- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നത് ഔദാര്യമല്ല കടമ; ദുരന്തങ്ങൾ അവസരമാക്കാൻ നിക്കരുത്'; യുക്രൈൻ ദൗത്യത്തിൽ കേന്ദ്രത്തിനെതിരെ വരുൺ ഗാന്ധി
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ യുക്രൈൻ ദൗത്യത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി എം പി വരുൺ ഗാന്ധി. ഉചിതമായ സമയത്ത് നടപടിയുണ്ടായില്ലെന്ന് വരുൺ ഗാന്ധി കുറ്റപ്പെടുത്തി. യുക്രൈനിലെ ദുരിതം ഒരു വിദ്യാർത്ഥി വിവരിക്കുന്ന വിഡിയോ ട്വിറ്ററിൽ പങ്കുവച്ചാണ് വരുൺ ഗാന്ധി കേന്ദ്ര സർക്കാരിനെ ചോദ്യം ചെയ്യുന്നത്.
സർക്കാർ നൽകിയ നമ്പറിൽ വിളിച്ചാൽ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥൻ ഫോണെടുക്കുന്നില്ല. കുടുങ്ങി കിടക്കുന്ന സ്ഥലത്ത് നിന്ന് 800 കിലോമീറ്റർ അകലെയുള്ള അതിർത്തിയിലെത്താനാണ് പറയുന്നത്. അവിടേക്ക് എത്താൻ കഴിയുന്നില്ലെന്നുമാണ് വിദ്യാർത്ഥി പറയുന്നത്. കുടുങ്ങി കിടക്കുന്നവരെ തിരികെ എത്തിക്കുന്നത് ഔദാര്യമല്ലന്നും കടമയാണെന്നും സർക്കാർ ഓർക്കണമെന്ന വിമർശനമാണ് വിഡിയോ ചൂണ്ടിക്കാട്ടി വരുൺ ഗാന്ധി പറയുന്നു. പതിനയ്യായിരത്തിലധികം പേർ ഇനിയും കുടുങ്ങി കിടക്കുമ്പോൾ അവസരം മുതലെടുക്കാനല്ല സർക്കാർ ശ്രമിക്കേണ്ടതെന്നും വരുൺ ഗാന്ധി കുറ്റപ്പെടുത്തുന്നു.
യുക്രൈൻ സൈന്യം വിദ്യാർത്ഥികളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ടാണ് രാഹുൽഗാന്ധി കേന്ദ്രത്തിനെതിരെ തിരിയുന്നത്. ഒരു രക്ഷിതാവും ഈ രംഗം കണ്ടിരിക്കില്ലെന്നും എന്താണ് രക്ഷാദൗത്യ പദ്ധതിയെന്ന് വിദ്യാർത്ഥികളുടെ കുടംബങ്ങളെ അറിയിക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും രാഹുൽഗാന്ധി പറഞ്ഞു. രക്ഷാദൗത്യം പരാജയമാണെന്ന വിമർശനം കോൺഗ്രസ് ശക്തമാക്കുകയാണ്.
യുക്രൈൻ രക്ഷാ ദൗത്യം വൻ വിജയമാണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടതിന് പിന്നാലെയാണ് പല കോണുകളിൽ നിന്നും വിമർശനം ശക്തമാകുന്നത്. അതേസമയം കേന്ദ്രമന്ത്രിമാരെ യുക്രൈന്റെ അതിർത്തി രാജ്യങ്ങളിൽ നിയോഗിച്ച് ഓപ്പറേഷൻ ഗംഗ വ്യാപിപ്പിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് രക്ഷാദൗത്യത്തിന് മന്ത്രിമാരെ നേരിട്ടയക്കാൻ തീരുമാനമായത്.
വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, നഗരവികസനമന്ത്രി ഹർദ്ദീപ് സിങ് പുരി, നിയമമന്ത്രി കിരൺ റിജിജു, ഗതാഗതസഹമന്ത്രി ജനറൽ വി കെ സിങ്ങ് എന്നിവർക്കാണ് ചുമതല. നിലവിൽ ഹംഗറി, റൊമേനിയ എന്നീ രാജ്യങ്ങൾ വഴിയാണ് രക്ഷാപ്രവർത്തനം കൂടുതൽ നടക്കുന്നത്. പോളണ്ട്, സ്ലോവാക്യ അതിർത്തികളിലൂടെയുള്ള രക്ഷപ്രവർത്തനവും ഊർജ്ജിതമാക്കും. മന്ത്രിമാർക്കൊപ്പം പ്രാദേശിക ഭാഷ അറിയാവുന്ന കൂടുതൽ ഉദ്യോഗസ്ഥരെയും നിയമിക്കും. അടുത്ത മൂന്ന് ദിവസത്തിനിടെ ഏഴ് വിമാനങ്ങൾ കൂടി മിഷന്റെ ഭാഗമാകും.




