നന്ദിന്റെ സാംസ്‌കാരിക വിമർശനങ്ങൾക്കും രാഷ്ട്രീയഭാവനയ്ക്കും എഴുതപ്പെടുന്ന അടിക്കുറിപ്പുകളാണ് ആധുനികാനന്തര മലയാളസാഹിത്യം. നോവലിന്റെയും കഥയുടെയും മാത്രമല്ല, സാമൂഹ്യ, മത, രാഷ്ട്രീയചിന്തകളുടെയും കാര്യത്തിൽ കഴിഞ്ഞ കാൽനൂറ്റാണ്ടിന്റെ യാഥാർഥ്യം ഇതാണ്. ആധുനികതാവാദത്തിന്റെ ലാവണ്യചിന്തകളെ രാഷ്ട്രീയവൽക്കരിച്ച കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഏകധാരയ്ക്കു പുറത്തുകടന്ന് ആൾക്കൂട്ടങ്ങളെ ഫാഷിസത്തിന്റെ പച്ചയും ചുവപ്പും കാവിയുമണിയിക്കുന്ന നമ്മുടെ കാലത്തിന്റെ അധികാരസമവാക്യങ്ങൾക്കെതിരെ നിശിതമായ നിലപാടെടുക്കുന്നു, ആനന്ദിന്റെ ഓരോ ഇടപെടലും.

അതിലൂടെ, പ്രത്യയശാസ്ത്ര സർവാധിപത്യങ്ങളോടും ഭരണകൂടഭീകരതകളോടും മതമൗലികവാദങ്ങളോടുമുള്ള സന്ധിയില്ലാത്ത സമരത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയത്തെ ചരിത്രത്തിന്റെ പാഠരൂപങ്ങളായി പരാവർത്തനം ചെയ്യുന്നു, ആനന്ദിന്റെ രചനകൾ. കമ്യൂണിസ്റ്റനന്തര-ആഗോളവൽകൃതകാലത്തെ മലയാളഭാവനയുടെ ചിന്തയും സൗന്ദര്യവും കലയും പ്രത്യയശാസ്ത്രവും അതിന്റെ സമസ്തലോകങ്ങളിലേക്കും ചിറകുവീശിയുയരുന്നത് ആനന്ദ് ഒരുക്കിയ ഈ ബലിഷ്ഠമായ ആശയാടിത്തറയിൽ നിന്നും ആഖ്യാനഭൂമികയിൽ നിന്നുമാണ്. സാമൂഹ്യചിന്തയിലും സാംസ്‌കാരിക വിചാരങ്ങളിലും ആനന്ദിനോടു കടപ്പെടാത്ത എഴുത്തുകാർ ഇന്നു മലയാളത്തിലില്ല.

മലയാളത്തിലെ ദേശീയാധുനികതക്കു രവിവർമയും ചന്തുമേനോനും സാമൂഹ്യാധുനികതക്കു സഹോദരൻ അയ്യപ്പനും വി.ടി.യും കാല്പനികാധുനികതക്കു കുമാരനാശാനും ചങ്ങമ്പുഴയും നവോത്ഥാനാധുനികതക്കു കേസരിയും മുണ്ടശ്ശേരിയും മാനവികാധുനികതക്കു ഗോവിന്ദനും അടൂരും രാഷ്ട്രീയാധുനികതക്കു വിജയനും വേണുവും ജനപ്രിയാധുനികതക്കു മുട്ടത്തുവർക്കിയും യേശുദാസും നിർമ്മിച്ചുനൽകിയ പേശീബലങ്ങൾക്കു സമാനമാണ് പിൽക്കാല സാംസ്‌കാരിക ഭാവനയെ നിർമ്മിച്ചതിൽ ആനന്ദിന്റെ ഇടപെടൽ. മാനവികതയുടെ നാനാനാദങ്ങൾക്കു ചെവികൊടുക്കാൻ ആധുനികാനന്തര മലയാളത്തെ ഇത്രമേൽ സജ്ജമാക്കിയ മറ്റൊരു വിചാരസ്രോതസില്ല എന്നാണ് തന്റെ ഓരോ രചനയിലൂടെയും ഈ എൺപതാം വയസ്സിലും ആനന്ദ് നമ്മെ ഓർമ്മിപ്പിക്കുന്നത്.

ചിന്തയെ സൗന്ദര്യവൽക്കരിച്ചും ഭാവനയെ ചരിത്രവൽക്കരിച്ചും സാഹിത്യത്തെ രാഷ്ട്രീയവൽക്കരിക്കുന്നതിൽ ആനന്ദ് സൃഷ്ടിച്ച ഈ ആഖ്യാനപാരമ്പര്യത്തെ സാകൂതം പിന്തുടരുന്ന മലയാളത്തിലെ പുതിയ നിരകഥാകൃത്തുക്കളിലൊരാളാണ് പി.ജെ.ജെ. ആന്റണി.

സ്റ്റാലിനിസ്റ്റുകൾ മടങ്ങിവരുന്നുണ്ട്, പിതൃക്കളുടെ മുസോളിനിയം, ഭ്രാന്ത്: ചില നിർമ്മാണരഹസ്യങ്ങൾ എന്നീ മുൻസമാഹാരങ്ങളിൽ. ആന്റണി അവതരിപ്പിച്ച കഥകൾക്ക് ചില പൊതു സ്വഭാവങ്ങളുണ്ടായിരുന്നു. ബൃഹത്ചരിത്രത്തിന്റെ അപനിർമ്മിതിയിൽ നിന്നുരുവം കൊള്ളുന്ന ചെറു, പാർശ്വ ചരിത്രങ്ങളുടെ പശ്ചാത്തലം, പ്രത്യയശാസ്ത്രം പ്രായോഗികതയോടു കലഹിച്ചു വേർപെടുന്ന കമ്യൂണിസത്തിന്റെ രാഷ്ട്രീയാന്തരീക്ഷം, വിശ്വാസധാര മൂല്യബദ്ധതയുമായി തെറ്റിപ്പിരിയുന്ന മതബോധത്തിന്റെ നിരന്തര സാന്നിധ്യം എന്നിങ്ങനെ. ഒപ്പം, സിവശേഷമായ ഒരു പ്രാദേശിക ഭൂമിശാസ്ത്രം മുതൽ രാഷ്ട്രഭൂമിശാസ്ത്രങ്ങളെ മറികടക്കുന്ന ആഗോളസന്ദർഭങ്ങൾ വരെയും.

മുഖ്യമായും ഈ ആശയ-സാമൂഹ്യമണ്ഡലങ്ങളിലാണ് ആന്റണിയുടെ മനുഷ്യസങ്കല്പവും അതുവഴി കഥകളും രൂപപ്പെടുന്നത്. ആലപ്പുഴയിലെ കയർഫാക്ടറികളിലും നെൽപ്പാടങ്ങളിലും നിന്ന് ആന്റണിയുടെ സഖാക്കൾ ചെങ്കൊടിയുമേന്തി മോസ്‌കോവിലെ സർവാധിപത്യത്തിന്റെ മുസോളിങ്ങൾ വരെ ചെന്നെത്തും. കുന്തക്കാരൻ പത്രോസിനെ മുൻനിർത്തി അവർ സ്റ്റാലിനു മുന്നിൽ വിലപേശും. ഭഗത്‌സിംഗിന്റെ നിണസാക്ഷിത്വത്തിനുവേണ്ടി ഗാന്ധിയൻ രാഷ്ട്രീയ സദാചാരത്തെ വിചാരണ ചെയ്യും. മോശയുടെ പ്രമാണങ്ങളോടു കലഹിക്കുന്ന വിശ്വാസിയുടെ കാമനകൾക്കു മേയാൻ മാംസനിബദ്ധമായ ഉടലുകളെ സജ്ജമാക്കും.

ആന്റണിയുടെ നാലാമത്തെ കഥാസമാഹാരമാണ് 'വരുവിൻ നമുക്കു പാപം ചെയ്യാം'. ഭാവനയുടെ വൈവിധ്യംകൊണ്ട് കഥയുടെ വർത്തമാനത്തെ സമൃദ്ധവും സാർഥകവുമായി അടയാളപ്പെടുത്തുന്ന എട്ടു രചനകളുണ്ട് ഈ സമാഹാരത്തിൽ. രാഷ്ട്രീയ തീവ്രവും ചരിത്രനിർഭരവുമായി ഇന്ത്യൻ ദേശീയതയെ അപനിർമ്മിക്കുന്നു, 'ഡൽഹിയിലേക്കുള്ള വിമാനം'. മഥുരാപുരിയിലെ വിധവകളെ മിത്തിൽനിന്നു ചരിത്രത്തിലേക്കു പറിച്ചുനടുന്നു, 'വൃന്ദാവനം'. തെറ്റുകൾക്കും ശരികൾക്കുമിടയിൽപെട്ടു നട്ടംതിരിയുന്ന മനുഷ്യാത്മാക്കളുടെ ധർമ്മസങ്കടങ്ങൾ നർമഭരിതമായവതരിപ്പിക്കുന്നു, 'വരുവിൻ നമുക്കു പാപംചെയ്യാം', 'ലീലാതിലകം', 'ഭൗമം' എന്നീ കഥകൾ. കവിതയെ, അസ്തിത്വത്തിന്റെ പാഠാന്തരമായി പുരഃക്ഷേപിക്കുന്നു, 'കാണാതാകുന്ന കവികൾ', 'കവിതകെട്ടുന്നവരുടെ ഗ്രാമം' എന്നീ രചനകൾ. ജീവിതം രണ്ടിറ്റു കണ്ണീരും ഒരു നെടുവീർപ്പും മാത്രമാണെന്ന യാഥാർഥ്യം ഒരു തീപ്പൊള്ളൽപോലെ ബാക്കിയാക്കുന്നു, 'രാക്കഥ'.

മുൻസമാഹാരങ്ങളിലുൾപ്പെട്ട ആന്റണിയുടെ ചില തീവ്ര-രാഷ്ട്രീയ കഥകളുടെ പാരമ്പര്യത്തിൽ (സ്റ്റാലിനിസ്റ്റുകൾ, പിതൃക്കൾ, ലാഹോർ...) എഴുതപ്പെട്ടിരിക്കുന്നു, 'ഡൽഹിയിലേക്കുള്ള വിമാനം'. മലയാളത്തിൽ ആനന്ദും, ജി. ബാലചന്ദ്രനെപ്പോലെ ചുരുക്കം ചിലരും മാത്രം ചിത്രീകരിച്ചിട്ടുള്ള ('ജക' ഉദാഹരമം) വടക്കുകിഴക്കൻ ഇന്ത്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾക്കും വംശീയപ്പോരാട്ടങ്ങൾക്കും ഗോത്രയുദ്ധങ്ങൾക്കും ഭരണകൂടഹിംസകൾക്കുമിടയിൽ അകപ്പെട്ടുപോകുന്ന നാലു മനുഷ്യരുടെയും ദേശീയതകളെയും മതങ്ങളെയും ഭാഷകളെയുമൊക്കെ മറികടക്കുന്ന അവരുടെ നവമാദ്ധ്യമകാലത്തെ സ്വത്വബോധങ്ങളുടെയും കഥ. (തമിഴിൽ, വാസന്തി എഴുതിയ 'ഇല്ലിക്കാടുകൾ പൂക്കുമ്പോൾ' പോലുള്ള നോവലുകളിൽ ഈ പ്രദേശമാണുള്ളത്. ഈ നോവൽ പത്മരാജൻ 'കൂടെവിടെ' എന്ന സിനിമയാക്കിയപ്പോൾ സ്ഥലപശ്ചാത്തലം മാറ്റിക്കളഞ്ഞതാണ്). ഒപ്പം, ബോഡോ 'കലാപ'കാരികളുടെ രാഷ്ട്രീയവീര്യം ഉടൽപൂണ്ട ഒരു പെൺകമാൻഡോയുടെ ജീവിതവും.

ഫെയിസ്ബുക്കിലെ കൂട്ടായ്മയിൽനിന്നാണ് അസമിലെ കൊക്രജാറുകാരനായ ദേവപ്രീതിനെത്തേടി അറബിയായ അബ്ദുൾ റഹിമാൻ ബുത്തെയ്ബാൻ സ്‌പെയിനിൽ നിന്നും ശ്രീലങ്കൻ അഭയാർഥിയായ മണിവണ്ണൻ തമിഴ്‌നാട്ടിൽനിന്നും ആഖ്യാതാവായ കഥാകാരൻ കുട്ടനാട്ടിൽനിന്നും ബ്രഹ്മപുത്ര കടന്ന് വടക്കുകിഴക്കൻ ഇന്ത്യയുടെ ഉൾപ്രദേശങ്ങളിലെത്തിയത്. പലായിയാണ് ബുത്തെയ്ബാൻ.അഭയാർഥിയാണ് മണിവണ്ണൻ. മണ്ണിനും ഭാഷയ്ക്കും വേണ്ടി പോരാടുന്നവനാണ് ദേവപ്രീത്.

ചരിത്രത്തിന്റെ നെടുംപാതയോരങ്ങളിൽ ചോരയിൽ കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണ് ബോഡോകളുടെ ജീവിതം. മംഗോളിയൻ വംശജരായ ബോഡോകൾ അസമിനും ബംഗ്ലാദേശിൽ നിന്നുള്ള അഭയാർഥികൾക്കുമിടയിൽ അനുഭവിക്കുന്ന സംഘർഷങ്ങൾ, 'ഇന്ത്യ'യുമായുള്ള ഏറ്റുമുട്ടലുകൾ,...... ദേവപ്രീതിന്റെ രാഷ്ട്രീയ സ്വത്വം അതിസങ്കീർണ്ണമാണ്. ഏതാണ്ട് സമാനമാണ് മണിവണ്ണന്റെ അവസ്ഥയും. അയാൾ പറയുന്നു: 'യാഥാർഥ്യങ്ങളെല്ലാം കവർന്നെടുക്കപ്പെട്ട ഒരു കൂട്ടമാണ് എന്റെ ജനത. ചോക്ലേറ്റുമായി സ്വപ്നം കാണുന്ന പത്തുവയസ്സുകാരനെ അതിലും വലിയ സ്വപ്നമായെത്തിയ പട്ടാളം വെടിയുണ്ടയും ബയണറ്റുംകൊണ്ട് ചിതറിച്ചു കളയുന്നു. ദേശരാഷ്ട്രം കോമ്പല്ലുകളുള്ള ഒരു ഭീകരജീവിയാണ്. നിമിഷാർധംകൊണ്ട് കാളകൂടമായി പകരുന്ന കുടിലനുണയാണ് ദേശീയത. വെറുപ്പും ഹിംസയും അപരന്റെ നാശവും മാത്രം കനവുകാണുന്ന ദേശീയത ആയിരങ്ങളെ ഒരുമിച്ച് കൊല്ലാനാവുന്ന ഗില്ലറ്റിനാണ്. അതിന്റെ കുടിലവശ്യത തമിഴനെയും സിംഹളനെയും ഒരുപോലെ മയക്കിയപ്പോൾ....'

ബോഡോഗാർഡ്‌സ് എന്ന ഒളിപ്പോർസംഘം ഈ സഞ്ചാരികളെ തടവുകാരാക്കിയെങ്കിലും നിരുപദ്രവകാരികളായ എഴുത്തുകാരാണെന്നറിഞ്ഞ് മോചിപ്പിക്കുന്നു. അവരുടെ നേതാവ്, നാഗിനബസ്മതാരിയെന്ന യുവതി സഞ്ചാരികളെ കാണാനെത്തുന്നു, തങ്ങളുടെ പോരാട്ടത്തെക്കുറിച്ചെഴുതണമെന്ന് ഇവരോടാവശ്യപ്പെടുന്നു. 'മറിച്ചാണ് തോന്നുന്നതെങ്കിൽ പ്രണയത്തെയും ദാരിദ്ര്യത്തെയും ഗൃഹാതുരതയെയും മഹിമപ്പെടുത്തി കമ്പോളത്തിൽ ചെലവാകുന്ന സാഹിത്യച്ചരക്കുകൾ ഉത്പാദിപ്പിച്ച് നിങ്ങൾക്ക് തുടരാം. ജനതകളുടെ അതിജീവനം ഇന്ത്യൻസാഹിത്യത്തിന് ഒരിക്കലും പ്രിയവിഷയമായിട്ടില്ലല്ലോ.'

('നെല്ലികൂട്ടക്കൊല'യുടെ പശ്ചാത്തലത്തിൽ വടക്കുകിഴക്കൻ പ്രദേശങ്ങളിലെ ജനകീയകലാപങ്ങളെക്കുറിച്ചെഴുതുന്ന സഞ്ജയ് ഹസാരിക, ഇന്ത്യൻ മാദ്ധ്യമങ്ങൾ ഏറ്റവുമധികം തമസ്‌കരിച്ച വാർത്താമേഖലകളിലൊന്നാണ് അവിടമെന്നു ചൂണ്ടിക്കാണിക്കുന്നുണ്ട്.)

സാഹിത്യം, സൗന്ദര്യാനുഭവങ്ങളുടെ കാല്പനിക ലോകംവിട്ട് മനുഷ്യരുടെയും സമൂഹങ്ങളുടെയും അതിജീവനത്തിനായുള്ള പോരാട്ടങ്ങളെക്കുറിച്ചെഴുതപ്പെടുന്ന ഗാഥകളായി മാറേണ്ട കാലത്തെക്കുറിച്ചാണ് പുതിയ മലയാളസാഹിത്യത്തിന്റെ മുഖ്യധാര സംസാരിക്കുന്നതെന്ന് 'ഡൽഹിയിലേക്കുള്ള വിമാനം' തെളിയിക്കുന്നു. വേർപിരിയുമ്പോൾ ബസ്മതാരി കഥാകൃത്തിനു സമ്മാനിച്ചതെന്താണ്? ഇരുപുറവും അടഞ്ഞ ഒറു മുളങ്കുറ്റി.

'ഇതിനുള്ളിൽ ബോഡോഭൂമിയിലെ പൂവിത്തുകളാണ്. ഒരു കാലവും കേടാവുകയില്ല. നിനക്ക് ഇഷ്ടമായ കാലം വരുമ്പോൾ വീട്ടുമുറ്റത്ത് ഈറന്മണ്ണൊരുക്കുക. വടക്കുകിഴക്കൻ ഇന്ത്യയെ ധ്യാനിച്ച് ഇത് പൊട്ടിച്ച് നിന്റെ മണ്ണിലേക്ക് വിളമ്പുക. തീർച്ചയായും ഒരു വസന്തം നിനക്ക് അനുഭവിക്കാനാകും'.

ഇല്ലിക്കാടുകൾ പൂക്കുന്ന പന്തീരാണ്ടുകളിലെങ്കിലും മനുഷ്യൻ മനുഷ്യന്റെ വാക്കുകൾ സംഗീതംപോലെ കേൾക്കുന്ന കാലം വരും എന്ന പ്രതീക്ഷയിലാണ് ഈ കഥ പല വേമ്പനാട്ടുകായലുകൾ ഒന്നിച്ചൊഴുകുന്നപോലുള്ള ബ്രഹ്മപുത്രയുടെ തീരംവിട്ട് ഡൽഹിയിലേക്കു മടങ്ങുന്നത്.

ചരിത്രത്തിൽനിന്ന് മിത്തിന്റെ ഭൂതബാധയുള്ള വർത്തമാനത്തിലേക്ക്. വൃന്ദാവനത്തിലെ വിധവകളുടെ ദുരിതജീവിതം മാത്രം ആഖ്യാനം ചെയ്യപ്പെട്ടിട്ടുള്ള സാഹിത്യ-ചലച്ചിത്രപാഠങ്ങളിൽ നിന്നു ഭിന്നമായ രചനയാണിത്. ഡൽഹിയിലെ അപ്പാർട്ട്‌മെന്റിൽ വിട്ടുപോയ കാമുകന്റെ ഓർമയിൽ മകളോടൊപ്പം ജീവിക്കുന്ന അന്നപൂർണക്ക് വൃന്ദാവനത്തിലെ അനേകായിരം വിധവകളിലൊരാളാണ്താനും എന്നു തോന്നിത്തുടങ്ങുന്നു. വൈഷ്ണവഭക്തിപ്രസ്ഥാനം നിർമ്മിച്ച വിധവാശ്രമത്തിന്റെ ചരിത്രവും മിത്തും ഇഴചേരുന്ന കഥകൾ കേട്ടിരുന്ന സഞ്ചാരിയായിരുന്നു അന്നപൂർണ. അതിരുകൾ മറികടക്കാൻ മോഹിക്കുന്ന എല്ലാ യാത്രികരെയുംപോലെ അവളും തന്റെ ജീവിതം മറ്റുള്ളവർ നിശ്ചയിച്ച വഴികളിൽ നിന്നു മാറ്റിനയിക്കാൻ കൊതിച്ചു. അഖരകളിലെ അഴിഞ്ഞാട്ടങ്ങൾക്കപ്പുറത്ത് ജീവിതമൂർച്ചകൾ കൊണ്ടു തിളയ്ക്കുന്ന വിധവകളുടെ രതിവ്രതങ്ങൾ. സ്ത്രീജീവിതത്തിന്റെ പൊള്ളുന്ന യാഥാർഥ്യങ്ങളും ഉരുകുന്ന കാമനകളും പൂത്തുലയുന്ന ഭാവനകളും നിറഞ്ഞ കഥയും ആഖ്യാനവും. 'വൃന്ദാവനം', ഒരു ഭാവഗീതംപോലെ കാല്പനികവും വികാരനിർഭരവുമാണ്.

'ആഗ്രയിൽ കാണാനൊന്നുമില്ലെന്നു തോന്നി. താജ്മഹൽ ഒരു പാഴ് ഫലിതമാണ്. വിദൂഷകർക്ക് ആടിപ്പൊലിപ്പിക്കാവുന്ന മഹാഫലിതം. അകവും പുറവും നേരിന്റെ തിണർപ്പുള്ള സത്യവസ്തുവാണ് വൃന്ദാവനം. വജ്രമണ്ഡലമാകെ രാസലീലയുടെ പദരേണു പടർന്നുകിടക്കുന്നു. രാധയ്ക്ക് മായക്കണ്ണൻ ആരായിരുന്നു? രാധയുടെ കറുപ്പിൽ അവൻ എന്തൊക്കെയാവും കണ്ടിട്ടുണ്ടാവുക? ഉടൽ പൊളിച്ച് അവൻ സാക്ഷാൽ രാധാമയിയെ തൊട്ടിട്ടുണ്ടാവണം. ഇരുണ്ട വനസ്ഥലികളിൽ മായാപുരി തീർത്ത് രാധയെ ഒടുങ്ങാത്ത പ്രണയത്തീയിൽ നീറ്റിയിട്ടുണ്ടാവും. വന വെണ്ണയിൽ നീന്തിയാവണം അവൻ അമൃതം തിന്നത്. വെന്തിട്ടും തപിക്കാത്ത, നീറിയിട്ടും ചാരമാകാത്ത രാധയാണ് അക്ഷയിയായ ഭൂപുത്രി. രാധ, രാധാമയി മാത്രം'.

ദേശരാഷ്ട്രങ്ങളും പ്രത്യയശാസ്ത്രങ്ങളും മാത്രമല്ല, സദാചാരകല്പനകളും അനുസരിക്കപ്പെടാൻ മാത്രമുള്ളവയല്ല, ലംഘിക്കപ്പെടാനുമുള്ളവയാണെന്നു വിശ്വസിക്കുന്ന അലീനയുടെ കഥയാണ് 'വരുവിൻ നമുക്കു പാപംചെയ്യാം'. ഇടവകപ്പള്ളിയിലെ വയോധികപുരോഹിതനെ കാമത്തിന്റെ സർപ്പഫണങ്ങൾ കാണിച്ചു പ്രലോഭിപ്പിക്കാൻ അവൾ ശ്രമിച്ചെങ്കിലും അയാൾ വഴങ്ങിയില്ല. കാമവെറി, സ്ത്രീയെക്കൊണ്ട് എന്തുതന്നെ ചെയ്യിക്കയില്ല! അവൾ അയാളെ കുരിശുമലമുകളിലെ മരക്കുരിശിൽ മൂന്നാണികളിൽ തറച്ചു തോല്പിച്ചു. ലോകപാപങ്ങളിൽ നിന്നും പാപലോകങ്ങളിൽ നിന്നുമുള്ള വിടുതലായിരുന്നു, പുരോഹിതന് ആ ക്രൂശാരോഹണം.

ഇംഗ്ലീഷ്മീഡിയം സ്‌കൂളിൽ മകളെ ചേർക്കാൻ ശരാശരി മലയാളിദമ്പതികൾ സഹിക്കുന്ന പീഡാനുഭവങ്ങളുടെയും ഇംഗ്ലീഷ് അവർക്കു നൽകുന്ന ഉത്തേജനങ്ങളുടെയും കഥയാണ് ലീലാതിലകം. വീടിനു മുന്നിലെ തോട്ടത്തിൽ വന്ന ഒരു പാമ്പ്, ആദാമിന്റെ കാലം മുതൽ പുരുഷനെ വേട്ടയാടുന്ന സ്ത്രീയുടെ ലൈംഗികോർജ്ജത്തിന്റെ രൂപകമായി റോണിച്ചനെ വേട്ടയാടുന്ന കഥയാണ് 'ഭൗമം'. അയാളുടെ ഭാര്യയുടെ പേരും ഈവ എന്നുതന്നെയാണ്. ജാരനും ചാരനും കള്ളനും കാമുകനുമൊക്കെയായി മലയാളകഥയിൽ ഭർത്താക്കന്മാരെ വേട്ടയാടുന്ന ദാമ്പത്യശത്രുവിന്റെ മറ്റൊരു രൂപം. ഒരു ഫ്രോയിഡിയൻ നർമകഥ.

കമ്പോളകേന്ദ്രിതമായ ആഗോളവൽക്കരണത്തിനെതിരെ എഴുത്തുകാരുയർത്തേണ്ട പ്രതിബോധങ്ങളെക്കുറിച്ചു പറയുന്ന ബോഡോ കലാപനേതാവിൽനിന്ന് കേരളീയഗ്രാമങ്ങളിലുടലെടുക്കുന്ന അത്തരം പോരാട്ടങ്ങളിൽ കവികളും കവിതയും വഹിക്കുന്ന പങ്കിന്റെ ഒരന്യാപദേശമാണ് 'കാണാതെ പോകുന്ന കവികൾ'. കവിതകൊണ്ടു കെട്ടിയുയർത്തുന്ന പ്രതിരോധത്തിന്റെ വാഗ്ഭടത്വം. രാഷ്ട്രീയപാർട്ടികളും പ്രത്യയശാസ്ത്രങ്ങളും ഭരണകൂടങ്ങളും കവികൾക്കെതിരായി. എല്ലാക്കാലത്തും കവിത വ്യവസ്ഥിതിക്കെതിരെ നിലപാടെടുക്കുന്നതിന്റെ പര്യായകഥ. 'കവിതകെട്ടുന്നവരുടെ ഗ്രാമം' എന്ന കഥയാകട്ടെ, ചിന്നത്തമ്പി അണ്ണാവിയുടെ പി•ുറക്കാരെ കേന്ദ്രീകരിച്ചെഴുതപ്പെട്ട ഒരു മാജിക്കൽ റിയലിസ്റ്റ് രചനയാണ്. ചീങ്കണ്ണികൾ കാവൽകിടക്കുന്ന വെള്ളക്കെട്ടുകളും ജലനിരപ്പിൽനിന്നു താഴ്ന്നുകിടക്കുന്ന കരപ്രദേശവും നിരക്ഷരരായ കവികളും നിറഞ്ഞ ഗ്രാമം. അന്ധകാരനഴിക്കും മനക്കോടത്തിനും ചെല്ലാനത്തിനും എഴുപുന്നക്കും കണ്ടക്കടവിനുമിടയിൽ ആന്റണി കണ്ടെടുക്കുന്ന കണ്ടൽക്കൊമാല.


രാക്കഥ, ഒരു സങ്കടഹർജിയാണ്. മൂന്നു വീടുകളിൽ സഹായപ്പണികഴിഞ്ഞെത്തി, വാടകവീട്ടിലെ ഒറ്റമുറിയിൽ ഉറക്കം വരാതെ ഈശ്വരന്മാരെ പഴിച്ചുകിടന്ന രമണി, ഭർത്താവ് രവിയെയും മകൻ ഷിനുവിനെയും മകൾ ഷൈനിയെയും കുറിച്ചു കാണുന്ന കിനാവുകളിൽ കണ്ണീരും നെടുവീർപ്പുകളും മാത്രമേയുള്ളു. ചോരചീന്തുന്ന ഒരു നേർജീവിതകഥ.

ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഘനഗൗരവങ്ങൾക്കൊപ്പം കല്പിതങ്ങളുടെയും നർമത്തിന്റെയും വെള്ളിമീൻ ചാട്ടങ്ങളുമുണ്ട് ഈ സമാഹാരത്തിൽ. ചോരയുടെയും കണ്ണീരിന്റെയും ഉപ്പുരസത്തിനൊപ്പം മാന്ത്രികയാഥാർഥ്യത്തിന്റെ കണ്ടൽക്കാടുകളും. മലയാളകഥ, അതിന്റെ ആഖ്യാനലാവണ്യത്തെ ആരുപോലുള്ള രൂപകങ്ങളിൽ കോർത്തെടുത്ത് ആന്റണിയുടെ രചനകളിൽ വെയിലുകൊള്ളാനിടുന്നു എന്നു തെളിയിക്കുന്നു, 'വരുവിൻ നമുക്കു പാപം ചെയ്യാൻ'.

'ഡൽഹിയിലേക്കുള്ള വിമാനം' എന്ന കഥയിൽനിന്ന്

'മൂന്നാംപക്കമാണ് അവർ ബുത്തെയ്ബാനുമായി തിരിച്ചെത്തിയത്. അവന്റെ മുഖം കരുവാളിച്ചിരുന്നു, പ്രാകൃതമായ മർദനത്തിന്റെ അവശേഷിപ്പുകൾ. എന്നിട്ടും ബുത്തെയ്ബാൻ ശാന്തമായി പുഞ്ചിരിച്ചു. 'ഐ തിങ്ക് ദേ അണ്ടർസ്റ്റാൻഡ് അസ്. നമ്മൾ പ്രയോജനരഹിതരും നിരുപദ്രവകാരികളുമായ എഴുത്തുകാർ മാത്രമാണെന്നത് അവർ തിരിച്ചറിഞ്ഞിരിക്കുന്നു.' ഭയരഹിതനായി ബുത്തെയ്ബാൻ ഉറക്കെ ചിരിച്ചു. 'വൈകുന്നേരം നമ്മളെ കാണാൻ ഏതോ പ്രധാനി വരുന്നുണ്ട്. സാൻഗ്രിയായുടെ ഓർമയിൽ ഞാൻ നീറുകയാണ് പ്രിയരേ!' അവൻ എന്റെ മടിയിൽ തലവച്ച് കിടന്നു. ഒരുവൻ ഞങ്ങളുടെ കെട്ടുകൾ അഴിച്ചു. ഏതോ ചോളവിഭവവും പൊരിച്ച പുഴമീനും തിന്നാൻ കിട്ടി. മാനസയെ കുടിച്ച് ദാഹം മാറ്റി.

വൈകുന്നേരം എത്തിയത് ഒരു പെണ്ണായിരുന്നു. പണികുറവില്ലാത്ത ഇംഗ്ലീഷ് പേശുന്ന നാഗിന ബസ്മതാരി. ദ്രാവിഡഭാവത്തിൽ ഒരു മഞ്ഞ മുഖക്കാരി. ഒരേ വേഷമെങ്കിലും അരയിലെ തോക്ക് കൂടുതൽ വൃത്തിയിൽ ഭീഷണമായി തിളങ്ങുന്നുണ്ടായിരുന്നു. മറ്റുള്ളവർ അധികാരത്തോടുള്ള ആദരത്താലാകും ബസ്മതാരിയോട് അകന്നു നിന്നു. 'ആംഡ്‌ബോഡോ ഗാഡ്‌സ ്' എന്ന ഒളിപ്പോർ സംഘത്തിന്റെ പ്രതിനിധിയാണ് താനെന്ന് ഞങ്ങൾക്കൊപ്പം നിലത്തിരുന്ന് അവൾ ആദ്യമേ അറിയിച്ചു.

ദേവപ്രീത് ബന്ധപ്പെട്ടപ്പോഴാണ് എഴുത്തുകാരാണെന്നറിഞ്ഞത്. അല്ലെങ്കിൽ ഓരോരുത്തരെയായി കൊല്ലാനും ഒടുവിൽ ബുത്തെയ്ബാനെ വച്ച് വിലപേശാനുമായിരുന്നു പ്ലാൻ. പിന്നീട് ബോഡോസംഘർഷത്തിന്റെ പശ്ചാത്തലവും നാൾവഴികളും അവൾ വിശദപ്പെടുത്തി. വടക്കു പടിഞ്ഞാറൻ ജനതയെ സാംസ്‌കാരികമായി കോളനിവത്കരിക്കാനും പട്ടാളത്തിന്റെ കരുത്തിൽ കീഴടക്കാനുമാണ് ഇന്ത്യ ശ്രമിച്ചുപോരുന്നതെന്നും അതിനാൽ ആത്മാഭിമാനമുള്ള ജനതയെന്നനിലയിൽ ആയുധം കൊണ്ട് ചെറുക്കുകയല്ലാതെ ബോഡോകൾക്ക് വേറെ വഴിയില്ലെന്നും ബസ്മതാരി ന്യായപ്പെടുത്തി. ഭാഷയും സംസ്‌കാരവും നഷ്ടമാകുന്നത് പർവ്വതങ്ങൾ തങ്ങളുടെ മേൽ പതിക്കുന്നതിനു സമാനമാണ്. മണിപ്പൂർ ഉൾപ്പെടെ മിക്കയിടങ്ങളിലും പാവഗവൺമെന്റുകളാണെന്നും ഇറോം ശർമിളയാണ് വടക്കു പടിഞ്ഞാറൻ ഇന്ത്യയുടെ യഥാർഥ പ്രതീകമെന്നും അവൾ കൂട്ടിച്ചേർത്തു. നിബന്ധനകളൊന്നു മില്ലാതെ ഞങ്ങളെ വിട്ടയ്ക്കാനാണ് അവരുടെ തീരുമാനം. ശരിയെന്നു തോന്നുന്നുവെങ്കിൽ ബോഡോകളുടെ ന്യായമായ പോരാട്ടത്തെ കുറിച്ച് ഞങ്ങൾ എഴുതണം. അത് ഒരു റിക്വസ്റ്റ് മാത്രമാണ്. മറിച്ചാണ് തോന്നുന്നതെങ്കിൽ പ്രണയത്തെയും ദാരിദ്ര്യത്തെയും ഗൃഹാതുരതയെയും മഹിമപ്പെടുത്തി കമ്പോളത്തിൽ ചെലവാകുന്ന സാഹിത്യച്ചരക്കുകൾ ഉത്പാദിപ്പിച്ച് നിങ്ങൾക്ക് തുടരാം. ജനതകളുടെ അതിജീവനം ഇന്ത്യൻസാഹിത്യത്തിന് ഒരിക്കലും പ്രിയവിഷയമായിട്ടില്ലല്ലോ.

'ഞാനും മണിവണ്ണനും ഇന്ത്യക്കാരല്ല, ' പകുതി ലീലയായി ബുത്തെയ്ബാൻ ഇടപെട്ടു. കമ്പോളമെന്നാൽ ഇന്ന് ലോകകമ്പോളമാണല്ലേയെന്ന് മറിച്ചുരിയാടി ബസ്മതാരി പുഞ്ചിരികൊണ്ടു. ചരക്ക്, കമ്പോളം, ലാഭം എന്നത് എഴുത്തിനെയും സംസ്‌കാരവ്യവസായത്തിന്റെ ഭാഗമാക്കിയിട്ടുണ്ടന്നതിനെ ആർക്കും ഖണ്ഡിക്കാനാവുമായിരുന്നില്ല. എഴുത്തിനു മുന്നിലെ ഭീഷണമായ ചതിക്കുഴിയാണ് കമ്പോളം താലോലിക്കുന്ന സമകാലം. ഇംഗ്ലീഷിൽ എഴുതുന്നതുകൊണ്ട് ബുത്തെയ്ബാന്റെ ഒരു കഥ ബസ്മതാരിയും വായിച്ചിട്ടുണ്ട്. അതിലവൾ കമ്പോളാസ്വാദനം കണ്ടു. സെർവാന്റിസിനെയും ബോളാനൊയെയും ഉദാഹരിച്ച് ബസ്മതാരിയുടേത് ദുർവായനയാണെന്ന് സമർഥിക്കാനായിരുന്നു ബുത്തെയ്ബാൻ ശ്രമിച്ചത്. മികച്ച വായനക്കാരിയായിരുന്നിട്ടും നാഗിന ബസ്മതാരിയെ പഴിച്ചത് അവളുടെ പ്രത്യയശാസ്ത്രവിധേയത്വമാണെന്ന് ഞാനും മണിവണ്ണനും ചൂണ്ടിക്കാണിച്ചു. ചോള വിഭവവും പുഴമീൻപൊരിച്ചതും പിന്നെയും വന്നു. കാട്ടു പഴങ്ങൾ പുളിപ്പിച്ചുണ്ടാക്കിയ ലഹരി കുറഞ്ഞ വീഞ്ഞും അതിനിടയിൽ വലിഞ്ഞുകയറി. മുളന്തണ്ടു മെനഞ്ഞ പാനപാത്രം പുതുമയായി. അതിനൊരു ഗാന്ധിയൻ മേനിയുമുണ്ടായിരുന്നു. സൂര്യനൊപ്പം ദേവപ്രീത് ബ്രഹ്മയുമെത്തി. പിന്നെയും വർത്തമാനം തുടർന്നു. കെട്ടുകൾ അയഞ്ഞ് അതിരുകൾ പൊടിഞ്ഞു വീണ് ഞങ്ങൾ അടുപ്പമുള്ളവരായി. പോരാളികൾ ഇത്തിരിയകന്ന് ചുറ്റും കാവലായി.

'നെഹ്രുവിനു ശേഷം ഭാവനയുറ്റ ഒരു നേതൃത്വം ഇന്ത്യയ്ക്കുണ്ടായിട്ടില്ല. മകനു വേണ്ടി നിധി കാക്കുകയാണ് സോണിയയെന്ന അമ്മ. ഭാവിയെ കാണാൻ കരുത്തില്ലാത്തവർ ഊർജ്ജത്തിനായി ഭൂതകാലത്തിൽ ചികയുന്നു. അങ്ങനെയാണ് പുനരുജ്ജീവനവാദങ്ങൾ പിറക്കുന്നത്. മുന്നോട്ടു നീങ്ങാനായി പിന്നോട്ടടുക്കയെന്ന ഫലിതം അതിന്റെ രചനയാണ്. വിവേകാനന്ദനും കാൾ മാക്‌സിനും യേശുവിനും മുഹമ്മദ്‌നബിക്കും ഗാന്ധിജിക്കുമൊന്നും ഇനി ഭാവിയെ ദീപ്തമാക്കാനാവില്ല. ശരിയായ ചില ചോദ്യങ്ങൾ അവർ ഉണർത്തിയേക്കാം. പക്ഷേ, അവർ ഈ കാലത്തെ അറിഞ്ഞവരല്ല. ആര്യാദ്രാവിഡർക്ക് ഇനിയിത്തിരി മംഗോളിയൻ പാഠങ്ങളാവും ഇണങ്ങരാവുക. ' അതു പറഞ്ഞ് ബസ്മതാരി അയഞ്ഞു ചിരിച്ചു. ബുത്തെയ്ബാൻ അവളെ പുണർന്ന് ഉമ്മവച്ചു. അവൾ ഓരോരുത്തരെയായി നെഞ്ചോടണച്ചു. സന്ധ്യയ്ക്ക് ഞങ്ങൾ ഗൊരോൾമാരിയിലെത്തി. കോക്രജാറിൽ ഒരു മിന്നൽനേരം മാത്രം. പിന്നെ വന്ന വഴി മടക്കം. '

വരുവിൻ നമുക്കു പാപംചെയ്യാം (കഥകൾ)
പി.ജെ.ജെ. ആന്റണി
മാതൃഭൂമി ബുക്‌സ്, 2015
വില: 70 രൂപ