- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈനർ മക്കളുടെ മുന്നിലിട്ട് ഭർത്താവിനെ കൊലപ്പെടുത്തിയത് ഭാര്യയുടെ കാമുകൻ; ഒത്താശ ചെയ്ത് ബ്യൂട്ടീഷ്യൻ ഭാര്യ; രാഖിയുമായുള്ള മനോജിന്റെ വഴിവിട്ട ബന്ധം വിനോദിന്റെ കൊലപാതകത്തിൽ കലാശിച്ചു; നിർണ്ണായകമായത് കുട്ടികളുടെ മൊഴി; വട്ടപ്പാറ വിനോദ് കുമാർ കൊലക്കേസ് വിചാരണയിലേക്ക്
തിരുവനന്തപുരം: മൈനർ മക്കളുടെ മുന്നിലിട്ട് ഭർത്താവിനെ കൊല്ലാൻ കൂട്ടുനിൽക്കുകയും കൊലപാതകിയായ കാമുകനെ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്ത വട്ടപ്പാറ വിനോദ് കുമാർ കൊല കേസിൽ ബ്യൂട്ടീഷ്യനായ ഭാര്യ രാഖിയും കാമുകൻ മനോജും ഹാജരാകാൻ തലസ്ഥാന ജില്ലാ കോടതി ഉത്തരവ്. വിചാരണക്കോടതിയായ തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.വിഷ്ണു പ്രതികൾ ഒക്ടോബർ 6 ന് ഹാജരാകാൻ ഉത്തരവിട്ടു.
ഒന്നാം പ്രതി പേരൂർക്കട ശ്രീവിനായക ഹൗസിൽ മനോജും (30) രണ്ടാം പ്രതി കൊല്ലപ്പെട്ട വിനോദിന്റ ഭാര്യ രാഖിയും (29) ആണ് ഭർത്താവായ വിനോദ് കുമാറിനെ (35) കൊലപ്പെടുത്തിയ കേസിൽ ഹാജരാകേണ്ടത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 449 (മരണശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്യുന്നതിന് വേണ്ടിയുള്ള ഭവനഭേദനം) , 302 ( കൊലപാതകം) , 34 (കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവർത്തിക്കൽ) എന്നീ കുറ്റങ്ങൾക്ക് സെഷൻസ് കേസെടുത്താണ് കോടതി പ്രതികളോട് ഹാജരാകാൻ ആവശ്യപ്പെട്ടത്.
രാഖിയുമായുള്ള വഴിവിട്ട ബന്ധങ്ങളാണ് വിനോദിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രോസിക്യൂഷൻ കേസ്. 2019 മെയ് 12 ന് വാടകക്കെട്ടിടത്തിലാണ് വിനോദ് കഴുത്തിൽ കുത്തേറ്റ് രക്തം വാർന്ന് അബോധാവസ്ഥയിൽ വീടിനു മുന്നിൽ നാട്ടുകാർ കാണുന്നത്. വട്ടപ്പാറ പൊലീസ് കുറ്റപത്രം ഇപ്രകാരമാണ്. സംഭവ ദിവസം രാവിലെ വിനോദും കുടുംബവും പള്ളിയിൽ പോയി. ഉച്ചയോടെയാണ് മടങ്ങിയെത്തിയത്. ഈ സമയം വീടിന്റെ അടുക്കളയിൽ മനോജ് ഉണ്ടായിരുന്നു. വീടിന്റെ പുറകു വശത്തെ ഗ്രില്ലുള്ള വാതിൽ പൂറത്തു നിന്നും ഓടാമ്പൽ നീക്കിയാണ് മനോജ് അകത്തു കയറിയത്. മനോജിനെ വീട്ടിനുള്ളിൽ കണ്ടതോടെ രാഖിയും വിനോദും തമ്മിൽ ഇതേച്ചൊല്ലി പിടിവലി നടന്നു. ഇതിനിടയിൽ മനോജ് അടുക്കളയിൽ ഉണ്ടായിരുന്ന കത്തി കൊണ്ട് വിനോദിനെ കുത്തുകയായിരുന്നു.
കുത്തേറ്റ വിനോദ് നിലവിളിച്ചു കൊണ്ട് പുറത്തേക്ക് ഓടുന്നതിനിടയിൽ വീട്ടു മുറ്റത്തു തന്നെ കുഴഞ്ഞു വീണു. ഈ സമയം കൊണ്ട് മനോജ് രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിനു മൂന്നു വർഷം മുൻപാണ് വിനോദിന്റെ സുഹൃത്തായി എത്തിയ മനോജ് രാഖിയുമായി ബന്ധം തുടങ്ങുന്നത്. താനില്ലാത്ത സമയങ്ങളിൽ മനോജ് വീട്ടിലെത്താറുണ്ടെന്ന് പിന്നീടാണ് വിനോദ് അറിയുന്നത്. ഇതോടെ വീട്ടിൽ വഴക്ക് പതിവായി. എന്നിട്ടും രാഖി പിന്മാറിയില്ല. മക്കളെ ഉപേക്ഷിക്കാനാവില്ലെന്നും അതുകൊണ്ടാണു പലതും സഹിക്കുന്നതെന്നും തന്റെ വീട്ടുകാരോട് വിനോദ് പലവട്ടം പറഞ്ഞിരുന്നു. വഴക്കിനിടെ വിനോദിന് രാഖിയിൽ നിന്നും പലവട്ടം മർദനവും ഏൽക്കേണ്ടി വന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് വട്ടപ്പാറ പൊലീസിൽ പരാതികളും നൽകിയിരുന്നു. ഇതിനിടയിലാണ് വിജനമായ സ്ഥലത്ത് രാഖിയുടെ നിർബന്ധ പ്രകാരം വാടക വീട് എടുക്കുന്നത്.
പിതാവിന്റെ കൊലപാതകത്തിന് രണ്ടാംക്ലാസിലും എൽകെജിയിലും പഠിക്കുന്ന മക്കളും സാക്ഷികളാകേണ്ടി വന്നു. ഇതിൽ രണ്ടാംക്ലാസുകാരന്റെ മൊഴിയാണ് നിർണായകമായത്. മാതാവിന്റെ ഭീഷണിയിൽ ആദ്യം പിതാവ് ആത്മഹത്യ ചെയ്‌തെന്നു പറഞ്ഞ മകൻ ചൈൽഡ് ലൈൻ പ്രവർത്തകരുടെ കൗൺസിലിങ്ങിനു ശേഷമാണ് മനോജിന്റെ സാന്നിധ്യവും രാഖിയുടെ പങ്കാളിത്തവും തുറന്നു പറഞ്ഞത്. തെളിവുകൾ ഉണ്ടായിരുന്നിട്ടും തുടക്കത്തിൽ വിനോദിന്റെ മരണം ആത്മഹത്യയെന്നെഴുതി തള്ളാനായിരുന്നു വട്ടപ്പാറ പൊലീസും ശ്രമിച്ചത്. ഇതിനിടെയായിരുന്നു വിനോദിന്റെ മകൻ രണ്ടാം ക്ലാസ്സുകാരൻ മൊഴിമാറ്റുന്നത്. പിന്നീട് രാഖിക്കും ആത്മഹത്യയെന്ന ആദ്യ മൊഴി മാറ്റേണ്ടി വന്നു. ഇതോടെയാണ് പൊലീസിന് കൊലപാതകത്തിന് കേസെടുക്കേണ്ടി വന്നത്.
ആത്മഹത്യയാക്കി എഴുതിത്ത്തള്ളാൻ തുടക്കം മുതൽ ശ്രമിച്ച വട്ടപ്പാറ പൊലീസ് എഫ് ഐ ആറിലെ ആസ്വാഭാവിക മരണക്കുറ്റ വകുപ്പ് കുറവു ചെയ്തുകൊലക്കുറ്റ വകുപ്പാക്കി ഭേദഗതി ചെയ്യുകയായിരുന്നു. രാഖിയുടെ അറസ്റ്റു വൈകിയതിന് പൊലീസിനു നേരെ ആക്ഷേപമുയർന്നിരുന്നു. വിനോദിന്റെ ബന്ധുക്കൾ സ്റ്റേഷനു മുന്നിൽ സമരത്തിനെത്തുമെന്ന ഘട്ടം വരെയുണ്ടായി. രാഖിയെ അറസ്റ്റു ചെയ്യാൻ വീണ്ടും ആഴ്ചകൾ വേണ്ടി വന്നു. 2019 മെയ് മാസം മനോജിനെയും ജൂൺ 1 ന് രാഖിയെയും അറസ്റ്റു ചെയ്യുകയായിരുന്നു.
2020 ൽ കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്ന് നെടുമങ്ങാട് മജിസ്‌ട്രേട്ട് കോടതി 2020 നവംബർ 24 ന് പ്രതികളെ വിചാരണ ചെയ്യാനായി കേസ് റെക്കോർഡുകൾ തിരുവനന്തപുരം സെഷൻസ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്തയക്കുകയായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്