ജയ്പൂർ: പ്രചാരണ തന്ത്രങ്ങൾ എന്തും പയറ്റാൻ മടിയില്ലാത്തവരാണ് രാഷ്ട്രീയക്കാർ. പ്രചാരണങ്ങൾ പൂർത്തിയായി അവസാനം ജനം പോളിങ് ബൂത്തിലേക്ക് പോകുമ്പോഴും ജനശ്രദ്ധയാകർഷിക്കുന്ന തരത്തിൽ പ്രസ്താവനകളും വായ്ത്താരികളും ഇറക്കിക്കൊണ്ടിരിക്കുകയാണ് പാർട്ടി നേതാക്കൾ. തടിച്ചിയെന്ന് വിളിച്ച് തന്നെ ആക്ഷേപിച്ച ശരദ് യാദവിനെതിരേ ഇലക്ഷൻ കമ്മീഷന് പരാതി കൊടുക്കുമെന്ന് പ്രഖ്യാപിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യയും നാലു വർഷത്തിനു ശേഷം താൻ ഇനി പരമ്പരാഗത തലക്കെട്ടായ സാഫാ അണിയുമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റും രംഗത്തിറങ്ങിയതോടെ ഇലക്ഷൻ അവസാനവട്ട കൂട്ടപ്പൊരിച്ചിൽ രംഗം കൊഴുക്കുകയാണ്.

ആൽവാറിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മുതിർന്ന നേതാവായ ശരത് യാദവ് വസുന്ധര രാജെക്കെതിരേ പരാമർശം നടത്തിയത്. 'വസുന്ധര രാജെ ഇനിയൊന്ന് വിശ്രമിക്കട്ടെ. അവർ ക്ഷീണിതയുമാണ്, തടിയും കൂടിയിരിക്കുന്നു' എന്നായിരുന്നു ശരദ് യാദവ് പറഞ്ഞത്. എന്നാൽ ശരത് യാദവിന്റെ പ്രസ്താവന തന്നെ അപമാനിച്ചുവെന്നും ബോഡി ഷെയ്മിങ് നടത്തിയെന്നുമാരോപിച്ച് രൂക്ഷ വിമർശനവുമായാണ് വസുന്ധരരാജെ രംഗത്തെത്തിയിരിക്കുന്നത്.

ശരത് യാദവിന്റെ വാക്കുകൾ തന്നെ ഞെട്ടിച്ചുവെന്നാണ് വസുന്ധര രാജെ പ്രതികരിച്ചത്. ശരത് യാദവ് തന്നെ അപമാനിച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. രാജസ്ഥാനിലെ ബിജെപി നേതൃത്വം ശരത് യാദവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി.

ഞാനുമായും എന്റെ കുടുംബവുമായും അടുത്തബന്ധം പുലർത്തുന്ന വ്യക്തിയാണദ്ദേഹം. എന്നിട്ടും എന്നെ കുറിച്ച് അദ്ദേഹം മോശമായി സംസാരിച്ചു. ഇത്തരം പരാമർശങ്ങൾ യുവാക്കൾ മാതൃകയാക്കി എടുത്താൽ എങ്ങനെ ഇരിക്കും. എന്നെ മാത്രമല്ല, ഇന്ത്യയിലെ സ്ത്രീകളെ തന്നെ അപമാനിക്കുന്നതിന് തുല്യമാണിത്. ഈ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്നും അവർ പറഞ്ഞു.
എന്നാൽ വസുന്ധരയ്‌ക്കെതിരായ പരാമർശം വിവാദമായതോടെ മണിക്കൂറുകൾക്കുള്ളിൽ താൻ തമാശ പറഞ്ഞതായിരുന്നുവെന്ന വിശദീകരണവുമായി ശരത് യാദവ് രംഗത്തെത്തി.''അതൊരു തമാശയായിരുന്നു. വസുന്ധര രാജെയെ മുറിപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ല. വളരെ നാളായി അടുത്ത് അറിയാവുന്നവരാണ്. തടി കൂടുന്നുവെന്ന് അവരെ കണ്ടപ്പോൾ നേരിട്ട് പറഞ്ഞിരുന്നു '' - ശരത് യാദവ് പറഞ്ഞു.

ശരത് യാദവ്-വസുന്ധരാ രാജെ വിവാദം നിലനിൽക്കെയാണ് മറ്റൊരു പ്രഖ്യാപനവുമായി സച്ചിൻ പൈലറ്റ് രംഗത്തെത്തിയത്. തന്റെ പരമ്പരാഗത തലക്കെട്ടായ സാഫാ ഇനി ധരിക്കാൻ തയാറാണെന്നാണ് സച്ചിൻ പൈലറ്റ് വ്യക്തമാക്കിയത്. 2014-ൽ കോൺഗ്രസിന് സംസ്ഥാനത്ത് പരാജയം സംഭവിച്ചപ്പോൾ എടുത്ത പ്രതിജ്ഞയാണ് താൻ ഉടൻ നിറവേറ്റാൻ പോകുന്നതെന്നാണ് സച്ചിൻ വെളിപ്പെടുത്തിയത്. കോൺഗ്രസ് ഇനി അധികാരത്തിൽ വരാതെ താൻ സാഫാ ധരിക്കില്ലെന്നായിരുന്നു സച്ചിന്റെ പ്രഖ്യാപനം. ഇപ്പോൾ സംസ്ഥാന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയം നേടുമെന്നും മന്ത്രിസഭ രൂപീകരിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ച സച്ചിൻ ഉടൻ തന്നെ തനിക്ക് സാഫാ ധരിക്കാനുള്ള സാഹചര്യം ഒരുങ്ങുമെന്നാണ് വ്യക്തമാക്കിയത്.

ഇലക്ഷൻ പ്രചാരണങ്ങൾക്കിടയിൽ പലപ്പോഴും സച്ചിന് പാർട്ടി പ്രവർത്തകർ സാഫാ സമ്മാനമായി നൽകിയിരുന്നു. എന്നാൽ അപ്പോഴൊന്നും അവ തലയിൽ വയ്ക്കാതെ നെറ്റിയിൽ മുട്ടിച്ച ശേഷം മാറ്റിവയ്ക്കുകയായിരുന്നു. മുസ്ലിം പ്രാതിനിധ്യം ഏറെയുള്ള ടോങ്ക മണ്ഡലത്തിലാണ് സച്ചിൻ മത്സരിക്കുന്നത്. മുമ്പ് രണ്ടു തവണ ദൗസയിൽ നിന്നും അജ്മറിൽ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചു വിജയിച്ച ഈ നാല്പത്തൊന്നുകാരൻ ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. രാജസ്ഥാനിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ് സച്ചിൻ.

ജാതി സമവാക്യങ്ങൾ ഏറ്റവും വിജയകരമായി അനുകൂലമാക്കിയിട്ടുള്ള സംസ്ഥാനമാണ് രാജസ്ഥാൻ. സച്ചിൻ തന്റെ സാഫാ ടർബൻ പ്രഖ്യാപനത്തിലൂടെ തന്റെ സമുദായത്തിലെ വോട്ടുകൾ ഉറപ്പാക്കുകയായിരുന്നു. ജാട്ട് സമുദായത്തിൽ പെട്ട സച്ചിനും രജപുത്ര വിഭാഗത്തിലെ വസുന്ധരാ രാജെ സിന്ധ്യയും തങ്ങളുടെ ജാതിക്കാർഡ് ഇറക്കി പ്രചാരണം നടത്തിയിരുന്നു.

രജപുത്ര, ജാട്ട്, ഗുജ്ജർ, മീണ തുടങ്ങിയ വിഭാഗങ്ങളാണ് രാജസ്ഥാനിൽ പ്രധാനം. ഒരുപരിധി വരെ ജാതി സമവാക്യങ്ങൾ വോട്ടുകളായി പെട്ടിയിൽ വീണ കാഴ്ചയും മുമ്പും രാജസ്ഥാനിൽ അരങ്ങേറിയിട്ടുണ്ട്. ബിജെപിക്ക് അനുകൂലമായി രജപുത്രർ വോട്ടു ചെയ്യുമ്പോൾ കോൺഗ്രസ് അനുഭാവികളാണ് ജാട്ടുകൾ. പരമ്പരാഗതമായി ഇത്തരത്തിലാണ് ജാതി വോട്ടുകൾ വിഭജിക്കപ്പെടുന്നത്.