ലണ്ടൻ: ഇ വർഷത്തെ അന്താരാഷ്ട്ര അദ്ധ്യാപക പുരസ്‌കാരത്തിനുള്ള ചുരുക്കപട്ടികയായി. അമ്പത് പേരുടെ പട്ടികയാണ് സംഘാടകർ പുറത്ത് വിട്ടിരിക്കുന്നത്.ഇംഗ്ലണ്ടിൽ നിന്നുള്ള രണ്ട് അദ്ധ്യാപകർ പട്ടികയിൽ ഇടം നേടി. കെന്റിലെ സെവനോക്‌സ് സ്‌കൂളിലെ ക്യാറ്റ് ഡേവിസണുംലിവർപൂളിലെ സെന്റ് വിൻസെന്റ്‌സ് സ്‌കൂളിലെ ഡേവിഡ് സ്വാൻസ്റ്റണുമാണ് ഇടം നേടിയത്. വിദ്യാർത്ഥികളെ ഗവേഷണാത്മകമായ ഇടപെടലുകൾക്ക് പ്രേരിപ്പിച്ചതിനാണ് ക്യാറ്റ് ഡേവിസൺ അവാർഡിന് പരിഗണിക്കുന്നത്. കാഴ്ച വൈകല്യമുള്ള അദ്ധ്യാപകനായ സ്വാൻസ്റ്റൺ ഒരു പതിറ്റാണ്ടിലേറെയായി വിദ്യാർത്ഥികളെ വ്യക്തിപരമായ സമീപനത്തിലൂടെ സഹായിക്കുന്നു.

8,000 ലധികം നോമിനേഷനുകളിൽ നിന്നുമാണ് മികച്ച 50 പേരുടെ ചുരുക്കപ്പട്ടിക പുറത്ത് വിട്ടിരിക്കുന്നത്.ഇന്ത്യയിൽ നിന്നുള്ള രണ്ട് അദ്ധ്യാപകരും ഇംഗ്ലണ്ടിൽ നിന്നുള്ള രണ്ട് അദ്ധ്യാപകരും പട്ടികയിൽ ഇടം നേടി.ഇന്ത്യയിൽ നിന്ന് ബിഹാർ ഭഗൽപുരിലെ ഗണിതശാസ്ത്ര അദ്ധ്യാപകൻ സത്യം മിശ്ര, ഹൈദരാബാദിലെ സാമൂഹ്യശാസ്ത്ര, ഇംഗ്ലീഷ്, ഗണിതശാസ്ത്ര അദ്ധ്യാപികയായ മേഘന മുസുനൂരി എന്നിവരാണ് പട്ടികയിലുള്ളത്.

തുടർച്ചയായ ഏഴാം വർഷമാണ് വർക്കി ഫൗണ്ടേഷൻ ഗ്ലോബൽ ടീച്ചർ പ്രൈസ് അവാർഡ് നൽകിവരുന്നത്. ഓസ്‌കാർ, നോബൽ ഒക്കെ പോലെ അദ്ധ്യാപകമേഖയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ പുരസ്‌കാരമാണ് ഗ്ലോബൽ ടീച്ചർ പ്രൈസ് അവാർഡ്.ഒരു മില്യൺ യുഎസ് ഡോളറാണ് സമ്മാനത്തുക.യുനെസ്‌കോയുടെ പങ്കാളിത്തത്തോടെയാണ് വർക്കി ഫൗണ്ടേഷൻ പുരസ്‌കാരം നൽകുന്നത്.121 രാജ്യങ്ങളിൽനിന്നായി എട്ടായിരത്തിലധികം നാമനിർദ്ദേശങ്ങളും അപേക്ഷകളുമാണ് ഇത്തവണ ലഭിച്ചത്.

വിദ്യാഭ്യാസത്തിന് മുൻഗണന നൽകുന്നതിലൂടെ മാത്രമേ ഭാവി സംരക്ഷിക്കാൻ കഴിയൂവെന്ന് സണ്ണി വർക്കി പറഞ്ഞു. ഇതിനൊപ്പം അന്താരാഷ്ട്ര വിദ്യാർത്ഥിപുരസ്‌കാരവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നാല് ഇന്ത്യൻ വിദ്യാർത്ഥികളാണ് 50 അംഗ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടത്. ജാമിയ മിലിയ ഇസ്ലാമിയയിലെ ആർക്കിടെക്ചർ വിദ്യാർത്ഥി കൈഫ് അലി, ഐ.ഐ.എം. അഹമ്മദാബാദിലെ എം.ബി.എ. വിദ്യാർത്ഥി ആയുഷ് ഗുപ്ത, ഝാർഖണ്ഡിലെ സീമ കുമാരി, ഹരിയാണ സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ വിപിൻ കുമാർ ശർമ എന്നിവർ.

ലോകത്തിലെ ഏറ്റവും വലിയ അദ്ധ്യാപക പുരസ്‌കാരം

ലോകത്തിലെ ഏറ്റവും വലിയ അദ്ധ്യാപക പുരസ്‌കാരം നൽകുന്നത് സണ്ണി വർക്കിയാണെന്ന സവിശേഷതയും ഉണ്ട്.വിദ്യാഭ്യാസ മേഖലയുടെ ഉന്നതിക്കായി ഉഴിഞ്ഞുവച്ച ജീവിതമാണ് സണ്ണി വർക്കിയുടെത്.മോശം വിദ്യാഭ്യാസത്തിൽ നിന്നും വിദ്യാഭ്യാസം ഇല്ലാത്ത അവസ്ഥയിൽ നിന്നും ലോകത്തെ രക്ഷിക്കുക എന്ന ലക്ഷ്യവുമായാണ് സണ്ണി വർക്കി തന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നത്.

 

ഇതോടൊപ്പം അദ്ധ്യാപകവൃത്തിയുടെ നിലവാരം ഉയർത്താനും, നല്ല അദ്ധ്യാപകരെ അംഗീകരിക്കാനും, അദ്ധ്യാപക സമൂഹത്തെ പരിപാലിക്കാനും സണ്ണി വർക്കി തന്റെ ഇടപെടലിലൂടെ മുൻപന്തിയിലുണ്ട്.

സണ്ണിവർക്കിയുടെ പാതകൾ

കേരളത്തിലെ ഒരു നാട്ടിൻപുറത്ത് നിന്നും ലോകത്തിന്റെ വ്യവസായ ഭൂപടത്തിലേക്ക് 58 വയസ്സ് ഉള്ള സണ്ണി വർക്കി നടന്നു കയറിയത് ദൃഢനിശ്ചയം, കഠിന അധ്വാനം, ആഗോള വിദ്യാഭ്യാസ മേഖലയെ പറ്റിയുള്ള കൃത്യമായ അറിവ്, വിദ്യാഭ്യാസ രംഗത്തോടുള്ള തീക്ഷണമായ താല്പര്യം എന്നിവ കൊണ്ടാണ്.9 ഏപ്രിൽ 1957 ൽ കേരളത്തിലെ റാന്നിയിലാണ് സണ്ണി ജനിച്ചത്.യുഎഇ രാജ്യം വളരെ അവികസിതമായിരുന്ന 1959 ൽ സണ്ണിയുടെ കുടുംബം ദുബായിലേക്ക് താമസം മാറിയത്.

രാജകുടുബത്തിലെ അംഗങ്ങളെ മുതൽ സാധാരണക്കാരായ അറബികളെ വരെ ഇംഗ്ലീഷ് പഠിപ്പിച്ചാണ് സണ്ണിയുടെ അച്ഛനും അമ്മയും ആദ്യകാലത്ത് വരുമാനം കണ്ടെത്തിയത്. ദുബായിയിൽ എണ്ണ കണ്ടുപിടിച്ചതോടെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് ആവശ്യക്കാർ ഏറി. അവസരം മുതലാക്കാൻ സണ്ണിയുടെ മാതാപിതാക്കൾ 1968 ൽ 'ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്‌കൂൾ' സ്ഥാപിച്ചു. ആ സമയത്ത് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സണ്ണി ഉദ്യോഗസ്ഥനായും നിക്ഷേപകനായും യു എ ഇയിൽ എത്തി.

1980 ൽ കുടുംബ സ്‌കൂളിന്റെ നിയന്ത്രണം ഏറ്റെടുത്താണ് സണ്ണിയുടെ ജീവിതത്തിൽ നിർണ്ണായകമായത്. ദുബായിയിൽ പ്രവാസികളുടെ എണ്ണം ക്രമാതീതമായി ഉയർന്നപ്പോൾ, അനുയോജ്യമായ സ്‌കൂൾ കണ്ടെത്തുന്നത് കീറാമുട്ടിയായി. ഗൾഫ് മേഖലയിൽ വിദ്യാഭ്യാസ വിപണിയുടെ അനന്തസാധ്യത മനസിലാക്കിയ സണ്ണി ഓരോ രാജ്യക്കാർക്കും, അവർക്ക് ഇണങ്ങിയ പാഠ്യപദ്ധതി ഉൾപ്പെടുത്തി, സ്‌കൂളുകൾ ആരംഭിച്ചു.വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും, അവരുടെ രീതിയിൽ ഉള്ള പാഠ്യക്രമവും പ്രവാസികളെ സണ്ണിയുടെ സ്‌കൂളിലേക്ക് ആകർഷിച്ചു. വിദേശ അദ്ധ്യാപകരെ നിയമിക്കാനും, ക്ലാസ്സ് റൂമിൽ അത്യാധുനിക സംവിധാനങ്ങൾ നടപ്പിലാക്കാനും ഉള്ള സണ്ണിയുടെ നീക്കം ഫലം കണ്ടു.

 

ഉന്നത യോഗ്യതയുള്ള അദ്ധ്യാപകരുടെ ശൃംഖല, അന്താരാഷ്ട്ര നിലവാരം, ആധുനിക സാങ്കേതികവിദ്യയുടെ പ്രയോഗം എന്നിവ ജെംസ് സ്‌കൂളിനെ ആഗോള വിദ്യാഭ്യാസ രംഗത്തെ ഒരു വജ്രം ആക്കി മാറ്റി. ജനങ്ങളുടെ സാമ്പത്തിക ശ്രേണി അനുസരിച്ച് ഉള്ള സ്‌കൂളുകളാണ് ജെംസിന്റെ മുഖമുദ്ര. നിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും ലഭിക്കുവാനും എന്നാൽ ചെലവ് താങ്ങാനാവുന്ന തരത്തിൽ, അടിസ്ഥാന സൗകര്യങ്ങൾക്ക് അനുസരിച്ച്, ജെംസ് ഇടത്തരം മുതൽ മുന്തിയ സ്‌കൂളുകൾ നടത്തുന്നു. 2000 ൽ ആഗോള തലത്തിൽ ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സണ്ണി വർക്കി ഉപദേശകവിദ്യാഭ്യാസ മാനേജ്മെന്റ് സ്ഥാപനം ഗ്ലോബൽ ഏജ്യുക്കേഷൻ മാനേജ്മെന്റ് സിസ്റ്റംസിന് തുടക്കം കുറിച്ചു.

അദ്ധ്യാപകരെ സ്നേഹിക്കുന്ന സണ്ണി വർക്കി ജെംസ് എന്ന് ബ്രാൻഡിനെ സ്വകാര്യ രംഗത്ത് ലോകത്തിലെ ഏറ്റവും കൂടുതൽ നേഴ്സറി മുതൽ പ്ലസ് ടു സ്‌കൂളുകൾ നടത്തുന്ന സ്ഥാപനമായി മാറ്റി. ഏകദേശം 1,42,000 വിദ്യാർത്ഥികൾ ജെംസ്ന്റെ 15 രാജ്യങ്ങളിൽ പടർന്നു പന്തലിച്ചു കിടക്കുന്ന 132 സ്‌കൂളുകളിൽ പഠിക്കുന്നു. യു എസ്, ചൈന, യു കെ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ ജെംസിന് സാന്നിദ്ധ്യം ഉണ്ട്.2012 ൽ, യുനെസ്‌കോ വിദ്യാഭ്യാസ പങ്കാളിത്തിന് സണ്ണി വർക്കിയെ ഗുഡ് വിൽ അംബാസിഡർ പദവി നൽകി ആദരിച്ചു. സണ്ണി വർക്കിയുടെ രണ്ടു മക്കൾ ഡിനോയും, ജയ്യും ജെംസിന്റെ തലപ്പത്ത് സജീവമാണ്.

'പലപ്പോഴും അദ്ധ്യാപകർക്ക് നല്ല ശമ്പളം ലഭിക്കാറില്ല, അവരെ മറ്റ് ഉദ്യോഗങ്ങളിലെ പോലെ ആദരിക്കാറില്ല. അദ്ധ്യാപകരെ അവഗണിക്കുന്ന പ്രവണത ആഗോള വിദ്യാഭ്യാസ സമ്പ്രദായത്തെ താറുമാറക്കി കൊണ്ടിരിക്കുകയാണ്. അദ്ധ്യാപകരെ അവരുടെ ഉചിതമായ സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരണം, സമുചിതമായ ബഹുമതികൾ നൽകണം, അംഗീകരിക്കണം. സമൂഹത്തിലെ ഏറ്റവും ഉയർന്ന ജോലിയായി അദ്ധ്യാപകവൃത്തി മാറണം,' സണ്ണി വർക്കി പ്രാവർത്തികമാക്കുന്നതും ഈ വാക്കുകൾ തന്നെ