ചെന്നൈ: പ്രമുഖ നേത്ര ചികിത്സാ ശൃംഖലയായ വാസൻ ഹെൽത്ത് കെയർ ഗ്രൂപ്പ് സ്ഥാപകൻ ഡോ.എ.എം. അരുണിനെ (51) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ നിറയുന്നത് ദുരൂഹതകൾ. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അരുണിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളാണ് ഇതിന് കാരണം.

1991ൽ കുടുംബ ബിസിനസായ വാസൻ മെഡിക്കൽ ഹാൾ ഏറ്റെടുത്തുകൊണ്ടാണ് അരുൺ ഈ രംഗത്ത് എത്തുന്നത്.  വാസൻ ഐ കെയർ ശൃംഖലയ്ക്ക് 2002ലാണ് തുടക്കമിട്ടത്. 2015ൽ ചെന്നൈ ആസ്ഥാനമായുള്ള ചാർട്ടേർഡ് അക്കൗണ്ടന്റും ആർഎസ്എസ് നേതാവുമായ എസ്. ഗുരുമൂർത്തി ഉന്നയിച്ച ആരോപണമാണ് വാസൻ ഐ കെയറിനെ വിവാദത്തിലാക്കിയത്. മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ ബിനാമിയാണ് ഡോ. അരുണെന്നും ചിദംബരവും മകനും ഈ സ്ഥാപനത്തിൽ തുക മുടക്കിയിട്ടുണ്ടെന്നുമായിരുന്നു വിവാദം. പിന്നീട് കേന്ദ്ര ഏജൻസികൾ അന്വേഷണത്തിന് എത്തി. ചിദംബരവും മകനും ജയിലിൽ കിടക്കുകയും ചെയ്തു. വിവാദങ്ങൾ വാസൻ ഐ കെയറിനേയും ബാധിച്ചിരുന്നു.

തിരുച്ചിറപ്പള്ളിയിൽ ആരംഭിച്ച വാസൻ ഐ കെയർ ഹോസ്പിറ്റലിനു കീഴിൽ രാജ്യത്തുടനീളം 100ൽ അധികം ശാഖകളുണ്ട്. കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് വാസൻ ആശുപത്രികളിൽ ആദായനികുതി വകുപ്പും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും റെയ്ഡ് നടത്തിയിരുന്നു. ഇതേ കേസിൽ കഴിഞ്ഞ വർഷം മദ്രാസ് മെട്രോപ്പൊലിറ്റൻ മജിസ്‌ട്രേട്ട് കോടതി അരുണിനും ഭാര്യ മീരയ്ക്കുമെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതെല്ലാം കടുത്ത മാനസിക പ്രശ്‌നങ്ങളായി മാറി. ഇതിനിടെയാണ് അരുണിന്റെ മരണം.

കോൺഗ്രസ് നേതാവായ പി ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനും എതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് വാസൻ ഐ കെയറിലും അന്വേഷണം എത്തിയത്. വാസൻ ഐ കെയറിലും കാർത്തിയുടെ നിയന്ത്രണം വൻതോതിലുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കമ്പനിയുടെ കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത് സി.എം.ഡിയായ എ.എം. അരുണാണെന്ന് കമ്പനിയിലെ ഓഹരിയുടമയായ മീര അരുൺ അന്വേഷണോദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു. അരുണിന്റെ ഭാര്യയാണ് മീര.

എന്നാൽ വാസൻ ഐ കെയറിന് വികസനപ്രവർത്തനങ്ങൾക്കാവശ്യമായ വിദേശ നിക്ഷേപം സംഘടിപ്പിച്ച് കൊടുത്തത് കാർത്തിയാണെന്ന് അരുൺ പറയുന്നു. തന്റെ കുടുംബസുഹൃത്തും അഭ്യുദയകാംഷിയുമാണ് കാർത്തിയെന്നും അരുൺ വെളിപ്പെടുത്തിയിരുന്നു. താൻ വാസൻ ഐ കെയറിന്റെ ഡമ്മി ഓഹരിയുടമ മാത്രമായിരുന്നുവെന്നാണ് മീര അന്വേഷണോ ദ്യോഗസ്ഥരോട് പറഞ്ഞത്. തന്റെ പക്കലുള്ള ഓഹരികൾ അച്ഛൻ വി.ദ്വാരകാനാഥന്റെ പേരിലേക്ക് മാറ്റിയിരുന്നു. ഈ ഓഹരികൾ കാർത്തിയുടെ എ.എസ്.സി.പി. എല്ലിന് ദ്വാരകാനാഥൻ കൈമാറിയതായും മീര പറഞ്ഞു. എന്നാൽ, ഓഹരികൾ തന്റെ പേരിലേക്ക് മാറ്റിയതെക്കുറിച്ചോ അത് കാർത്തിക്ക് കൈമാറിയതിനെക്കുറിച്ചോ അറിയില്ലെന്നാണ് ദ്വാരകാനാഥൻ അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞത്. അങ്ങനെ സർവ്വത്ര ദുരൂഹതയിലേക്ക് വാസൻ ഐ കെയർ കുടുങ്ങി.

നെഞ്ച് വേദനയെ തുടർന്നാണ് അരുണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണത്തിൽ സംശയമാരോപിച്ച് ചില ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയതിനെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം ഓമൻദുരർ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയുടെയോ കൊലപാതകത്തിന്റെയോ ലക്ഷണങ്ങളില്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് അറിയിച്ചതായി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

തിരുച്ചിയിലെ മെഡിക്കൽ ഷോപ്പിൽ നിന്നാണ് അരുണിന്റെ തുടക്കം തുടക്കം. പിന്നീട് തിരുച്ചിയിൽ ഐ കെയർ ആശുപത്രി സ്ഥാപിച്ചു. കുറച്ച് വർഷങ്ങൾക്ക് ശേഷം രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി ശൃംഖലകളിലൊന്നായി മാറി. വാസൻ ഡെന്റൽ കെയറും തുടങ്ങി. 600 ഒഫ്താൽമോളജിസ്റ്റും 6000ത്തോളം സ്റ്റാഫുകളുമാണ് വാസൻ ഐ കെയർ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നത്. ഇതിനെല്ലാം പിന്നിൽ കാർത്തി ചിദംബരമാണെന്നായിരുന്നു ഒരു സമയത്ത് ഉയർന്ന ആരോപണം.

വാസൻ ഐ കെയറിന്റെ മറവിൽ 223 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നുവെന്നായിരുന്ന കേന്ദ്ര ഏജൻസികളുടെ ആരോപണം. 223 കോടി കള്ളപ്പണം ഇടപാട് നടത്തിയെന്ന പേരിൽ വാസൻ ഐ കെയറിനെതിരെ ആദായനികുതി വകുപ്പ് അന്വേഷണം നടന്നിരുന്നു. ഇക്കാര്യങ്ങൾ കണ്ടെത്തിയ ആദായ നികുതി വകുപ്പ് കമ്മീഷണർ എം.ശ്രീനിവാസ റാവു തന്നെ സ്ഥലംമാറ്റി പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് കാണിച്ച് സെൻട്രൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന് നൽകിയ പരാതിയിലാണ് ഈ ഇടപാടിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.

ജെ.ഡി ഗ്രൂപ്പ് എന്ന സാമ്പത്തിക സ്ഥാപനമാണ് വാസൻ ഐ കെയറിന് ഇത്രയും തുക കൈമാറിയതെന്നാണ് റാവു കണ്ടെത്തിയത്. എട്ടുകോടിയോളം രൂപ പലിശയില്ലാ വായ്പയായും ശേഷിച്ച തുക കള്ളപ്പണമായുമാണ് നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങൾ പുറത്തുകൊണ്ടുവന്ന തന്നെ സ്ഥലം മാറ്റിയ നടപടിക്കെതിരെ ട്രിബ്യൂണലിന് പരാതി നൽകിയ റാവുവിന് ആദ്യം സ്റ്റേ ലഭിച്ചിരുന്നു. എന്നാൽ, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് ഇതിനെതിരെ ട്രിബ്യൂണലിനെ സമീപിക്കുകയും സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്ത നടപടി റദ്ദാക്കിക്കുകയും ചെയ്തു. യുപിഎ സർക്കാരിൽ കേന്ദ്ര മന്ത്രിയായിരുന്ന പി.ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനും നേരിട്ട് പങ്കാളിത്തമുള്ള സ്ഥാപനമാണ് വാസൻ ഐ കെയർ എന്നായിരുന്നു വിലയിരുത്തൽ.

വാസന്റെ വളർച്ചയിൽ എക്കാലവും കൂടെനിന്നിട്ടുള്ളയാളാണ് ചിദംബരം. 2008-ൽ വാസന്റെ 25-ാമത് ക്ലിനിക് മധുരയിൽ ഉദ്ഘാടനം ചെയ്തത് ചിദംബരമായിരുന്നു. 2011 ഡിസംബറിൽ വാസന്റെ 100-ാമത് ക്ലിനിക് ഉദ്ഘാടനം ചെയ്തപ്പോഴും ചിദംബരമുണ്ടായിരുന്നു. 100-ാമത് ക്ലിനിക് വാസൻ തുറന്നത് ചിദംബരത്തിന്റെ മണ്ഡലത്തിലായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. തനിക്കോ കുടുംബത്തിനോ വാസനുമായി ബന്ധമില്ലെന്ന് ചിദംബരം പറയുമ്പോഴും വാസന്റെ ഐ കെയറിന്റെ ഒന്നരലക്ഷത്തോളം വരുന്ന ഓഹരികൾ ചിദംബരത്തിന്റെ മകൻ കാർത്തിയുടെ ഉടമസ്ഥതയിലുള്ള കമ്പനി വാങ്ങിയതിനെക്കുറിച്ച് അദ്ദേഹം നിശബ്ദത പാലിച്ചിരുന്നു

2007 ജൂണിലാണ് ഡോ. എ.എം.അരുണും ഭാര്യ മീര അരുണും ചേർന്ന് വാസൻ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡിന് തുടക്കം കുറിക്കുന്നത്. കമ്പനി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി 2008 ഒക്ടോബർ 28-ന് അരുണും മീരയും ചേർന്ന് കമ്പനിയുടെ 27 ലക്ഷം ഓഹരികൾ വിൽപനയ്ക്ക് വച്ചു. 100 രൂപയായിരുന്നു ഓഹരിവില. ഇതിൽ മൂന്നുലക്ഷം ഓഹരികൾ വി.ദ്വാരകാനാഥൻ എന്നയാളാണ് സ്വന്തമാക്കിയത്. ഓഹരികൾ സ്വന്തമാക്കി രണ്ടുദിവസത്തിനകം ഇതിൽ പാതിയോളം ഓഹരികൾ ദ്വാരകാനാഥൻ അഡ്വാന്റേജ് സ്ട്രാറ്റജിക് കൺസൾട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കൈമാറി. കാർത്തി ചിദംബരത്തിന്റെ ഉടമസ്ഥതയിലുള്ള ഓസ്ബ്രിജ് ഹോൾഡിങ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് എന്ന കമ്പനിയുടെ കീഴിലുള്ള സ്ഥാപനമാണ് ഇത്. ഫലത്തിൽ, ഒന്നര ലക്ഷം ഓഹരികൾ എത്തിച്ചേർന്നത് കാർത്തിയുടെ കൈയിൽ.

ചിദംബരം കേന്ദ്രത്തിൽ ധനകാര്യ മന്ത്രിയായിരുന്ന ഘട്ടത്തിലാണ് ഈ ഓഹരിക്കൈമാറ്റം നടന്നത്. ഒന്നരക്കോടിയിലേറെ രൂപയ്ക്ക് വാങ്ങിയ ഓഹരികൾ നയാപ്പൈസ ഈടാക്കാതെ കാർത്തി ചിദംബരത്തിന് ദ്വാരകാ നാഥൻ എന്തിനാണ് കൈമാറിയത് എന്നത് വിവാദമായിരുന്നു.