെ ഒന്നേകാലോടെയാണു സംഭവമെന്നാണു പൊലീസ് നിഗമനം. ഒന്നേമുക്കാലോടെയാണു തീപിടിത്തം അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.

പ്രതാപനെയും ഷേർളിയേയും താഴത്തെനിലയിലും അഖിലിനെ രണ്ടാംനിലയിലും അഭിരാമിയേയും കുഞ്ഞിനെയും രണ്ടാംനിലയിലെ ശൗചാലയത്തിലുമാണു മരിച്ചനിലയിൽ കണ്ടെത്തിയത്. നിഖിലും രണ്ടാംനിലയിലായിരുന്നു. സംഭവത്തിൽ ദുരൂഹതയില്ലെന്നും ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നുമാണു പൊലീസ് വിലയിരുത്തൽ. മരിച്ചവരിൽ ആർക്കും കാര്യമായ പൊള്ളലേറ്റിട്ടില്ല. ധരിച്ചിരുന്ന വസ്ത്രങ്ങളും കത്തിനശിച്ചിട്ടില്ല. എ.സി. ഉപയോഗിച്ചിരുന്നതിനാൽ അടഞ്ഞമുറികളിൽ പുകനിറഞ്ഞതു ദുരന്തകാരണമായി. ഷോർട്ട്സർക്യൂട്ടാകാം തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമികനിഗമനം. വിഷപ്പുക ശ്വസിച്ച് ബോധരഹിതരായതിനാൽ പുറത്തിറങ്ങി രക്ഷപ്പെടാനായില്ല. മൂന്ന് കിടപ്പുമുറികളിലെയും എ.സി. കത്തിനശിച്ച നിലയിലാണ്.

പുലർച്ചെ ഒന്നരയോടെ വീടിനു തീപിടിക്കുന്നതു കണ്ട എതിർവീട്ടിലെ ശശാങ്കനാണ് നിലവിളിച്ച് മറ്റ് അയൽവാസികളെ ഉണർത്തിയത്. കാർപോർച്ചിലുണ്ടായിരുന്ന രണ്ട് ബൈക്കുകളും ഒരു സ്‌കൂട്ടറും കത്തിയമരുന്നതാണ് ആദ്യം കണ്ടത്. പോർച്ചിലെ ചുവരുകൾ ചൂടിൽ പൊട്ടിപ്പൊളിഞ്ഞു. കാർപോർച്ച് മാത്രമല്ല, വീടിനുള്ളിലും തീ ആളിക്കത്തുകയാണെന്നറിഞ്ഞതോടെ നാട്ടുകാർ ബക്കറ്റിലും മറ്റും വെള്ളവുമായെത്തി തീ കെടുത്താൻ ശ്രമിച്ചു. ഇതിനിടെ പൊലീസിലും അഗ്‌നിരക്ഷാസേനയിലും വിവരമറിയിച്ചു. ഈ പ്രാഥമിക വിവരങ്ങൾ മുഖവിലയ്‌ക്കെടുത്താണ് അന്വേഷണം.

വീടിന്റെ താഴത്തെ നിലയിലെ കാർപോർച്ചിനോടു ചേർന്ന ഹാൾ മുഴുവൻ കത്തിക്കരിഞ്ഞ നിലയിലാണ്. എന്നാൽ, മുകളിലത്തെ നിലയിൽ തീ പടർന്നിട്ടില്ല. പക്ഷേ, പുക കുമിഞ്ഞ് ഫർണിച്ചറും മറ്റും കരിപിടിച്ച നിലയിലാണ്. ഇത് ശ്വസിച്ചാണ് എല്ലാവരും മരിച്ചത്. തീപിടിച്ചത് വീടിന്റെ ഏതു ഭാഗത്തുനിന്നാണെന്നു കണ്ടെത്താനാണ് ശ്രമം. സി.സി.ടി.വി. ദൃശ്യങ്ങളും ദൃക്സാക്ഷികളുടെ മൊഴികളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്. ഫൊറൻസിക്, വിരലടയാള വദഗ്ദ്ധർ, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ, അഗ്‌നിരക്ഷാസേന ഡയറക്ടർ എന്നിവർ വീട്ടിലെത്തി പരിശോധന നടത്തി. അന്വേഷണങ്ങൾ ക്രോഡീകരിച്ച് തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനാണ് ശ്രമം.

പ്രതാപനും ഭാര്യ ഷെർലിയും താഴത്തെ നിലയിലും മക്കൾ മുകൾനിലയിലുമാണ് ഉറങ്ങിക്കിടന്നത്. തീ കണ്ടതോടെ അയൽവാസികൾ വാതിൽ പൊളിക്കാനും തീ കെടുത്താനും ശ്രമിച്ചുകൊണ്ടിരുന്നു. കല്ലെറിഞ്ഞ് ജനാലച്ചില്ലുകൾ പൊട്ടിച്ചപ്പോൾ കറുത്ത പുക പുറത്തേക്കു വമിച്ചു. അൽപ്പസമയംകൊണ്ട് പരിസരമാകെ പുകയിൽ മുങ്ങി. ജനലിൽ തട്ടി വിളിക്കുന്നതിനിടെ അവശനായ അഹിൽ ജനൽ തുറക്കാൻ ശ്രമിച്ചു.

ബോധം നശിച്ച് കുഴഞ്ഞുവീഴുന്നതിന് തൊട്ടുമുൻപും നിഹുൽ പറയുന്നുണ്ടായിരുന്നു, 'എന്റെ ഭാര്യയെയും കുഞ്ഞിനെയും ബാത്ത്റൂമിനുള്ളിലാക്കിയിട്ടുണ്ട്. എന്നെ വിട്ടിട്ട് അവരെ രക്ഷിക്ക് പ്ലീസ്...' നിമിഷനേരം കൊണ്ട് രക്ഷാപ്രവർത്തകർ മുകൾനിലയിലെ ആ മുറിയിലെത്തി. കുളിമുറി തള്ളിത്തുറന്നപ്പോൾ കാണുന്നത് പുക ശ്വസിച്ച് മരിച്ചുകിടക്കുന്ന അഭിരാമിയെ. എട്ടുമാസം പ്രായമുള്ള റയാൻ എന്ന ആൺകുഞ്ഞ് ആ അമ്മയുടെ നെഞ്ചിൽ ജീവനറ്റു കിടക്കുന്നു.

നിഹുൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. എതിർവശത്തെ വീട്ടിലെ സാന്ദ്രയാണ് ഈ വീടിന് തീപിടിച്ചത് ആദ്യം കാണുന്നത്. രാത്രി ഒന്നരയോടെ രണ്ടാംനിലയിലെ എ.സി. ഓഫ് ചെയ്യാനായി എഴുന്നേറ്റപ്പോഴാണ് പ്രതാപന്റെ വീട്ടിലെ കാർപോർച്ചിൽ തീ കത്തിപ്പടരുന്നത് കാണുന്നത്. പുക പുറത്തേക്കു പോകാൻ വീടിന്റെ ജനലുകൾ എറിഞ്ഞുടച്ചും സമീപത്തെ വീടുകളിൽ നിന്നു പൈപ്പിൽ വെള്ളം ചീറ്റിച്ചും ശ്രമിച്ചെങ്കിലും പടർന്നു കയറിയ തീയുടെ മുന്നിൽ എല്ലാം വിഫലമായി. ചൂടിൽ വീടിന്റെ ഭിത്തിയിലെ സിമന്റ് ഇളകി വീണു. തറ പൊട്ടിത്തെറിച്ച് ഇളകി മാറി. ഫർണിച്ചറുകൾ ഉരുകിയ സ്ഥിതിയിലാണ്.