- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൾഫ് രാജ്യങ്ങളിൽ വിലക്കുറവിന്റെ കാലം കഴിയുന്നു; ആറ് രാഷ്ട്രങ്ങളിൽ വാറ്റ് ഏർപ്പെടുത്തും; ആദായനികുതിയും പരിഗണനയിൽ; പ്രവാസികൾക്ക് ചങ്കിടിപ്പ്
ഗൾഫിൽ നിന്നും ലീവിന് വരുമ്പോൾ എന്താണ് കൊണ്ടു വരേണ്ടതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ചോദിക്കുമ്പോൾ നാം വിലകൂടിയ ഇലക്ട്രോണിക് സാധനങ്ങളും മറ്റും ആവശ്യപ്പെടുകയും അവർ അതുകൊണ്ടു വന്ന് തരികയും ചെയ്യാറുണ്ട്. ഇവിടെയുള്ള പല സാധനങ്ങളും വൻ വിലക്കുറവിൽ ഗൾഫ് രാജ്യങ്ങളിൽ ലഭിക്കുമെന്നായിരുന്നു അതിന്റെ കാരണം. വിലക്കുറവിന്റെ കാര്യത്തിൽ മ
ഗൾഫിൽ നിന്നും ലീവിന് വരുമ്പോൾ എന്താണ് കൊണ്ടു വരേണ്ടതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ചോദിക്കുമ്പോൾ നാം വിലകൂടിയ ഇലക്ട്രോണിക് സാധനങ്ങളും മറ്റും ആവശ്യപ്പെടുകയും അവർ അതുകൊണ്ടു വന്ന് തരികയും ചെയ്യാറുണ്ട്. ഇവിടെയുള്ള പല സാധനങ്ങളും വൻ വിലക്കുറവിൽ ഗൾഫ് രാജ്യങ്ങളിൽ ലഭിക്കുമെന്നായിരുന്നു അതിന്റെ കാരണം.
വിലക്കുറവിന്റെ കാര്യത്തിൽ മറ്റ് വിദേശ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഗൾഫ് രാജ്യങ്ങൾ ഈ അടുത്ത കാലം വരെ ആകർഷകമായ ഓഫറുകളാണ് നൽകിയിരുന്നത്. എന്നാൽ ആ സുവർണകാലത്തിന് തിരശ്ശീലയിടാൻ പോകുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആറ് ഗൾഫ് രാജ്യങ്ങളിൽ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കുമുള്ള മൂല്യവർധിത നികുതി അഥവാ വാറ്റ് നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചതോടെയാണീ സ്ഥിതി സംജാതമായിരിക്കുന്നത്. ഇതിന് പുറമെ ഇവിടങ്ങളിൽ ആദായനികുതി ഏർപ്പെടുത്തുന്ന കാര്യവും പരിഗണനിയിലുണ്ടെന്നാണ് സൂചന. അടിസ്ഥാനപരമായ നയം മാറ്റം നടപ്പിലാക്കുന്നതിന്റെ ഭാഗമായി തങ്ങൾ പൗരന്മാരുടെ മേൽ ആദ്യമായി നികുതി ചുമത്തുകയാണെന്നാണ് ആറ് രാജ്യങ്ങളുടെ സംഘടനയായ ഗൾഫ് കോ ഓപ്പറേഷൻ കൗൺസിൽ (ജിസിസി) വെളിപ്പെടുത്തിയിരിക്കുന്നത്. സൗദി അറേബ്യ, കുവൈത്ത്, ബഹറിൻ, ഒമാൻ, ഖത്തർ, യുഎഇ എന്നിവയാണാ രാജ്യങ്ങൾ. ഇതിന്റെ ഭാഗമായി ആദ്യമായി വാറ്റ് ഏർപ്പെടുത്താനാണിവ തീരുമാനിച്ചിരിക്കുന്നത്. സൈനിക നീക്കങ്ങൾക്ക് ചെലവേറുന്നതും ആഗോള എണ്ണവില ഇടിയുന്നതുമാണ് ഇതിന് കാരണം.
ഈയടുത്ത് നടന്ന ജി.സി.സി. മന്ത്രിതല യോഗത്തിലാണ് വാറ്റ് നടപ്പിലാക്കുന്ന കാര്യത്തിൽ നിർണായക തീരുമാനമുണ്ടായിരിക്കുന്നത്.ഏതായാലും ഗൾഫ് രാജ്യങ്ങളുടെ പുതിയ നീക്കത്തിൽ ഇവിടുത്തെ മലയാളികളടക്കമുള്ള പ്രവാസികൾക്ക് പ രിഭ്രമത്തോടെ ചങ്കിടിക്കുകയാണ്. വിലക്കുറവിന്റെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്താൻ മലയാളികളായ പ്രവാസികൾ മുൻ പന്തിയിലായിരുന്നു. ഗൾഫ് പണം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായതിനാൽ ഇവിടെ വരുത്തുന്ന നിർണായകമായ മാറ്റങ്ങൾ കേരളത്തിന്റെ സാമ്പത്തികരംഗത്തും നിർണായകമായ ചലനങ്ങളുണ്ടാക്കുമെന്നുറപ്പാണ്.
ബജറ്റിലെ കമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യ ബില്യൺ കണക്കിന് ഡോളറുകളാണ് ഗ്ലോബൽ ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിൽ നിന്നും പിൻവലിക്കുന്നത്. ഇത്തരത്തിൽ കമ്മി നേരിടുമ്പോഴും സൗദി സിറിയയിലെ വിമതരെ സഹായിക്കുന്നതിന് വേണ്ടി നന്നാണി പണമിറക്കുന്നുമുണ്ട്. അതു പോലെ തന്നെ ഇറാന്റെ പിന്തുണയോടെ യെമനിൽ പ്രവർത്തിക്കുന്ന റിബലുകളുടെ നേർക്ക് കഴിഞ്ഞ എട്ട്മാസത്തോളമായി സൗദി കടുത്ത സൈനിക നടപടികൾ തുടരുന്നുമുണ്ട്. ഇത്തരം പ്രവൃത്തികൾക്ക് സാധാരണയായി ഗൾഫ് രാജ്യങ്ങൾക്ക് പിന്തുണയായി വർത്തിച്ചിരുന്നത് എണ്ണയിൽ നിന്നുള്ള വരുമാനമായിരുന്നു. എന്നാൽ എണ്ണവില ഇടിഞ്ഞ് താണതോടെ അവരുടെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് തകർന്നതിനെ തുടർന്നാണ് പുതിയ വരുമാന മാർഗങ്ങൾ തേടാൻ ഗൾഫ് രാജ്യങ്ങൾ തീരുമാനിച്ചിരിക്കുന്നത്. അതിന് വേണ്ടിയാണ് പുതിയ നികുതികൾ പരമാവധി നടപ്പിലാക്കുന്നതെന്നും റിപ്പോർട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി തുടങ്ങിയതിന് ശേഷം എണ്ണ ബാരലിന് ഏറ്റവും കുറഞ്ഞ വില അഥവാ ബാരലിന് വെറും 40 ഡോളറായി ഈ ആഴ്ച താണിട്ടുണ്ട്.
എണ്ണയിൽ നിന്നുള്ള വരുമാനം ഇത്തരത്തിൽ കുറയുന്ന സന്ദർഭത്തിൽ അതിന് പകരമായി ഗൾഫ് രാജ്യങ്ങൾക്ക് നികുതി ഏർപ്പെടുത്തുകയേ മാർഗമുള്ളു എന്നാണ് ഇപ്പോഴത്തെ അവസ്ഥ. അതിനാൽ അതിനവർ ഒരുങ്ങിയിരിക്കുകയുമാണ്. ഇതിലൂടെ തങ്ങളുടെ സമ്പദ് വ്യവസ്ഥകളെയും ജനങ്ങളെയും എണ്ണയോടും ഗ്യാസിനോടുമുള്ള ആശ്രയത്വത്തിൽ നിന്ന് മോചിപ്പിക്കാമെന്നും ഇവർ പ്രതീക്ഷിക്കുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വാറ്റ് ഏർപ്പെടുത്തുകയെന്ന ലക്ഷ്യമാണ് കൗൺസിലിന്റെ മുന്നിലുള്ളത്. എന്നാൽ വാറ്റിൽ നിന്നും ഹെൽത്ത് കെയർ, വിദ്യാഭ്യാസം, സാമൂഹിക സേവനം, 94 ഭക്ഷ്യ വസ്തുക്കൾ തുടങ്ങിയവയെ വാറ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതേ സമയം കള്ളക്കടത്ത് തടയാനും മത്സരക്ഷമത നിലനിർത്താനുമായാണ് ഇവിടങ്ങളിൽ ആദായനികുതി പോലുള്ള നികുതികൾ ഏർപ്പെടുത്താനും തിരക്കിട്ട ആലോചനകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
2007 മുതൽ ഈ രാജ്യങ്ങളിൽ വാറ്റ് നടപ്പിലാക്കാൻ ആലോചന ആരംഭിച്ചിരുന്നുവെങ്കിലും ഇതുവരെ പൊതുവായൊരു തീരുമാനത്തിലെത്താൻ അംഗരാജ്യങ്ങൾക്ക് സാധിച്ചിരുന്നില്ല. എന്നാൽ ഈ വർഷം മെയ് 10ന് ദോഹയിൽ ചേർന്ന ജിസിസി ധനകാര്യ മന്ത്രിമാരുടെ യോഗത്തിൽ വച്ച് വാറ്റ് നടപ്പാക്കാൻ ഏറെക്കൂറെ ധാരണയായിരുന്നു. അതിനെ തുടർന്ന് അംഗരാജ്യങ്ങൾ ഇത് നടപ്പിലാക്കാൻ അനുമതി നൽകിക്കൊണ്ടുള്ള രേഖകൾ ജിസിസി സെക്രട്ടറിയേറ്റിൽ സമർപ്പിക്കുകയുമുണ്ടായി. ഇതിന്റെ പുറത്ത് അംഗീകാരമുണ്ടായതോടെയാണ് വാറ്റ് നടപ്പിലാക്കുന്നതിനുള്ള വഴിയൊരുങ്ങിരിയിക്കുന്നത്. എണ്ണവില കുത്തനെ കുറഞ്ഞ സാഹചര്യത്തിൽ സാമ്പത്തിക സ്ഥിരതയ്ക്ക് ജിസിസി അംഗരാജ്യങ്ങൾ കൈക്കൊള്ളേണ്ട സമീപനം സംബന്ധിച്ച വ്യക്തമായ പഠന റിപ്പോർട്ട് നൽകാൻ ഐഎംഎഫിനോട് ജിസിസി അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
മൂല്യവർധിത നികുതിയുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങളിൽ ഗൾഫ് രാജ്യങ്ങൾ ധാരണയിലെത്തിയതായി യു.എ.ഇ. ധനമന്ത്രാലയം അണ്ടർ സെക്രട്ടറി യൂനിസ് ഹാജി അൽ ഖൂരി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഏതൊക്കെ മേഖലകളിൽ നികുതി ഏർപ്പെടുത്തണം എന്ന കാര്യത്തിലാണ് രാജ്യങ്ങൾ തമ്മിൽ അഭിപ്രായ ഐക്യമുണ്ടായിരിക്കുന്നത്. ഗൾഫ് മേഖലയിൽ വാറ്റ് നടപ്പിൽ വരുത്തുന്നതിനുള്ള നിർണായകഘട്ടമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഓരോ രാജ്യവും സ്വന്തംനിലയിൽ നികുതി നടപ്പാക്കുന്നതിനേക്കാൾ പ്രായോഗികം ഗൾഫ് രാജ്യങ്ങൾ ഒരുമിച്ച് നടപ്പാക്കുകയാണെന്ന നിരീക്ഷണമാണ് ജി.സി.സി. വാറ്റിനെ സംബന്ധിച്ച് സംയുക്ത തീരുമാനത്തിലെത്തിരിക്കുന്നത്.