തിരുവനന്തപുരം: കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ അത്ഭുതങ്ങൾ പ്രതീക്ഷിക്കാമെന്ന് സൂചന. നേമത്തും തിരുവനന്തപുരത്തും വട്ടിയൂർക്കാവിലും വമ്പൻ സ്ഥ്ാനാർത്ഥികൾ വരും. ഇക്കാര്യത്തിൽ സസ്‌പെൻസ് തുടരുകയാണ്. നേമത്ത് ഇപ്പോഴും കെ മുരളീധരൻ മത്സരിക്കാനുള്ള സാധ്യത ഉണ്ട്. എന്നാൽ ഉമ്മൻ ചാണ്ടി മത്സരിക്കാൻ സന്നദ്ധത അറിയിച്ചതോടെ മുരളീധരന്റെ സാധ്യത കുറഞ്ഞുവെന്നും വിലയിരുത്തുന്നു. ഇപ്പോഴും പല മാറ്റങ്ങളും കോൺഗ്രസ് പട്ടികയിൽ കടന്നു വരാൻ സാധ്യതയുണ്ട്.

നേമത്ത് കെ മുരളീധരനും വട്ടിയൂർക്കാവിൽ ഉമ്മൻ ചാണ്ടിയും തിരുവനന്തപുരത്ത് രമേശ് ചെന്നിത്തലയും എന്ന ഫോർമുലയും സജീവ ചർച്ചയാണ്. ഇതിനിടെ കെസി വേണുഗോപാലിനെ മത്സരിപ്പിക്കാനും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ശ്രമിക്കുന്നുണ്ട്. നേമത്ത് ഉമ്മൻ ചാണ്ടിയും വ്ട്ടിയൂർക്കാവിൽ കെസി വേണുഗോപാലും എന്ന ഫോർമുല മുല്ലപ്പള്ളി മുമ്പോട്ട് വയ്ക്കുന്നു. തിരുവനന്തപുരത്ത് വി എസ് ശിവകുമാറും. കെസി ആലപ്പുഴയിൽ മത്സരിക്കണമെന്ന ആവശ്യവും സജീവമാണ്. ധർമ്മടത്തും കോൺഗ്രസ് അതിശക്തനെ സ്ഥാനാർത്ഥിയാക്കും. മുല്ലപ്പള്ളി രാമചന്ദ്രൻ ധർമ്മടത്ത് മത്സരിക്കുമോ എന്ന സംശയവും സജീവമാണ്.

നേമത്ത് മത്സരിക്കുമെന്ന വാർത്തകൾ നിഷേധിച്ച് ഉമ്മൻ ചാണ്ടി രംഗത്തു വന്നിരുന്നു. നിലവിൽ അത്തരം ചർച്ചകൾ ഇല്ലെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. ഇത്തരം വാർത്തകൾ എവിടെ നിന്നാണ് വരുന്നതെന്ന് അറിയില്ലെന്നും ഹൈക്കമാൻഡ് നേതാക്കളെ കണ്ടിട്ടില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. അതേസമയം സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. ഉമ്മൻ ചാണ്ടി മത്സര സന്നദ്ധത അറിയിച്ചകാര്യങ്ങളോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചില്ല. നേമത്തെ സ്ഥാനാർത്ഥി നിർണയത്തിൽ അന്തിമ തീരുമാനമായിട്ടില്ല. യുഡിഎഫ് ജയിക്കാൻ ആവശ്യമുള്ള നടപടി സ്വീകരിക്കും. ബിജെപിയുടെ കയ്യിലിരിക്കുന്ന സീറ്റെന്ന നിലയിൽ നേമം തിരിച്ച് പിടിക്കേണ്ടതുണ്ട്. 140 മണ്ഡലങ്ങളും പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

നേമത്ത് മത്സരിക്കാനുള്ള സന്നദ്ധത ഉമ്മൻ ചാണ്ടി ഹൈക്കമാൻഡിനെ നേരത്തേ അറിയിച്ചിരുന്നു. സോണിയാഗാന്ധിയുമായി ഉമ്മൻ ചാണ്ടി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡ് പ്രഖ്യാപിക്കുക. നിലവിൽ ചില ഉപാധികൾ ഉമ്മൻ ചാണ്ടി മുന്നോട്ട് വെച്ചിട്ടുണ്ട്. ഗ്രൂപ്പ് യോഗത്തിലും തികഞ്ഞ ആത്മവിശ്വാസമാണ് ഉമ്മൻ ചാണ്ടി പ്രകടിപ്പിച്ചത്. തന്റെ സ്ഥാനാർത്ഥിത്വം പാർട്ടിക്ക് ഗുണകരമാകുമെങ്കിൽ വെല്ലുവിളി ഏറ്റെടുക്കാമെന്നും ആരെങ്കിലും കാലുവാരുമെന്ന് ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മും ബിജെപിയും വോട്ടുമറിച്ചാൽപ്പോലും ജയിക്കാനാകുമെന്ന ആത്മവിശ്വാസവും ഉമ്മൻ ചാണ്ടി പ്രകടിപ്പിച്ചു. ഗ്രൂപ്പ് യോഗത്തിൽ എ ഗ്രൂപ്പിലെ യുവനേതാക്കളാണ് ഉമ്മൻ ചാണ്ടിയോട് മത്സരിക്കാൻ ആവശ്യപ്പെട്ടത്. മുതിർന്ന നേതാക്കളിൽ ചിലർ ആശങ്ക പ്രകടിപ്പിച്ചപ്പോഴും ഉമ്മൻ ചാണ്ടി തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിട്ട് തന്നെയായിരിക്കും ഇറങ്ങിയേക്കുക എന്നും വിവരമുണ്ട്.

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ചില പേരുകളിൽ മാറ്റം വന്നിട്ടുണ്ട്. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനോ, അപ്രതീക്ഷിത സ്ഥാനാർത്ഥികളോ വന്നേക്കാമെന്ന സൂചനകളാണ് ലഭിക്കുന്നത്. കല്പറ്റ, നിലമ്പൂർ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ രാഹുൽ ഗാന്ധി തീരുമാനിക്കും. കല്പറ്റ സീറ്റ് ക്രൈസ്തവ വിഭാഗത്തിൽ ഉള്ളവർക്ക് നൽകാനാണ് ധാരണ. ടി.സിദ്ദിഖിനെ പട്ടാമ്പി മണ്ഡലത്തിലേക്കാണ് ഇപ്പോൾ പരിഗണിക്കുന്നത്. കെ.സി.ജോസഫിനും കെ.ബാബുവിനും ഇത്തവണ സീറ്റ് ലഭിക്കാൻ സാധ്യതയില്ല. ഇരുവർക്കും ഹൈക്കമാൻഡ് മാനദണ്ഡങ്ങളാണ് തിരിച്ചടിയായിരിക്കുന്നത്. ജ്യോതി വിജയകുമാറിന് സീറ്റ് ലഭിക്കാനുള്ള സാധ്യത കുറഞ്ഞു.

ശബരിമലയിൽ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചതാണ് ഇവർക്ക് വിനയായത്. ഇതേ സംബന്ധിച്ച് നിരവധി പരാതികൾ ഹൈക്കമാൻഡിന് ലഭിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ നിലപാടായിരിക്കും ജ്യോതി വിജയുമാറിന്റെ കാര്യത്തിൽ നിർണായകമാവുക. കൊട്ടാരക്കരയിൽ പി.സി.വിഷ്ണുനാഥും എം.ലിജു കായംകുളത്തോ അമ്പലപ്പുഴയിലോ മത്സരിക്കും. രണ്ടുതവണ തോറ്റെങ്കിലും യുവപ്രാതിനിധ്യം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ലിജുവിനെ സ്ഥാനാർത്ഥിയാക്കുന്നത്.

ചില മണ്ഡലങ്ങളിൽ ഒരു പേരുമാത്രമാണ് സാധ്യതാപട്ടികയിൽ ഉള്ളത് കണ്ണൂർ-സതീശൻ പാച്ചേനി, ബാലുശ്ശേരി- ധർമജൻ ബോൾഗാട്ടി, തൃശ്ശൂർ- പത്മജ വേണുഗോപാൽ, കോന്നി-റോബിൻ പീറ്റർ, കഴക്കൂട്ടം-എസ്.എസ്.ലാൽ, മാനന്തവാടി-പി.കെ.ജയലക്ഷ്മി, വൈക്കം-ഡോ.പി.ആർ.സോന തുടങ്ങിയ പേരുകൾ അക്കൂട്ടത്തിലുള്ളതാണ്. നിലവിൽ കെ.സി.ജോസഫ് മാത്രമാണ് സിറ്റിങ് എംഎൽഎമാരിൽ മത്സരിക്കാതിരിക്കുക. മറ്റ് 20 എംഎൽഎമാരും മത്സരിക്കും.