- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
''ഭാരത് മാതാ കീ ജെയ്.ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺസിങ് അമർ രഹെ''; കോടികൾ വിലമതിക്കുന്ന തേജസ് യുദ്ധ വിമാനത്തെ സുരക്ഷിതമായി താഴെ എത്തിച്ച് ആളപായം ഒഴിവാക്കിയ ധീരൻ; ഇന്ത്യൻ വ്യോമ സേനയുടെ ശൗര്യ ചക്ര; ഗ്രൂപ്പ് ക്യാപ്ടൻ വരുൺ സിങ് ഇനി കണ്ണീരോർമ്മ
ഭോപാൽ: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺസിങും ഇനി കണ്ണീരോർമ്മ. ഔദ്യോഗിക സൈനിക ബഹുമതികളോടെ ഭോപാലിലായിരുന്നു സംസ്‌കാരച്ചടങ്ങുകൾ നടന്നത്. ഉത്തർപ്രദേശിലെ ഘസിയാബാദാണ് വരുണിന്റെ ജന്മനാട്. കൂനൂർ ഹെലികോപ്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ വേർപാടും ഇന്ത്യൻ സൈന്യത്തിന് തീരാ നഷ്ടം. വ്യോമസേനയുടെ ശൗര്യചക്രയായിരുന്നു വരുണ് സിങ്.
സൈനിക ആശുപത്രിയിൽ നിന്ന് പുഷ്പാലംകൃതമായ വാഹനത്തിൽ ദേശീയ പതാക പുതപ്പിച്ച മൃതദേഹത്തിന് ആദരാഞ്ജലിയർപ്പിക്കാൻ വഴിയോരത്ത് ജനം കാത്തു നിന്നു. ''ഭാരത് മാതാ കീ ജെയ്.ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺസിങ് അമർ രഹെ'' വിളികൾ മുഴങ്ങി. സംസ്‌കാരവേദിയിൽ സേനയുടെ ഗാർഡ് ഓഫ് ഓണർ നൽകിയതിനു ശേഷം മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പൂക്കളർപ്പിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, മന്ത്രി വിശ്വാസ് സാരംഗ് എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.
നേരത്തെ സംസ്ഥാന സർക്കാർ കുടുംബത്തിന് ഒരുകോടി രൂപയും സംസ്ഥാന സർവീസിൽ ഒരാൾക്ക് ജോലിയും നൽകുമെന്നറിയിച്ചിരുന്നു. കുടുംബാംഗങ്ങളുമായി ചർച്ച ചെയ്ത് വരുണിന്റെ പ്രതിമ സ്ഥാപിക്കുമെന്നും ഭോപാലിൽ ഒരു പ്രധാന സ്ഥാപനത്തിന് അദ്ദേഹത്തിന്റെ പേരു നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വരുൺസിങ്ങിന്റെ ഇളയ സഹോദരനും നാവികസേനയിൽ ലഫ്.കമാൻഡറുമായ തനൂജ് സിങ്, മകൻ എന്നിവർ ചേർന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്. വരുണിന്റെ പിതാവ് കേണൽ കെ.പി.സിങ്, അമ്മ ഉമ, ഭാര്യ എന്നിവർ സാക്ഷിയായി.
കഴിഞ്ഞ 8ന് കൂനൂരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ മരിച്ച അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ബെംഗളൂരിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്നു വരുൺ സിങ്. പ്രാർത്ഥനകൾ വിഫലമാക്കി 14 ന് വരുൺ സിങ്ങും മടങ്ങി.
ധീരതയ്ക്കുള്ള അംഗീകാരമായി കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ശൗര് ചക്ര പുരസ്‌കാരം ഏറ്റുവാങ്ങിയ സൈനികനാണ് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്. വ്യോമ സേനയിൽ വിങ് കമാൻഡറായ വരുൺ സിങ് 2020 ഒക്ടോബർ 12 തേജസ് യുദ്ധ വിമാനം പറത്തുന്നതിനിടെയുണ്ടായ അപകടത്തെ ധീരതയോടെയും മനസാന്നിധ്യത്തോടെയും നേരിട്ട് പരാജയപ്പെടുത്തിയതിനാണ് അദ്ദേഹം ശൗര്യചക്രയ്ക്ക് അർഹനായത്.
ഡിഫൻസ് സർവീസസ് കോളേജിലെ ഡയറക്ടിങ് സ്റ്റാഫ് ആയ ശൗര്യ ചക്ര വരുൺ സിങ്. രണ്ടാം തവണ അപകടത്തിൽ വരുൺ സിങ് യാത്രയായി. ഗ്രൂപ്പ് കാപ്റ്റൻ വരുൺ സിങ് ഇതാദ്യമായിട്ടല്ല മരണത്തെ മുഖാമുഖം കാണുന്നത്. ഇതിന് മുമ്പ്, 2020 ഒക്ടോബർ 12 ന് ഒരു സിസ്റ്റം ചെക്ക് സോർട്ടിക്കു വേണ്ടി വ്യോമസേനയുടെ ഒരു ലൈറ്റ് കോംബാറ്റ് എയർ ക്രാഫ്റ്റ് പറത്തുകയായിരുന്നു അദ്ദേഹം. ആദ്യ റൗണ്ട് പരിശോധനകൾക്കു ശേഷം ആ വിമാനത്തിന് ഗുരുതരമായ യന്ത്രത്തകരാറുകൾ നേരിട്ടതായി സിംഗിന്റെ ശ്രദ്ധയിൽ പെടുന്നു. അന്ന്, ആ തകരാറുകളെ തുടർന്ന് വിമാനത്തിന്റെ നിയന്ത്രണം പൂർണമായും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി.
വിമാനം സഞ്ചരിച്ചുകൊണ്ടിരുന്ന ഉയരം വളരെ പെട്ടെന്ന് കുറയുകയും, അത് ആകാശത്തു മുകളിലേക്കും താഴേക്കും നീങ്ങുകയും ചെയ്യാൻ തുടങ്ങി. പതിനായിരം അടി ഉയരത്തിൽ എത്തിയപ്പോഴേക്കും വിമാനത്തിന്റെ നിയന്ത്രണം ഏറെക്കുറെ പൂർണമായും നഷ്ടപ്പെട്ട് അത് തലങ്ങും വിലങ്ങും ഉലയാനും, കടുത്ത പിച്ചിങ് നേരിടാനും തുടങ്ങുന്നു. ഈ അവസരത്തിൽ, സാധാരണ ഗതിക്ക് ഏതൊരു പൈലറ്റും തീരുമാനിക്കുക ആ വിമാനത്തെ ഉപേക്ഷിച്ച്,വിമാനത്തിൽ നിന്ന് ഇജക്റ്റ് ചെയ്ത് സ്വന്തം ജീവൻ രക്ഷപ്പെടുത്താനാണ്.
സ്വന്തം ജീവന് തന്നെ ഭീഷണി നിലനിൽക്കുന്ന ഈ അവസരത്തിലും, അസാമാന്യമായ ധീരത പ്രകടിപ്പിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്, അദ്ദേഹത്തിന്റെ വിമാനം പറത്തുന്നതിലെ അസാമാന്യ സിദ്ധിയും, അനിതരസാധാരണമായ മനസ്സാന്നിധ്യവും കൊണ്ടുമാത്രം ആ വിമാനം നഷ്ടമാവാതെ അതിനെ സുരക്ഷിതമായി താഴെ ഇറക്കുന്നതിൽ വിജയിച്ചു. പ്രൊഫഷണലായ സമീപനവും, ധീരതയും പ്രകടമാക്കിയ ഈ സംഭവത്തെ തുടർന്നാണ് സൈന്യം അദ്ദേഹത്തിന് ശൗര്യ ചക്ര നൽകി ആദരിക്കുന്നത്.
കോടികൾ വിലമതിക്കുന്ന ആ ലൈറ്റ് കോംബാറ്റ് എയർ ക്രാഫ്റ്റ് സുരക്ഷിതമായി താഴെ എത്തിച്ചു എന്നതുമാത്രമല്ല, താഴെയുള്ള ഏതെങ്കിലും ജനവാസ കേന്ദ്രങ്ങളിൽ ആ വിമാനം ചെന്ന് വീണു കത്തി പൊട്ടിത്തെറിക്കുമ്പോൾ ഉണ്ടായേക്കാവുന്ന ജീവൽ നഷ്ടവും വരുൺ സിങ് ഒഴിവാക്കി. ശൗര്യ ചക്ര സൈറ്റേഷനിൽ ഇത് പറയുന്നുണ്ട്. ബെംഗളൂരുവിലെ സൈനിക ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്ന വരുൺ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. 50 ശതമാനത്തന് മുകളിൽ പൊള്ളലേറ്റ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു അദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്.
രാജ്യത്തിന്റെ സംയുക്ത സേന മേധാവി ബിപിൻ റാവത്തും ഭാര്യ മധുലികയും ഉൾപ്പെടെ 13 പേർ നേരത്തെ കുനൂർ ഹെലികോപ്ടർ അപകടത്തിൽ മരിച്ചിരുന്നു. അപകട സമയത്ത് ജീവനോടെ രക്ഷപ്പെട്ട ഏക വ്യക്തിയായിരുന്നു വരുൺ സിങ്. ഏഴ് ദിവസത്തോളം അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും ഒടുവിൽ വിഫലമാകുകയായിരുന്നു.
സ്‌കൂൾ പ്രിൻസിപ്പളിന് അയച്ച കത്ത് ഇങ്ങനെ
വരുൺ സിങ് അടുത്തയിടെ താൻ പഠിച്ച സ്‌കൂളിന്റെ പ്രിൻസിപ്പലിന് അയച്ച കത്ത് അത്യന്തം ഹൃദയസ്പർശിയാണ്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപതിയുടെ കൈയിൽ നിന്ന് ധീരതയ്ക്കുള്ള ശൗര്യചക്ര ഏറ്റുവാങ്ങിയതിലുള്ള അഭിമാനം സ്ഫുരിക്കുന്ന കത്താണ് വരുൺ സിങ് ഹരിയാണയിലെ ചാന്ദിമന്ദിറിലുള്ള ആർമി പബ്ലിക് സ്‌കൂളിന് അയച്ചത്. സ്‌കൂൾ പഠനകാലത്ത് താൻ എത്രമാത്രം സാധാരണ വിദ്യാർത്ഥിയായിരുന്നുവെന്ന് വരുൺ സിങ് പ്രിൻസിപ്പലിന് അയച്ച കത്തിൽ പറയുന്നു. പാഠ്യേതര പ്രവൃത്തികളിലോ കായിക മത്സരങ്ങളിലോ താൻ മിടുക്കനായിരുന്നില്ല. എന്നാൽ ഇന്ന് താൻ ഈ കത്തെഴുതുന്നത് അത്യധികം അഭിമാനത്തോടെയാണ്. തന്റെ നേട്ടങ്ങൾക്ക് പിറകിൽ പഠിച്ച സ്‌കൂളിലെയും എൻഡിഎയിലെയും അദ്ധ്യാപകരും വ്യോമസേനയിലെ സഹപ്രവർത്തകരും മേലുദ്യോഗസ്ഥരുമാണെന്നും വരുൺ സിങ് കത്തിൽ പറയുന്നു. പഠിക്കുന്ന കാലത്ത് വിമാനങ്ങളോടും വൈമാനികന്മാരോടും വല്ലാത്തൊരു ഇഷ്ടമുണ്ടായിരുന്നു. ആ ഇഷ്ടമാണ് തനിക്ക് വ്യോമസേനയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിന് സഹായകമായത്.
വെറും സാധാരണക്കാരനായി ജീവിക്കാനുള്ള കഴിവെ തനിക്കുള്ളൂവെന്ന തോന്നൽ മാറ്റിയത് കഠിനാദ്ധ്വാനത്തിലൂടെയാണെന്ന് വരുൺ പറയുന്നു. ചെയ്യുന്ന ജോലി ഏറ്റവും നന്നായി ചെയ്യാൻ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തതോടെ ആത്മവിശ്വാസമായി. വ്യോമസേനയിലെ പൈലറ്റ് കോഴ്‌സിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട അപൂർവം പേരിലൊരാളാകാൻ കഴിഞ്ഞു. പിന്നീട് വിദേശത്ത് പോയി പഠിക്കാൻ അവസരം ലഭിച്ചു. തുടർന്ന് സീനിയർ ഉദ്യോഗസ്ഥർക്ക് മാത്രം അവസരം ലഭിക്കുന്ന തേജസ് എയർക്രാഫ്റ്റ് സ്‌ക്വാഡ്രണിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചു.
2020 ഒക്ടോബർ 20ന് സാങ്കേതിക തകരാറുമൂലം അപകടത്തിലായ തേജസ് യുദ്ധവിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിക്കാൻ തനിക്കായി. ഇതിനാണ് ധീരതയ്ക്കുള്ള ശൗര്യചക്ര തന്നെ തേടിയെത്തിയതെന്നും വരുൺ സിങ് കത്തിൽ പറയുന്നു. ഇത്രയും പറഞ്ഞത് താൻ പഠിച്ച സ്‌കൂളിലെ കുട്ടികൾക്ക് പ്രചോദനമാകുന്നതിനുവേണ്ടിയാണ്. പഠിക്കുന്ന കാലത്ത് ശരാശരി വിദ്യാർത്ഥിയാകുന്നതിൽ തെറ്റില്ല. എന്നാൽ പിന്നീട് പ്രവർത്തിക്കുന്ന മേഖലയിൽ കഠിനാദ്ധ്വാനം ചെയ്താൽ മികച്ച ഫലമുണ്ടാക്കാനാകുമെന്നാണ് തന്റെ ജീവിതം തെളിയിക്കുന്നത്.
ഒരിക്കലും പ്രതീക്ഷ കൈവിടരുത്. നിരന്തരം പ്രയത്‌നിക്കുക. നിങ്ങൾക്ക് ഉയരങ്ങളിലെത്താനാകും. ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത് തങ്ങൾ പിന്നിലാകുമെന്ന് കരുതുന്ന വിദ്യാർത്ഥികൾക്ക് തന്റെ ജീവിതം പ്രചോദനമാകണമെന്ന് ആഗ്രഹിക്കുന്നതായും വരുൺ സിങ് കത്തിൽ പറയുന്നു. ഇക്കാര്യം കുട്ടികളോട് പറയണമെന്ന് പ്രിൻസിപ്പലിനോട് വരുൺ അഭ്യർത്ഥിക്കുന്നുണ്ടായിരുന്നു. ജീവിതത്തിലെ നേട്ടങ്ങൾക്കെല്ലാം കാരണം തന്നെ പഠിപ്പിച്ച അദ്ധ്യാപകരാണെന്ന വാചകത്തോടെയാണ് വരുൺ സിങ് കത്ത് അവസാനിപ്പിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ