ലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകൻ ഭരതന്റെ മകനും നിദ്രയെന്ന ഒന്നാംതരം ചിത്രവും, ചന്ദ്രേട്ടൻ എവിടെയായ എന്ന ഹിറ്റ് ചിത്രവും എടുത്ത സിദ്ധാർഥ് ഭരതന്റെ മൂന്നാമത്തെ സംരംഭമായ വർണ്യത്തിൽ ആശങ്ക കാണാനായി പനിക്കിടക്കയിൽനിന്നും തീയേറ്ററിൽ ഓടിയത്തെിയത് ഏറെ പ്രതീക്ഷയോടെയായിരുന്നു.

പക്ഷേ കണ്ടപ്പോൾ ആകെയൊരു പുക മാത്രം. നിദ്രയുടെ സംവിധായകൻ തന്നെയാണോ ഇതെന്ന് ഒരുവേള സംശയിച്ചുപോയി. മോശമില്ലാത്ത ഒരു കഥാപശ്ചാത്തലം ഉണ്ടായിട്ടും എങ്ങനെ ചിത്രം മുന്നോട്ട് കൊണ്ടുപോകണമെന്ന് അറിയാതെ തപ്പിത്തടയുന്ന സംവിധായകനെയാണ് വർണ്യത്തിൽ കണ്ടത്. ദുർബലമായ തിരക്കഥയിൽ എടുത്ത ഒരു തല്ലിക്കൂട്ട് ചിത്രം . അക്രമരാഷ്ട്രീയം, നോട്ട് നിരോധനം, ബാർ പൂട്ടൽ തുടങ്ങിയ നിരവധി സമകാലീന പ്രശ്‌നങ്ങളും കൂത്തിനിറച്ച് ഒന്നിലും ഫോക്കസില്ലാത്ത അവസ്ഥ.

കുഞ്ചാക്കോ ബോബന്റെ കിടലൻ മേക്കോവറായിരുന്നല്ലോ പ്രധാന ഹൈലൈറ്റ്. തന്റെ ഇനിയും തേഞ്ഞ് തീർന്നിട്ടില്ലാത്ത ചോക്‌ളേറ്റ് ഇമേജിന്റെ ഹാങ്ങോവറിൽ,സൽഗുണ സമ്പന്നനായ കുഞ്ചാക്കോയേയാണ് നാം അധിക പടത്തിലും കണ്ടിട്ടുള്ളത്.എന്നാൽ സദാ മറുക്കിത്തുപ്പി മദ്യപാനവും അലമ്പുമായി നടക്കുന്ന കൗട്ട ശിവനെന്ന ഒരു ക്രിമിനലിന്റെ വേഷം ആ നടന്റെ പുതിയ മുഖമായിരുന്നു. പക്ഷേ എന്തുകാര്യം. മേക്കപ്പിലും മേക്കോവറിലുമല്ലാതെ, കൗട്ടയെ വേറിട്ടതാക്കാൻ ഈ കാമ്പില്ലാത്ത തിരക്കഥകാരണം കുഞ്ചാക്കോക്ക് കഴിഞ്ഞിട്ടില്ല. ഉള്ളത് മോശമാക്കിയിട്ടില്ല എന്ന് മാത്രം.

ഇതുതന്നെയാണ് ചിത്രത്തിന്റെ മൊത്ത പ്രശ്‌നം. പാത്ര സൃഷ്ടിയിലെ പുതുമയല്ലാതെ അവക്കൊന്നും പിന്നീട് ജീവൻ വെപ്പിക്കാൻ സംവിധായകന് കഴിയുന്നില്ല. വിഖ്യാതമായ 'ഭരതൻ ടച്ച്' എന്ന വാചകം ഇപ്പോഴാണ് ഓർമ്മവരുന്നത്. പ്രിയപ്പെട്ട സിദ്ധാർഥ് താങ്കളുടെ പിതാവിന്റെ പേര് ഇങ്ങനെ കളയിക്കരുതേ!

തട്ടിക്കൂട്ട് തിരക്കഥ; കാതലില്ലാത്ത രാഷ്ട്രീയം

ഈ പടത്തിന്റെ പ്രധാനപ്രശ്‌നം അത് തട്ടിക്കൂട്ടിയെടുത്ത തിരക്കഥയാണ്. ഒരു പാട് വിഷയങ്ങൾ ഒന്നിച്ച് കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും അത് ഒന്നിലും എത്തിക്കാനാവുന്നില്ല. ഒരു നാട്ടിൻ പുറത്തെ നാലുകള്ളന്മാരുടെ കഥയെന്ന നിലയിൽ, കേട്ടുപഴകിയതാണെങ്കിലും സാധ്യതകളുള്ള പ്രമേയമായിരുന്നു ഇത്.

പക്ഷേ ഇത്രയും റിയലിസ്റ്റിക്കായ തൊണ്ടിമുതലും മോഷണവസ്തുവും പോലുള്ള സിനിമകൾ ഇറങ്ങുന്ന ഇക്കാലത്ത് പഴയ കായംകുളം കൊച്ചുണ്ണി സ്‌റ്റൈലിലാണ് ഈ പടത്തിലെ തസ്‌ക്കരരും. ( മീശമാധവനിലായാലും, കളിക്കളത്തിലായാലും, സപ്തമശ്രീ തസ്‌ക്കരയായാലും നല്ല കള്ളന്മാരെയേ നമ്മുടെ ചിത്രങ്ങൾക്ക് പരിചയമുള്ളൂ) സാഹചര്യത്തിന്റെ സമ്മർദമാണ് ഇവരിൽ ചിലരെ കള്ളന്മാരാക്കുന്നത്.

പണത്തിന് അതാവശ്യം വന്നാൽ എവിടെയെങ്കിലും കുത്തിത്തുരക്കൂയെന്ന അതിവായനയും വേണമെങ്കിൽ ആവാം.  ചിത്രത്തിലെ നായകൻ കൗട്ടശിവൻ (കുഞ്ചാക്കോ ബോബൻ) തന്നെ എന്ത് സാഹചര്യത്തിലാണ് കള്ളനായതെന്ന് പറയുന്നില്ല. അയാളും ചെറിയ ക്രിമനൽ ആക്റ്റിവിറ്റികളുമായി ജീവിക്കുന്ന ഗിൽബർട്ടും ( മണികണ്ഠൻ ആചാരി), മലയാള ന്യൂജൻ സിനിമയിലെ ആസ്ഥാന കള്ളനായ ചെമ്പൻ വിനോദും, ഷൈൻ ടോം ചാക്കോയും ചേരുന്നതോടെ പടം സ്പീഡാവുകയാണ്.അനുഗ്രഹീതമായ പ്രഹരശേഷിയുള്ള ഈ നടന്മാർക്ക് പക്ഷേ, നേരത്തെ പറഞ്ഞ ദുർബലമായ കഥയും തിരക്കഥയും കാരണം ഫോമിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ല.

യാദൃശ്ചികമായി നാല് ക്രിമിനൽ മനസ്സുള്ളവർ ഒന്നിച്ചാൽ നമ്മുടെ പതിവ് സെറ്റപ്പ് അനുസരിച്ച് അവർ ഒരുവലിയ മോഷണം നടത്തും. അതുതന്നെയാണ് ഇവിടെയും.
ആ മോഷണത്തിന് ഇടയിലേക്കാണ് ദയാനന്ദൻ എന്ന ബാർ പൂട്ടി ജോലിപോയ തൊഴിൽരഹിതൻ ( സുരാജ് വെഞ്ഞാറമൂട് ) എത്തിപ്പെടുന്നത്.കൂട്ടത്തതിൽപെട്ടുപോയ അയാളും തന്റെ ക്രിയാത്മക സംഭാവനകൾ വഴി മോഷണത്തിന് ഷെയറുവാങ്ങുന്നു.കാരണം പതിവുപോലെ സാഹചര്യത്തിന്റെ സമ്മർദവും ദാരിദ്രവും തന്നെ.

ഇത് ഒരു അപകടകരമായ ചിന്തയാണ്. അതിനെ ന്യായീകരിക്കാനായി സമകാലീന രാഷ്ട്രീയത്തിലെ അഴിമതിയും അക്രമവും കൊണ്ടുവന്ന്, തസ്‌ക്കരരും നമ്മുടെ നേതാക്കളും തമ്മിൽ എന്ത് വ്യത്യാസമെന്നും 'അത് താനല്ലയോ ഇത്', എന്ന് വർണ്യത്തിൽ ആശങ്കിക്കാനാണ് കവി ഉദ്ദേശിച്ചത്. പക്ഷേ അത് ചീറ്റിപ്പോയെന്ന് മാത്രം.സന്ദേശത്തിലെ യശ്വന്ത് സഹായിയുടെ പോസ്റ്ററും, അതേമോഡലിൽ സിപിഎമ്മിനെയും ബിജെപിയെയും കാരിക്കേച്ചർ ചെയ്യാനുള്ള ശ്രമവുമൊക്കെ ചിത്രം വെള്ളത്തിൽ വരച്ച വരപോലെ ചെയ്യുന്നുണ്ട്.പക്ഷേ പ്രേക്ഷകന് കാര്യമായൊന്നും ഫീൽ ചെയ്യുന്നില്‌ളെന്ന് മാത്രം.

ഇനി ഇവരുടെ ജൂവലറി കവർച്ചയൊക്കെ കണ്ടാൽ കേരളം വെള്ളരിക്കാപ്പട്ടണമാണെന്ന് തോന്നും. ജൂവലറി മോഷണമൊക്കെ എന്ത് സിമ്പിൾ. ഒരു സി.സി.ടി.വി പോലും പരിശോധിക്കാതെ, മുതലാളി ഒന്നും നഷ്ടമായില്‌ളെന്ന് പറഞ്ഞാൽ തൊണ്ടതൊടാതെ വിഴുങ്ങുന്ന പൊലീസ്. ഇനി മോഷണം നടന്നില്‌ളെങ്കിലും മോഷണശ്രമത്തിന് കേസുണ്ടാവില്ലേ സർ.എന്നാൽ ചിത്രത്തിൽ ഒരു വിരലടയാള പരിശോധനപോലുമില്ല. ഈ പുതിയ കാലത്തും പ്രേക്ഷകരുടെ സാമാന്യ ബുദ്ധിയെ വെല്ലുവിളിക്കുന്ന ഈ പടപ്പ് സിദ്ധാർഥിന്റെ പേരിൽ വേണ്ടായിരുന്നു.ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ നാടക പ്രവർത്തകനായ തൃശൂർ ഗോപാൽജി കുറേക്കൂടി ശ്രദ്ധ ഇക്കാര്യത്തിൽ ചെലത്തേണ്ടതായിരുന്നു. തൊട്ട് നുറുക്ക് നർമ്മങ്ങളിലൂടെ കടന്നുപോവുന്ന ഒന്നാം പകുതിക്കുശേഷം നിരാശപ്പെടുത്തുന്ന രണ്ടാം പകുതിയാണ് വർണ്യത്തിൽ ആശങ്ക സമ്മാനിക്കുന്നത്.

തിളങ്ങിയത് സുരാജ്

കുറ്റം മാത്രം പറയരുതല്ലോ. നാൽവർ സംഘത്തിന്റെ ആദ്യപകുതിയിലെ ചില നർമ്മങ്ങളും സുരാജിന്റെ വേറിട്ട കഥാപാത്രവും ഇവിടെ ആശ്വാസമായിട്ടുണ്ട്.'തൊണ്ടിമുതലിനുശേഷം' വീണ്ടും ശക്തമായ ക്യാരക്ടർ റോളിലാണ് സുരാജ്.ഒരു തൊഴിൽരഹിതന്റെ ദയനീയമായ പ്രാരാബ്ദങ്ങളും കുടുംബപ്രശ്‌നങ്ങളുമൊക്കെ അയാൾ അത്രകണ്ട് ലയിച്ചാണ് അഭിനിയിച്ചിട്ടുള്ളത്.ചളിക്കോമഡി കഥാപാത്രങ്ങളിൽ തളച്ചിടപ്പെടേണ്ടതല്ല തന്റെ റേഞ്ച് എന്ന് ഒരിക്കൽ കൂടി സുരാജ് തെളിയിക്കുകയാണ്.കൈ്‌ളമാക്‌സിലെ ആ ഘോര പ്രഭാഷണം മാത്രമാണ് അൽപ്പം കല്ലുകടിയായത്.

ചിത്രത്തിൽ ഒരു സോകോൾഡ് നായികയില്‌ളെങ്കിലും സുരാജിന്റെ ഭാര്യയായി വരുന്ന രചന നാരായണൻ കുട്ടിക്ക് തന്റെ വേഷം ഭദ്രമാക്കിയിട്ടുണ്ട്.സാധാരണ ടി.വി സ്‌ക്വിറ്റിലെ ടൈപ്പ് ശൈലി തറഞ്ഞുപോയ ചിരയിൽനിന്നും സംഭാഷണത്തിൽനിന്നും ഇപ്പോൾ രചന മോചനം നേടിയിട്ടുണ്ട്.അതുപോലെതന്നെ ടൈറ്റിലുകൾ കാണിക്കുമ്പോഴുള്ള തോൽപ്പാവക്കൂത്തും പ്രശാന്ത് പിള്ളയുടെ സംഗീതവും അടിപൊളിയാണ്.മനോഹരമെന്ന് ആരും മന്ത്രിച്ചുപോവും.

പക്ഷേ ഇതൊക്കെയുണ്ടെങ്കിലും എന്തുകാര്യം. ചിത്രത്തിന്റെ അടിത്തറ കിടക്കുന്നത് കഥയിലും തിരക്കഥയിലുമാണെന്ന് സിദ്ധാർഥ് മറന്നുപോയോ. എങ്കിലും തീർത്തും ഒരു ചവറ് എന്ന് പറഞ്ഞ് തള്ളിക്കളയാനും ഈ പടത്തെ പറ്റില്ല. ട്വിസ്റ്റുകളും മുട്ടിന് മുട്ടിന് പാട്ടുകളും ബഹളങ്ങളുമൊന്നുമില്ലാത്ത സിദ്ധാർഥിന്റെ ലീനിയർ നരേറ്റീവ് ആഖ്യാന രീതി, ഇനിയുമൊരു അങ്കത്തിന് അദ്ദേഹത്തിന് ബാല്യമുണ്ടെന്ന് സൂചിപ്പിക്കുന്നു. നല്ല കഥയുണ്ടെങ്കിൽ മാത്രം.

വാൽക്കഷ്ണം:പക്ഷേ ഒരുകാര്യത്തിൽ സിദ്ധാർഥ് ഭരതനോട് നന്ദിയുണ്ട്. അഖണ്ഡ മദ്യപാന സദസ്സുകളും, കട്ടലോക്കലുകളായ ജീവിതങ്ങളും ചിത്രീകരിച്ചിട്ടും സഭ്യേതരമായ വാക്കുകൾ ഒന്നും ഈ പടത്തിലില്ല. അശ്‌ളീലവും ദ്വയാർഥ പ്രയോഗവും ഫാഷനായ നമ്മുടെ ന്യൂജൻ ചിത്രങ്ങളിൽനിന്ന് പ്രേക്ഷകന് കിട്ടുന്ന ഏക ആശ്വാസവും അതുതന്നെ.