- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറ്റവരെ യാത്രയാക്കാൻ വിദേശത്തു നിന്നും രാഹുൽ എത്തി; 'എല്ലാം കൈവിട്ടു പോയി മോനേ' എന്നു നിലവിളിച്ചു ബന്ധുക്കൾ; എല്ലാമെല്ലാമായവർ ജീവൻ വെടിഞ്ഞു കിടന്ന വീട് കണ്ടു പതറിപ്പോയി; ആ ദുരന്തകാഴ്ച്ച കാണാൻ കരുത്തില്ലാതെ പിന്തിരിഞ്ഞു നടന്നത് രാഹുൽ; അഞ്ചു പേരുടെയും സംസ്‌കാരം ഒരിടത്ത്
വർക്കല: വർക്കലയിൽ വീടിന് തീപടർന്നു ശ്വാസം മുട്ടി മരിച്ച ഉറ്റവരെ അവസാനമായി യാത്രയാക്കാൻ രാഹുൽ നാട്ടിൽ മടങ്ങിയെത്തി. അയന്തി പന്തുവിളയിൽ വീട്ടിൽ അഗ്‌നിബാധയിൽ പൊള്ളലേറ്റും ശ്വാസംമുട്ടിയും മരിച്ച മാതാപിതാക്കൾ അടക്കമുള്ള ഉറ്റവരെ അവസാന നോക്കിന് കഴിഞ്ഞ ദിവസം രാത്രിയാണ് ഗൾഫിൽ നിന്നു എത്തിയത്. ചൊവ്വ പുലർച്ചെ നടന്ന അപകടത്തിൽ അയന്തി പന്തുവിളയിൽ രാഹുൽ വിലാസത്തിൽ ആർ.പ്രതാപൻ, ഭാര്യ ഷെർളി, മകൻ അഹിൽ, മരുമകൾ അഭിരാമി, അഭിരാമിയുടെ മകൻ എട്ടുമാസം പ്രായമുള്ള റയാൻ എന്നിവരാണ് മരിച്ചത്. ഇതോട ഈ കുടുംബത്തിൽ ഇനി അവശേഷിക്കുന്നത് രാഹുലും നിഹുലും മാത്രമാണ്.
അഭിരാമിയുടെ ഭർത്താവും രാഹുലിന്റെ സഹോദരനുമായ നിഹുൽ ഇപ്പോഴും ആശുപത്രിയിൽ പൊള്ളലേറ്റ പരുക്കുകളോടെ തുടരുകയാണ്. വീട്ടിൽ തീപടർന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുൽ നാട്ടിലെത്തിയത്. അയന്തി പന്തുവിളയിൽ പണിത സ്വന്തം വീടായ സ്‌നേഹതീരത്ത് എത്തിയപ്പോൾ മാത്രമാണ് അഞ്ചു പേരുടെയും മരണവിവരം അറിഞ്ഞത്. വീട്ടിൽ എത്തിയ രാഹുലിനോട് ബന്ധുവായ ഒരാൾ തന്നെ 'എല്ലാം കൈവിട്ടു പോയി മോനേ' എന്നു നിലവിളിച്ചതോടെ വീടിനുള്ളിൽ നിന്നുള്ളവരുടെ മറ്റു ബന്ധുക്കളുടെ വിങ്ങിപ്പൊട്ടലും ഉയർന്നു.
ഇന്നലെ രാവിലെ ബന്ധുക്കൾക്കൊപ്പം ദുരന്തം നടന്ന വീടിന്റെ മുറ്റം വരെ എത്തിയെങ്കിലും രാഹുൽ തളർന്നു പിന്തിരിഞ്ഞു നടന്നു. അടൂർ പ്രകാശ് എംപി, വി.ജോയി എംഎൽഎ, ഡിസിസി പ്രസിഡന്റ് പാലോട് രവി, മുൻ എംഎൽഎ വർക്കല കഹാർ, പെരിങ്ങമ്മല രാമചന്ദ്രൻ എന്നിവർ അടക്കമുള്ളവരും അനുശോചനവുമായി രാഹുലിന്റെ വീട്ടിലെത്തിയിരുന്നു. കുടുംബാംഗങ്ങൾക്കൊപ്പം അവധി ചെലവഴിച്ചശേഷം കഴിഞ്ഞമാസം 21നാണ് രാഹുൽ ജോലി സ്ഥലത്തേക്ക് മടങ്ങിയത്.
പ്രൗഡമായ വീടിന്റെ ഉള്ളമാകെ കത്തിപ്പടർന്നു കിടക്കുന്ന കാഴ്ച രാഹുലിനെ ആകെ തളർത്തി. മാതാപിതാക്കൾ അടക്കമുള്ളവരുടെ ജീവൻ കവർന്ന കെട്ടിടത്തിനുള്ളിൽ അവശേഷിക്കുന്ന കാഴ്ച കാണാനുള്ള മനോധൈര്യം ഇല്ലാതെ തളർന്നു പോയ രാഹുൽ തിരികെ ഗേറ്റിലേക്കു നടന്നു. തീപടർന്ന വീട്, രാഹുലിന്റെ സ്വന്തം വീടായ സ്‌നേഹതീരത്ത് നിന്നു ഏതാനും മീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. പൊലീസ് കാവലിൽ തുടരുന്ന വീട്ടിൽ കയറാനുള്ള അനുവാദം ലഭിച്ചെങ്കിലും മുറ്റം വരെയെത്തിയ രാഹുൽ വിതുമ്പലോടെ മടങ്ങുകയായിരുന്നു.
തീ പടർന്നത് കാർ പോർച്ചിൽ നിന്നും
അഞ്ചു പേർ മരിച്ച ദുരന്തത്തിൽ തീ ആദ്യം കണ്ടത് കാർ പോർച്ചിലെ ബൈക്കിലെന്നു സൂചന നൽകി പൊലീസ്.എതിരെയുള്ള വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളുടെ പ്രാഥമിക പരിശോധനയിൽ ബൈക്കിന്റെ പെട്രോൾ ടാങ്കിന്റെ ഭാഗത്ത് നിന്നു തീപ്പൊരി പടരുന്നതാണ് ആദ്യം കാണുന്നത്.. പുലർച്ചെ 1.46 നാണ് ഈ ദൃശ്യം. പിന്നാലെ ടാങ്ക് പൊട്ടിത്തെറിച്ചു തീ ആളിക്കത്തി മുകളിലേക്ക് ഉയരുന്നതും കാണാം. ഇതോടെ പോർച്ചിനു മേലുള്ള ഇലക്ട്രിക് ഹോൾഡറുകൾ ഉരുകി അതുവഴിയും മുകളിലേക്ക് തീ വ്യാപിച്ചെന്നാണ് നിഗമനം. വീടിന്റെ താഴത്തെ നിലയിൽ നിന്നു മുകളിലേക്കാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.
ദുരന്തത്തിന് ഇരയായ വീട്ടിൽ നിരീക്ഷണ ക്യാമറകൾ ഉണ്ടെങ്കിലും തീപിടർന്നു ഹാർഡ് ഡിസ്‌കിന് തകരാര് സംഭവിച്ചതിനാൽ ദൃശ്യങ്ങൾ ലഭിക്കാനായി ഫൊറൻസിക് ലാബിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു. ക്യാമറ ദൃശ്യങ്ങളിലൊന്നും ആരുടെയും സാന്നിധ്യം കാണാത്തതിനാൽ അപായപ്പെടുത്തൽ അടക്കമുള്ള ആസൂത്രിത നീക്കം ഉണ്ടാകാനുള്ള സാധ്യത പൊലീസ് തള്ളുന്നു.വൈദ്യുതി ലൈനിലെ ഷോർട് സർക്യൂട്ട് വഴിയാണ് തീ പടർന്നതെന്ന നിഗമനത്തിനായിരുന്നു ആദ്യം പ്രാമുഖ്യം. അഗ്‌നിരക്ഷാസേന, ഇലക്ട്രിക്കൽ ഇൻസ്‌പെക്ട്രേറ്റ് വിഭാഗങ്ങളുടെ അന്വേഷണ റിപ്പോർട്ടുകൾ കൂടി ക്രോഡീകരിച്ചായിരിക്കും അപകടകാരണം എന്തെന്ന അന്തിമ നിലപാടിലെത്തുക
അഞ്ചു പേരുടെയും സംസ്‌കാരം ഒരിടത്ത്
അഞ്ചു കുടുംബാംഗങ്ങളുടെയും സംസ്‌കാരച്ചടങ്ങുകൾ കുടുംബ വീട്ടുവളപ്പിൽ നടക്കും. അഗ്‌നിക്കിരയായ വീടിന് സമീപത്ത് ചിത ഒരുക്കും. അഭിരാമിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കുടുംബ വീട് സ്ഥിതി ചെയ്യുന്ന വക്കത്ത് പൊതുദർശനത്തിന് വച്ച ശേഷമാകും അയന്തിയിൽ എത്തിക്കുക. അഭിരാമിയുടെ പിതാവ് ലണ്ടനിൽ നിന്നെത്തുന്നതനുസരിച്ചു സംസ്‌കാര സമയം നിശ്ചയിക്കും. വർക്കലയിലെ തീപിടിത്ത ദുരന്തത്തിൽ 50% പൊള്ളലോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന നിഹുൽ മരുന്നുകളോട് പ്രതികരിച്ച് തുടങ്ങി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വാസോച്ഛ്വാസം നടത്തുന്നതെങ്കിലും കഴിഞ്ഞ ദിവസത്തേക്കാൾ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ബോധം വീണ്ടു കിട്ടുന്നത് വരെ വെന്റിലേറ്റർ സഹായം തുടരും.
പൊള്ളലിന് പുറമേ വിഷവാതകം ശ്വസിക്കുകയും ചെയ്തതാണ് നിഹുലിന്റെ ആരോഗ്യനില ഗുരുതരമാക്കിയത്.രക്ഷാപ്രവർത്തനത്തിനിടെ ഫയർഫോഴ്‌സ് പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുമ്പോൾ ഓർമയുണ്ടായിരുന്ന നിഹിൽ ഭാര്യയും കുഞ്ഞും മുറിക്കുള്ളിലാണെന്ന് ഉദ്യോഗസ്ഥരെ ഓർമിപ്പിച്ചെങ്കിലും വിഷവാതകം ഉള്ളിൽ ചെന്നതിനെ തുടർന്ന് പിന്നീട് അബോധാവസ്ഥയിലാകുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ