ബെംഗളൂരു: നടിയും ഗായികയുമായ വസുന്ധരാ ദാസിനെ നടുറോഡിൽ തടഞ്ഞു നിർത്തി അപമനാച്ചതിന് ക്യാബ് ഡ്രൈവർക്കെതിരെ കേസ് എടുത്തു. അതേസമയം ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ബംഗളൂരു മല്ലേശ്വരം പൊലീസ് സ്റ്റേഷനിലാണ് വസുന്ധരാ ഇതു സംബന്ധിച്ച് പരാതി നൽകിയത്.

കഴിഞ്ഞ തിങ്കളാഴ്‌ച്ച വൈകിട്ട് നാലരയ്ക്ക് മല്ലേശ്വരം മർഗോസ റോഡിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. നടി നിയമം തെറ്റിച്ച് ട്രാഫിക്ക് സിഗ്‌നലിൽ വച്ച് തന്റെ ടൊയോട്ട എറ്റിയോസിന്റെ വഴി മുടക്കിയെന്ന് പറഞ്ഞാണ് ക്യാബ് ഡ്രൈവർ പ്രശ്നമുണ്ടാക്കിയത്. കാർ ഓടിച്ചുപോയ തന്നെ നാലു കിലോമീറ്റർ ദൂരം പിന്തുടർന്ന് മറ്റൊരു സിഗ്‌നലിൽ വെച്ചു തടഞ്ഞു നിർത്തിയാണ് ഡ്രൈവർ അധിക്ഷേപിച്ചു സംസാരിച്ചതെന്ന് വസുന്ധര പരാതിയിൽ പറഞ്ഞു.

സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് മല്ലേശ്വരം പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കമൽഹസന്റെ ഹേ റാമിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച വസുന്ധര രാവണ പ്രഭു എന്ന മലാള ചിത്രത്തിലൂടെ മോഹൻലാലിന്റെ നായികയായി മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. പിന്നീട് വജ്രത്തിൽ മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചു.