വർക്കല: തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തക മരിച്ചു. വർക്കല താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വൺ നഴ്സും വർക്കല സ്വദേശിനിയുമായ സരിത(46)യാണ് മരിച്ചത്. കോവിഡ് ബാധിച്ചായിരുന്നു യുവതിയുടെ മരണം, സംഭവം ആരോഗ്യ പ്രവർത്തകർക്കിടയിൽ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്.

കല്ലറ സി.എഫ്.എൽ.ടി.സിയിൽ കോവിഡ് ഡ്യൂട്ടിയിലായിരുന്നു സരിത. കഴിഞ്ഞ ദിവസം ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. സരിതയ്ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലായിരുന്നു എന്നാണ് സൂചന. മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളാണോ മരണത്തിന് കാരണമായതെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്.

അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ നിയന്ത്രണങ്ങളും ശക്തമാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച കോവിഡ് അവലോകന യോഗം ചേരും. മുഖ്യമന്ത്രി ഓൺലൈൻ വഴി യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ട്.

മന്ത്രിമാരുടെ ഓഫിസുകളിൽ ഉൾപ്പെടെ കോവിഡ് പടർന്നു പിടിച്ച സാഹചര്യത്തിൽ സെക്രട്ടേറിയറ്റിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് ഭാഗികമായി അടച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉൾപ്പെടെ പല നേതാക്കൾക്കും കോവിഡ് സ്ഥിരീകരിച്ചു. സിപിഎം ജില്ലാ സമ്മേളനത്തിൽ സജീവമായിരുന്നവർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. നോർക്കയിൽ സിഇഒ അടക്കമുള്ള ജീവനക്കാർക്കു കോവിഡ് സ്ഥിരീകരിച്ചു.

സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫിസിലും വനം, ദേവസ്വം, ആരോഗ്യമന്ത്രിമാരുടെ ഓഫിസിലും നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നിയന്ത്രണം ഏർപ്പെടുത്തി. സെക്രട്ടേറിയറ്റ് ലൈബ്രറി അടച്ചു. സെക്രട്ടേറിയറ്റിലെ ഹാജർ നില 50 ശതമാനമാക്കണമെന്ന നിവേദനവുമായി സംഘടനകൾ രംഗത്തെത്തി. എന്നാൽ, സാമ്പത്തികവർഷം അവസാനിക്കുന്നതിനാൽ പദ്ധതി നടത്തിപ്പ് താളം തെറ്റുമെന്ന് സർക്കാർ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഓഫിസിൽ പൊളിറ്റിക്കൽ സെക്രട്ടറിക്കടക്കം കോവിഡ് സ്ഥിരീകരിച്ചിരുന്നു. േകാവിഡിനെ തുടർന്ന് വനം മന്ത്രിയുടെ ഓഫിസ് നേരത്തെ അടച്ചിരുന്നു. ദേവസ്വം മന്ത്രിയുടെ ഓഫിസ് കഴിഞ്ഞ ദിവസം വരെ അടച്ചിരുന്നു. ആരോഗ്യമന്ത്രിയുടെ ഓഫിസിൽ മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചെന്നാണ് വിവരം.