- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർക്കലയിലെ കൂട്ടമരണം കടുത്ത ചൂടും പുക ശ്വസിച്ചതും നിമിത്തം എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; തീ പടർന്നത് കാർ ഷെഡിൽ നിന്ന് എന്ന നിഗമനത്തിൽ അന്വേഷണ സംഘം; വീട്ടിലെ സിസി ടിവി ഹാർഡ് ഡിസ്കുകൾ കത്തി നശിച്ചു; ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമം
വർക്കല: വർക്കലയിലെ തീപിടിത്തം ഉണ്ടായ വീട്ടിൽ കൂട്ടമരണം ഉണ്ടാകാൻ കാരണം കടുത്ത ചൂടും പുക ശ്വസിച്ചതും കാരണം എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. ഡിഐജി ആർ.നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തും.
തീപിടുത്തമുണ്ടായ വീടിന്റെ കാർ ഷെഡിൽ നിന്നോ ഹാളിൽ നിന്നോ തീ പടർന്നതാകാമെന്നാണ് ഇലക്ട്രിക് ഇൻസ്പക്ടറിന്റേയും ഫൊറൻസിക് വിഭാഗത്തിന്റെയും അനുമാനം. വീടിന്റെ കാർ ഷെഡിലുണ്ടായിരുന്ന ബൈക്കുകൾ കത്തിയിരുന്നു. ബൈക്കുകൾക്ക് മുകളിലുണ്ടായിരുന്ന അലങ്കാര ബൾബ് കേടായി അതിന്റെ വയർ താഴേക്ക് നീണ്ടു കിടന്നു. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വയറിൽ നിന്നും തീപ്പൊരി വീണ് വാഹനങ്ങൾ കത്തുകയും തീ പടരുകയും ചെയ്യാമെന്നാണ് ഒരു നിഗമനം.
ഹാളിൽ തീപടർന്ന് മുഴുവൻ കത്തി നശിച്ചിരുന്നു. ഷോർട്ട് സർക്യൂട്ട് ഇവിടെയുണ്ടായോയെന്നും സംശയമുണ്ട്. പക്ഷെ സിസിടിവി പരിശോധിച്ച പൊലീസ് സംഘം കാർഷെഡിൽ നിന്നും തീപടരാനാണ് സാധ്യതയാണ് മുന്നിൽ കാണുന്നത്. ദൃശ്യങ്ങളിൽ ഈ ഭാഗത്താണ് തീ ആദ്യം ഉയരുന്നത്. തീപിടുത്തമുണ്ടായ വീട്ടിലുണ്ടായിരുന്ന സിസിടിവികളുടെ ഹാർഡ് ഡിസ്‌ക്കും കത്തി നശിച്ചു. ഇതിലെ ദൃശ്യങ്ങൾ ഫൊറൻസിക് ലാബിൽ വീണ്ടെടുക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായക വഴിത്തിരവാകും. ഫൊറൻസിക് വിദഗ്ദ്ധരുടെ അന്തിമ ഫലം വേഗത്തിൽ കൈമാറാനും പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
തീപിടുത്തമുണ്ടായ വീടിനു ചുറ്റുവട്ടത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. അസ്വാഭാവികമായി ആരും ഈ പ്രദേശത്ത് എത്തിയിട്ടില്ലെന്നാണ് ഇതേവരെയുള്ള നിഗമനം. അട്ടിമറിക്കുള്ള തെളിവുകൾ ഇതേ വരെ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അഞ്ചു പേരുടെ ജീവൻ നഷ്ടമായ സംഭവത്തിൽ ഡിഐജി ആർ.നിശാന്തിനിയുടെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനം. വർക്കല ഡിവൈഎസ്‌പി നിയാസാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
വീട്ടിൽ അടുത്ത ദിവസങ്ങളിലായി അസ്വാഭാവികമായി ഒന്നും നടന്നിട്ടില്ലെന്ന് വീട്ടുജോലിക്കാരി മിനി മാധ്യമങ്ങളോട് പറഞ്ഞു. വീട്ടിലെ മുറികൾക്കെല്ലാം ശക്തിയുള്ള പൂട്ടുകളാണ്. എല്ലാ മുറികളിലും എസി ഉണ്ട്. എസി ഓൺചെയ്താൽ പുറത്തെ ശബ്ദം ഒന്നും കേൾക്കില്ല. പലപ്പോഴും മുറി തുറക്കാൻ ഫോൺ വിളിച്ചാണ് പറയുന്നതെന്നും മിനി പറഞ്ഞു.
വീട്ടിലെ ഹാളുകൾ പൂർണമായും കത്തിയ നിലയിലായിരുന്നു. റൂമുകളെല്ലാം അടച്ചിട്ടിരുന്നു. സംശയകരമായി ഒന്നും ശ്രദ്ധയിൽപെട്ടിട്ടില്ല. വീടിനുള്ളിലെ ജിപ്‌സം വർക്കുകൾ തീ പടരാൻ കാരണമായിട്ടുണ്ടാകാം. കൂടുതൽ അന്വേഷണം നടത്താനുണ്ട്. അഞ്ച് പേർ മരിച്ച സംഭവമായതിനാൽ അതിന്റേതായ പ്രാധാന്യം നൽകും. വിദഗ്ദ്ധരെത്തി പരിശോധന തുടരുകയാണ്. '- ഐജി ആർ. നിശാന്തിനി പറഞ്ഞു. അപകടസ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
ഇന്ന് പുലർച്ചെയാണ് വർക്കല പുത്തൻചന്തയിലെ പച്ചക്കറി വ്യാപാരിയായ പ്രതാപന്റെ ചെറുന്നിയൂരിലെ വീട്ടിൽ തീപിടിച്ചത്. സംഭവത്തിൽ പ്രതാപൻ(64), ഭാര്യ ഷെർളി(53), മകൻ അഖിൽ(25), മരുമകൾ അഭിരാമി(24), അഭിരാമിയുടെ എട്ടുമാസം പ്രായമായ കുഞ്ഞ് എന്നിവരാണ് മരിച്ചത്. പ്രതാപന്റെ മൂത്തമകൻ നിഹുൽ(29) ഗുരുതരാവസ്ഥയിലാണ്. നിഹുലിന്റെ മൊഴിയെടുത്താൽ മാത്രമേ എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തത വരികയുള്ളു.
പുലർച്ചെ ഒന്നരയ്ക്കുശേഷം ബൈക്ക് കത്തുന്നത് കണ്ടപ്പോൾ അയൽവാസികൾ നിഹുലിനെ ഫോണിൽ വിളിച്ചു. ഫോൺ എടുത്ത നിഹുൽ എവിടെയാണ് തീ കത്തുന്നതെന്ന് ചോദിച്ചു. വീടിന്റെ മുന്നിലാണെന്നു പറഞ്ഞപ്പോൾ ഫോൺ കട്ടു ചെയ്തു. പിന്നീട് രണ്ടു മിനിട്ടിനുശേഷം വീണ്ടും വിളിച്ചു. അപ്പോൾ നിഹുൽ ഫോൺ എടുത്തില്ല. നാട്ടുകാരും പൊലീസും എത്തി തീ അണയ്ക്കാൻ തുടങ്ങുന്നതിനിടെ പിൻവശത്തെ വാതിലിലൂടെയാണ് നിഹുൽ പുറത്തെത്തിയത്. അവശനിലയിലായിരുന്ന നിഹുലിനെ ഉടനെ ആശുപത്രിയിലേക്കു മാറ്റി.
മറുനാടന് മലയാളി ബ്യൂറോ