വർക്കല: വർക്കലയിൽ വീടിന് തീപിടിച്ചതിനെ തുടർന്ന് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിക്കാനിടയായ സംഭവത്തിൽ പ്രാഥമികാന്വേഷണത്തിൽ അസ്വാഭാവികതയില്ല. പുക ശ്വസിച്ചാണ് മരണമെന്ന നേരത്തെ സ്ഥിരീകരിച്ചിരുന്നു. വീട്ടിൽ അടുത്ത ദിവസങ്ങളിലായി അസ്വാഭാവികമായി ഒന്നും നടന്നിട്ടില്ലെന്ന് വീട്ടുജോലിക്കാരി മിനി മാധ്യമങ്ങളോട് പറഞ്ഞു. വീട്ടിലെ മുറികൾക്കെല്ലാം ശക്തിയുള്ള പൂട്ടുകളാണ്. എല്ലാ മുറികളിലും എസി ഉണ്ട്. എസി ഓൺചെയ്താൽ പുറത്തെ ശബ്ദം ഒന്നും കേൾക്കില്ല. പലപ്പോഴും മുറി തുറക്കാൻ ഫോൺ വിളിച്ചാണ് പറയുന്നതെന്നും മിനി പറഞ്ഞു.

വീട്ടിലെ ഹാളുകൾ പൂർണമായും കത്തിയ നിലയിലായിരുന്നു. റൂമുകളെല്ലാം അടച്ചിട്ടിരുന്നു. സംശയകരമായി ഒന്നും ശ്രദ്ധയിൽപെട്ടിട്ടില്ല. വീടിനുള്ളിലെ ജിപ്‌സം വർക്കുകൾ തീ പടരാൻ കാരണമായിട്ടുണ്ടാകാം. കൂടുതൽ അന്വേഷണം നടത്താനുണ്ട്. അഞ്ച് പേർ മരിച്ച സംഭവമായതിനാൽ അതിന്റേതായ പ്രാധാന്യം നൽകും. വിദഗ്ദ്ധരെത്തി പരിശോധന തുടരുകയാണ്. '- ഐജി ആർ. നിശാന്തിനി പറഞ്ഞു. അപകടസ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

ഇന്ന് പുലർച്ചെയാണ് വർക്കല പുത്തൻചന്തയിലെ പച്ചക്കറി വ്യാപാരിയായ പ്രതാപന്റെ ചെറുന്നിയൂരിലെ വീട്ടിൽ തീപിടിച്ചത്. സംഭവത്തിൽ പ്രതാപൻ(64), ഭാര്യ ഷെർളി(53), മകൻ അഖിൽ(25), മരുമകൾ അഭിരാമി(24), അഭിരാമിയുടെ എട്ടുമാസം പ്രായമായ കുഞ്ഞ് എന്നിവരാണ് മരിച്ചത്. പ്രതാപന്റെ മൂത്തമകൻ നിഹുൽ(29) ഗുരുതരാവസ്ഥയിലാണ്. നിഹുലിന്റെ മൊഴിയെടുത്താൽ മാത്രമേ എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തത വരികയുള്ളു.

പുലർച്ചെ ഒന്നരയ്ക്കുശേഷം ബൈക്ക് കത്തുന്നത് കണ്ടപ്പോൾ അയൽവാസികൾ നിഹുലിനെ ഫോണിൽ വിളിച്ചു. ഫോൺ എടുത്ത നിഹുൽ എവിടെയാണ് തീ കത്തുന്നതെന്ന് ചോദിച്ചു. വീടിന്റെ മുന്നിലാണെന്നു പറഞ്ഞപ്പോൾ ഫോൺ കട്ടു ചെയ്തു. പിന്നീട് രണ്ടു മിനിട്ടിനുശേഷം വീണ്ടും വിളിച്ചു. അപ്പോൾ നിഹുൽ ഫോൺ എടുത്തില്ല. നാട്ടുകാരും പൊലീസും എത്തി തീ അണയ്ക്കാൻ തുടങ്ങുന്നതിനിടെ പിൻവശത്തെ വാതിലിലൂടെയാണ് നിഹുൽ പുറത്തെത്തിയത്. അവശനിലയിലായിരുന്ന നിഹുലിനെ ഉടനെ ആശുപത്രിയിലേക്കു മാറ്റി.

പൊള്ളലിന് അപ്പുറം വിഷവാതകം ശ്വസിച്ചതാണ് മരണ കാരണമെന്നാണ് സംശയം. കാർബൺ മോണോക്സൈഡാണ് വില്ലനായതെന്നാണ് സൂചന. വീട്ടിലെ എസിയിൽ തീപടർന്നിരുന്നു. എസിയിൽ നിന്നും കാർബൺ മോണോക്സൈഡ് പുറത്തു വരാനുള്ള സാധ്യത ഏറെയാണ്.

വീട്ടിൽ എസിയുള്ളതിനാൽ മിക്ക മുറികളും വായു സഞ്ചാരം ഇല്ലാത്തതായിരുന്നു. അതുകൊണ്ട് തന്നെ വിഷ പുകയ്ക്ക് മുറിയിൽ തങ്ങി നിൽക്കാൻ കഴിയുമായിരുന്നു. ഇതാകും വില്ലനായത്. രണ്ടാഴ്ച മുമ്പ് കൊടുങ്ങല്ലൂരിൽ കാർബൺ മോണോക്സൈഡ് പുകയുണ്ടാക്കി ഒരു കുടുംബത്തിലെ നാലു പേർ ആത്മഹത്യ ചെയ്തിരുന്നു. ഇത് വലിയ ചർച്ചയാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിഷപുക അഞ്ചു പേരുടെ ജീവൻ വർക്കലയിൽ എടുക്കുന്നത്. അതുകൊണ്ട് തന്നെ വർക്കലയിലെ സംഭവത്തിൽ അട്ടിമറിയുണ്ടോ എന്നും പൊലീസിന് സംശയമുണ്ട്.

തീപടർന്ന് പുകയാൽ നിറഞ്ഞ വീടിന്റെ അടുക്കള ഭാഗത്തെ വാതിൽ തകർത്താണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അകത്ത് കയറിയത്. വീടിനകത്ത് നിറയെ പുകയായിരുന്നു. തീപടർന്നിരുന്ന വീടിനുള്ളിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ നിഹുലിന്റെ വായയിൽ നിറയെ കറുത്ത പുകയായിരുന്നു. മുകൾ നിലയിലെ രണ്ട് മുറികൾ പൂർണമായും കത്തി നശിച്ച നിലയിൽ ആണ്. വീട് മുഴുവൻ ഇന്റീരിയൽ ഡിസൈൻ ചെയ്തത് എല്ലാം കത്തിക്കരിഞ്ഞു. എസിയും കത്തി.

അഭിരാമിയുടെയും കുഞ്ഞിന്റെയും മൃതദേഹം കിടന്നത് മുകൾനിലയിലെ മുറിയിലെ ബാത്റൂമിൽ ആയിരുന്നു. ഇളയമകൻ അഹിലിന്റെ മൃതദേഹം മുകളിലത്തെ നിലയിലെ മറ്റൊരു മുറിയിൽ ആണ്. പ്രതാപന്റേയും ഷേർലിയുടെയും മൃതദേഹം കിടന്നത് താഴത്തെ മുറിയിൽ ആണെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നു. വർക്കല ചെറുന്നിയൂർ ബ്ലോക്ക് ഓഫിസിന് സമീപം ആണ് വീടിന് തീപിടിച്ച് വീട്ടുടമസ്ഥൻ ബേബി എന്ന പ്രതാപൻ(62), ഭാര്യ ഷെർലി(53), ഇവരുടെ മകൻ അഹിൽ(25), മറ്റൊരു മകന്റെ ഭാര്യ അഭിരാമി(24), നിഹുലിന്റേയും അഭിരാമിയുടെയും എട്ട് മാസം പ്രായമുള്ള ആൺ കുഞ്ഞ് എന്നിവർ മരിച്ചത്.

വർക്കല പുത്തൻ ചന്തയിലെ പച്ചക്കറി മൊത്ത വ്യാപാരിയാണ് പ്രതാപൻ. പ്രതാപന് മൂന്ന് ആൺ മക്കളാണ് ഉള്ളത്. ഇതിൽ മൂത്ത മകൻ അഖിൽ വിദേശത്താണ്. മരിച്ച അഹിലും ഗുരുതരമായി പരിക്കേറ്റ നിഹുലും പ്രതാപന്റെ പച്ചക്കറി മൊത്ത വ്യാപാരത്തിൽ പങ്കാളികളായിരുന്നു. നിഹിലിൽ നിന്ന് മൊഴി എടുത്താൽ മാത്രമേ എന്താണ് സംഭവിച്ചത് എന്നതിൽ വ്യക്തത വരികയുള്ളൂ. പ്രതാപനെ കുറിച്ചും വീട്ടുകാരെ കുറിച്ചും നാട്ടുകാർക്ക് നല്ലതേ പറയാനുള്ളു. എല്ലാവരേയും സഹായിക്കുന്ന ആളായിരുന്നു പ്രതാപനെന്ന് നാട്ടുകാർ പറയുന്നു. സാമ്പത്തികമായി മികച്ച നിലയിലുള്ള കുടുംബമായിരുന്നു പ്രതാപന്റേതെന്നും അയൽക്കാർ പറയുന്നു.