ഹൈദരാബാദ്: തനിക്ക് ഇത്ര ചെറുപ്പത്തിൽ തന്നെ രണ്ടുവട്ടം എംപിയാകാൻ കഴിഞ്ഞത് പേരിന്റെ അവസാനമുള്ള ഗാന്ധി എന്ന നാമമാണെന്ന് വരുൺ ഗാന്ധി. ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള പൂർവികർ ഇല്ലെങ്കിൽ രാഷ്ട്രീയത്തിൽ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം ഹൈദരാബാദിൽ ഒരു സെമിനാറിൽ പറഞ്ഞു.

എന്റെ പേരിന്റെ അവസാനം ഗാന്ധി ഇല്ലായിരുന്നെങ്കിൽ നിങ്ങൾ എന്നെ കേൾക്കാൻ തയ്യാറാവുകയില്ല. കഴിവുണ്ടായിട്ടും വ്യക്തമായ രാഷ്ട്രീയ പാരമ്പര്യമില്ലാത്തതിന്റെ പേരിൽ നിരവധി യുവാക്കളാണ് ഇന്ന് രാഷ്ട്രീയത്തിൽ എത്താതെ പോവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

14 ലക്ഷത്തോളം വരുന്ന കൃഷിക്കാരും സാധാരണ ജനങ്ങളും 25000 രൂപ വായ്പ എടുത്തതിന്റെ പേരിൽ ഇന്ന് ജയിലിൽ കഴിയുകയാണ്. ജനങ്ങൾക്കിടയിൽ ഇപ്പോഴും അസമത്വം നിലനിൽക്കുന്നുണ്ട്. പണക്കാരനും പാവപ്പെട്ടവനും ഒരു പോലെയാവുന്ന കാലം വന്നില്ലെങ്കിൽ നമ്മൾ കാണുന്ന ഇന്ത്യ ഒരിക്കലും യാഥാർത്ഥ്യമാവില്ലെന്നും വരുൺ ഗാന്ധി അഭിപ്രായപ്പെട്ടു.ഉത്തർപ്രദേശിലെ സുൽത്താൻപൂർ എംപിയാണ് വരുൺ.